Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിൽ 27 കേസുകൾ; 12 എണ്ണത്തിലും വാറണ്ടുകൾ; മുഖ്യമന്ത്രിക്കെതിരെയും കൊച്ചിയിൽ നാലു കേസുകൾ; എം എം മണിയുടെ പേരിൽ പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് അടക്കം അനേകം കേസുകൾ; ഇ പി ജയരാജനും സ്വരാജിനും അടക്കം അനേകം സിപിഎം നേതാക്കളുടെ പേരിൽ നിരവധി കേസുകൾ; പല കേസുകളിലും വാറണ്ട് പോലും നിലനിൽക്കുന്നു; എന്നിട്ടും എന്തേ സുരേന്ദ്രൻ മാത്രം അകത്തു കിടക്കുന്നു? ചോദ്യം ഏറ്റെടുത്ത് കേരളം

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിൽ 27 കേസുകൾ; 12 എണ്ണത്തിലും വാറണ്ടുകൾ; മുഖ്യമന്ത്രിക്കെതിരെയും കൊച്ചിയിൽ നാലു കേസുകൾ; എം എം മണിയുടെ പേരിൽ പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് അടക്കം അനേകം കേസുകൾ; ഇ പി ജയരാജനും സ്വരാജിനും അടക്കം അനേകം സിപിഎം നേതാക്കളുടെ പേരിൽ നിരവധി കേസുകൾ; പല കേസുകളിലും വാറണ്ട് പോലും നിലനിൽക്കുന്നു; എന്നിട്ടും എന്തേ സുരേന്ദ്രൻ മാത്രം അകത്തു കിടക്കുന്നു? ചോദ്യം ഏറ്റെടുത്ത് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വജനപക്ഷപാതം കൂടാതെ നീതി നടപ്പിലാക്കും- ഇതാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചൊന്നുല്ല ഒരു വാചകം. എന്നാൽ, ഈ സത്യപ്രതിജ്ഞയോട് കൂറു പുലർത്തുന്ന വിധത്തിൽ പ്രവർത്തിക്കുന്ന എത്ര രാഷ്ട്രീയക്കാർ കേരളത്തിൽ ഉണ്ടെന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരമുണ്ടാകില്ല. സ്വന്തം രാഷ്ട്രീയക്കാരെ കേസുകളിൽ നിന്നു രക്ഷപെടുത്താൻ വേണ്ടി ശ്രമിക്കുന്നവരാണ് അധികാരത്തിൽ ഇരിക്കുന്നവർ. എന്നാൽ, രാഷ്ട്രീയ എതിരാളികളെ കുടുക്കുന്ന കാര്യത്തിൽ നേരെ മറിച്ചുമാണ് കാര്യങ്ങളുടെ കിടപ്പ്. കേരളത്തിൽ മന്ത്രിമാർക്കും എംഎൽഎമാർക്കും എതിരെ വാറണ്ടുകൾ ഉള്ള കേസുകൾ പോലും ഉണ്ടെങ്കിലും അതിലൊന്നും നടപടി എടുക്കാത്ത സർക്കാർ ശബരിമല വിഷയത്തിൽ സമരത്തിന് ഇറങ്ങിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചിരിക്കയാണ്.

സുരേന്ദ്രനെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ആരും ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്‌ക്കാന്തി കാണിക്കുന്നില്ലെന്നതാണ് വാസ്തവം. കാരണം പാർട്ടിക്കുള്ളിൽ പോലും അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കാൾ ആളുകളില്ല. എന്നൽ, സുരേന്ദ്രനെതിരെ നടപടി എടുക്കുന്ന ഇടതു സർക്കാറിന്റെയും പൊലീസിന്റെയും ഇരട്ടത്താപ്പ് അനുദിനം പുറത്തുവരികയാണ്. സിപിഎം എ്ംഎൽഎമാർക്കും മന്ത്രിമാർക്കും എതിരെ വരെ വാറുണ്ടുകൾ നിലനില്ക്കുന്നുണ്ട്. ഈ കേസുകളിൽ നടപടി എടുക്കാത്തവരാണ് സുരേന്ദ്രനെ അഴിക്കുള്ളിലാക്കിയത്.

മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസുകൾ ഉണ്ടായിട്ടും അതിലൊന്നും നടപടി ഇല്ലെന്നാണ് ആരോപണം. നാലു കേസുകളിൽ പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന് ആവശ്യം പോലും ബിജെപി നേതാക്കൾ ഉന്നയിച്ചു കഴിഞ്ഞു. കേസുകളും വാറന്റുകളും ഉള്ളതുകൊണ്ടാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് അനിശ്ചിതകാലത്തേക്കു തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇക്കാര്യം ഒ രാജഗോപാലിന് നിയമസഭയിൽ നൽകുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ പേരിൽ എറണാകുളം കോടതിയിൽ നാലു കേസുകൾ ഉണ്ട്. രണ്ടെണ്ണത്തിനു വാറന്റും പുറപ്പെടുവിച്ചിട്ടുണ്ടെന്ന ആരോപണമാണ് ബിജെപി നേതാക്കൾ ഉയർത്തുന്നത്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിൽ തന്നെ നിരവധി കേസുകൾ ഉണ്ട്. 27 കേസുകളാണ് നിലവിലുള്ളത്. 12 എണ്ണത്തിന് വാറന്റുണ്ട്. ഇതിൽ പിടികിട്ടാപ്പുള്ളിയെന്ന റിപ്പോർട്ട് പോലും പൊലീസ് നൽകിയിട്ടുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ പേരിലും കേസുകൾ നിലവിലുണ്ട്. കൂടാതെ എംഎൽഎമാരായ എം.സ്വരാജ്, സി ദിവാകരൻ എന്നിവരൊക്കെ വിവിധ കേസുകളിൽ പ്രതികളാണ്. ഇവരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്.

ഇന്നലെയാണ് പൊതുമുതൽ നശിപ്പിച്ച കേസിൽ ടിവി.രാജേഷ് എം എൽ എ ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് - 5 (മാർക്ക് ലിസ്റ്റ് ) കോടതിയുടേതാണുത്തരവ്.മാർച്ച് 23നകം എംഎൽഎയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മജിസ്ട്രേട്ട് ജി.എസ്.മിഥുൻ ഗോപി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു. എം.എൽഎയുടെ പേർക്കുള്ള സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകുകയുണ്ടായി. ടി വി രാജേഷിനെതിരായ വാറണ്ടിൽ എന്തു നടപടി എടുക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി പി എം നേതാക്കളായ ടി.വി.രാജേഷ് എംഎൽഎ, ബിജു, കെ.എസ്.സുനിൽകുമാർ, ദീപക് തുടങ്ങിയവരാണ് കേസിലെ പ്രതികൾ. പ്രതികൾ ന്യായ വിരോധമായി സംഘം ചേർന്ന് മ്യൂസിയം ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയും പൊതുമുതൽ നശിപ്പിച്ചുവെന്നുമാണ് കേസ്. ഈ കേസാണ് സിപിഎം എംഎൽഎയ്ക്ക് വിനയാകുന്നത്. ഈ കേസിലെ വാറണ്ട് ബിജെപി രാഷ്ട്രീമായി ചർച്ചയാക്കുകയും ചെയ്യും. സുരേന്ദ്രന് ഒരു നീതി രാജേഷിന് മറ്റൊരു നീതിയെന്ന വാദമാകും ഉയർത്തുക. ഇരട്ട നീതി ചർച്ചയാക്കുകയും ചെയ്യും.

സംഭവ ദിവസം തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1260/2012 ആയി മ്യൂസിയം എസ്ഐ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി 2014ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143,147,149 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായി ന്യായ വിരോധമായി സംഘം ചേരൽ), 1984 ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (2) (സി) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. 2014 ഫെബ്രുവരി 3ന് സി സി 50/2014 നമ്പരായി കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും പ്രതികൾ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു.

എന്നാൽ എംഎൽഎ തുടർച്ചയായി ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്. മ്യൂസിയം എസ് ഐ സി പി എം എംഎൽഎ യെ ഭയന്ന് വാറണ്ടുത്തരവ് നടപ്പാക്കാത്തതിനാൽ കോടതി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ 2016 നവംബർ 30, 2017 ജനുവരി 19, 2018 ഫെബ്രുവരി 7 എന്നീ തീയതികളിൽ കോടതി പുറപ്പെടുവിച്ച വാറണ്ടുകൾ 'പ്രതിയെ നേരിൽ കാണാൻ കഴിഞ്ഞില്ല' ,' ഒളിച്ചു മാറി നടക്കുന്നു ' 'വാസസ്ഥലം പൂട്ടിക്കിടക്കുന്നു' പരിസരവാസികളെ കണ്ടു ചോദിച്ചതിൽ ഇപ്പോഴെവിടെയാണെന്നയില്ല' എന്നീ കളവായ കാരണങ്ങൾ കാണിച്ച് സാവകാശം തേടി വാറണ്ടുകൾ കള്ള റിപ്പോർട്ട് തയ്യാറാക്കി കോടതിക്ക് മടക്കി നൽകി.

എംഎൽഎ മാരുടെ വാസസ്ഥലമായ പാളയം സാമാജിക മന്ദിരത്തിലെ നെയ്യാർ ബ്ലോക്ക് 7 ഡി യിൽ താമസിക്കുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാനാണ് മ്യൂസിയം സിഐയും പൊലീസ് പാർട്ടിയും ഭയക്കുന്നത്. മ്യൂസിയം പൊലീസിന്റെ നിഷ്‌ക്രിയത്വവും അലംഭാവവും ബോധ്യപ്പെട്ടതിനാലാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വാറണ്ട് വിവരം മറച്ച് വച്ചാണ് എംഎൽഎ നിയമസഭയിൽ എത്തുന്നത്. അറസ്റ്റിന് അനുമതി തേടി മുൻകൂർ അറിയിപ്പ് സ്പീക്കർക്ക് മ്യൂസിയം സിഐ നൽകിയിട്ടുമില്ല. നിയമസഭ നടക്കുന്ന കാലയളവിലുള്ള അറസ്റ്റിന് മാത്രമേ സ്പീക്കറുടെ അനുമതി പൊലീസിന് ആവശ്യമുള്ളു.

മുമ്പ് കടകംപള്ളി സുരേന്ദ്രനെതിരായ വാറണ്ടുകൾ ഇതേ രീതിയിൽ മടക്കിയപ്പോൾ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സ്പീക്കർക്ക് നോട്ടീസ് നൽകി. തുടർന്ന് കടകംപള്ളി കോടതിയിൽ കീഴടങ്ങി മാപ്പപേക്ഷയും ജാമ്യാപേക്ഷയും സമർപ്പിച്ച് ജാമ്യം നേടുകയായിരുന്നു. ഇതിന് പിന്നാലെ മന്ത്രി എംഎം മണിക്കെതിരേയും കേസുകളുടെ പട്ടിക പുറത്തുവന്നിരുന്നു. അതേസമയം സിപിഎം നേതക്കൾ പ്രതികളായ നിരവധി കേസുകളാണുള്ളത്. ഇതിൽ ചില കേസുകൾ പിൻവലിക്കാൻ സർക്കാർ അനുമതി തേടുകയും ചെയ്തു.

2013 ജൂലൈ 13 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോൾ ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ പിൻവലിക്കാൻ നോക്കുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ സമരത്തിൽ അക്രമം അഴിച്ചു വിട്ടെന്ന കേസിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ശിബി, സെക്രട്ടറി അൻസാരി എന്നിവരെ പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ ഉൾപ്പെടെ പത്തുപേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. പൊലീസിനെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും കലാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഐപിസി 294 ബി, 363, 143, 147, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് ആനാവൂർ നാഗപ്പൻ, അൻസാരി, ശിബി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശിബിയേയും അൻസാരിയേയും കൺട്രോൾ റൂമിന്റെ വാഹനത്തിലെത്തിയ പൊലീസ് സംഘം പിടികൂടി. ഈ സമയം അതുവഴി വരികയായിരുന്ന ആനാവൂർ നാഗപ്പൻ പൊലീസിനോട് കയർത്ത് സംസാരിക്കുകയും പൊലീസ് പിടികൂടിയവരെ മോചിപ്പിക്കുകയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ഈ സംഭവത്തിൽ, ദേഹോപദ്രവമേറ്റ കന്റോൺമെന്റ് സർക്കിൾ ഇൻസ്പെക്ടറടക്കം മൂന്ന് പൊലീസുദ്യോഗസ്ഥർ ഡിസംബർ 10 ന് നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് റ്റി.മഞ്ജിത്ത് ഉത്തരവിട്ടിരിക്കുകയാണ്.ആക്രമണക്കേസിൽ പ്രതികളായ ആനാവൂർ നാഗപ്പനടക്കമുള്ള അഞ്ച സിപിഎം നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. കൃത്യത്തിൽ വച്ച് പരിക്കേറ്റ മൂന്ന് പൊലീസുദ്യോഗസ്ഥരുടെ ഭാഗം കേൾക്കാതെ പിൻവലിക്കൽ ഹർജിയിൽ തീരുമാനമെടുക്കാനാവില്ലെന്ന് കോടതി സർക്കാർ അഭിഭാഷകനോട് വ്യക്തമാക്കി. തുടർന്നാണ് ദേഹോപദ്രവമേറ്റ മൂന്ന് 3 പൊലീസുദ്യോഗസ്ഥരും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.

സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് അൻസാരി, സിബി, എ.എ.റഹിം, രാജാലാൽ എന്നിവരാണ് കേസിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143,147,149 ( പൊതു ഉദ്ദേശകാര്യസാദ്ധ്യത്തിനായി ന്യായവിരോധമായി സംഘം ചേരൽ ),294 (ബി ) ( അസഭ്യ വാക്കുകൾ വിളിക്കുക),353 (പൊതു സേവകന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റം ചെയ്യൽ ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസിൽ കന്റോൺമെന്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വകുപ്പ് 353 ന് കുറ്റം തെളിയിക്കപ്പെട്ടാൽ, പ്രതികൾക്ക് 2 വർഷം തടവും പിഴയും ശിക്ഷ വിധിക്കാം.
പ്രതികൾ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനാൽ 5 പ്രതികളെയും കോടതി 2017ൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. തുടർന്നാണ് പിൻവലിക്കൽ ഹർജിയുമായി എൽ ഡി എഫ് സർക്കാർ കോടതിയിലെത്തിയത്.

അതിനിടെ എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾ സെഷൻസ് കോടതികൾക്കും മജിസ്‌ട്രേട്ട് കോടതികൾക്കും വീതിച്ചു നൽകി വേഗത്തിൽ തീർപ്പാക്കാൻ സുപ്രീംകോടതി തീരുമാനിച്ചു കേരളത്തിലെ കേസുകളിൽ വേഗം നടപടി എടുക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലായി 12 പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സുപ്രീം കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. കുറ്റപത്രം നൽകി ഒരു വർഷത്തിനകം കേസ് തീർപ്പാക്കണമെന്ന് 2014ൽ നിർദ്ദേശിച്ചു. ഇതു ഫലം കാണാത്തതിനാലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചിന്റെ പുതിയ ഉത്തരവ്.

കേരള, ബിഹാർ ഹൈക്കോടതികൾ ഉടൻ നടപടിയെടുക്കണം. നടപടി റിപ്പോർട്ട് സുപ്രീം കോടതി 14നു പരിഗണിക്കും. കേസുകളുടെ പുരോഗതി, കുറ്റപത്രം നൽകുന്നതും കുറ്റം ചുമത്തുന്നതും വൈകുന്നതിന്റെ കാരണങ്ങൾ എന്നിവ എല്ലാ മാസവും 2 സംസ്ഥാനത്തെയും കീഴ്‌ക്കോടതികൾ ഹൈക്കോടതിക്കു നൽകണം. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കേസുകൾക്ക് മുൻഗണന നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ജനപ്രതിനിധികൾക്കെതിരായ കേസുകൾ സംബന്ധിച്ച് അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കേരളത്തിലെ സ്ഥിതിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 1982 നവംബർ 12ന് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്‌ഐആർ) അടിസ്ഥാനത്തിലുള്ള കൊലപാതകക്കേസിൽ മന്ത്രി എം.എം. മണിക്കെതിരെ 2015 നവംബർ 18ന് കുറ്റപത്രം നൽകി. കുറ്റം ചുമത്തിയിട്ടില്ല. പ്രതി സ്റ്റേയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. കൂടാതെ 1997 നവംബർ 24ലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ, കൊലപാതക്കേസിൽ പ്രതിയായ എംഎൽഎ: നൗഷാദിനെതിരെയുള്ള കേസിൽ ഇനിയും കുറ്റം ചുമത്തിയിട്ടില്ല. കേസിനു സ്റ്റേയുണ്ട്. ഏതു കോടതിയാണ് സ്റ്റേ നൽകിയതെന്നു വ്യക്തമല്ല. 2012 ഫെബ്രുവരി 20ലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ, കൊലപാതക്കേസിൽ പ്രതിയായ നൗഷാദിനെതിരെ കുറ്റം ചുമത്തിയിട്ടില്ല, കേസ് സിബിഐയുടെ പുനരന്വേഷണത്തിനു വിട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP