Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സി പി എം ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഗുണ്ടായിസമാണ് കേരളത്തിൽ; ഇതര പാർട്ടികളിലുള്ളവരുടെ പെണ്ണുകേസുകൾ ആഘോഷമാക്കി മാറ്റുന്നവർ സ്വന്തം പാർട്ടിക്കാരുടെ പെണ്ണുകേസുകൾക്ക് സംരക്ഷണം ഒരുക്കുന്നു; സ്ത്രീസുരക്ഷ പറഞ്ഞ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനും കൂട്ടുനിൽക്കുന്നു; മകൾ നഷ്ടപ്പെട്ട ഒരു പിതാവിന്റെ തുറന്ന കത്ത് രാഷ്ട്രപതിക്കും, ഗവർണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും

സി പി എം ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഗുണ്ടായിസമാണ് കേരളത്തിൽ; ഇതര പാർട്ടികളിലുള്ളവരുടെ പെണ്ണുകേസുകൾ ആഘോഷമാക്കി മാറ്റുന്നവർ സ്വന്തം പാർട്ടിക്കാരുടെ പെണ്ണുകേസുകൾക്ക് സംരക്ഷണം ഒരുക്കുന്നു; സ്ത്രീസുരക്ഷ പറഞ്ഞ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനും കൂട്ടുനിൽക്കുന്നു; മകൾ നഷ്ടപ്പെട്ട ഒരു പിതാവിന്റെ തുറന്ന കത്ത് രാഷ്ട്രപതിക്കും, ഗവർണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കൗമാര ചാപല്യങ്ങളാൽ പ്രണയക്കുരുക്കിൽ വീഴുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് സിപിഎം നേതാക്കൾ ഒത്താശ ചെയ്യുന്നതായി ആരോപിച്ച് ഒരു പിതാവിന്റെ തുറന്ന കത്ത്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ഗവർണർക്കും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും ഈ കത്ത് അയയ്ക്കുന്നത്. ആക്രമണം ഭയന്ന് വിലാസം വയ്ക്കാതെയാണ് കത്ത്.

കത്ത് ഇങ്ങനെ:

എതിരാളികളെ വെട്ടിക്കൊല്ലുന്നവർ സ്ത്രീസുരക്ഷ പറഞ്ഞ് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുവാനും കൂട്ടുനിൽക്കുന്നു ? മകൾ നഷ്ടപ്പെട്ട ഒരു പിതാവ് കേരള ഗവർണർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും രാഷ്ട്രപതിക്കും അയയ്ക്കുന്ന കത്ത്.

ബഹുമാന്യരെ,

കേരളത്തിൽ സി പി എമ്മിനെതിരെ ഇപ്പോൾ, അവരുടെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനരോഷം ഉയർന്നിരിക്കുകയാണല്ലോ. കൊലപാതകം പോലെ തന്നെ നീചമായ പല പ്രവർത്തികൾക്കും ഇവർ കൂട്ടുനിൽക്കുന്നു. കൗമാരചാപല്യങ്ങൾ മൂലം പ്രണയക്കുരുക്കിൽ വീഴുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനും കേരളത്തിൽ സി പി എം നേതാക്കൾ കൂട്ടുനിൽക്കുന്നു. പ്രായപൂർത്തിയായ യുവാവിനും യുവതിക്കും ഒരുമിച്ച് താമസിക്കാൻ സുപ്രീം കോടതി ഉത്തരവുണ്ടെന്നാണ് ഇവർ പറയുന്നത്. ഇവരുടെ ഈ ചതി പ്രവർത്തനത്തിന് പൊലീസും കൂട്ടു നിൽക്കുന്നു. അവരും സുപ്രീം കോടതിയെ പഴി പറഞ്ഞാണ്, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഒത്താശ ചെയ്യുന്നത്.

എന്റെ കഥ ഇങ്ങനെ:

ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞ് അദ്ധ്യാപികയായി പ്രവർത്തിക്കുന്ന എന്റെ 23 കാരിയായ മകളെ കാണാതാകുന്നു. രാവിലെ സ്‌കൂളിലെത്തിയ കുട്ടി, പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു. മകളെ കാണാതെ പരിഭ്രാന്തനായ എനിക്ക് രാത്രിയിൽ ഒരു ഫോൺ സന്ദേശം ലഭിക്കുന്നു. സമീപഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനിയിൽ, വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ താമസിക്കുന്ന ഡി വൈ എഫ് ഐ പ്രവർത്തകനായ യുവാവുമായി മകളുടെ വിവാഹം കഴിഞ്ഞു എന്നായിരുന്നു സന്ദേശം. ഡി വൈ എഫ് ഐ യുടെ ലോക്കൽ സെക്രട്ടറിയാണ് വിളിക്കുന്നതെന്നും പറഞ്ഞു. അദ്ധ്യാപികയായ മകൾ, ബി എഡ് പഠനകാലത്ത് കോളേജിന്റെ മുൻവശത്തുള്ള ഡി റ്റി പി സെന്ററിലെ ജോലിക്കാരനാണ് യുവാവ്. ഏഴു വർഷമായി ഈ യുവാവിനെ എനിക്ക് പരിചയമുണ്ടായിരുന്നു. മകളെ പഠിക്കാനയച്ചപ്പോൾ ഡി റ്റി പി ആവശ്യങ്ങൾക്കായി ഞാൻ തന്നെയാണ് മകളെ ഈ യുവാവിന് പരിചയപ്പെടുത്തി കൊടുത്തതെന്നതാണ് അതിലേറെ സങ്കടം. എന്നോട് വർഷങ്ങളായി വളരെ വിനയം കാണിച്ചിരുന്ന ഈ യുവാവിൽ നിന്നും ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല.

അടുത്തദിവസം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരിചയമുള്ള സി പി എം പ്രാദേശിക നേതാക്കളോട് സഹായവും ചോദിച്ചു. മകളും കാമുകനും കുറേയധികം ഡി വൈ എഫ് ഐ, സി പി എം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് സ്റ്റേഷനിലെത്തിയത്. മകളുമായി ഒറ്റയ്ക്ക് എനിക്ക് സംസാരിക്കാൻ ഇവർ അവസരം തന്നില്ല. തന്തയാണെങ്കിലും കാമുകനൊപ്പം വേണമെങ്കിൽ മകളോട് സംസാരിച്ചാൽ മതിയെന്നായിരുന്നു ഈ പാർട്ടിക്കാരുടെ നിലപാട്. പൊലീസ് ഇവർക്കു മുമ്പിൽ ഓച്ഛാനിച്ച് നിൽക്കുകയായിരുന്നു. ഒടുവിൽ മകൾ കാമുകനൊപ്പം പോകുവാൻ പൊലീസ് അനുവദിച്ചു. വിവാഹം രജിസ്റ്റർ ചെയ്തില്ലെങ്കിലും പ്രായപൂർത്തിയായ യുവാവിനും യുവതിക്കും ഒരുമിച്ച് താമസിക്കാമെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നായിരുന്നു പൊലീസ് വിശദീകരണം. പെൺകുട്ടിയെ വേണമെങ്കിൽ ഒന്നോ രണ്ടോ ദിവസം കൗൺസിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിടുവാൻ അവസരം ഉണ്ടായിരുന്നു. പക്ഷെ, ഭരണകക്ഷിനേതാക്കളുടെ സമ്മർദ്ദത്തിൽ പൊലീസ് കൈയൊഴിഞ്ഞു. പിന്നീട് കുട്ടിയെപ്പറ്റി ഒരു വിവരവും ഉണ്ടായില്ല. ഫോണിൽ സംസാരിക്കുവാനും സമ്മതിച്ചില്ല. വിവാഹം രജിസ്റ്റർ ചെയ്യുവാനും നടപടി ഉണ്ടായില്ല.

മകളല്ലെ, തള്ളിപ്പറഞ്ഞെങ്കിലും ഒരു പിതാവ് എന്ന നിലയിൽ മകളെക്കുറിച്ചുള്ള ഒരറിവും ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. സാധാരണ ജനങ്ങൾക്കല്ലേ പൊലീസ് സംരക്ഷണം നൽകുന്നത്. കാമുകന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കയറ്റിയ പൊലീസ് വാഹനത്തിന്റെ മുന്നിലും പിന്നിലും രണ്ട് വാഹനങ്ങളിൽ ഡി വൈ എഫ് ഐ, സി പി എം നേതാക്കളും പ്രവർത്തകരും പെൺകുട്ടിക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. കോടതിയിലേയ്ക്കുള്ള യാത്രക്കിടയിൽ ജന്മം നൽകിയ മാതാവോ, പിതാവോ കുട്ടിയുമായി സംസാരിക്കാതിരിക്കാനായിരുന്നു പൊലീസ് ജീപ്പിന് ഇവർ സുരക്ഷയൊരുക്കിയത്. സി പി എംകാരെ ഭയക്കുന്ന നിയമപാലകർ തന്നെയാണ് ഈ നാടിന്റെ ശാപം.

ഹൈക്കോടതിയിൽ ചെന്നപ്പോൾ സി പി എമ്മിന്റെ മറ്റൊരു മുഖവും കണ്ടു. സി പി എം അനുഭാവ അഭിഭാഷക യൂണിയന്റെയും ക്ലാർക്ക് യൂണിയന്റെയും ആളുകൾ അവിടെയും ഇവിടെയുമായി കാവൽ നിൽക്കുന്നു. പെൺമക്കൾ ഉള്ളവരാണ് ഇവരിൽ പലരെങ്കിലും പാർട്ടിക്കൂറ് കാണിക്കുവാൻ ഒരു പിതാവിന്റെ സ്വപ്നങ്ങൾ തകർക്കുവാൻ ഇവർ കാവൽ നിൽക്കുകയായിരുന്നു. വീട്ടിൽ നിന്നും പോയി ഒരു മാസം കഴിഞ്ഞെങ്കിലും ഇനിയും തിരികെ വന്നാൽ സ്വീകരിക്കാമെന്ന പിതാവിന്റെ മനസ്സ്, മനസ്സിലാക്കുവാൻ കഴിയാത്ത മകൾ കാമുകനൊപ്പം പോവുകയാണെന്ന് കോടതിയോട് പറഞ്ഞു. കാമുകനെ തള്ളിപ്പറഞ്ഞാൽ അയാളെ ജയിലിൽ അടയ്ക്കില്ലേ എന്നായിരുന്നു മകൾ എന്നോട് ചോദിച്ചത്. കൊലപാതകം, സമൂഹത്തിൽ ചേരില്ലാത്ത ബന്ധങ്ങൾ സൃഷ്ടിക്കുക ഇതൊക്കെയാണ് വിപ്ലവം എന്നാണ് ഇവർ വിചാരിച്ചിരിക്കുന്നത്. എന്നാൽ സി പി എം നേതാക്കളുടെ മക്കൾ ഇത്തരം ബന്ധങ്ങളിൽ പെട്ടാൽ ഒഴിവാക്കുന്നതിന് ഇവർ ഒരു മടിയും കാണിക്കാറില്ല.നാട്ടുകാരുടെ മക്കൾ വഴിയാധാരമാകുന്നതിൽ സുഖം കണ്ടെത്തുന്ന ഇത്തരം പാർട്ടികളാണ് ഈ നാടിന്റെ ശാപം.

രാജ്യത്തെ വൻകിട ഹോട്ടലുകളിൽ സെക്സ് ടൂറിസം നടത്തുന്നതിന് സംരക്ഷണം ലഭിക്കുവാൻ ഹോട്ടൽ ഉടമകൾ നൽകിയ കേസിലാണല്ലോ പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഇഷ്ടാനുസരണം ഒരുമിച്ച് താമസിക്കാമെന്ന വിധി വന്നത്. ഈ വിധി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാമഭ്രാന്തന്മാർ ദുരുപയോഗം ചെയ്യുന്നത് സുപ്രീം കോടതി അറിയുന്നില്ലല്ലോ. നൊന്തു പ്രസവിച്ച്, കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കൾക്ക് പെൺമക്കളിൽ ഒരു അവകാശവും ഇല്ലായെന്ന നിയമം-ഈ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്നാണോ കോടതി കരുതുന്നത്. സാമൂഹിക ജീവിതത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം വിധികൾ പുനഃപരിശോധിച്ച്, നശിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാതിരിക്കണമേ എന്ന് അപേക്ഷിക്കുന്നു. നല്ല കാര്യങ്ങൾക്ക് കോടതികളെ സമീപിക്കുവാൻ ആരും ഇല്ലാത്ത രാജ്യമായി മാറിയല്ലോ നമ്മൾ. സി പി എം, ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഗുണ്ടായിസമാണ് കേരളത്തിൽ നടത്തുന്നത്. ഇതര പാർട്ടികളിലുള്ളവരുടെ പെണ്ണുകേസുകൾ ആഘോഷമാക്കി മാറ്റുന്നവർ, സ്വന്തം പാർട്ടിക്കാരുടെ പെണ്ണുകേസുകൾക്ക് സംരക്ഷണം ഒരുക്കുന്നു. കേരളത്തെ ഭ്രാന്താലയമാക്കി മാറ്റുവാൻ നടക്കുന്ന സി പി എം കാരെ, അതിവിദൂരമല്ലാതെ ജനങ്ങൾ തിരിച്ചറിയും - ഒരു സംശയവും വേണ്ട.

എന്ന്,
മകൾ നഷ്ടപ്പെട്ട ഒരു പിതാവ്

കുറിപ്പ് : വിലാസം ചേർക്കുവാനും ഭയമാണ്. ഇനി ഇതിന്റെ പേരിലും ആക്രമണമുണ്ടായാലോ. ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് സമാധാനമായി ജീവിക്കാനാകാത്ത ദുരവസ്ഥ - അതിന് കുറേ നിയമങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP