വിവിധ ജില്ലകളിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞു വീണും രണ്ട് ദിവസത്തിനിടെ മരിച്ചത് 84 പേർ; പതിനായിരങ്ങൾ കെടുതിയിൽ ഒറ്റപ്പെട്ടതോടെ മരണസംഖ്യം ഇനിയും കുതിച്ചുയരാൻ സാധ്യത; വീടുകൾ വെള്ളത്തിൽ മുങ്ങിയതോടെ ആളുകൾ രക്ഷതേടി ടെറസിൽ കഴിയുന്നു; പെരിയാറും ചാലക്കുടി പുഴയും ഭാരതപ്പുഴയും കരകവിഞ്ഞതോടെ എല്ലാം നിയന്ത്രണാതീതം; ദുരിതാശ്വാസ ക്യാമ്പുകളിൽ പോലും വെള്ളം കയറി അവസ്ഥ
August 16, 2018 | 05:16 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എല്ലാ പിടിവിട്ടു പോകുകയാണ്.. സർവ്വം നിയന്ത്രണാതീതമായ അവസ്ഥയയിാണ് കേരളത്തിൽ. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ അനുഭവപ്പെടാത്ത അത്രയ്ക്ക് ഭീകരമായ മഴക്കെടുതിയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. വീട്ടിൽ വെള്ളം പൊങ്ങി ആരെങ്കിലും മരിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും നിരവധി പേർ മരണപ്പെട്ടു. കാണാതെ പോയ അവസ്ഥയിലും കഴിയുന്നവർ നിരവധിയാണ്. അത്രയ്ക്ക് വലിയ കെടുതിയെയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 84 മരണമാണ് രണ്ട് ദിവസത്തിനിടെ കേരളത്തിൽ മഴക്കെടുതിയിൽ ഉണ്ടായത്.
തൃശ്ശൂർ ജില്ലയിൽ മാത്രം ഇന്ന് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒമ്പതു പേർ മരിച്ചു. 13 പേരെ കാണാനില്ല. തൃശൂർ- ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് റോഡരികിലുള്ള വീടുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. 10 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി അനിൽ അക്കരെ എംഎൽഎ അറിയിച്ചു. ഈവഴിയിൽ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. തൃശൂർ -പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ മണ്ണിടിഞ്ഞ് ടാക്സി കാറിനു മുകളിൽ വീണ് ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽ പെട്ടത്. ഈ വഴിയിലും ഗതാഗതം സ്തംഭിച്ചു.
വടക്കാഞ്ചേരിക്കടുത്ത് പൂമലയിൽ അർധരാത്രിക്ക് ശേഷമുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശൂർ നഗരത്തിൽ കുറ്റൂരിൽ റെയിൽവേ ഗേറ്റിനടുത്ത് വീടിന്റെ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചേലക്കര എളനാടിൽ ഉരുർപൊട്ടലിൽ മൂന്ന് വീട് തകർന്നു. ആളപായമില്ല. പഴയന്നൂർ ടൗൺ ഒറ്റപ്പെട്ടു. മലപ്പുറം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് തൃശൂർ നഗരത്തിലേക്കുള്ള വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു. തൃശൂർ- ആലുവ റൂട്ടിൽ ട്രെയിൻ സർവീസ് റദ്ദാക്കി.
ചാലക്കുടി തുമ്പൂർമുഴിയിൽ വെറ്റിനറി സർവകലാശാലയിലെ കന്നുകാലി ഫാമിലെ കാലികൾ ഒലിച്ചുപോയി. ചാലക്കുടി പ്രദേശം രൂക്ഷമായ വെള്ളക്കെട്ടിലാണ്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തുന്നവരെ കൊച്ചിയിലേക്കാണ് മാറ്റുന്നത്. തൃശൂർ- കോഴിക്കോട് പാതയിൽ ചൂണ്ടലിനും കേച്ചേരിക്കും ഇടയിലും പുഴക്കലിലും വെള്ളമുയർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചു. മേത്തലയിൽ ദുരിതാശ്വാസ ക്യാമ്പിലും വെള്ളം കയറി. മുമ്പെങ്ങുമില്ലാത്തവിധം തൃശൂർ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വീടുകളിലും വെള്ളം കയറി. പ്രദേശത്തെ വഴികളിൽ ബസ് സർവീസ് പൂർണമായും നിലച്ചു. വൈദ്യുത ബന്ധവും താറുമാറായി. കുടിവെള്ളം കിട്ടാനില്ല. ജില്ലയിലെ മലയോര പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ദേശീയ പാത 66ൽ ഗുരുവായൂർ- എറണാകുളം ലിമിറ്റഡ് സ്റ്റോപ് ബസുകൾ സർവീസ് നിർത്തിവെച്ചു.
നെന്മാറയിൽ ഉരുൾപൊട്ടി മരിച്ചവരിൽ നവജാതശിശുവും
നെന്മാറയിൽ ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ നവജാതശിശു ഉൾപ്പടെ മൂന്നുകുടുംബങ്ങളിലെ എട്ടുപേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾ പൊട്ടലിൽ മൂന്നു കുടുംബങ്ങളിൽപ്പെട്ട ആളുകൾ ഒലിച്ചുപോയി. ആകെ പതിനഞ്ചോളം പേരുണ്ടെന്നാണ് സൂചന. പൊലീസും ഫയർ ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ഉരുൾപൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സമീപത്തെ സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
അതേസമയം ഭവാനിപ്പുഴ കരകവിഞ്ഞതോടെ അട്ടപ്പാടി പൂർണമായും ഒറ്റപ്പെട്ടു. കുന്തിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. മഴ കനത്തതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഒരു മീറ്ററിലേറെയാണ് (105 സെന്റീമീറ്റർ) ഉയർത്തിയത്. ഇതോടെ പുഴയുടെ തീരങ്ങളിൽ കൂടുതൽ വെള്ളമുയരാനാണ് സാധ്യത. കുതിരാനിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗയം തടസ്സപ്പെട്ടു. പാലക്കാടിന്റെ പല പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. കൂടതൽ പേരെ ദുരിതാശ്വാസക്യാന്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
മണ്ണാർക്കാട് അതിശക്തമായ മഴ തുടരുകയാണ്. കരടിയോട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. കരടിയോട് കോളനിയിലെ മൂന്നംഗ ആദിവാസി കുടുംബത്തെ കാണാതായി. കോളനി പൂർണമായും ഒറ്റപ്പെട്ടു. കുന്തിപ്പുഴ പാലത്തിൽ ചരിത്രത്തിലാദ്യമായി വെള്ളം കയറി . കുന്തിപ്പുഴയോരത്തെ അമ്പതോളം വീടുകൾ വെള്ളത്തിനടിയിൽ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. നെല്ലിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. പുഴയോരത്തെ നൂറോളം വീടുകൾ വെള്ളത്തിനടിയിലായി. റവന്യൂ വകുപ്പും പൊലീസും ഫയർഫോഴ്സും കുടംബങ്ങളെ മാറ്റിപാർപ്പിക്കുന്നു.
കോട്ടയത്ത് പത്തിടത്ത് ഉരുൾപൊട്ടി
തലനാട്, തീക്കോയ്, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തുകളിലായി പത്തിടത്ത് ഉരുൾപൊട്ടി. ഉരുൾപ്പൊട്ടലിൽ നാല് പേർ മരിച്ചു. ഒരാളെ കാണാതായി. കൃഷിയിടങ്ങൾ നശിച്ചു. റോഡുകൾ തകർന്നു. ഈരാറ്റുപേട്ട ടൗണിൽ വെള്ളം കയറി. വാഗമൺ റൂട്ടിൽ വെള്ളികുളം പള്ളിക്കു സമീപം ഉരുൾപൊട്ടി വീട് തകർന്നാണ് നാലുപേർ മരിച്ചത്. വെള്ളികുളം നരിമറ്റം കോട്ടേരിക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ മാമി എന്നു വിളിക്കുന്ന റോസ്സമ്മ (82), മകൾ മോളി (49), കൊച്ചു മക്കളായ അൽഫോൻസാ (11), റ്റിന്റുമോൾ (7) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ജോമോൻ 20, ഈരാറ്റുപേട്ട റിംസിലും സഹോദരി വിനീത മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. അമ്മ മോട്ടു എറണാകുളത്ത് ജോലിയിലായതു കൊണ്ട് അപകടത്തിൽ നിന്നും ഒഴിവായി.
കൂടാതെ മംഗളഗിരി കട്ടുപ്പാറ റോഡിൽ കട്ടുപ്പാറക്കു സമീപം ഉരുൾ പൊട്ടി പിണ്ണാക്കനാട് സ്വദേശി കണിയാംപടിയിൽ ജോബി മാത്യു (30) കാണാതായി. കട്ടുപ്പാരയിൽ ഭാര്യ വീട്ടിൽ സന്ദർശനത്തിനായി വരുന്ന വഴി സമീപത്ത് ഉരുൾപൊട്ടിയതറിഞ്ഞ് തിരിച്ചു പോരുന്നതിനിടെ വരുന്ന വഴിയിൽ മറ്റൊരു ഉരുൾപൊട്ടി അപകടത്തിൽ പെടുകയായിരുന്നു. ജോബിക്ക് വേണ്ടി ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്.
എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. ഭൂതത്താൻ കെട്ട്, പെരിങ്ങൽക്കുത്ത് ഡാം കവിഞ്ഞൊഴുകുന്നു. ആലുവ, ചാലക്കുടി, ആറന്മുള, റാന്നി,തൃശൂർ, കോഴിക്കോട്, മൂവാറ്റുപുഴ, പാലാ പട്ടണങ്ങൾ മുങ്ങി. തൃശൂർ കുറാഞ്ചേരിയിൽ ഉരുൾപൊട്ടി തൃശൂർ കുറാഞ്ചേരിയിൽ ഉരുൾപൊട്ടലിൽ അഞ്ചു പേർ മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു.
