Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അംഗീകാരമില്ലാതെ സംസ്ഥാനത്ത് പൂട്ടുവീഴാൻ പോകുന്നത് ആറായിരത്തോളം ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകൾക്ക്; സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയുടെ വിധികാത്ത് അൺഎയ്ഡഡ് മേഖല; തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ നൂറുകണക്കിന് അദ്ധ്യാപകരും ജീവനക്കാരും  

അംഗീകാരമില്ലാതെ സംസ്ഥാനത്ത് പൂട്ടുവീഴാൻ പോകുന്നത് ആറായിരത്തോളം ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകൾക്ക്; സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയുടെ വിധികാത്ത് അൺഎയ്ഡഡ് മേഖല; തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ നൂറുകണക്കിന് അദ്ധ്യാപകരും ജീവനക്കാരും   

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അംഗീകാരമില്ലാത്തതിന്റെ പേരിൽ ഈ അധ്യയന വർഷം തീരുന്നതോടെ ആറായിരത്തോളം അൺഎയ്ഡഡ് സ്‌കൂളുകൾക്ക് പൂട്ടുവീഴുമെന്ന ആശങ്ക. ഇതോടെ കുട്ടികൾക്ക് പുതിയ സ്‌കൂൾ തേടിപ്പോകേണ്ടിവരുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. അതുപോലെ തന്നെ ജോലി നഷ്ടപ്പെടുമെന്ന ആധിയിൽ നൂറുകണക്കിന് അദ്ധ്യാപകരും ജീവനക്കാരും. എന്നാൽ ഈ മാസം സർക്കാർ തീരുമാനത്തിന് എതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റുകൾ.

സർക്കാർ നടപടിക്കെതിരേ സമർപ്പിച്ചിരിക്കുന്ന ഹർജി അടുത്ത ഒമ്പതിന് പരിഗണിക്കും. കോടതിവിധി കാത്തിരിക്കുകയാണു സർക്കാരും അൺ എയ്ഡഡ് മേഖലയും. എല്ലായിടത്തും പരീക്ഷാക്കാലം ആരംഭിച്ചുകഴിഞ്ഞു. പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളും ഈ സമയത്തുതന്നെ തുടങ്ങേണ്ടതുണ്ട്. എന്നാൽ അൺ എയ്ഡഡ് മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാവുമെന്ന ഭയത്തിലാണ് എല്ലാവരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾ ഈമാസം 31ന് പൂട്ടണമെന്നു കാട്ടി വിദ്യാഭ്യാസ ഉപഡയറക്ടർമാർ കഴിഞ്ഞ ഡിസംബറിൽ ആണ് അതത് മേഖലകളിലെ മിക്ക സ്‌കൂളുകൾക്കും നോട്ടീസ് നൽകിയത്.

ഇതിന് പിന്നാലെ രണ്ടാമത് കഴിഞ്ഞമാസം 20ന് അടുത്ത നോട്ടീസും നൽകി. അന്ത്യശാസനമെന്ന നിലയിൽ ഈ നോട്ടീസ് കിട്ടിയതോടെയാണ് സ്‌കൂൾ മാനേജുമെന്റുകളുടെ സംഘടനകൾ സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചത്. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജിയിലെ പ്രധാന ആവശ്യം. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ നൽകിയ കണക്കുപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരാണ് സ്‌കൂൾ മാനേജുമെന്റുകൾക്ക് നോട്ടീസ് നൽകിയത്. കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം പൂർണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സ്‌കൂളുകൾ പൂട്ടുന്നത്. സ്‌കൂളിന് അംഗീകാരമുണ്ടെങ്കിൽ അറിയിക്കണമെന്നും അല്ലാത്തപക്ഷം 2017-18 അധ്യയന വർഷം മുതൽ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കണമെന്നുമാണ് നിർദ്ദേശം.

ധിക്കരിച്ച് സ്‌കൂളുകൾ പ്രവർത്തിപ്പിച്ചാൽ കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം മാനേജർക്കെതിരേ ക്രിമിനൽക്കേസെടുക്കാനും പിഴയീടാക്കാനുമാണു സർക്കാർ നീക്കം. കേരള വിദ്യാഭ്യാസച്ചട്ടപ്രകാരം പുതിയ സ്‌കൂൾ തുടങ്ങണമെങ്കിൽ വിദ്യാഭ്യാസ ഓഫീസർമാർ സ്ഥലം സന്ദർശിച്ച് അടുത്ത് പൊതുവിദ്യാലയങ്ങളില്ലെന്നു ബോധ്യപ്പെടണം. ഈ വ്യവസ്ഥ പാലിക്കാതെയാണ് 90 ശതമാനത്തോളം സി.ബി.എസ്.ഇ. സ്‌കൂളുകളും നടത്തുന്നതെന്നാണ് ഡി.ഇ.ഒമാരുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

മൂന്നേക്കർ സ്ഥലം, സ്ഥിരംകെട്ടിടങ്ങൾ, നിശ്ചിത യോഗ്യതയുള്ള അദ്ധ്യാപകർ, ആധുനിക പഠനരീതി, കുറഞ്ഞത് 300 കുട്ടികൾ എന്നീ വ്യവസ്ഥകളോടെ സ്‌കൂളുകൾക്ക് അംഗീകാരം നൽകാൻ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ചു 900 സ്‌കൂളുകൾക്ക് അംഗീകാരം നൽകി.

അതേസമയം അംഗീകാരത്തിനായി സമർപ്പിക്കുന്ന അപേക്ഷ സ്‌കൂളുകളിലെത്തി പരിശോധന നടത്താതെ നിരസിക്കുകയാണെന്നു കേരള പ്രൈവറ്റ് സ്‌കൂൾ മാനേജുമെന്റ് അസോസിയേഷൻ ഭാരവാഹികളായ എ.ആർ സുരേന്ദ്രൻ, കെ. ജയകുമാർ, പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി രാജൻ എന്നിവർ പറയുന്നു. അദ്ധ്യാപകരും അനധ്യാപകരുമടക്കം പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്ന നടപടിയിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് നിവേദനം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP