Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേർക്ക്; രോഗബാധിതരിൽ 33 പേർ വിദേശത്ത് നിന്ന് വന്നവർ; 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ; ജയിലിൽ കഴിയുന്ന രണ്ട് തടവുകാർക്കും ആരോഗ്യ പ്രവർത്തകയ്ക്കും എയർഇന്ത്യ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ്; സമ്പർക്കം മൂലം രോഗം ബാധിച്ചത് ഒരാൾക്ക് മാത്രമെന്നത് ആശ്വാസം പകരുന്നു; പത്ത് പേർ രോഗമുക്തരായി; ചികിത്സയിൽ കഴിയുന്നത് 577 പേർ; ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 101ആയി; സാമൂഹ്യവ്യാപന സാധ്യതയില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേർക്ക്; രോഗബാധിതരിൽ 33 പേർ വിദേശത്ത് നിന്ന് വന്നവർ; 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ; ജയിലിൽ കഴിയുന്ന രണ്ട് തടവുകാർക്കും ആരോഗ്യ പ്രവർത്തകയ്ക്കും എയർഇന്ത്യ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ്; സമ്പർക്കം മൂലം രോഗം ബാധിച്ചത് ഒരാൾക്ക് മാത്രമെന്നത് ആശ്വാസം പകരുന്നു; പത്ത് പേർ രോഗമുക്തരായി; ചികിത്സയിൽ കഴിയുന്നത് 577 പേർ; ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 101ആയി; സാമൂഹ്യവ്യാപന സാധ്യതയില്ലെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്കുകളിൽ വീണ്ടും വർദ്ധനവ്. ഇന്ന് 62 പേർക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 33 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേർക്കും കൊവിഡ് സ്ഥിരികരിച്ചു. സമ്പർക്ക്ം മൂലം ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ഡൽഹി പഞ്ചാബ് ഒന്ന് വീതം. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗം പിടിപെട്ടു. എയർ ഇന്ത്യ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് പോസിറ്റീവായത് പാലക്കാട് 14, കണ്ണൂർ ഏഴ്, തൃശ്ശൂർ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസർകോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ്. പത്ത് പേർക്കാണ് ഫലം നെഗറ്റീവായത്. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂർ മലപ്പുറം കാസർകോട് ഒന്ന് വീതം.

ഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 62746 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 11468 സാമ്പിളുകൾ ശേഖരിച്ചതിൽ 10635 നെഗറ്റീവാണ്. 101 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഇന്ന് 22 ഹോട്ട്‌സ്‌പോട്ടുകൾ പുതിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്‌പെഷൽ സബ് ജയിലുകളിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ സബ്ജയിലിലും നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. മൂന്നിടത്തെയും ജീവനക്കാർ നിരീക്ഷണത്തിലാണ്. 1150 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 577 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ള 124163 പേർ. 1080 പേർ ആശുപത്രികളിൽ കഴിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൽ സംസ്ഥാനത്ത് ഇപ്പോൾ വല്ലാതെ ആശങ്ക വേണ്ട. ലോക്ഡൗൺ ഇളവുവരുമ്പോൾ അതു പ്രതീക്ഷിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മാനേജ്‌മെന്റിന് മാത്രമായി മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന ഇതുവരെ 620 കോടി 71 ലക്ഷം രൂപ ലഭ്യമാക്കി. അതിൽ 227 കോടി 35 ലക്ഷം ചെലവാക്കി. സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ 12191 ഐസലേഷൻ ബെഡുകൾ സജ്ജമാണ്. അതിൽ ഇപ്പോൾ 1080 പേരാണ് ഉള്ളത്.

1296 സർക്കാർ ആശുപത്രികളിൽ 49702 കിടക്കകൾ, 1369 ഐസിയു, 1045 വെന്റിലേറ്റർ എന്നിവയുണ്ട്. സ്വകാര്യ മേഖലയിൽ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളും ഉണ്ട്. 851 കൊറോണ കെയർ സെന്ററുകളാണ് ഉള്ളത്. അതുകൊണ്ട് ഇപ്പോൾ രോഗികൾ വർധിക്കുന്നു എന്നതു കൊണ്ട് വല്ലാത പരിഭ്രമിക്കേണ്ട. ഇന്ന് സമ്പർക്കം വഴി ഒരാൾക്കാണ് രോഗം വന്നത്.

രോഗം ബാധിച്ചവരിൽനിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ടെസ്റ്റുകൾ വർധിപ്പിക്കുന്നത്. ഐസിഎംആർ നിർദ്ദേശം അനുസരിച്ച് പരിശോധന വേണ്ടവരെയെല്ലാം കേരളത്തിൽ പരിശോധിക്കുന്നുണ്ട് പരിശോധന സംബന്ധിച്ച് കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. 100 ടെസ്റ്റിൽ 1.7 ആളുകൾക്കാണ് പോസിറ്റീവ് ആകുന്നത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ആണ്. രാജ്യത്ത് 5 ശതമാനം. കൊറിയയിലേതുപോലെ 2 ശതമാനത്തിൽ താഴെ ആകാനാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. കേരളം അതു കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളിൽ നിന്ന് 116775 പേരും വിദേശത്ത് നിന്നുള്ള 16474 പേരുമാണ് തിരിച്ചെത്തിയത്. കൊവിഡ് ആദ്യ കേസ് വന്ന് നൂറ് ദിവസം പിന്നിട്ടപ്പോൾ നാം കൊവിഡ് കർവ് ഫ്‌ളാറ്റൺ ചെയ്തു. അന്ന് 16 കേസായിരുന്നു. ഇന്നത് 577 ആണ്. ഇന്നലെ 84 കേസുണ്ടായതിൽ സമ്പർക്കത്തിലൂടെ വന്നത് അഞ്ച് പേർക്കാണ്. ഈയാഴ്ചത്തെ കണക്കെടുത്താൽ ഞായറാഴ്ച 53 കേസിൽ അഞ്ചായിരുന്നു സമ്പർക്കം 49 ൽ ആറ്, 67 ൽ ഏഴ്, 40 ൽ മൂന്ന് എന്നിങ്ങനെയാണ് പിന്നീടുള്ള ദിവസങ്ങളിലെ കണക്ക്. ഈയാഴ്ച 355 ൽ 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മെയ് 10 മുതൽ 27 വരെ 289 പുതിയ കേസിൽ 38 സമ്പർക്കം. മെയ് പത്ത് മുതൽ ആകെ 644 കേസിൽ 65 ആണ് സമ്പർക്കം. 10.09 ശതമാനം. 577 ആക്ടീവ് കേസിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 47 പേർക്ക്.

മുൻഗണനാ വിഭാഗത്തിന് ഓഡ്‌മെന്റഡ് ടെസ്റ്റ് നടത്തി. ഏപ്രിൽ 26 ന് 3128 സാമ്പിളുകൾ പരിശോധിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്കും ഭക്ഷണ വിതരണത്തിന് പ്രവർത്തിക്കുന്നവരും സമൂഹ അടുക്കള ജീവനക്കാർ, പൊലീസ്, അങ്കൺവാടി ജീവനക്കാർ, മാധ്യമപ്രവർത്തകർ, റേഷൻ കട ജീവനക്കാർ, പഴം പച്ചക്കറി കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ, ഇടത്താവളങ്ങളിലെ കച്ചവടക്കാർ, അതിഥി തൊഴിലാളികൾ, രോഗലക്ഷണം ഇല്ലാത്ത പ്രവാസികൾ തുടങ്ങിയവരുടെ സാമ്പിളുകൾ പരിശോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

നാല് പേർക്കാണ് സെന്റിനൽ സർവെയ്‌ലൻസിൽ രോഗം കണ്ടെത്തി. ഓഗ്മെന്റഡ് പരിശോധനയിൽ നാല് പേർക്കും തിരിച്ചെത്തിയ പ്രവാസികളിൽ 29 പേർക്ക് പൂൾഡ് പരിശോധനയിൽ ഫലം പോസിറ്റീവായി. സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ല. കേരളത്തിൽ 28 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയേറ്റു. രോഗി പരിചരണത്തിൽ ഏർപ്പെട്ടവരും പൊതുജനാരോഗ്യ പ്രവർത്തകരും ഉണ്ട്. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവരാണ്. കൃത്യമായ നിരീക്ഷണവും പരിശോധനവും മാർഗനിർദ്ദേശങ്ങളിലെ കൃത്യതയും ആരോഗ്യസംവിധാനത്തിലെ പ്രവർത്തന മികവുമാണ് രോഗലക്ഷണം ഇല്ലാത്ത രോഗികളെ കണ്ടെത്താനടക്കം സഹായിച്ചത്. സമ്പർക്ക രോഗ വ്യാപനം വർധിച്ചാൽ നിയന്ത്രണങ്ങൾ മതിയാകാതെ വരും.

കണ്ണൂരിൽ സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ രോഗം. സമ്പർക്കത്തിലൂടെ സംസ്ഥാനത്ത് 10 ശതമാനം പേർക്കാണെങ്കിൽ കണ്ണൂരിൽ 20 ശതമാനമാണ് രോഗബാധ. 93 ആക്ടീവ് കേസിൽ 19 എണ്ണം സമ്പർക്കത്തിലൂടെ വന്നത്. കൂടുതൽ കർക്കശ നിലപാടിലേക്ക് പോകേണ്ടി വരും. ചിലത് രോഗവ്യാപന സ്ഥലങ്ങളാണ്. അതിനനുസരിച്ച് നിയന്ത്രണം ഉണ്ടാകും. രോഗ വ്യാപനം അധികമായി വരുന്ന സ്ഥലത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കം ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ 2019 ജനുവരി ഒന്ന് മുതൽ മെയ് 15 വരെ 93717 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതേ കാലയളവിൽ 73155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിനർത്ഥം മരണസംഖ്യയിൽ കുറവുണ്ടായി. ഈ ജനുവരി അവസാനം കൊവിഡ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. സാമൂഹിക വ്യാപനം ഉണ്ടെങ്കിൽ ഇതാവില്ല സ്ഥിതി. ജനുവരി മുതൽ ഇതുവരെ പനി, ശ്വാസകോശ അണുബാധ ഐസിയു രോഗികളുടെ എണ്ണം താരതമ്യം ചെയ്തു. മെഡിക്കൽ ബോർഡ് ശാസ്ത്രീയ വിശകലനം നടത്തി. 2018 നെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണം കുറഞ്ഞു. ന്യൂമോണി, ശ്വാസതടസം എന്നിവയും കുറഞ്ഞു.

പകർച്ചവ്യാധി നിയന്ത്രണത്തിന് പ്രാധാന്യം കൂടുതലാണ്. ഡങ്കി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഡങ്കിപ്പനി ഈഡിസ് വിഭാഗത്തിലെ കൊതുകുകളാണ് പരത്തുക. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് കൊതുകുകൾ പടരുക. ഇടയ്ക്കിടെ വീട്ടിലും പരിസരത്തും ഡ്രൈ ഡേ ആചരിക്കണം. ടെറസ്, പൂച്ചെട്ടി, ടയറുകൾ, കുപ്പികൾ തുടങ്ങിയവയിലെ വെള്ളം നീക്കണം. റബ്ബർ തോട്ടത്തിലെ ചിരട്ടകൾ കമിഴ്‌ത്തി വെക്കണം. വാതിലുകളും ജനലുകളും വൈകുന്നേരം നാല് മണി മുതൽ ഏഴ് വരെ ഇത് ചെയ്യണം. വീട്ടിൽ കഴിയുന്നവർ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കണം. കൊതുകുവല ഉപയോഗിക്കണം. ആരോഗ്യ വകുപ്പും തദ്ദേശ വകുപ്പും നടത്തുന്ന ഫോഗിങ് പ്രത്യേകിച്ച് രോഗം കണ്ടെത്തുന്നവരുടെ വീട്ടിൽ നടത്തണം. കന്നുകാലികളെ സംരക്ഷിക്കുന്ന തൊഴുത്തുകൾ, പന്നി ഫാമുകളെല്ലാം വൃത്തിയായി സൂക്ഷിക്കണം. പരിപാലിക്കുന്നവർ ഗൺ ബൂട്ടുകളും കൈയുറയും ധരിക്കണം. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാലുടൻ വയലിൽ മേയാൻ വിടരുത്. തെരുവുനായകളെ അലഞ്ഞുതിരിയാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എംപി.വീരേന്ദ്രകുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയാണു മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. രാഷ്ട്രീയമായി സോഷ്യലിസ്റ്റ് പക്ഷത്ത് എന്നും നിൽക്കാൻ നിഷ്‌കർഷ കാട്ടിയിട്ടുള്ള നേതാവാണ് അദ്ദേഹം. സാമ്രാജ്യത്വത്തിനും വർഗീയതയ്ക്കും എതിരായ നിലപാടുകളിൽ അദ്ദേഹം അചഞ്ചലമായ നില കൈകൊണ്ടു. ഇതിൽ വിട്ടുവീഴ്ച ചെയ്താൽ കിട്ടുമായിരുന്ന സ്ഥാനങ്ങൾ വേണ്ടെന്നു വച്ചു. സോഷ്യലിസ്റ്റ് പാരമ്പര്യം അച്ഛനിൽനിന്നും ലഭിച്ചതാണ്. മാധ്യമ, സാഹിത്യ രംഗങ്ങളിൽ അടക്കം പല മേഖലകളിലും വെളിച്ചം വീശിയ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഗാട്ടും കാണാച്ചരടും പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP