Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇരുട്ടിവെളുക്കും മുമ്പേ വറ്റിവരണ്ട കിണറുകളിൽ വെള്ളംനിറച്ച 'അദ്ഭുതപ്രതിഭാസത്തിന്റെ' സൂത്രധാരൻ ജോ ജോസഫ്; അനുകരണീയ മാതൃക കാണിച്ച നെടുങ്കുന്നം പഞ്ചായത്ത് മെമ്പർക്ക് നിലയ്ക്കാത്ത കൈയടി; പാറമടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കാനൊരുങ്ങി കേരളം

ഇരുട്ടിവെളുക്കും മുമ്പേ വറ്റിവരണ്ട കിണറുകളിൽ വെള്ളംനിറച്ച 'അദ്ഭുതപ്രതിഭാസത്തിന്റെ' സൂത്രധാരൻ ജോ ജോസഫ്; അനുകരണീയ മാതൃക കാണിച്ച നെടുങ്കുന്നം പഞ്ചായത്ത് മെമ്പർക്ക് നിലയ്ക്കാത്ത കൈയടി; പാറമടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കാനൊരുങ്ങി കേരളം

നെടുങ്കുന്നം: വറ്റിവരണ്ട കിണറുകളിൽ ഇരുട്ടിവെളുക്കും മുമ്പേ വെള്ളം നിറച്ച അദ്ഭുതപ്രതിഭാസത്തിലൂടെ ജോ ജോസഫ് എന്ന ഗ്രാമീണ ജനപ്രതിനിധി നാട്ടുകാരുടെ ഹീറോ ആയി മാറിയിരിക്കുകയാണ്. ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ തന്റെ ആശയം നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയ ജോയെ സമൂഹത്തിനു പരിയപ്പെടുത്തിയത് മറുനാടനാണ്. അഭിനന്ദനത്തിന്റെ നിലയ്ക്കാത്ത കൈയടികളാണ് ഈ വാർഡ് മെംബർക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

വേനൽ കടുക്കും മുമ്പുതന്നെ നെടുങ്കുന്നം പഞ്ചായത്തിലെ തോടുകളും കിണറുകളും വറ്റിവരണ്ടിരുന്നു. പ്രദേശത്തു ജലസമൃദ്ധി നൽകിയിരുന്നത് കാവുന്നട മാന്തുരുത്തി വലിയ തോടും അനുബന്ധ ഇടത്തോടുകളുമായിരുന്നു. അവയിലും തുള്ളിവെള്ളമില്ലാത്ത സ്ഥിതിയായി. എന്തു ചെയ്യണമെന്നറിയാതെ ജനം വിഷമിക്കുന്നതിനിടയിലാണ് ഏതൊരു പഞ്ചായത്തിനും അനുകരിക്കാവുന്ന പദ്ധതി ഒന്നാം വാർഡ് മെമ്പറായ ജോ മുന്നോട്ടുവച്ചത്.

വാർഡിലെ വടക്കൻവല- കല്ലോലി റോഡിൽ ഉത്തൻപാറ സ്ഥിതിചെയ്യുന്ന പ്രവർത്തനം നിലച്ച സ്വകാര്യ പാറമടയിൽ ശേഖരിക്കപ്പെട്ട ജലം കൈത്തോടിലൂടെ ഒഴുക്കുക എന്നുള്ളതായിരുന്നു ജോ മുന്നോട്ടു വച്ച ആശയം. ഇത് എത്രത്തോളം വിജയിക്കുമെന്ന് നിശ്ചയമില്ലായിരുന്നെങ്കിലും പരീക്ഷിക്കാൻ തന്നെ ജനകീയ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, വാടയ്ക്കു എടുത്ത മോട്ടോർ ഉപയോഗിച്ച് പാറക്കുളത്തിൽ നിന്നും തോട്ടിലേക്കു ജലം പമ്പു ചെയ്തുതുടങ്ങി.

തലേദിവസം വൈകുന്നേരം മുതൽ പിറ്റേന്ന് പുലർച്ചേ വരെയുള്ള തുടർച്ചയായ പമ്പിങ്ങിലൂടെ തോട് വീണ്ടും ജലസമൃദ്ധമായി. പക്ഷേ പദ്ധതി ആസൂത്രണം ചെയ്തവരെപ്പോലും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു പിന്നീട് സംഭവിച്ചത്. തോടൊഴുകുന്നതിനു സമീപത്തുള്ള വറ്റിവരണ്ട കിണറുകളിൽ പിറ്റേന്നു പുലർച്ചയോടെ ജലം നിറഞ്ഞു. ചെറിയൊരു പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി അങ്ങനെ വൻ വിജയം കാണുകയായിരുന്നു.

പന്ത്രണ്ടു മണിക്കൂറുകളോളം തുടർച്ചയായി വെള്ളം പമ്പുചെയ്തിട്ടും പാറമടയിലെ ജലനിരപ്പ് വെറും ഒരടി മാത്രമാണ് താഴ്ന്നതെന്നതും പ്രതീക്ഷ വർദ്ധിപ്പിക്കുന്നതായി ജോ ജോസഫ് പറയുന്നു. ഈ പഞ്ചായത്തിൽ മാത്രം 12 ഓളം പാറക്കുളങ്ങളാണുള്ളത്. അവയിൽ ലക്ഷക്കണക്കിനുലിറ്റർ അളവിൽ വെള്ളവുമുണ്ട്. ഈ വെള്ളം ഫലപ്രദമായി ഉപയോഗിച്ചാൽ ഒരു പരിധിവരെ ജലക്ഷാമത്തിനു പരിഹാരമുണ്ടാക്കാൻ കഴിയുമെന്ന ഉറപ്പുണ്ട്. ഇത്തരത്തിലുള്ള ശ്രമങ്ങൾ തുടരാൻ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നെടുങ്കുന്നം പഞ്ചായത്തിൽ മാത്രം 12ഓളം വലിയ പാറക്കുളങ്ങൾ ഉണ്ട്. ഇവയിലെല്ലാം ലക്ഷക്കണക്കിനു ക്യൂബിക് അടി വെള്ളവും ഉണ്ട്. ഈ പാറക്കുളങ്ങളിൽനിന്നു സമീപത്തെ തോടുകളിലേക്കു വെള്ളം പമ്പുചെയ്താൽ ഭൂമിയിൽ ജലനിരപ്പ് ഉയർത്താൻ അത് വഴിവയ്ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അവർ. കൂടുതൽ കുളങ്ങളിലേക്കു പരീക്ഷണം വ്യാപിപ്പിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു.

സംസ്ഥാനത്തൊട്ടാകെ വരൾച്ച അതി രൂക്ഷമായി മാറിയിരിക്കുകയാണ്. സമാനമായ രീതിയിൽ എന്നും അപകടങ്ങളിലും മുങ്ങിമരണങ്ങളിലും മാത്രം വാർത്തയിൽ ഇടംപിടിക്കുന്ന ധാരാളം ക്വാറിക്കുളങ്ങൾ സംസ്ഥാനത്തെമ്പാടുമുണ്ട്. അവയിലെല്ലാം ഇതേപോലെ വെള്ളം നിറഞ്ഞു നിൽക്കുന്നുമുണ്ട്. അതിനാൽ കിണറുകളിൽ ശുദ്ധജലം കിട്ടാൻ ഈ നെടുങ്കുന്നം മാതൃക മറ്റിടങ്ങളിലും പരീക്ഷിക്കപ്പെടുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP