Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എക്‌സ് എംപിയെന്ന് എഴുതിയ നമ്പറിലുള്ള ഇന്നോവ കാറിന്റെ ഉടമ ഡോ എ സമ്പത്ത്; ആറ്റിങ്ങലിലെ മുൻ പാർലമെന്റ് അംഗത്തിന്റെ പേരിലെ കാറിന്റെ ചിത്രം വൈറലാക്കി കോൺഗ്രസുകാർ; എത്രത്തോളം 'പാർലമെന്ററി വ്യാമോഹ'ങ്ങൾക്ക് അടിമപ്പെട്ടവരാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ തലമുറയിൽപ്പെട്ടവരുടെ രോദനങ്ങളും പ്രവൃത്തികളുമെന്ന് കളിയാക്കി വിടി ബൽറാം എംഎൽഎയുടെ പോസ്റ്റും; ആറ്റിങ്ങൽ മുൻ എംപി വിവാദത്തിലാകുമ്പോൾ

എക്‌സ് എംപിയെന്ന് എഴുതിയ നമ്പറിലുള്ള ഇന്നോവ കാറിന്റെ ഉടമ ഡോ എ സമ്പത്ത്; ആറ്റിങ്ങലിലെ മുൻ പാർലമെന്റ് അംഗത്തിന്റെ പേരിലെ കാറിന്റെ ചിത്രം വൈറലാക്കി കോൺഗ്രസുകാർ; എത്രത്തോളം 'പാർലമെന്ററി വ്യാമോഹ'ങ്ങൾക്ക് അടിമപ്പെട്ടവരാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ തലമുറയിൽപ്പെട്ടവരുടെ രോദനങ്ങളും പ്രവൃത്തികളുമെന്ന് കളിയാക്കി വിടി ബൽറാം എംഎൽഎയുടെ പോസ്റ്റും; ആറ്റിങ്ങൽ മുൻ എംപി വിവാദത്തിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ, എത്രത്തോളം 'പാർലമെന്ററി വ്യാമോഹ'ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.- വിടി ബൽറാമിന്റെ ഈ പോസ്റ്റ് വൈറലാകുകയാണ്. ഇതിനൊപ്പം നൽകിയ വെള്ള ഇന്നവോ കാറിൽ എക്‌സ് എംപിയെന്ന പേര് എഴുതി വച്ചിരിക്കുന്നതാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. രേഖകൾ പരിശോധിച്ചാൽ ബൽറാം ഫെയ്‌സ് ബുക്കിലിട്ട കാറിന്റെ ഉടമ തിരുവനന്തപുരത്തുകാരൻ ഡോ എ സമ്പത്താണ്.

അതായത് ആറ്റിങ്ങലിൽ തോറ്റ മുൻ എംപിയ്‌ക്കെതിരെയാണ് ബൽറാമിന്റെ ആരോപണങ്ങൾ. തിവവനന്തപുരം വിമാനത്താവളത്തിന് മുമ്പിലാണ് കെ എൽ 01 ബി ആർ 657 എന്ന കാർ നിർത്തിയിരിക്കുന്നതെന്നും ചിത്രങ്ങളിൽ വ്യക്തമാണ്. എംപി സ്ഥാനം നഷ്ടമായപ്പോൾ എക്‌സ് എംപിയെന്ന് കാറിൽ എഴുതി വയ്ക്കുന്നു. ഇത് തീർത്തും വിചത്രമാണ്. ജനപ്രതിനിധികളിൽ എംപിക്കും എംഎൽഎമാർക്കും മാത്രമേ കാറിൽ ഇത്തരത്തിൽ എഴുതി വയ്ക്കുന്ന ചുവപ്പു ബോർഡുകൾ വയ്ക്കാനാകൂ. എക്‌സ് എംപിമാർക്ക് ഈ അവകാശമില്ല. അതുകൊണ്ട് കൂടിയാണ് ബൽറാമിന്റെ പോസ്റ്റ് ചർച്ചകൾക്ക് വിധേയമാകുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ സിപിഎമ്മിന്റെ മുൻ എംപിമാർക്ക് നില തെറ്റിയ അവസ്ഥയിലാണെന്നാണ് സോഷ്യൽ മീഡിയയിൽ കോൺഗ്രസുകാർ ഈ വിവാദത്തോട് പ്രതികരിക്കുന്നത്. മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും പ്രവർത്തകർ തന്നെ ഫോൺവിളിക്കുന്നുവെന്നും തോൽപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു എം.ബി. രാജേഷിന്റെ പരിഭവം. ഈ പരിഭവത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് കണക്കിന് ട്രോളും ഏറ്റുവാങ്ങി. ഇപ്പോഴിതാ മറ്റൊരു സിപിഎം മുൻ എംപിയുടെ വാഹനവും അതിലെ ബോർഡുമാണ് കൗതുകമാകുന്നതെന്ന തരത്തിലാണ് ചർച്ചകൾ. സ്വന്തം കാറിൽ വലിയൊരു ബോർഡും സ്ഥാപിച്ചാണ് ഡോ.എ. സമ്പത്ത് യാത്ര. ബോർഡിലെ വാചകം ഇങ്ങനെ 'Ex. MP' അതായത് തോറ്റ എംപിയെന്നൊക്കെ പറയുന്ന പോലെയാണെന്നാണ് കോൺഗ്രസുകാരുടെ ട്രോളുകൾ. എന്തുതന്നെയായാലും യാത്രപോകുന്നിടത്തൊക്കെ ആളുകൾക്ക് കൗതുക കാഴ്‌ച്ചയൊരുക്കുന്ന തോറ്റ എംപി ഡോ. എ. സമ്പത്തിന്റെ മാതൃക സിപിഎമ്മിന്റെ ബാക്കിയുള്ള തോറ്റ എംപിമാരും പിൻപറ്റുമോ എന്ന് കാത്തിരിക്കുകയാണ് മലയാളികളെന്നും കോൺഗ്രസുകാർ കളിയാക്കുന്നത്.

കാറിന്റെ എക്സ് എംപി ബോർഡ് വൈറലായിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ട്രോളുകളും വിമർശനങ്ങളുമായാണ് എക്സ് എംപി ബോർഡിനെ സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ ഈ പോസ്റ്റുകൾ അധികം ശ്രദ്ധയിലേക്ക് വന്നില്ല. എന്നാൽ വിഷയം വിടി ബൽറാം ഏറ്റെടുത്തതോടെ സജീവ ചർച്ചയായി ഇത് മാറി. മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിലും കാർ സമ്പത്തിന്റെ പേരിലാണ്. 2014ലാണ് ഈ ഏഴ് സീറ്റുള്ള വാഹനം സമ്പത്ത് വാങ്ങിയിരിക്കുന്നതെന്നും വ്യക്തം. ഈ രേഖ സഹിതമാണ് കാർ സമ്പത്തിന്റേതാണെന്ന് കോൺഗ്രസുകാർ ആരോപിക്കുന്നത്. ഏതായാലും ചർച്ചകൾ ആറ്റിങ്ങലിൽ തോറ്റ സമ്പത്തിന് ഏറെ തിരിച്ചടിയുമാണ്. സാധാരണ തോൽക്കുന്ന എംപിമാർ കാറിൽ നിന്ന് ബോർഡ് മാറ്റുകയാണ് പതിവ്. ബൽറാമിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ സമ്പത്തിന്റെ പ്രവൃത്തിയെ അൽപ്പത്തരമെന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

തനിക്ക് പ്രതീക്ഷിച്ചത്ര വോട്ടുകൾ കിട്ടാത്തതുകൊണ്ടും എതിരാളിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് കിട്ടിയതുകൊണ്ടുമാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്ന എ സമ്പത്തിന്റെ പ്രതികരണവും ചർച്ചയായിരുന്നു. എല്ലാവരും വിജയം ഉറപ്പിച്ചിരുന്ന സ്ഥാനാർത്ഥി ആയിരുന്നു സമ്പത്ത്. എന്നാൽ ആറ്റിങ്ങലിൽ പ്രവചനങ്ങൾ തെറ്റിച്ച് അടൂർ പ്രകാശ് ജയിച്ച് കയറി. 'ചില സുനാമിയും പ്രളയവും ചുഴലിയുമൊക്കെ വരുമ്പോൾ ആനപോലും പറന്നുപോകും, പിന്നെയല്ലേ ആട്ടിൻകുട്ടി?' എന്നായിരുന്നു സമ്പത്തിന്റെ മറുപടി. 2004ൽ യുഡിഎഫിന് ഉണ്ടായ പരാജയം പോലെ ഇപ്പോൾ ഇടതുമുന്നണിയും തോറ്റു. 1977ൽ സമ്പൂർണ്ണ വിജയം നേടിയ കോൺഗ്രസ് മുന്നണിക്ക് അതിന് പിന്നാലെ എന്തുസംഭവിച്ചു എന്നുള്ളതും ചരിത്രമാണ്. തോൽവി കണക്കാക്കുന്നില്ലെന്നും ജനങ്ങൾക്കൊപ്പം ജനങ്ങൾക്കിടയിൽ തുടരുമെന്നും എ സമ്പത്ത് പറഞ്ഞു. അത് കുട്ടിക്കാലം മുതലുള്ള ശീലമാണ്. തെരഞ്ഞെടുപ്പിൽ തോറ്റു, അതുകൊണ്ട് തന്നെ സൂപ്പാക്കരുതെന്നും തന്നിൽ ഔഷധമൂല്യം ഇല്ല എന്നും സമ്പത്തിന്റെ തമാശ. സാധാരണക്കാരനായ ഒരു മനുഷ്യനാണ് താൻ. പാർട്ടി ഏൽപ്പിച്ച ചുമതലപ്രകാരം ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പാർട്ടി ഭാവിയിൽ തരുന്ന ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കും. പ്രവർത്തരുടെ വോട്ടുകളൊന്നും ചോർന്നിട്ടില്ലെന്നും എ സമ്പത്ത് പറഞ്ഞിരുന്നു.

അടൂർ പ്രകാശ് വലിയ അട്ടിമറിയാണ് ആറ്റിങ്ങലിൽ നടത്തിയത്. ഇടത് ശക്തികേന്ദ്രത്തിൽ നാലാം അങ്കത്തിനിറങ്ങിയ എ സമ്പത്തിനെ മികച്ച മാർജിനിലാണ് അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. 379195 വോട്ടുകൾ നേടിയ അടൂർ പ്രകാശ്, 39216 വോട്ടിനാണ് വിജയിച്ചത്. എ സമ്പത്ത് 339979 വോട്ടാണ് നേടിയത്. അതേസമയം ഒരു തിരഞ്ഞെടുപ്പിലും തോൽക്കാത്ത ചരിത്രം അടൂർ പ്രകാശ് ആവർത്തിക്കുകയും ചെയ്തു. ആറ്റിങ്ങലും ചിറയിൻകീഴും വർക്കലയും അടക്കം ഇടത് ശക്തി കേന്ദ്രങ്ങളിൽ 20000 വോട്ടിനെങ്കിലും സമ്പത്ത് ലീഡ് ചെയ്യുമെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ ഈ മണ്ഡലങ്ങളിൽ വരെ എൽഡിഎഫ് പിറകിലായിരിക്കുകയാണ്. ആറ്റിങ്ങൽ എൽഡിഎഫിന് മേധാവിത്വമുള്ള മണ്ഡലമാണ്. മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് സിപിഎം നേതാവ് എ. സമ്പത്ത്.

ആറ്റിങ്ങൽ ഭൂരിഭാഗം സമയങ്ങളിലും സിപിഎം ആഭിമുഖ്യം പുലർത്തിയ മണ്ഡലമാണ്. 1991 മുതൽ സിപിഎം ഇവിടെ തോൽവി അറഞ്ഞിട്ടില്ല. ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലും ചിറയൻകീഴ് പാർലമെന്റ് മണ്ഡലത്തിലും ആർ.ശങ്കറെ പരാജയപ്പെടുത്തിയ കെ. അനിരുദ്ധന്റെ മകനാണ് എ.സമ്പത്ത്. എ. സമ്പത്തിന് മണ്ഡലത്തിലുള്ള ജനസ്വാധീനവും സ്വീകാര്യതയും സിപിഎമ്മിന് വലിയ നേട്ടമായിരുന്നു. എംപിയെന്ന നിലയിൽ സമ്പത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ സിപിഎമ്മിന് എല്ലാ കാലത്തും സിപിഎമ്മിന് ഗുണം ചെയ്തിരുന്നു. വർക്കല, ചിറയൻകീഴ്, ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട, അരുവിക്കര എന്നി ഏഴ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏഴ് നിയമസഭ മണ്ഡലങ്ങളിലും എൽഡിഎഫാണ് ലീഡ് ചെയ്തത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അരുവിക്കര ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും എൽഡിഎഫ് വിജയിച്ചിരുന്നു. ഇത്തവണ കണക്കുകൾ എല്ലാം സമ്പത്തിന് എതിരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP