Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗസൽ മാല ചൂടിച്ചും മാനസ ചഷകത്തിൽ സ്വരരാഗങ്ങൾ തൻ മധുരം നേദിച്ചും സഹൃദയരുടെ ഉള്ളം കുളിർപ്പിച്ചു; സൈഗാളിനെയും റാഫിയെയും മെഹബൂബിനെയും നെഞ്ചേറ്റിയ കൊച്ചിക്കാരൻ പലവേഷങ്ങൾ കെട്ടിയാടി ഒടുവിൽ അണഞ്ഞത് ഗസലിന്റെ തീരത്ത്; മലയാളത്തിന് വഴങ്ങില്ല ഗസലെന്ന് ആക്ഷേപിച്ചവരെ സ്‌നേഹത്തോടെ വെല്ലുവിളിച്ചു; ഐസിയുവിൽ കിടക്കുമ്പോഴും ഉമ്പായി മോഹിച്ചത് ഒക്ടോബറിൽ സൂര്യയുടെ ജൽസാഘർ സംഗീതമേളയിൽ പങ്കെടുക്കാൻ

ഗസൽ മാല ചൂടിച്ചും മാനസ ചഷകത്തിൽ സ്വരരാഗങ്ങൾ തൻ മധുരം നേദിച്ചും സഹൃദയരുടെ ഉള്ളം കുളിർപ്പിച്ചു;  സൈഗാളിനെയും റാഫിയെയും മെഹബൂബിനെയും നെഞ്ചേറ്റിയ കൊച്ചിക്കാരൻ പലവേഷങ്ങൾ കെട്ടിയാടി ഒടുവിൽ അണഞ്ഞത് ഗസലിന്റെ തീരത്ത്;  മലയാളത്തിന് വഴങ്ങില്ല ഗസലെന്ന് ആക്ഷേപിച്ചവരെ സ്‌നേഹത്തോടെ വെല്ലുവിളിച്ചു; ഐസിയുവിൽ കിടക്കുമ്പോഴും ഉമ്പായി മോഹിച്ചത് ഒക്ടോബറിൽ സൂര്യയുടെ ജൽസാഘർ സംഗീതമേളയിൽ പങ്കെടുക്കാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏതെങ്കിലുമൊരു സന്ധ്യയ്ക്ക് ഉമ്പായിയുടെ ഗസൽ കേൾക്കാൻ പോയിട്ടുള്ളവർക്കറിയാം. ഇന്ത്യൻ സംഗീതവഴികളോടുള്ള ആ ആഴമേറിയ പ്രണയം. ജീവിതത്തിൽ പല വേഷങ്ങൾ കെട്ടിയാടുമ്പോഴും ആ വഴികളെല്ലാം ഒന്നിലേക്കായിരുന്നു. സംഗീതം വാരിക്കോരി സഹൃദയർക്ക് നൽകുക, ആ ആനന്ദത്തിൽ മുഴുകുക. കോഴിക്കോട്ടുകാർക്കറിയാം ഈ സംഗീത പ്രണയിയെ നന്നായി. രോഗതുരനായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുമ്പോഴും ഉമ്പായി മോഹിച്ചത് ഒക്ടോബർ 23 ന് തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന 'സൂര്യ'യുടെ ജൽസാഘർ ഹിന്ദുസഥാനി മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ്. ഇക്കാര്യം ഉമ്പായിയുടെ മകൻ തന്നെ അറിയിച്ച വിവരം കഴിഞ്ഞ ദിവസം സൂര്യ കൃഷ്ണമൂർത്തി വെളിപ്പെടുത്തിയിരുന്നു. രോഗം കലശലായാലും തനിക്കാവും പോലെ വന്നുപാടണമെന്നായിരുന്നു ഉമ്പായിയുടെ ആഗ്രഹം.

ഗായകനും സംഗീതാസ്വാദകനും തമ്മിലുള്ള സംവേദനത്തിൽ വിശ്വസിച്ചിരുന്ന ഉമ്പായി കച്ചേരിക്കിടെ ദീർഘമായി സംസാരിക്കും. ന്യൂജൻ തലമുറ ഇന്ത്യൻ സംഗീതത്തോട് കാട്ടുന്ന വിമുഖത എന്നും അദ്ദേഹത്തെ അലട്ടിയിരുന്നു. ഇന്ത്യൻ സംഗീതത്തിന്റെ, ഹിന്ദുസ്ഥാനിയുടെ കർണാട്ടിക്കിന്റെയൊക്കെ ആഴത്തിലേക്ക് ഊളിയിടുന്നതിന്റെ ആനന്ദലഹരി വിവരിക്കും, പിന്നെ അതിൽ പാടി മുഴുകും. ഒരിക്കലും സഹൃദയരെ മുഷിപ്പിക്കില്ല. സദസിന്റെ താൽപര്യപ്രകാരം ഹിറ്റുകൾ എത്ര ആവർത്തിച്ചാലും അദ്ദേഹത്തിന് മടുക്കില്ല. പാട്ടിന്റെ ലഹരിയിൽ മുഴുകുന്ന ആസ്വാദകരും ഓർക്കില്ല ഇത് എത്ര തവണ കേട്ടതാണെന്ന്.

മലയാള ഭാഷ ഗസലിന് വഴങ്ങില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇതുതീർത്തും ശരിയല്ലെന്ന അഭിപ്രായക്കാരനായിരുന്നു ഉമ്പായി. ഇതിന്റെ ഭാഗമായാണ് മലയാളത്തിലെ ഗസൽ പരീക്ഷണങ്ങളിൽ അദ്ദേഹം മുഴുകിയത്. കവി ഒഎൻവി. കുറുപ്പിനൊപ്പം ചേർന്ന് ഗീതങ്ങൾ ഗസലുകളാക്കി അദ്ദേഹം ഒഴുക്കി. 24 ഗസൽ ആൽബങ്ങൾ ഉമ്പായി പുറത്തിറക്കിയിട്ടുണ്ട്. 1988ലാണ് ആദ്യ ഗസൽ പുറത്തിറക്കിയത്.

ആദ്യം തമ്പലയിലാണ് ഉമ്പായി തന്റെ കഴിവ് പരീക്ഷിച്ചത്. എന്നാൽ, ആലാപനമാണ് തന്റെ വഴിയെന്ന് വൈകാതെ തിരിച്ചറിഞ്ഞു. , കൊച്ചിക്കാരുടെ സംഗീത ആസ്വാദനത്തെപ്പറ്റി എത്ര പറഞ്ഞാലും മതിയാകാവില്ല ഉമ്പായിക്ക്. മട്ടാഞ്ചേരിയും ഫോർട്ട്കൊച്ചിയും എല്ലാം ആണ് തന്റെ സംഗീതത്തെ രൂപപ്പെടുത്തിയത് എന്ന് ഉമ്പായി പറയാറുണ്ട്. കൊച്ചിക്കാരുടെ മെഹ്ബൂബിന്റെ തബലിസ്്റ്റായിരുന്നു ആദ്യം. പിന്നീട് തബലയിൽ കേമനാവാൻ മുംബൈയിലേക്ക്. ഉസ്താദ് മുജാവർ അലിയുടെ ശിഷ്യനായപ്പോഴാണ്് തബലയെക്കാൾ തന്റെ വഴി ഗസൽ ആലാപനമാണെന്ന് മനസിലാക്കിയത്. അതിന് ഗുരുവിന്റെ ഉപദേശവും തുണയായി.

നാട്ടിൽ മടങ്ങിയെത്തി സംഗീത ട്രൂപ്പുണ്ടാക്കുമ്പോഴും അതിന്റെ വിജയത്തെ കുറിച്ചൊന്നും ആലോചിച്ചില്ല. ഗസൽ പരിചയമില്ലാത്ത മലയാളിയെ അത് ശീലിപ്പിക്കുക, അതാണ് തന്റെ ജീവിതദൗത്യമെന്ന് തോന്നിക്കാണണം. പകൽ സമയത്ത് മറ്റുജോലികൾ ചെയ്തും, രാത്രിയിൽ ഗസലിൽ മുങ്ങിയും അങ്ങനെ തിരക്കേറിയ ജീവിതം. പ്രണാമം എന്ന മലയാളം ഗസൽ ആൽബം വന്നതോടെ ഉമ്പായിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

ഒ.എൻ.വി, സച്ചിദാനന്ദൻ, യൂസഫലി കേച്ചേരി, പ്രദീപ് അഷ്ടമിച്ചിറ, വേണു വി.ദേശം തുടങ്ങിയവരുടെ വരികൾ ഉമ്പായിയുടെ തൊണ്ടയിലൂടെ ഗസലുകളായി ഒഴുകി. ഉമ്പായിക്കു വേണ്ടി മൂന്ന് ആൽബങ്ങളിലായി 27 കവിതകളാണ് ഒ.എൻ.വി രചിച്ചത്. നന്ദി പ്രിയസഖീ നന്ദി, പിന്നെയും പാടുന്നു സൈഗാൾ എന്നിവയാണ് ആ ആൽബങ്ങൾ. ഒഎൻവിക്ക് പോലും മലയാളത്തിൽ ഗസലുകൾ വിജയിക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നു.

ഗസലുണ്ടാക്കുന്നതിന് കവിതകൾക്കായി സച്ചിദാനന്ദൻ, യൂസുഫലി കേച്ചേരി തുടങ്ങിയവരെ സമീപിച്ചെങ്കിലും അവർ സമ്മതിച്ചില്ല. അത്തരം ഒരു പരീക്ഷണത്തിന് സമയം കളയേണ്ടെന്നായിരുന്നു അവരുടയൊക്കെ അഭിപ്രായം. തുടർന്നാണ് ഒ.എൻ.വിയെ സമീപിച്ചത്. ഒ.എൻ.വി ഉമ്പായിയെ പൂർണമായി തള്ളിയില്ല. ആദ്യം എതിർപ്പു പറഞ്ഞ സച്ചിദാനന്ദനും യൂസഫലി കേച്ചരിയും പിന്നീട് കവിതകൾ നൽകാൻ തയ്യാറായി.

അകലം മൗനം പോൽ എന്ന സച്ചിദാനന്ദന്റെ രചനയിലുള്ള ആൽബം പ്രകാശനം ഉദ്ഘാടനം ചെയ്യാനെത്തിയ ഒ.എൻ.വി അടുത്ത ആൽബത്തിന് കവിതകൾ നൽകാമെന്ന് ഉറപ്പു നൽകി. അങ്ങനെയാണ് ഒ.എൻ.വിയുടെ ഒമ്പത് പ്രണയ കവിതകളുമായി പാടുക സൈഗാൾ പാടൂ എന്ന ആൽബം പുറത്തിറങ്ങിയത്. സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്. യേശുദാസ് ആ ഗാനം ആലപിക്കുകയും ചെയ്തു.

പാടുക സൈഗാൾ പാടൂ, ഇനിയും പാടാം സഖി, ആകാശ നീലിമയോ അതോ, പ്രിയനേ നീ പൗർണമിയാകുമെങ്കിൽ, നിറകണ്ണുമായെന്റെ, പിരിയുവാൻ നേരത്ത്, ഒരു പൂ വിടർന്നപോലെ, ഒരു മഞ്ഞുതുള്ളി, ഇവിടെ വാർതിങ്കളും, നാളേറെയായ്, സോജാ രാജകുമാരി തുടങ്ങി ഒരിക്കലും മരിക്കാത്ത ഒരു പിടി ഗാനങ്ങൾ സമ്മാനിച്ചാണ് ഉമ്പായി മടങ്ങുന്നത്. പിരിയുവാൻ നേരത്തും സംഗീതം മാത്രം കൊതിച്ച ഗസലിന്റെ സുൽത്താനെ മലയാളികൾ എങ്ങനെ മറക്കാൻ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP