Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

78 മന്ത്രിമാരിൽ 24 പേർക്കെതിരെയും ക്രിമിനൽ കേസുകൾ; കൊലപാതക ശ്രമത്തിനും ബലാത്സംഗക്കുറ്റത്തിനും വരെ പ്രതിചേർക്കപ്പെട്ടവരും ലിസ്റ്റിൽ; 72 മന്ത്രിമാരും കോടീശ്വരന്മാർ; മോദി മന്ത്രിസഭയിലെ ചില വിശേഷങ്ങൾ കൂടി

78 മന്ത്രിമാരിൽ 24 പേർക്കെതിരെയും ക്രിമിനൽ കേസുകൾ; കൊലപാതക ശ്രമത്തിനും ബലാത്സംഗക്കുറ്റത്തിനും വരെ പ്രതിചേർക്കപ്പെട്ടവരും ലിസ്റ്റിൽ; 72 മന്ത്രിമാരും കോടീശ്വരന്മാർ; മോദി മന്ത്രിസഭയിലെ ചില വിശേഷങ്ങൾ കൂടി

മറുനാടൻ മലയാളി

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം വികസിപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റിയവരിൽ മുപ്പതു ശതമാനത്തിലധികംപേരും വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും ഭൂരിഭാഗവും കോടിപതികളാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൊലപാതകക്കേസിലും വർഗീയ കലാപ കേസുകളിലും മാനഭംഗക്കേസുകളിലും വരെ പ്രതികളായവരാണ് മന്ത്രിമാരായവരിൽ ചിലർ.

78 മന്ത്രിമാരിൽ 24 പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. ഇതിൽത്തന്നെ 14 എൻഡിഎ മന്ത്രിമാർ ഉൾപ്പെട്ടിട്ടുള്ളത് മാനഭംഗം, കൊലപാതകശ്രമം, മതസൗഹാർദ്ദം തകർക്കൽ തുടങ്ങിയ ഗുരുത ക്രിമിനിൽ കേസുകളിലാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. 72 മന്ത്രിമാർ കോടിപതികളുമാണ്. പാവപ്പെട്ടവരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചതായും സൈക്കിളിൽ വരുന്ന മന്ത്രിമാർ വരെയുണ്ടെന്നുമുള്ള പ്രചരണങ്ങൾ ഇതെല്ലാം മറച്ചുവയ്ക്കാനുള്ള തന്ത്രമായിരുന്നുവെന്ന ആരോപണങ്ങളും ഇതോടെ ശക്തമാകുകയാണ്.

മന്ത്രിസഭാ വികസനത്തിനും പുതിയ മന്ത്രിമാർക്കും മികച്ച പ്രതിച്ഛായയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും എന്നാൽ തിരിച്ചാണ് കാര്യങ്ങളെന്നുമാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.സമൂഹ മാദ്ധ്യമങ്ങളിലും ഇക്കാര്യം വൻ ചർച്ചയായിക്കഴിഞ്ഞു.

ഫോട്ടോഷോപ്പ് പ്രചരണമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് മോദിയുടെ ഗുജറാത്ത് വികസന പ്രചരണങ്ങളെ കളിയാക്കിയിരുന്നവർ ഇപ്പോൾ ഫോട്ടോകോപ്പി പ്രചരണമെന്നു പറഞ്ഞാണ് വിമർശനം ഉയർത്തുന്നത്.ലാളിത്യമുള്ള മന്ത്രിമാരാണ് ഉള്ളതെന്ന് പ്രചരിപ്പിക്കാൻ ആംആദ്മി സ്വീകരിച്ച തന്ത്രമാണ് സൈക്കളിലും ബസ്സിലും യാത്രചെയ്യുന്ന മന്ത്രിമാരെ ഉയർത്തിക്കാട്ടൽ. ഇതിനെ കോപ്പിയടിച്ചാണ് ഒരു മന്ത്രി സൈക്കിളിൽ സത്യപ്രതിജ്ഞ ചെയ്യാനെത്തിയതിന് വൻ പ്രാധാന്യം നൽകിയതെന്നാണ് ആരോപണം.

ഇതിനു പിന്നാലെയാണ് മന്ത്രിമാരിൽ ഭൂരിഭാഗവും കോടീശ്വരന്മാരാണെന്നും ഏതാണ്ട് മൂന്നിലൊന്ന് മന്ത്രിമാരും കേസുകളിൽ ഉൾപ്പെട്ടവരാണെന്നുമുള്ള ആരോപണങ്ങളും പുറത്തുവരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആംആദ്മിയെയും തകർക്കാനായി എംഎൽഎമാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കുന്ന മോദി മന്ത്രിസഭയിൽ എന്തിന് കേസിൽ പ്രതികളായവരെ ഉൾപ്പെടുത്തിയെന്ന് വിമർശകർ ചോദ്യമുന്നയിച്ചുകഴിഞ്ഞു.

പുതുതായി അധികാരമേറ്റ 19 മന്ത്രിമാരിൽ ഏഴുപേർക്കെതിരെ ഗുരുതര ക്രിമിനൽകേസുകളുള്ളതായാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. നാഷണൽ ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്നിവരുടെ റിപ്പോർട്ടിലാണ് സ്വത്ത്, കേസുകൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. ഇതുപ്രകാരം 19 പുതിയ മന്ത്രിമാരിൽ ഏഴുപേർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്.

ഇതിൽ മൂന്നുപേർക്കെതിരെ ഉള്ളത് മാനഭംഗം, കൊലപാതകശ്രമം, വർഗീയ കലാപശ്രമം, കൈക്കൂലി തുടങ്ങിയ വകുപ്പുകളിലുള്ള കേസുകളാണ്. അനുപ്രിയ സിങ് പട്ടേൽ, രമേഷ് ജിഗാജിനാഗി, ഫഗൻ സിങ്, വിജയ് ഗോയൽ, രാജെൻ ഗൊഹേയ്ൻ, രാംദാസ് അതവാലെ, എംജെ അക്‌ബർ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ള മന്ത്രിമാർ. മൊത്തത്തിലുള്ള കണക്കെടുത്താൽ ആകെ 24 മന്ത്രിമാർ വിവിധ കേസുകളിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വൻതോക്കുകളാണ് മന്ത്രിമാരായതെന്ന് ചൂണ്ടിക്കാട്ടുന്ന മാദ്ധ്യമങ്ങൾ പുതിയ മന്ത്രിമാരുടെ ശരാശരി ആസ്തി 8.73 കോടിയാണെന്ന് വിലയിരുത്തുന്നു. പഴയ മന്ത്രിമാരുടെ സ്വത്തിന്റെ ആകെ ആസ്തിയെടുത്താൽ ഒരുമന്ത്രിയുടെ ശരാശരി സ്വത്ത് 12.94 കോടിയായി മാറും.

പുതിയ മന്ത്രിമാരുടെ കൂട്ടത്തിൽ ഏറ്റവും സമ്പന്നൻ എംജെ അക്‌ബറാണ്. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹത്തിന്റെ സ്വത്ത് 44.9 കോടിയാണ്. രണ്ടാംസ്ഥാനത്തുള്ളത് പാലി മണ്ഡലത്തിൽ നിന്ന് ജയിച്ചെത്തിയ മന്ത്രി പിപി ചൗധരിയാണ്. 35.35 കോടിയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മന്ത്രിയായ മറ്റൊരു രാജ്യസഭാംഗം വിജയ് ഗോയലിന് 29.97 കോടിയുടെ സ്വത്തുണ്ട്. രാജസ്ഥാനിൽ നിന്നുള്ള അംഗമാണ് അദ്ദേഹം.

നേരത്തെതന്നെ മന്ത്രിസഭയിലുള്ള അരുൺജെയ്റ്റ്‌ലി, ഹർസിംരത് ബാദൽ, പീയുഷ് ഗോയൽ എന്നിവരാണ് ഇപ്പോഴും സമ്പത്തിന്റെ കാര്യത്തിൽ ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങളിൽ. ഇവർ തിരഞ്ഞെടുപ്പു സമയത്ത് നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ. സമ്പത്തിൽ ഏറ്റവും പിന്നിലുള്ള പുതിയ പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവേയ്ക്കുപോലും 60.97 ലക്ഷത്തിന്റെ ആസ്തിയുണ്ട്. 78 മന്ത്രിമാരിൽ വെറും ആറുപേർ മാത്രമാണ് ഒരുകോടിയിൽത്താഴെ സ്വത്തുള്ളവർ എന്നതിനാൽ മോദി മന്ത്രിസഭ ഇപ്പോൾ കോടീശ്വരന്മാരുടെ മന്ത്രിസഭായയെന്നു ചുരുക്കം.

മന്ത്രിമാരിൽ 40 പേർ 41-60 പ്രായപരിധിക്കുള്ളിലാണ്. 31നും 40 ഇടയിൽ പ്രായമുള്ള മൂന്നുപേരാണ് മോദി മന്ത്രിസഭയിലുള്ളത്. 61നും 80നും ഇടയിൽ പ്രായമുള്ള 31 മന്ത്രിമാരുണ്ട്. ആകെയുള്ള 78 മന്ത്രിമാരിൽ ഒൻപത് സ്ത്രീകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP