Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹീരാഗ്രൂപ്പിന്റെ സ്വിസ്ടൗൺ പാർപ്പിട പദ്ധതിയിൽ വൻ വൈദ്യുതി മോഷണം; ഗുരുതര നിയമലംഘനമായിട്ടും പിഴയടച്ച് രക്ഷിക്കാൻ വൈദ്യുതി ബോർഡ് ശ്രമം ഊർജിതം

ഹീരാഗ്രൂപ്പിന്റെ സ്വിസ്ടൗൺ പാർപ്പിട പദ്ധതിയിൽ വൻ വൈദ്യുതി മോഷണം; ഗുരുതര നിയമലംഘനമായിട്ടും പിഴയടച്ച് രക്ഷിക്കാൻ വൈദ്യുതി ബോർഡ് ശ്രമം ഊർജിതം

തിരുവനന്തപുരം: കെട്ടിട, പാർപ്പിട സമുച്ചയ നിർമ്മാണ രംഗത്തെ വൻകിട സ്ഥാപനമായ ഹീര ഗ്രൂപ്പ് തിരുവനന്തപുരത്ത് മോഷ്ടിച്ചത് 1.37 കോടി രൂപയുടെ വൈദ്യുതി. സാധാരണക്കാർ വൈദ്യുതി മോഷ്ടിച്ചാൽ വൈദ്യുതി ബന്ധം വിഛേദിക്കലും വൻപിഴയും ചുമത്തുന്ന വൈദ്യുതി ബോർഡ് വൻകിടക്കാരനെ കണ്ടപ്പോൾ കവാത്തു മറന്നു. മോഷ്ടിച്ച വൈദ്യുതിയുടെ പണം പിഴയായി വാങ്ങി സംഭവം ഒതുക്കിത്തീർക്കാനാണു ശ്രമം നടക്കുന്നത്.

തിരുവനന്തപുരം ശാസ്തമംഗലത്തെ ഹീര ഗ്രൂപ്പിന്റെ സ്വിസ് ടൗൺ പാർപ്പിട സമുച്ചയത്തിലാണ് കോടിയിലേറെ രൂപയുടെ വൈദ്യുതി മോഷണം നടന്നത്. ബോർഡിന്റെ വൈദ്യുതി മോഷണ വിരുദ്ധ സേന നടത്തിയ പരിശോധനയിലാണു വെട്ടിപ്പു കണ്ടെത്തിയത്. പാർപ്പിട സമുച്ചയത്തിലെ നിർമ്മാണം പൂർത്തിയായ അപ്പാർട്‌മെന്റുകളിലേക്കു നൽകിയ ഗാർഹിക കണക്ഷനിൽനിന്നുള്ള വൈദ്യുതി പൂർത്തിയായിക്കൊണ്ടിരിക്കുന്ന അപ്പാർട്‌മെന്റുകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചതായാണു കണ്ടെത്തിയത്. ഇതു നിയമവിരുദ്ധമാണ്. ഗാർഹികാവശ്യത്തിനുള്ള വൈദ്യുതി ഇങ്ങനെ ഉപയോഗിക്കുന്നതു വൈദ്യുതി കണക്ഷൻ വിഛേദിക്കുന്നതിനു മതിയായ കാരണമാണ്.

18 നിലകളുള്ള മൂന്നു ബ്ലോക്കുകളാണ് സ്വിസ് ടൗൺ എന്ന പാർപ്പിട സമുച്ചയത്തിൽ ഹീരാ ഗ്രൂപ്പ് നിർമ്മിക്കുന്നത്. ഇതിൽ ഒരു ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി. നിർമ്മാണം പൂർത്തിയായ സി ബ്ലോക്കിലേക്കു നൽകിയ ഗാർഹിക കണക്ഷനിൽനിന്നാണ് രണ്ടാം ഘട്ടത്തിലുള്ള ബി ബ്ലോക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി പ്രത്യേക വയർ വലിച്ചു വൈദ്യുതി ഉപയോഗിച്ചത്. ബി ബ്ലോക്കിന്റെ നിർമ്മാണത്തിനായി നിർമ്മാണാവശ്യത്തിനുള്ള ഇനത്തിൽ പ്രത്യേക വൈദ്യുതി കണക്ഷൻ എടുത്തിരുന്നു. എന്നാൽ ഉയർന്ന തുക ഈടാക്കുന്ന ഈ കണക്ഷനിലെ വൈദ്യുതി നിർമ്മാണാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ല. പകരം കുറഞ്ഞ നിരക്കുള്ള ഗാർഹിക വൈദ്യുതി ഉപയോഗിക്കുകയായിരുന്നു.

ഇത്ര വലിയ കുറ്റം ചെയ്തിട്ടും ഹീരാ ഗ്രൂപ്പിനു നോവാതിരിക്കാനാണു വൈദ്യുതി ബോർഡ് ശ്രമിച്ചത്. വൈദ്യുതി വിതരണം നഷ്ടത്തിലെന്നു പറഞ്ഞു സാധാരണക്കാരന്റെ നെഞ്ചത്തു ഷോക്കടിപ്പിച്ച അടിക്കടി നിരക്കു കൂട്ടുന്ന ബോർഡ് ഹീരയ്ക്ക് പിഴയടച്ചു രക്ഷപ്പെടാനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കി നൽകുന്നത്. ഈ ദിവസങ്ങളിൽ ഹീര പിഴയടച്ചു കേസിൽനിന്ന് രക്ഷപ്പെടുമെന്നാണ് അറിയുന്നത്. ഒരു ദിവസം വൈദ്യതി ബിൽ അടയ്ക്കാൻ പാവപ്പെട്ടവന്റെ വീട്ടിലെ ഫ്യൂസ് ഊരുന്ന വൈദ്യുതി ബോർഡാണു കേരളത്തിലേത്. അതേ വൈദ്യുതി ബോർഡാണ് വൻകിടക്കാരനെ കണ്ടപ്പോൾ സൗജന്യം ചെയ്തു കൊടുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP