സജ്ജാൻ ഭട്ടിൽ നിന്ന് കാർ വാങ്ങിയതും ഏകോപനം നിർവ്വഹിച്ചതും ഇലക്ട്രീഷ്യനായ ഭീകരൻ; പുൽവാമയിൽ സൈനികരുടെ ജീവനെടുത്തത് നൂർ മുഹമ്മദ് താന്ത്രിയുടെ ശിഷ്യന്റെ തന്ത്രമൊരുക്കൽ; സിആർപിഎഫ് ജവാന്മാരുടെ ജീവത്യാഗത്തിന് പ്രതികാരം വീട്ടി മുദാസിർ അഹമ്മദ് ഖാനേയും സൈന്യം വെടിവച്ചു കൊന്നു; കാർ നൽകിയ സജ്ജാദ് ഭട്ടിനേയും കൊലപ്പെടുത്തി; കാശ്മീരിൽ ജെയ്‌ഷെ മുഹമ്മദിന്റെ വേരറുത്ത് ഇന്ത്യൻ സൈന്യം
March 11, 2019 | 11:12 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ മുദാസിർ അഹമ്മദ് ഖാൻ എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ പുൽവാമയിലെ പിങ്ലിഷിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് സൂചന. മുദാസിർ അഹമ്മദ് ഖാൻ ഉൾപ്പെടെ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. പൂൽവാമാ ഭീകരാക്രണത്തിന് വാഹനം നൽകിയ സജ്ജാൻ ഭട്ടും കൊല്ലപ്പെട്ടു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന മേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരനെ കണ്ടെത്തിയത്. തുടർന്ന് നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. ഫെബ്രുവരി 14 ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് മരിച്ചത്. സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ആദിർ ആഹമ്മദ് ധർ എന്ന ഭീകരൻ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. ഈ ഭീകരാക്രമണത്തിനാവശ്യമായ സ്ഫോടകസ്തുക്കളും കാറും സംഘടിപ്പിച്ചതെന്നാണ് അന്വഷണത്തിൽ കണ്ടെത്തിയിരുന്നത്. ഈ കാർ നൽകിയത് സജ്ജാൻ ഭട്ടായിരുന്നു.
2018 ഫെബ്രുവരിയിൽ സുൻജാവൻ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിലും മുദാസിർ അഹമ്മദ് ഖാന് പങ്കുണ്ടെന്നാണ് കരുതുന്നത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിർവഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ മുദസിർ അഹമ്മദ് ഖാൻ ആയിരുന്നു. ചാവേർ ആദിൽ അഹമ്മദ് ദറുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തി. ഇതുവരെ അധികം അറിയപ്പെടാത്ത ജെയ്ഷ്-ഇ-മുഹമ്മദ് കമാന്റർ മുദാസിർ അഹമ്മദ് ഖാൻ ആണ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമെന്ന് പിന്നീടാണ് സൈന്യം തിരിച്ചറിഞ്ഞത്.
40 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്‌ഫോടക വസ്തുക്കളും കൈമാറിയത് ഭീകരസംഘടനാംഗമായ സജ്ജാദ് ഭട്ട് എന്നയാളാണ്, സംഭവം നടന്ന ഫെബ്രുവരി 14നു 10 ദിവസം മുൻപ് വാഹനം വാങ്ങി കൈമാറിയത്.കശ്മീർ താഴ്‌വരയിൽ ജെയ്ഷെയുടെ പ്രമുഖനായിരുന്ന നൂർ മുഹമ്മദ് താന്ത്രിയാണ് മുദാസിർ ഖാനെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതെന്നാണ് കണ്ടെത്തൽ. 2017 ഡിസംബറിൽ കശ്മീരിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീട് വിട്ട മുദാസിർ ജെയ്ഷെയുടെ മുഴുവൻ സമയ പ്രവർത്തകനായി മാറി.
സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഓടിച്ചു കയറ്റിയ ചാവേർ ആദിൽ അഹമ്മദ് ദർ മുദാസിറുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. ബിരുദധാരിയായ മുദാസിർ ഐ.ടി.ഐയിൽ നിന്ന് ഇലക്ട്രീഷ്യൻ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്ന് ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികെയാണ് ജെയ്ഷ്-ഇ-മുഹമ്മദിലേക്ക് ആകർഷിക്കപ്പെട്ടത്. പുൽവാമ ജില്ലയിലെ ത്രാൾ സ്വദേശിയായ മുദസിർ അഹ്മദ് ഖാൻ 2017 മുതൽ ഭീകരസംഘടനയോട് ആഭിമുഖ്യം പുലർത്തിയിരുന്നു. 2018 ജനുവരിയിൽ വീടുവിട്ട് പോയി.
2018 ജനുവരിയിലെ ലത്പൊറ സിആർപിഎഫ് ക്യാംപ് ആക്രമണത്തിലും ഫെബ്രുവരിയിലെ സൻജ്വാൻ സൈനിക ക്യാംപ് ആക്രമണത്തിലും പങ്കുണ്ട്. ദേശീയ അന്വേഷണ ഏജൻസി 27ന് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
