Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പർദ്ദയിട്ട് വിദ്യാർത്ഥിനികൾ കളറിൽ മുങ്ങി നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കോളേജ് മാനേജ്‌മെന്റിന് കുരുപൊട്ടി; നാട്ടുകാരെയും വ്യാപാരികളെയും ഉൾപെടുത്തിയ ജാഗ്രതാ സമിതിയുടെ പ്രവർത്തനം സദാചാര കമ്മിറ്റിയെ പോലെ; ആണും പെണ്ണും ഒരുമിച്ചിരുന്നാൽ പോലും നോട്ടപ്പുള്ളികളാകും; ഗുണ്ടകളായി അദ്ധ്യാപകർ എത്തിയതോടെ ഫാറൂഖ് കോളേജിൽ രാഷ്ടീയം മറന്ന് വിദ്യാർത്ഥികളും ഒരുമിച്ചു; സദാചാര ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം

പർദ്ദയിട്ട് വിദ്യാർത്ഥിനികൾ കളറിൽ മുങ്ങി നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കോളേജ് മാനേജ്‌മെന്റിന് കുരുപൊട്ടി; നാട്ടുകാരെയും വ്യാപാരികളെയും ഉൾപെടുത്തിയ ജാഗ്രതാ സമിതിയുടെ പ്രവർത്തനം സദാചാര കമ്മിറ്റിയെ പോലെ; ആണും പെണ്ണും ഒരുമിച്ചിരുന്നാൽ പോലും നോട്ടപ്പുള്ളികളാകും; ഗുണ്ടകളായി അദ്ധ്യാപകർ എത്തിയതോടെ ഫാറൂഖ് കോളേജിൽ രാഷ്ടീയം മറന്ന് വിദ്യാർത്ഥികളും ഒരുമിച്ചു; സദാചാര ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം

ജാസിം മൊയ്തീൻ

കോഴിക്കോട്: ഹോളി ആഘോഷിച്ചെന്ന പേരിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപകരെയും ഓഫീസ് ജീവനക്കാരെയും സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളേജിൽ വിദ്യാർത്ഥികളുടെ അനിശ്ചിത കാലസമരം തുടങ്ങി. വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും കടുത്ത അമർഷമാണ് കോളേജ് അധികൃതർക്കെതിരെ ഉയർന്നിരിക്കുന്നത്. മുഴുവൻ വിദ്യാർത്ഥി സംഘടനകളും ഒറ്റക്കെട്ടായാണ് കോളേജ് മാനേജ്‌മെന്റിനെതിരെ ഈ വിഷയത്തിൽ രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ മർദ്ദിച്ച അദ്ധ്യാപകരെ സസ്പെന്റ് ചെയ്യുക, കോളേജിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സദാചാരപ്പൊലീസ് പണി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഇന്നലെയാണ് കോഴിക്കോട് ജില്ലയിലെ ഓട്ടോണമസ് കോളേജായ ഫാറൂഖ് കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപക ജീവനക്കാരും ചേർന്ന് ഹോളി ആഘോഷിച്ച രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ കൈറിന്റെ വൈപ്പറും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് മർദ്ദിച്ചത്. മർദ്ദനമേറ്റ മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ കണ്ണിന് സാരമായ പരിക്കേൽക്കുകയും മറ്റ് വിദ്യാർത്ഥികൾക്ക് കൈക്കും കാലിനും പരിക്കേറ്റിരിന്നു.

അക്രമത്തിന് നേതൃത്വം നൽകിയമുഴുവൻ ജീവനക്കാർക്കെതിരെയും നടപടിയെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേ സമയം വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് നേതൃത്വം നൽകിയത് കോളേജിന്റെ പരിസര പ്രദേശങ്ങളിലുള്ള നാട്ടുകാരെയും വ്യാപാരികളെയും ഉൾപെടുത്തി കോളേജ് മാനേജ്മെന്റ് രൂപീകരിച്ച ജാഗ്രതാ സമിതിയെന്ന സദാചാരക്കമ്മറ്റിയാണെന്ന് അക്രമത്തിനിരയായ വിദ്യാർത്ഥികൾ മറുനാടനോട് പറഞ്ഞു.

കോളേജിന്റെ സമീപത്ത് താമസിക്കുന്ന കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്നതാണ് ഈ സദാചാര കമ്മറ്റി. ഇവർ നേരത്തെതന്നെ കോളേജിന്റെ സമീപത്തുള്ള കടകളിലും ഡ്രൈവർമാർക്കുമെല്ലാം എന്തെങ്കിലും തരത്തിലുള്ള ആഘോഷങ്ങളോ, ആർകുട്ടികളും പെൺകുട്ടികളും ഇടകലർന്നുള്ള പരിപാടികളോ ഉണ്ടെങ്കിൽ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. അറിയിക്കാനായി ഇവരുടെ ഫോൺ നമ്പറുകളും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജിനെ സമീപത്തെ കച്ചവചക്കാർ അറിയിച്ചതിനനുസരിച്ചാണ് അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികളേ ക്രൂരമായി മർദ്ദിച്ചത്.

ആസാദ് ഹോസ്ററലിൽ കയറിയാണ് ഇവർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. കോളേജിലെ പ്രധാന സദാചാരക്കാരായ മലയാളം ഡിപ്പാർട്മെന്റ് തലവൻ നസീർ, അറബിക് വിഭാഗം അദ്ധ്യാപകർ സാജിദ്, സലീ, കൊമേഴ്സ് വിഭാഗം അദ്ധ്യാപകൻ നിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജാഗ്രതാ സമിതിയെന്ന സദാചാരക്കമ്മറ്റി രൂപീകരിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അതേ സമയം സമരം നടത്തുന്ന വിദ്യാർത്ഥികളുമായി കോളേജ് അധികൃതർ ചർച്ച നടത്തി. ഉച്ചക്ക് ശേഷം നടക്കുന്ന കോളേജ് കൗൺസിലിൽ തീരുമാനമറിയിക്കാമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. തീരുമാനം അനുകൂലമല്ലെങ്കിൽ സമരം തുടർന്ന് കൊണ്ട്പോകുമെന്ന് സമരക്കാർ അറിയിച്ചു.

എന്നിരുന്നാലും ഉച്ചക്ക് ശേഷം നടക്കാനിരിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷക്ക് മുടക്കം വരുത്തേണ്ടതില്ലെന്നാണ് സമസമിതിയുടെ തീരുമാനം, മുഴുവൻ വിദ്യാർത്ഥി സംഘടനകളും ഒരുമിച്ചാണ് സമരം നടത്തുന്നത്. വിദ്യാർത്ഥികളെ അക്രമിച്ച അദ്ധ്യാപകരും അനദ്ധ്യാപകരും അടങ്ങുന്ന മുഴുവൻ ജീവനക്കാരെയും പുറത്താക്കുക, നാട്ടുകാരെ ഉൾപെടുത്തി രൂപീകരിച്ച ജാഗ്രതാ സമിതിയെന്ന സദാചാരക്കമ്മറ്റി പിരിച്ച് വിടുക, തീരുമാനമെടുക്കാനായി രൂപീകരിക്കുന്ന അന്വേഷണ കമ്മീഷനിൽ വിദ്യാർത്ഥി പ്രതിനിധികളെയും, രക്ഷിതാക്കളെയും ഉൾപെടുത്തുക, അക്രമം നടത്തിയ ജീവനക്കാർ വിദ്യാർത്ഥികളോട് മാപ്പ് പറയുക, വിദ്യാർത്ഥികൾക്ക് പേരിൽ നൽകിയിരിക്കുന്ന പൊലീസ് കേസുകൾ പിൻവലിക്കുക തുടങ്ങിയവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ.

പ്രശ്‌നങ്ങൾക്ക് തുടക്കം വിദ്യാർത്ഥിനികളുടെ ഹോളി ആഘോഷം

ഇക്കഴിഞ്ഞ 12ാം തീയ്യതി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൽ ഹോളി ആഘോഷിച്ചതോടെയാണ് കാമ്പസിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. അന്ന് ആൺകുട്ടികളും, പെൺകുട്ടികളും ഒരുമിച്ചാണ് കളർ വാരി എറിഞ്ഞതും, പാട്ട് വച്ച് ഡാൻസ് ചെയ്തതും. ഇതാണ് പൊതുവേ ഇടുങ്ങിയ ചിന്താഗതിക്കാരായ കോളേജ് അധികൃതരുടെ കണ്ണിൽ കരടായതും. അന്ന് പർദ്ദയിട്ട് വിദ്യാർത്ഥിനികൾ കളറിൽ മുങ്ങി നിൽക്കുന്ന കളർഫുൾ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നാട്ടുകാരും കോളേജ് മാനേജ്‌മെന്റും സദാചാര പൊലീസ് ജോലി ഏറ്റെടുത്തു.

ചിത്രങ്ങൾ കണ്ട നാട്ടുകാർക്കും കോളേജ് മതമാനേജ്‌മെന്റിനും അദ്ധ്യാപകർക്കും സംസ്‌കാരത്തിന് നിരക്കാത്തതായും, ആഭാസകരമായും തോന്നിയതോടെ സൈബർ ലോകത്ത് ഇവര്‌ക്കെതിരെ തെറിവിളികലും തുടങ്ങി. ഇതിന് ശേഷം പൊലീസ് വന്ന് ആഘോഷകാരികളായ വിദ്യാർത്ഥികളെ ഓടിക്കുകയും ചെയ്തു. പൊലീസിനെ വിളിച്ചത് മാനേജ്‌മെന്റാണെന്നാണ് വിദ്യാർത്ഥഇകൾ ആരോപിക്കുന്നത്. ഇത് വെളിവാക്കുന്നതാണ് രണ്ടാം വർഷ വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിലുണ്ടായ സംഘർഷവും.

രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല. തുടർന്ന് പ്രതിഷേധാത്മകമായി ഹോളി ആഘോഷിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാരും ഗുണ്ടകളെ പോലെ അദ്ധ്യാപകരും രംഗത്തെത്തുകയായിരുന്നു. തുടർന്ന് കോളേജിന് പിൻഭാഗത്തു നിന്നും ആഘോഷിക്കാൻ ശ്രമിച്ചു. അവിടേക്ക് കോളേജ് നോൺടീച്ചിങ് സ്റ്റാഫ് കാറിന്റെ വൈപ്പറും ഒടിച്ച് ആക്രമിക്കാൻ വന്നു. ആക്രമണത്തിൽ രണ്ടാം വർഷ വിദ്യാർത്ഥി ഷബാബിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.

അതിനു ശേഷം ശരീരത്തിൽ കളറായ വിദ്യാർത്ഥികളെ അദ്ധ്യാപകർ തിരഞ്ഞുപിടിച്ച് ആക്രമിക്കുയയാിരുന്നു എന്നും വിദ്യാർത്ഥികൾ പറയുന്നു. രണ്ടാം വർഷ വിദ്യാർത്ഥി അജ്ഹദിനെ ഹോസ്റ്റൽ വളപ്പിലിട്ട് കമ്പും പൈപ്പുമൊക്കെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ഈ സംഭവമാണ് ഇപ്പോൾ വിദ്യാർത്ഥികളുടെ മൊത്തത്തിൽ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവാമായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP