Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയെ ചൊല്ലി വിമർശനങ്ങളും വിവാദങ്ങളും കൊഴുക്കുമ്പോൾ വിപ്ലവ വഴിയിൽ പിണറായി സർക്കാർ; കൊച്ചിൻ ദേവസ്വം ബോർഡിൽ നിയമിക്കാനായി 54 അബ്രാഹ്മണ ശാന്തിക്കാരുടെ പട്ടിക തയ്യാർ; നിയമനം നേടുന്നവരിൽ ഏഴ് പേർ പട്ടികജാതിക്കാരും; യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷം ഇത്രയേറെ അബ്രാഹ്മണ ശാന്തിക്കാരെ നിയമിക്കുന്നത് ചരിത്രത്തിൽ ആദ്യം

ശബരിമലയെ ചൊല്ലി വിമർശനങ്ങളും വിവാദങ്ങളും കൊഴുക്കുമ്പോൾ വിപ്ലവ വഴിയിൽ പിണറായി സർക്കാർ; കൊച്ചിൻ ദേവസ്വം ബോർഡിൽ നിയമിക്കാനായി 54 അബ്രാഹ്മണ ശാന്തിക്കാരുടെ പട്ടിക തയ്യാർ; നിയമനം നേടുന്നവരിൽ ഏഴ് പേർ പട്ടികജാതിക്കാരും; യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷം ഇത്രയേറെ അബ്രാഹ്മണ ശാന്തിക്കാരെ നിയമിക്കുന്നത് ചരിത്രത്തിൽ ആദ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ ക്ഷേത്രങ്ങളിൽ ആദ്യമായി ദളിത് പൂജാരിയെ നിയമിച്ചത് കഴിഞ്ഞ വർഷമാണ്. അബ്രാഹ്മണ ശാന്തികൾ നേരത്തെയും പ്രവേശനം നേടിയെങ്കിലും ആദ്യമായി ദളിത് പൂജാരി എന്ന ഖ്യാതി യദു കൃഷ്ണന് സ്വന്തമായിരുന്നു. യദുവിന് പിൻഗാമികളായി ഇപ്പോൾ കൂടുതൽ ദളിതർ ശ്രീകോവിലിന് ഉള്ളിലേക്ക് പ്രവേശിക്കാന് ഒരുങ്ങുന്നതാണ്.കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് 70 ഓളം ശാന്തിക്കാർക്ക് അഡൈ്വസ് മെമോ അയക്കാൻ ദേവസ്വം റിക്ക്രൂട്ട്‌മെന്റ് ബോർഡ് തീരുമാനിച്ചു. ബോർഡ് നടത്തിയ പരീക്ഷയിൽ ബ്രാഹ്മണർ നടത്തിയതിലും മികച്ച പ്രകടനം നടത്തിയാണ് ഇവർ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത.

എന്നും ബ്രാഹ്മണന്മാർക്കും ഉന്നതകുലജാതർക്കുമായി മാറ്റിവയ്ക്കപ്പെട്ടിരുന്ന സ്ഥാനത്തേക്കാണ് ഇപ്പോൾ സർക്കാർ തന്നെ മുൻകൈയെടുത്ത് വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതും. മുൻപ് യദുവിന് എതിരെ അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പരീക്ഷയിൽ വലിയ പ്രാധിനിത്യം ുണ്ടാകില്ലെന്നാണ് കരുതിയിരുന്നതെങ്കിലും സ്ഥിതി മറിച്ചായിരുന്നു.

നിയമനം ലഭിക്കാൻ പോകുന്നത് ഏഴോളം ദളിത് ശാന്തിമാർക്കും 54 ഓളം ഈഴവരും മറ്റ് വിഭാഗങ്ങളും അടക്കമുള്ള പിന്നോക്ക വിഭാഗകാർക്കാണ്.കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലേക്കുള്ള ശാന്തി നിയമനത്തിന്റെ റാങ്ക് ലിസ്റ്റ് ഇന്നലെയാണ് ദേവസ്വം റിക്രൂട്ട്മന്റ് ബോർഡ് പ്രസിദ്ധീകരിച്ചത്.198 പേരുടെ ജനറൽ ലിസ്റ്റും , റിസർവ്വേഷൻ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിക്രൂട്ട്മന്റ് ബോർഡ് നടത്തിയ ഒബ്ജക്ടീവ് ടൈപ്പ് ഒ.എം.ആർ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരെ അഭിമുഖത്തിൽ പങ്കെടുപ്പിച്ച് കൃത്യമായ മെറിറ്റ് അടിസ്ഥാനപ്പെടുത്തിയാണു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

198 പേരുടെ ജനറൽ ലിസ്റ്റിൽ നമ്പൂതിരി/നായർ/മുന്നോക്ക വിഭാഗത്തിൽ പെട്ട 56 പേർ ഇടം പിടിച്ചു.142 പേരോളം ഈഴവ,ധീവര,ദളിത് എന്നീ പിന്നോക്ക സമുദായത്തിൽ പെട്ടവരാണ് ഉൾപ്പെട്ടത്.ഈ ലിസ്റ്റിൽ നിന്ന് 70 ഓളം ശാന്തിക്കാരെ ഉടൻ നിയമിക്കാനാണ് ബോർഡ് ഒരുങ്ങുന്നത്. നിയമനം ലഭിക്കാൻ പോകുന്നവരിൽ ഏഴോളം ദളിത് ശാന്തിക്കാരും ഉണ്ട്.

ആദ്യ നിയമന ലിസ്റ്റിൽ ഉൾപ്പെട്ട 47 ഓളം പേർ ഈഴവ,ധീവര സമുദായത്തിൽപെട്ടവരാണ്.ആദ്യ നിയമനം ലഭിക്കാൻ പോകുന്നതിൽ 16 പേർ മാത്രമാണ് ബ്രാഹ്മണർ.കുടുംബിവേലൻ, കുറവ, വിശ്വകർമ്മ, എഴുത്തച്ഛൻ ,ഗണകൻ,നാടാർ എന്നീ പിന്നാക്ക വിഭാഗങ്ങളും മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.കൂടുതൽ അബ്രാഹ്മണർ ശ്രീകോവിലേക്ക് എന്ന എൽ.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിതനയം നടപ്പിലാകുന്നതോടെ,കൂടുതൽ പിന്നോക്ക വിഭാഗത്തിൽ പെട്ടവർ ശാന്തി ജോലികളിൽ പ്രവേശിക്കാൻ സാഹചര്യമൊരുങ്ങുകയാണ്.

ദേവസ്വം ബോർഡ് സർക്കാരിന്റേതായിരുന്നിട്ടും സവർണ്ണ മേധാവിത്വം പുലർത്തിയിരുന്ന ദേവസ്വം ബോർഡ് അമ്പലങ്ങളിലേക്കാണ് പട്ടിക ജാതിക്കാരനായ യദുവും തന്റെ സ്ഥാനം ഉറപ്പിച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ശാന്തി റാങ്ക് ലിസ്റ്റിൽ നാലാം റാങ്കുകാരനായിരുന്നു യദു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് നിയമന നടപടികൾ നടത്തിയത്. 967 പേർ എഴുതിയ പരീക്ഷയിൽ അന്തിമ ലിസ്റ്റിൽ വന്ന 441 പേരിൽ 62 പേരെയാണ് നിയമനത്തിനായി ശുപാർശ ചെയ്തിട്ടുള്ളത്. ഇവരിൽ യദു ഉൾപ്പടെ അഞ്ച് പട്ടികജാതിക്കാരും 30 പിന്നാക്കക്കാരുമുണ്ടായിരുന്നു.

പൂജ മുടക്കി എന്ന് ആരോപിച്ച് യദുവിനെ സ്ഥാനത്ത് നിന്ന് മാറ്റാനും മുൻപ് നീക്കങ്ങൾസജീവമായിരുന്നു. ലീവ് എഴുതി നൽകിയാണ് താൻ പോയത് എന്നുൾപ്പടെ വിശദീകരിച്ച് യദു ആരോപണങ്ങൾ അന്ന് തള്ളുകയും ചെയ്തിരുന്നു.യോഗക്ഷേമ സഭയും അഖിലകേരള ശാന്തി യൂണിയനുമാണ് യദുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.യദു കൃഷ്ണൻ പൂജാ കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്നും, ക്ഷേത്രത്തിലെ പൂജ മുടക്കിയെന്നുമായിരുന്നു ഇവരുടെ ആക്ഷേപം.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

വീണ്ടും ചരിത്രം കുറിച്ച് കേരള സർക്കാർ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായി 7 പട്ടികജാതിക്കാർ ഉൾപ്പെടെ 54 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നു. പി.എസ്.സി മാതൃകയിൽ ഒ.എം.ആർ പരീക്ഷയും, അഭിമുഖവും നടത്തിയാണ് ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നൽകാതെ മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉൾപ്പെടുത്തിയാണ് നിയമന പട്ടിക തയ്യാറാക്കിയത്. ആകെ 70 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പിന്നാക്കവിഭാഗങ്ങളിൽ നിന്ന് നിയമനപട്ടികയിൽ ഇടം നേടിയ 54 പേരിൽ 31 പേർ മെറിറ്റ് പട്ടികയിൽ ഉൾപ്പെട്ടവരാണ്. മുന്നോക്ക വിഭാഗത്തിൽ നിന്ന് 16 പേർ മാത്രമേ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടിയുള്ളൂ. ഈഴവ വിഭാഗത്തിൽ നിന്ന് ശാന്തി നിയമന പട്ടികയിൽ ഇടം നേടിയ 34 പേരിൽ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് അർഹരായത്. ഒബിസി വിഭാഗത്തിൽ നിന്ന് നിയമനത്തിന് അർഹരായ 7 പേരിൽ 2 പേരും, ധീവര സമുദായത്തിലെ 4 പേരിൽ 2 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് യോഗ്യത നേടിയത്.ഹിന്ദു നാടാർ, വിശ്വകർമ്മ സമുദായങ്ങളിൽ നിന്നുള്ള ഒരാൾ വീതവും ശാന്തി നിയമനത്തിന് അർഹരായി. ഇത്രയധികം അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നതും, പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഏഴ് പേരെ ശാന്തിമാരെ നിയമിക്കുന്നതും കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ്. തന്ത്രി മണ്ഡലം, തന്ത്രി സമാജം എന്നിവയിൽ നിന്ന് ഉൾപ്പെടെയുള്ള പ്രമുഖരായ തന്ത്രിമാർ ഉൾപ്പെട്ട ബോർഡാണ് ഇന്റർവ്യൂ നടത്തിയത്. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 6 ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP