Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

25 ലക്ഷം രൂപ ചെലവിട്ടതിനു വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കാണിച്ചത് ചോർന്നൊലിക്കുന്ന ഷെഡ്; പുതുവൽസര, ക്ലബ് ഡേ ആഘോഷങ്ങളുടെ പേരിൽ നടത്തുന്ന ഊർജിത പിരിവിനും കണക്കില്ല; സൗജന്യമായി ബാറുകാർ നൽകുന്ന മദ്യം ബിൽ എഴുതി സമർപ്പിച്ച് പാസാക്കും; മദ്യമൊഴുകന്ന പഠനയാത്രകളിൽ പൊറുതിമുട്ടി പിആർഡിക്കാരും; പൊന്മുട്ടയിടുന്ന താറാവ് അഥവാ തിരുവനന്തപുരം പ്രസ് ക്ലബ്; 'അഴിമതിയുടെ കൂത്തരങ്ങായ പ്രസ്‌ക്ലബുകൾ'; മറുനാടൻ പരമ്പര നാലാംഭാഗം

25 ലക്ഷം രൂപ ചെലവിട്ടതിനു വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കാണിച്ചത് ചോർന്നൊലിക്കുന്ന ഷെഡ്; പുതുവൽസര, ക്ലബ് ഡേ ആഘോഷങ്ങളുടെ പേരിൽ നടത്തുന്ന ഊർജിത പിരിവിനും കണക്കില്ല; സൗജന്യമായി ബാറുകാർ നൽകുന്ന മദ്യം ബിൽ എഴുതി സമർപ്പിച്ച് പാസാക്കും; മദ്യമൊഴുകന്ന പഠനയാത്രകളിൽ പൊറുതിമുട്ടി പിആർഡിക്കാരും; പൊന്മുട്ടയിടുന്ന താറാവ് അഥവാ തിരുവനന്തപുരം പ്രസ് ക്ലബ്; 'അഴിമതിയുടെ കൂത്തരങ്ങായ പ്രസ്‌ക്ലബുകൾ'; മറുനാടൻ പരമ്പര നാലാംഭാഗം

മറുനാടൻ മലയാളി ടീം

തിരുവനന്തപുരം: ട്രിവാൻഡ്രം പ്രസ് ക്ലബ് എന്നും ഭാരവാഹികൾക്കു പൊന്മുട്ടയിടുന്ന താറാവായിരുന്നു. പ്രസ് ക്ലബ് മന്ദിരത്തിന്റെ ടെറസിലെ ഷെഡ് ഒന്നു കാണണം. ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ക്ലാസ് മുറിയാണത്രേ. ചോർന്നൊലിച്ചു ചെളി നിറഞ്ഞു കിടക്കുന്നു. ഇന്നതു വരെ ഒരു ക്ലാസും അവിടെ നടന്നിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ട് നവീകരണത്തിനെന്ന പേരിൽ സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ ചെലവിട്ടതിനു വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതു വിവാദമായപ്പോൾ ഭാരവാഹികൾ അംഗങ്ങളെ ചൂണ്ടിക്കാണിച്ചത് ഈ ഷെഡാണ്. അതിനു ചെലവായ തുകയ്ക്കു ബില്ലും പുല്ലുമൊന്നുമില്ല. ന്യൂസ് 18ലെ പ്രദീപ് പിള്ള പ്രസിഡന്റും ദേശാഭിമാനിയിലെ കെ.ആർ.അജയൻ സെക്രട്ടറിയും കൈരളിയിലെ സതീഷ് ബാബു ട്രഷററുമായിരുന്ന സമിതിയാണ് സർക്കാർ ഫണ്ട് വിനിയോഗിച്ചു നിർമ്മാണം നടത്തിയത്.

വിനിയോഗ സർട്ടിഫിക്കറ്റിനായി പിആർഡിയിൽ നിന്നു ആവർത്തിച്ചു നോട്ടീസ് ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം ചേർന്ന ആദ്യ ജനറൽ ബോഡിയിൽ വിഷയം ചർച്ചയായി. പ്രസ് ക്ലബ് അലമാരയിൽ നിന്നു ബില്ലുകൾ കണ്ടെടുത്ത് വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പുതിയ ഭാരവാഹികളെ സഹായിക്കാമെന്നു മുൻ സെക്രട്ടറി കെ.ആർ.അജയൻ ജനറൽ ബോഡിയിൽ ഉറപ്പു നൽകി. അതനുസരിച്ചു കൊടുത്ത ബില്ലുകൾ പുതിയ ഭാരവാഹികൾ പിആർഡിയിൽ സമർപ്പിച്ചു. ബില്ലുകൾ പരിശോധിച്ച പിആർഡി ഉദ്യോഗസ്ഥർ അന്തംവിട്ടു. ഇൻസ്റ്റ്റ്റിറ്റിയൂട്ട് നവീകരണം ബില്ലുകളിൽ കാണാനില്ല. പിആർഡി ഡയറക്ടറുടെ കത്തു സഹിതം ബില്ലുകൾ കയ്യോടെ തിരിച്ചയച്ചു. ചാർട്ടേഡ് അക്കൗണ്ടിന്റെ സർട്ടിഫിക്കറ്റും സെക്രട്ടറിയുടെ സാക്ഷ്യപത്രവും സത്യവാങ്മൂലവും സഹിതം സമർപ്പിക്കാനായിരുന്നു ഡയറക്ടറുടെ നിർദ്ദേശം. അതോടെ വിനിയോഗ സർട്ടിഫിക്കറ്റിനുള്ള ശ്രമം ഭാരവാഹികൾ ഉപേക്ഷിച്ചു.

പ്രസ് ക്ലബിലെ സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കാൻ സാനു (ഐഎഎൻഎസ്), പ്രദീപ് (ജന്മഭൂമി), റംഷാദ് (സമകാലിക മലയാളം) എന്നിവരടങ്ങിയ സമിതിയെ ജനറൽ ബോഡി തീരുമാനിച്ചിരുന്നു. സമിതി ആദ്യ യോഗം ചേരുന്നതിനു മുൻപു തന്നെ സദാചാര ഗുണ്ടായിസ വിവാദത്തിൽ സെക്രട്ടറി രാധാകൃഷ്ണൻ പുറത്തായി. ഭാരവാഹിത്വ തർക്കം കോടതിയിലെത്തിയതോടെ പ്രസ് ക്ലബ് ബാങ്ക് അക്കൗണ്ടുകൾ ഫ്രീസായി. അന്നന്നുള്ള വരവെടുത്തു ചെലവു കഴിച്ചാണ് ഇപ്പോൾ പ്രസ് ക്ലബ് നടന്നു പോകുന്നത്.

തിരുവനന്തപുരം പ്രസ് ക്ലബിൽ സാമ്പത്തിക ക്രമക്കേടുകൾ പുതുമയല്ല. അഴിമതിയെ കുറിച്ചു അന്വേഷണ സമിതിയും റിപ്പോർട്ടുമുണ്ടായി. ഗുരുതരമായ അഴിമതികൾ കണ്ടെത്തിയതിനെ തുടർന്ന് ചില ഭാരവാഹികൾക്ക് രണ്ടു തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി പ്രശ്നം അവസാനിപ്പിച്ചു. വിവരാവകാശ കമ്മിഷണറാകാൻ കുപ്പായം തയ്ച്ചിരുന്ന ആൾക്ക് അഴിമതി റിപ്പോർട്ട് വിനയായെന്നു മാത്രം. അഴിമതി റിപ്പോർട്ടിന്റെ പകർപ്പ് പ്രസ് ക്ലബ് അംഗങ്ങൾ മുഖ്യമന്ത്രിക്കും ഗവർണർക്കുമൊക്കെ അയച്ചു കൊടുത്തതിനാൽ നിയമനം മുടങ്ങി.

പുതുവൽസര, ക്ലബ് ഡേ ആഘോഷങ്ങളുടെ പേരിൽ ഊർജിതമായ പിരിവാണ് നടക്കാറ്. ഇതിൽ പലതിനും കണക്കില്ല. ആഘോഷത്തിനാവശ്യമായ മദ്യം ബാറുകാർ സന്തോഷത്തോടെ സ്പോൺസർ ചെയ്യും. രണ്ടു ലിറ്ററിലധികം മദ്യത്തിനു ബിൽ കിട്ടില്ലെന്ന ന്യായം പറഞ്ഞ് വെള്ളക്കടലാസിൽ രണ്ടു ലക്ഷം രൂപയുടെ മദ്യ ബിൽ ഭാരവാഹികൾ എഴുതി സമർപ്പിച്ച് പാസാക്കും. കേസരി ട്രസ്റ്റിലെ കെയുഡബ്ല്യൂജെ സംവിധാനത്തേക്കാൾ എന്നും മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരം പ്രസ് ക്ലബ് ആണ്. പത്രസമ്മേളനങ്ങളായാലും ആഘോഷങ്ങളായാലും ക്ലബിനാണ് പ്രാധാന്യം. ഇതോടെ പ്രസ് ക്ലബ് നിയന്ത്രണം പിടിച്ചെടുക്കാൻ കെയുഡബ്ല്യൂജെ ഭാരവാഹികൾ ഗൂഢാലോചന നടത്തിയിരുന്നു. അതിന്റെ പരിണത ഫലമാണ് പ്രസ് ക്ലബിന്റെ ഇന്നത്തെ ശോച്യാവസ്ഥ.

വീഞ്ഞു വെള്ളമാക്കുന്ന പഠനയാത്ര

മാധ്യമ പ്രവർത്തകർക്കുള്ള പഠനയാത്രയെന്നു കേട്ടാൽ പിആർഡി ഉദ്യോഗസ്ഥർക്കു ചങ്കിടിക്കും. ചുമതല കിട്ടുന്ന ഉദ്യോഗസ്ഥർക്കു ധനനഷ്ടവും മാനഹാനിയുമാണ് ഫലം. എറണാകുളം പ്രസ് ക്ലബിന്റെ പഠനയാത്രാ പദ്ധതിയുടെ ചുമതല ലഭിച്ച ഉദ്യോഗസ്ഥൻ ചന്ദ്രഹാസനുണ്ടായ ദുരനുഭവം പിആർഡിയിൽ പാട്ടാണ്.

പഠനയാത്രാ പദ്ധതിക്ക് അനുവദിക്കുന്ന തുക പിആർഡി ഉദ്യോഗസ്ഥൻ നേരിട്ടു ചെലവിടണമെന്നും ബില്ലുകൾ വകുപ്പിൽ സമർപ്പിക്കണമെന്നുമാണ് വ്യവസ്ഥ. എറണാകുളം പ്രസ് ക്ലബ് ഭാരവാഹികൾ തുക അവരെ ഏൽപിക്കണമെന്നു വാശി പിടിച്ചു. താൻ ചെലവുകൾ വഹിക്കാമെന്നു ചന്ദ്രഹാസനും. പ്രസ് ക്ലബ് ഭാരവാഹികൾ നേരേ അന്നത്തെ പിആർഡി വകുപ്പു മന്ത്രി കെ.സി.ജോസഫിനെ വിളിച്ചു. തങ്ങൾക്ക് അനുവദിച്ച തുക ഉദ്യോഗസ്ഥൻ കൈമാറുന്നില്ലെന്നു പരാതിപ്പെട്ടു. തുക ക്ലബുകാർക്കു നൽകാൻ മന്ത്രി ഉദ്യോഗസ്ഥനെ നേരിട്ടു വിളിച്ചു പറഞ്ഞു. തിരുവായ്ക്ക് എതിർവായില്ലാത്തതിനാൽ ചന്ദ്രഹാസൻ ആറു ലക്ഷം രൂപ ക്ലബ് ഭാരവാഹികളെ ഏൽപിച്ചു. ബിൽ കൃത്യമായി നൽകണമെന്ന അഭ്യർത്ഥനയോടെ.

കൊച്ചിയിലെ വിവേകാനന്ദ ട്രാവൽസാണു കശ്മീരിലേക്കുള്ള ടൂർ നടത്തിയത്. സർക്കാർ പണം നൽകുമ്പോൾ തുക നൽകാമെന്നു കള്ളം പറഞ്ഞു ട്രാവൽസ് ഉടമ നരേന്ദ്രനെ പറ്റിച്ചു പണം ഭാരവാഹികൾ പോക്കറ്റിലാക്കി. തുക നൽകാത്തതിനാൽ ട്രാവൽസിൽ നിന്നു ബിൽ നൽകിയതുമില്ല. ടൂർ കഴിഞ്ഞു വന്നവരോട് ചന്ദ്രഹാസൻ ബിൽ ചോദിച്ചപ്പോൾ ഭാരവാഹികൾ ഒഴിഞ്ഞു മാറി. വകുപ്പിൽ ബിൽ സമർപ്പിക്കാനാകാതെ ഉദ്യോഗസ്ഥൻ വലഞ്ഞു. അവസാനം തുക ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കാനാണ് വകുപ്പിന്റെ തീരുമാനം. വിരമിക്കുമ്പോഴാകും ഇത്തരത്തിലുള്ള തുക തിരിച്ചു പിടിക്കുക. അനുവദിച്ച തീയതി മുതൽ തിരിച്ചു പിടിക്കുന്ന തീയതി വരെ 18 ശതമാനം പിഴപ്പലിശ സഹിതമാകും തുക പിടിക്കുക. വിരമിക്കൽ ആനുകൂല്യങ്ങൾ അതോടെ ഠിം. പെൻഷൻ കിട്ടിയാൽ ഭാഗ്യം.

യൂണിയൻ ഭാരവാഹികളുടെ സ്വഭാവമറിയാവുന്ന ഉദ്യോഗസ്ഥർ മിക്കപ്പോഴും കൂടെ യാത്ര ചെയ്തു ചെലവുകൾ വഹിച്ചു ബില്ലുകൾ കയ്യോടെ വാങ്ങും. മദ്യബില്ലിനു വകുപ്പില്ലാത്തതാണു പലപ്പോഴും പ്രശ്നം. മദ്യം വാങ്ങിക്കൊടുത്തില്ലെങ്കിൽ ചില മാധ്യമ പ്രവർത്തകർ ബഹളം കൂട്ടും. പലപ്പോഴും കയ്യിലെ പണമെടുത്തു മദ്യം വാങ്ങിക്കൊടുക്കും. മിടുക്കരായ ചില ഉദ്യോഗസ്ഥർ മദ്യക്കാശ് വേറെ വകയിൽ വ്യാജബില്ലായി തിരുകിക്കയറ്റും. ടൂർ കഴിഞ്ഞു ബിൽ സമർപ്പിക്കുന്നതു വരെ ഉദ്യോഗസ്ഥനു സമാധാനമില്ല. എന്തായാലും കഴിഞ്ഞ രണ്ടു വർഷമായി മാധ്യമ പ്രവർത്തകർക്കുള്ള പഠനയാത്രകൾ നിർത്തിവച്ചിരിക്കുകയാണ്. പുനരാരംഭിക്കരുതേയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാർത്ഥന.

(തുടരും: അടുത്തലക്കം : യൂണിയനിൽ ശുദ്ധികലശം അനിവാര്യം, പ്രസ് ക്ലബുകൾക്കു രജിസ്റ്റ്രേഷനും) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP