Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അപരിചിതമായ നാട്ടിൽ അവൾക്ക് അറിയാമായിരുന്നത് വിശപ്പിന്റെ ഭാഷ മാത്രമായിരുന്നു; ആക്രി സാധനങ്ങൾ പെറുക്കാൻ തെരുവിലിറങ്ങിയത് വിശപ്പിന്റെ വിളികൊണ്ട്; ഇരുമ്പു കഷണങ്ങൾ പെറുക്കി എടുത്തതിന് കണ്ണിൽചോരയില്ലാതെ സിപിഎം നേതാവ് തല തല്ലിപ്പൊളിച്ചതോടെ ചോരയൊലിപ്പിച്ച് ആശുപത്രിയിൽ; ഭയം വന്നുമൂടിയപ്പോൾ ചികിത്സ പൂർത്തിയാകും മുമ്പ് കുടുംബത്തിനൊപ്പം ആശുപത്രിയിൽ നിന്നും ഒളിച്ചുകടന്നു; തിരികെയെത്തിച്ച് പൊലീസ്; തൊടുപുഴയിലെ നടുക്കംമാറും മുമ്പ് എടപ്പാളിലെ കൊടുംക്രൂരതയിൽ ഞെട്ടി കേരളം

അപരിചിതമായ നാട്ടിൽ അവൾക്ക് അറിയാമായിരുന്നത് വിശപ്പിന്റെ ഭാഷ മാത്രമായിരുന്നു; ആക്രി സാധനങ്ങൾ പെറുക്കാൻ തെരുവിലിറങ്ങിയത് വിശപ്പിന്റെ വിളികൊണ്ട്; ഇരുമ്പു കഷണങ്ങൾ പെറുക്കി എടുത്തതിന് കണ്ണിൽചോരയില്ലാതെ സിപിഎം നേതാവ് തല തല്ലിപ്പൊളിച്ചതോടെ ചോരയൊലിപ്പിച്ച് ആശുപത്രിയിൽ; ഭയം വന്നുമൂടിയപ്പോൾ ചികിത്സ പൂർത്തിയാകും മുമ്പ് കുടുംബത്തിനൊപ്പം ആശുപത്രിയിൽ നിന്നും ഒളിച്ചുകടന്നു; തിരികെയെത്തിച്ച് പൊലീസ്; തൊടുപുഴയിലെ നടുക്കംമാറും മുമ്പ് എടപ്പാളിലെ കൊടുംക്രൂരതയിൽ ഞെട്ടി കേരളം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പതിനൊന്നു വയസുമാത്രമായിരുന്നു ആ കുരുന്നിന് പ്രായമുണ്ടായിരുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ദാരിദ്ര്യത്തിൽ മാത്രം ജീവിച്ചിരുന്ന കുടുംബം. ആർക്കം എന്തും ചെയ്യാവുന്ന, ആരും ചോദിക്കാനില്ലാത്ത പാവം. അങ്ങനെയുള്ള സാധു പെൺകൊടിയോടാണ് രാഘവനെന്ന് നരാധമൻ തലതല്ലിപ്പൊളിച്ച് ആക്രമിച്ചത്. തൊടുപുഴ സംഭവത്തിന്റെ നടുക്കം മാറും മുമ്പ് എടപ്പാളിൽ നിന്നെത്തിയ ക്രൂരതയുടെ വാർത്ത മലയാളികളെ ശരിക്കം ഞെട്ടിക്കുകയാണ്.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തി, അന്നന്നത്തെ അന്നം തേടിയുള്ള അലച്ചിലാണ് ചെറുപ്രായത്തിൽ ആക്രിയുടെ ജോലിയിലേക്ക് ഈ നാടോടി ബാലികയെ എത്തിച്ചത്. തീർത്തും അപരിചിതമായ നാട്ടിൽ അവൾക്ക് ഭാഷ തീരെ വശമില്ലായിരുന്നു. ഒന്നു കരഞ്ഞാൽ ഓടിവരാൻ പോലും ആരുമില്ലെന്ന് അറിയാമായിരുന്നു. എന്നിട്ടും അന്നത്തെ അന്നം തേടി ആക്രി സാധനങ്ങൾ പെറുക്കാൻ അവൾ തെരുവിലിറങ്ങേണ്ടി വന്നത് വിശപ്പിന്റെ വിളി ഒന്നുകൊണ്ട് മാത്രമായിരുന്നു.

കുറച്ച് ഇരുമ്പു കഷണങ്ങൾ അധികം പെറുക്കിയതിന്റെ പേരിലാണ് ഇന്നലെ അവൾ ക്രൂരമായി ആക്രമിക്കപ്പെട്ടത്. രക്ഷിക്കാനെത്തിയ മാതൃസഹോദരിക്കും പരുക്കേറ്റു. കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതോടെ സിപിഎം നേതാവ് കൂടിയായ രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തി. വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ് സി.രാഘവൻ.

തനിക്ക് നേരിടേണ്ടി വന്ന ആക്രമണത്തിന്റെ നടുക്കം മാറിയിട്ടില്ല ആ പിഞ്ചുകുട്ടിക്ക്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. എടപ്പാൾ പട്ടാമ്പി റോഡിലുള്ള രാഘവന്റെ കെട്ടിടത്തിനടുത്തുനിന്നു പെൺകുട്ടി ആക്രി പെറുക്കുന്നത് രാഘവൻ വിലക്കി. തുടർന്നും സാധനങ്ങൾ പെറുക്കിയെന്ന പേരിൽ ചാക്കു പിടിച്ചുവാങ്ങി രാഘവൻ തലയ്ക്കടിച്ചത്. നിലവിളി കേട്ടാണു നാട്ടുകാർ ഓടിക്കൂടിയത്. ചോര വാർന്നൊലിക്കുന്ന കുട്ടിയെ നാട്ടുകാർ ഉടൻ എടപ്പാൾ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീടു പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചു സ്‌കാനിങ് നടത്തി.

ആക്രിപെറുക്കി ജീവിക്കുന്ന നാടോടി പെൺകുട്ടി ആക്രിപെറുക്കിയാൽ രണ്ടു ദിവസം കൂടി വയറുനിറച്ച് ഉണ്ണാമെന്ന് ആ പാവം കരുതിക്കാണും. 11 വർഷമായി ആനക്കരയിൽ സ്ഥിര താമസമാക്കിയ ആന്ധ്രയിൽ നിന്നുള്ള കുടുംബത്തിലെ പെൺകുട്ടിയാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. വാടക കെട്ടിടത്തിലാണ് 5 പേരടങ്ങിയ കുടുംബത്തിന്റെ താമസം. കുടുംബാംഗങ്ങൾ ദിവസവും ഓരോ മേഖലകളിൽ പോയി ആക്രി സാധനങ്ങൾ ശേഖരിക്കുന്നതാണ് പതിവ്. അങ്ങനെയാണ് പെൺകുട്ടി ഇന്നലെ എടപ്പാളിലെത്തി ആ കെട്ടിടത്തിന്റെ പരിസരത്തു ജോലി തുടങ്ങിയത്. പെൺകുട്ടിയെ സ്‌കൂളിൽ ചേർക്കാൻ പ്രദേശവാസികൾ മുൻപു രണ്ടുതവണ ശ്രമം നടത്തിയിരുന്നു. പക്ഷേ, ക്ലാസ് മുറികളിൽനിന്നു രണ്ടു തവണയും അവൾ ഇറങ്ങിപ്പോകുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ് തലയിൽ വേദനയുമായി ആശുപത്രിയിൽ എത്തിയ പെൺകുട്ടിക്ക് ഭയം ഇനിയും വിട്ടുമാറിയിട്ടില്ല. നറ്റി മുറിഞ്ഞു വന്ന ചോര താടിയിൽനിന്ന് ഇറ്റുവീഴുമ്പോൾ അവർ അത് തുടച്ചെടുത്താണ് അവൾ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിലിരുന്നാൽ വൈകിട്ട് അടുപ്പു പുകയില്ലെന്ന തിരിച്ചറിവിൽ അവളും കുടുംബവും ആഗ്രഹിച്ചത് എത്രയും പെട്ടെന്ന് തിരിച്ചു പോകാനാണ്.

ഒരു ഘട്ടത്തിൽ ആരോടും പറയാതെ ആശുപത്രി വിട്ടിറങ്ങിയ അവരെ ചൈൽഡ്ലൈൻ പ്രവർത്തകരും പൊലീസും ചേർന്നാണ് തിരിച്ചെത്തിച്ചത്. കുട്ടിക്കു മികച്ച ചികിത്സ ലഭ്യമാക്കാൻ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റുകയും ചെയ്തു. നാട്ടുകാർ എടപ്പാളിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച കുട്ടിക്ക് അവിടെ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായി ആരോപണമുണ്ട്. സംഭവമറിഞ്ഞു ചെന്നപ്പോൾ കുട്ടിയും കുടുംബവും ആശുപത്രിക്കു പുറത്തിരിക്കുകയായിരുന്നെന്നു രമേശ് ചെന്നിത്തല പറയുന്നു. ചെന്നിത്തല ജില്ലാ പൊലീസ് മേധാവിയെ ഫോണിൽ വിളിച്ചതോടെയാണു തുടർ നടപടികൾ വേഗത്തിലായത്.

സ്‌കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണമെന്ന് ആവശ്യമുയർന്നതോടെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഡോക്ടർമാർ സ്‌കാനിങ് റിപ്പോർട്ട് പരിശോധിക്കുന്നതിനിടെയാണു കുട്ടി കുടുംബത്തോടൊപ്പം ഇറങ്ങിപ്പോയത്. ആളുകളുടെ ബഹളം കേട്ടു ഭയന്നാണ് ആശുപത്രി വിട്ടതെന്ന് അവർ പറയുന്നു. പരിഭ്രാന്തിയിലായ പൊലീസ് ചൈൽഡ്ലൈനിന്റെ സഹായത്തോടെ തിരച്ചിൽ തുടങ്ങി. എടപ്പാളിൽ നിന്ന് അവരെ കണ്ടെത്തി വീണ്ടും ആശുപത്രിയിലെത്തിച്ചു.

ഇവർക്കൊപ്പം കൂടെയുണ്ടായിരുന്ന 11 വയസ്സുള്ള മറ്റൊരു കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപു തമിഴ്‌നാട്ടിൽനിന്നെത്തിയതാണു പെൺകുട്ടിയുടെ കുടുംബം. രണ്ടു കുട്ടികളും സ്‌കൂളിൽ പോകുന്നില്ല. ഇവർക്ക് പഠിക്കാൻ സൗകര്യം ചെയ്യണെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP