Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചുകോടി വിലമതിക്കുന്ന വിദേശമദ്യത്തിന്റെ മറവിൽ 50 കോടിയുടെ തട്ടിപ്പ്; പ്രമുഖ സിനിമാ നിർമ്മാതാക്കളടക്കം നിരവധി പേർ തട്ടിപ്പ് സംഘത്തിൽ; ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നേരിട്ട് ലഭിച്ചതോടെ പ്രതികളെ വലയിലാക്കാൻ പൊലീസ് നീക്കം; മദ്യവ്യാപര രംഗത്ത് അറിയപ്പെടുന്ന സ്ത്രികൾ തട്ടിപ്പിലെ മുഖ്യകണ്ണികൾ; തട്ടിപ്പ് പുറംലോകം അറിഞ്ഞത് ചാലക്കുടി സ്വദേശിയിൽ നിന്ന് മൂന്ന് കോടി തട്ടിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഞ്ചുകോടി വിലമതിക്കുന്ന വിദേശമദ്യത്തിന്റെ മറവിൽ 50 കോടിരൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രമുഖ സിനിമാ നിർമ്മാതാക്കൾക്കെതിരെ അടക്കം പരാതി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നേരിട്ട് ലഭിച്ച പരാതിയിലാണ് പൊലസ് അന്വേഷണം ആരംഭിച്ചത്.

പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ടാൽ വിദേശത്തേക്ക് കടക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദാംശങ്ങൾ പൊലീസ് പുറത്തുവിടാത്തത്. . മദ്യവ്യാപാര രംഗത്ത് അറിയപ്പെടുന്ന 2 സ്ത്രീകളും തട്ടിപ്പു സംഘത്തിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇവരെ മുന്നിൽ നിർത്തിയാണു സിനിമ നിർമ്മാതാക്കൾ പത്തോളം പേരിൽ നിന്നു പണം വാങ്ങിയത്.

ബെൽജിയം, ബൾഗേറിയ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 5 കോടിരൂപ വിലയുള്ള മദ്യം, തീരുവ അടയ്ക്കാത്തതിനാൽ ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണിൽ പിടിച്ചുവച്ചതിന്റെ ചിത്രങ്ങൾ കാണിച്ചാണു തട്ടിപ്പു നടത്തിയത്. എക്‌സൈസ് തീരുവ അടച്ചു സംസ്ഥാന ബവ്‌റിജസ് കോർപറേഷനു മദ്യം കൈമാറാൻ സാമ്പത്തിക സഹായം നൽകിയാൽ 60 ദിവസത്തിനുള്ളിൽ ഇരട്ടിത്തുക വാഗ്ദാനം ചെയ്താണു തട്ടിപ്പു നടത്തിയത്.

ഇതു വിശ്വസിച്ചു 3 കോടി രൂപ കൈമാറിയ ചാലക്കുടി സ്വദേശി മിഥുൻ ഇട്ടൂപ്പ് നൽകിയ പരാതിയിലാണു ഡിജിപിയുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചത്. മിഥുനെപ്പോലെ തട്ടിപ്പിന് ഇരയായ 10 പേർക്ക് 50 കോടി രൂപ നഷ്ടപ്പെട്ടതായാണു പൊലീസിനു ലഭിച്ച വിവരം. സംസ്ഥാനത്തിനു പുറത്തുള്ളവരും മദ്യക്കച്ചവട തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു കരുതുന്നു.

കഴിഞ്ഞ വർഷം ആദ്യമാണു വിദേശമദ്യം ഇറക്കുമതി ചെയ്തത്. ഇടനിലക്കാരെ ഉപയോഗിച്ചാണു മദ്യക്കച്ചവടത്തിൽ താൽപര്യമുള്ള സമ്പന്നരെ വലിയ തുക ലാഭ വാഗ്ദാനം നൽകി വലയിലാക്കുന്നത്. നേരത്തെ പരാതി നൽകാൻ ഒരുങ്ങിയവരെ തട്ടിപ്പു സംഘത്തിലെ സ്ത്രീകൾ പീഡനക്കേസിൽ ഉൾപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിന്മാറ്റിയതായും ആരോപണമുണ്ട്. ഒളിക്യാമറ ഭീഷണിയും ചില പരാതിക്കാർക്കു നേരെ ഉണ്ടായിട്ടുണ്ട്.

ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ചത് ഇങ്ങനെ: വിദേശ മദ്യക്കമ്പനിയിൽ നിന്നു 2 കോടി രൂപയുടെ ഉന്നത നിലവാരമുള്ള മദ്യം ഇറക്കുമതി ചെയ്യാൻ കരാറുണ്ടാക്കി. ബെൽജിയൻ കമ്പനിക്ക് ഇന്ത്യൻ വിപണിയിൽ താൽപര്യമുണ്ടായിരുന്നതിനാൽ 7 ലക്ഷം ഡോളറിന്റെ (5 കോടി രൂപ) ബിസിനസ് നൽകിയാൽ 20% അധിക കമ്മിഷൻ വാഗ്ദാനം ചെയ്തു.

അങ്ങനെ എക്‌സൈസ് തീരുവ അടയ്ക്കാൻ കരുതിയ 3 കോടി രൂപയ്ക്കു കൂടി മദ്യം വാങ്ങി. ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിനു 160% തീരുവ അടച്ചാൽ മാത്രമേ പൊതുവിപണിയിൽ വിൽക്കാൻ പറ്റൂ. അതിനു 7.80 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നവർ നോട്ടുനിരോധനത്തോടെ ബിസിനസിൽ നിന്നു പിന്മാറി.

5 കോടി രൂപയുടെ മദ്യം 7.80 കോടി രൂപ തീരുവ അടച്ചു ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണിൽ നിന്നു പുറത്തിറക്കിയാൽ 24 കോടി രൂപയ്ക്കു വാങ്ങാൻ കേരള ബവ്‌റിജസ് കോർപറേഷനുമായുണ്ടാക്കിയ കരാറും ഇവർ കാണിച്ചു.

ഇതു വിശ്വസിച്ചു സ്ഥലം ഈടുവച്ചു 85 ലക്ഷം രൂപ മുതൽ മുതൽ 3 കോടി രൂപവരെ ബാങ്ക് വായ്പയെടുത്തു നൽകിയവരാണു കബളിപ്പിക്കപ്പെട്ടത്. തട്ടിയെടുത്ത 50 കോടിയോളം രൂപ പ്രതികൾ വിദേശത്തേക്കു കടത്തിയതായാണു വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP