Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇപ്പോൾ ശബരിമലയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാറിനൊപ്പം ഉറച്ചു നിൽക്കുന്ന ദേവസ്വം കമ്മീഷണർ വാസുവും മെമ്പർ ശങ്കർദാസും; നാണക്കേട് ഒഴിവാക്കാൻ രാജി സമ്മതിച്ചില്ലെങ്കിലും പത്മകുമാറിനെ തുടരുന്നത് കാലും കൈയും കെട്ടിയ നിലയിൽ; പത്മകുമാർ അറിയും മുമ്പേ ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിക്കാൻ ദേവസ്വം ബോർഡ് പുതിയ സുപ്രീംകോടതി അഭിഭാഷകനെ ചുമതലപ്പെടുത്തി കഴിഞ്ഞു

ഇപ്പോൾ ശബരിമലയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാറിനൊപ്പം ഉറച്ചു നിൽക്കുന്ന ദേവസ്വം കമ്മീഷണർ വാസുവും മെമ്പർ ശങ്കർദാസും; നാണക്കേട് ഒഴിവാക്കാൻ രാജി സമ്മതിച്ചില്ലെങ്കിലും പത്മകുമാറിനെ തുടരുന്നത് കാലും കൈയും കെട്ടിയ നിലയിൽ; പത്മകുമാർ അറിയും മുമ്പേ ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിക്കാൻ ദേവസ്വം ബോർഡ് പുതിയ സുപ്രീംകോടതി അഭിഭാഷകനെ ചുമതലപ്പെടുത്തി കഴിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏറെ താൽപ്പര്യത്തോടെയും ആഗ്രഹത്തോടെയുമാണ് എ പത്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. എന്നാൽ, ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നത് മുതൽ അദ്ദേഹത്തിന് സമയദോഷം തുടങ്ങി. അയ്യപ്പ വിശ്വാസി കൂടിയായ പത്മകുമാറിന് സർക്കാർ നിലപാടിനൊപ്പം ഈ വിഷയത്തിൽ അടിയുറച്ച് നിൽക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ അനിഷ്ടത്തിനും അദ്ദേഹം പാത്രമായി. ഇതോടെ ആട്ടച്ചിത്തിരക്ക് ശബരിമല തുറന്ന വേളയിൽ അദ്ദേഹം സന്നിധാനത്തേക്ക് പോകുക പോലും ഉണ്ടായില്ല.

ബോർഡ് പ്രസിഡന്റും സർക്കാറും യുവതി പ്രവേശന വിഷയത്തിൽ വ്യത്യസ്ത തട്ടുകളിൽ ആയപ്പോൾ സർക്കാർ കാര്യങ്ങൾ നിയന്ത്രിക്കാൻ ഇടപെടൽ നടത്തുന്നത് ദേവസ്വം കമ്മീഷണർ വാസുവും മെമ്പർ ശങ്കർദാസും വഴിയാണ്. സർക്കാരിന്റെ സമ്മർദതന്ത്രവും അംഗങ്ങൾക്കിടയിലെ ഭിന്നതയുമാണു യുവതീപ്രവേശ വിഷയത്തിൽ സർക്കാർ നിലപാടിലേക്കു ബോർഡിനെ എത്തിച്ചത്. നേരത്തെ എടുത്ത നിലപാടിന് വിരുദ്ധമായി സർക്കാറിനെ പിന്തണക്കുന്ന നിലപാടിലേക്ക് ബോർഡ് എത്തിയിട്ടുണ്ട്. യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിൽ പ്രസിഡന്റ് എ.പത്മകുമാറിനെ മറികടന്നാണ് സർക്കാർ ഇടപെടൽ.

കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന ബോർഡ് യോഗത്തിലും തന്റെ നിലപാട് പത്മകുമാർ ആവർത്തിച്ചതായാണു സൂചന. വിശ്വാസിയെന്ന നിലയിലുള്ള നിലപാട് അദ്ദേഹം ആവർത്തിച്ചതോടെ സർക്കാർ ദേവസ്വം കമ്മീഷണറെയും ശങ്കർദാസിനെയു കൂടുതൽ ആശ്രയിക്കുകയായിരുന്നു. ശബരിമല ക്ഷേത്രവുമായുള്ള വൈകാരികബന്ധം മൂലമാകണ് പത്മകുമാർ ഈ സമീപനം സ്വീകരിച്ചു പോന്നത്. ആചാരം സംരക്ഷിക്കണമെന്ന വ്യക്തിപരമായ അഭിപ്രായം കോടതിവിധിക്കു ശേഷവും അദ്ദേഹം ആവർത്തിച്ചു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നു മാത്രമല്ല, തന്റെ വീട്ടിൽ നിന്നു യുവതികൾ ശബരിമലയ്ക്കു പോകില്ലെന്നും കടത്തിപ്പറഞ്ഞു.

അതൃപ്തി പരസ്യമാക്കിയ മുഖ്യമന്ത്രി കടുത്ത ഭാഷയിലാണു പത്മകുമാറിനെ നേരിട്ടത്. തുടർന്നാണു യുവതീപ്രവശത്തെ അനുകൂലിക്കുന്ന ദേവസ്വം കമ്മിഷണർ എൻ. വാസുവിനെയും ബോർഡ് അംഗം കെ.പി. ശങ്കരദാസിനെയും ബോർഡിനെ നിയന്ത്രിക്കാൻ നിയോഗിക്കുന്നത്. ചിത്തിരആട്ട വിശേഷത്തിനു നട തുറന്നപ്പോൾ ക്ഷേത്ര നിയന്ത്രണച്ചുമതല ശങ്കരദാസിനാണു നൽകിയത്. ഈ സമയത്തു ശബരിമലയിലേക്കു പോകരുതെന്നു പത്മകുമാറിനു സർക്കാരിന്റെ നിർദ്ദേശമുണ്ടായിരുന്നെന്നു വാർത്ത പ്രചരിച്ചു. ഇതിനിടെ രണ്ടു തവണ പത്മകുമാർ രാജിവച്ചതായി അഭ്യൂഹം പരക്കുകയും അദ്ദേഹം തന്നെ നിഷേധിക്കുകയും ചെയ്തു.

അതിനിടെ റിവ്യൂഹർജിയുടെ വേളയിൽ കോടതിയിൽ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാകും ദേവസ്വം ബോർഡ് കൈക്കൊള്ളുക. അഭിഷേക് സിങ്വിക്കു പകരം കണ്ടെത്തിയ അഭിഭാഷകൻ ആര്യാമ സുന്ദരത്തിനു സുപ്രീം കോടതിയിലെ ശബരിമല കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരാഴ്ച മുമ്പേ കൈമാറിയതായി വിവരവും പുറത്തുവരുന്നുണ്ട്. സംസ്ഥാന സർക്കാർ നടത്തിയ കൃത്യമായ മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

ഇന്നലെ ബോർഡ് യോഗത്തിനു ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ പത്രക്കുറിപ്പിലൂടെയാണു തീരുമാനങ്ങൾ അറിയിച്ചത്. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തു യുവതീപ്രവേശത്തെ ശക്തമായി എതിർത്തിരുന്നു. തുടർന്നു പത്മകുമാറിനെ കൊണ്ടുവന്നപ്പോൾ കാര്യങ്ങൾ എളുപ്പമാകുമെന്നായിരുന്നു സർക്കാരിന്റെ ധാരണ. എന്നാൽ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം കനത്ത വേളയിൽ എ.പത്മകുമാറിന്റെ കുടുംബം പരസ്യമായി സമരരംഗത്തു വന്നിരുന്നു.

പത്മകുമാർ സെക്രട്ടറിയായ ഹരിവരാസനം ട്രസ്റ്റാണ് സ്ത്രീ പ്രവേശനത്തിനെതിരായി സമരത്തിലിറങ്ങുന്നത്. 1920ൽ ഹരിവരാസനം എഴുതിയ കോന്നകത്ത് ജാനകിയമ്മയുടെ മകളുടെ മകനാണ് മോഹൻകുമാർ. പത്മകുമാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളാണ് ട്രസ്റ്റിൽ ഭൂരിഭാഗവും. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കുടുംബം പരസ്യമായി സർക്കാർ നിലപാടിനെതിരെയാണ്. ഇതെല്ലാം മുഖ്യമന്ത്രിയിലും അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെയുള്ള നിലപാടാണ് കോടതിയിൽ ദേവസ്വം ബോർഡ് കൈക്കൊണ്ടത്. എന്നാൽ സംസ്ഥാന സർക്കാർ യുവതികളെ പ്രവേശിപ്പിക്കണമെന്നും വാദിച്ചു.വിധിവന്ന ഉടനെ സുപ്രീംകോടതിവിധിക്കെതിരെ റിവ്യൂ ഹർജി നൽകാനായിരുന്നു ദേവസ്വംബോർഡ് ആദ്യം തീരുമാനിച്ചത്.

എന്നാൽ സർക്കാർ സമ്മർദ്ദത്തെ തുടർന്ന് ദേവസ്വംബോർഡ് നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു.ഇതിൽ വൻ വിമർശനമാണ് ദേവസ്വംബോർഡ് പ്രസിഡന്റ് നേരിട്ടത്. അതേസമയം ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് വിരുദ്ദമായി ശബരിമല സ്ത്രീപ്രവേശനത്തിൽ പുനഃപരിശോധന ഹർജിനൽകില്ലെന്നാണ് ദേവസ്വം കമ്മീഷണർ വ്യക്തമാക്കിയത്. ഇതോടെ എൻ വാസുവിനെ സർക്കാർ പിന്തുണക്കുകയും ചെയ്തു. വിവാദം കൊഴുത്തതോടെ എ പത്മകുമാർ രാജിക്കൊരുങ്ങുന്നതായുള്ള വാർത്തകളും പുറത്തുവന്നു. എന്നാൽ, അദ്ദേഹം തന്നെ ഈ വാർത്തകൾ പിന്നീട് നിഷേധിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP