Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൊഴിൽ അന്വേഷകനായി ഡൽഹിയിൽ എത്തിയ 29കാരനായ കോഴിക്കോടുകാരന് ഒന്നാംതരം തൊഴിൽ നൽകി കെജ്രിവാൾ; കേരളത്തിലെ പാർട്ടിയെ നയിക്കാൻ ആംആദ്മി പുതുതായി ചുമതല ഏൽപ്പിച്ചത് മാധ്യമ പ്രവർത്തകനായ ഈ യുവാവിനെ; സാറാ ജോസഫിനും സി ആർ നീലകണ്ഠനും പരീക്ഷിച്ച് വിജയിക്കാതെ പോയത് പിടി തുഫൈലിന് സാധിക്കുമോ?

തൊഴിൽ അന്വേഷകനായി ഡൽഹിയിൽ എത്തിയ 29കാരനായ കോഴിക്കോടുകാരന് ഒന്നാംതരം തൊഴിൽ നൽകി കെജ്രിവാൾ; കേരളത്തിലെ പാർട്ടിയെ നയിക്കാൻ ആംആദ്മി പുതുതായി ചുമതല ഏൽപ്പിച്ചത് മാധ്യമ പ്രവർത്തകനായ ഈ യുവാവിനെ; സാറാ ജോസഫിനും സി ആർ നീലകണ്ഠനും പരീക്ഷിച്ച് വിജയിക്കാതെ പോയത് പിടി തുഫൈലിന് സാധിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആംആദ്മി പാർട്ടിയുടെ കേരള ഘടകത്തിന്റെ നേതൃത്വം ഇനി ഇരുപത്തിയൊമ്പതുകാരനിൽ. ദേശീയ തലത്തിൽ ശ്രദ്ധേയനായ മലയാളി മാധ്യമ പ്രവർത്തകൻ തുഫൈൽ പി.ടി.യെയാണ് കേരള ഘടകത്തെ നയിക്കാൻ നിയോഗിച്ചത്. എഎപി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് ആംആദ്മി സംസ്ഥാന സെക്രട്ടറിയായി തുഫൈലിനെ പ്രഖ്യാപിച്ചത്.

കോഴിക്കോട് സ്വദേശിയായ തുഫൈൽ ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തെഹൽക്കയിലുടെ മാധ്യമരംഗത്ത് രംഗപ്രവേശം ചെയ്ത തുഫൈൽ ദേശീയ മാസികയായ ഔട്ട്ലുക്കിൽ സീനിയർ എഡിറ്ററായി പ്രവർത്തിച്ചു വരികയാണ്. ജയരാജിന്റെ ഒറ്റാൽ എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് തുഫൈൽ വ്യക്തമാക്കി. ജോലി തേടിയാണ് തുഫൈൽ ഡൽഹിയിൽ എത്തുന്നത്. ഇതിനിടെയാണ് ആംആദ്മിയുമായി ബന്ധം തുടങ്ങുന്നത്. ഈ അടുപ്പമാണ് കേരളത്തിലെ പാർട്ടിയുടെ ചുമതലക്കാരനായി തുഫൈലിനെ മാറ്റുന്നതും.

മാധ്യമ രംഗത്തെ പരിചയസമ്പത്തും രാഷ്ട്രീയ ബന്ധങ്ങളും കണക്കിലെടുക്കുമ്പോൾ കേരളത്തിന്റെ ചുമതല തുഫൈലിന് നൽകുന്നതാണ് ഉചിതമെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. നേരത്തെ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് തുഫൈൽ. കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണയുടെ സംഗീത കച്ചേരി ഉൾപ്പടെയുള്ള പരിപാടികൾ ഡൽഹിയിൽ സംഘടിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത് തുഫൈൽ ആയിരുന്നു. തീവ്രവലതുപക്ഷ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് കൃഷ്ണയുടെ പരിപാടി സംഘാടകരായ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വേണ്ടെന്ന് വച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, അദ്ദേഹത്തിന് പാടാൻ അവസരമൊരുക്കി ഡൽഹി സർക്കാർ മുന്നോട്ടുവന്നത്.

''ആം ആദ്മി പാർട്ടിക്ക് വളരാൻ സാധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്ന് കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നു. പാർട്ടി നേതൃത്വം ഏൽപ്പിച്ചിരിക്കുന്ന ദൗത്യം സഹപ്രവർത്തകർക്കൊപ്പം ഭംഗിയായി നിറവേറ്റും. സംസ്ഥാനത്തെ ജനങ്ങൾക്കായി ബദൽ രാഷ്ട്രീയം ഒരുക്കും'' തുഫൈൽ പറഞ്ഞു. 2015ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ടോമി എല്ലിശ്ശേരി ചേർത്തല സൗത്ത് ഗ്രാമ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017ൽ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം സിവെഎസ്എസ് മലപ്പുറം അരീക്കോട് കോളജിൽ എസ്എഫ്‌ഐയെയും പരാജയപ്പെടുത്തിയിരുന്നു. ഇതിന് അപ്പുറത്തേക്കൊരു ചരിത്രം രചിക്കാനാണ് കേരളത്തിൽ ആംആദ്മി ശ്രമിക്കുന്നത്. ഇതിന് വേണ്ടിയാണ് തുഫൈലിനെ നിയോഗിക്കുന്നത്. യുവാക്കളിലേക്ക് പടർന്നിറങ്ങി പാർട്ടിയെ വളർത്തുകയെന്നതാണഅ ലക്ഷ്യം.

അഴിമതിക്കും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ ചൂലെടുത്ത് പോരാടിയാണ് കെജ്രിവാൾ ഡൽഹിയിൽ ഭരണത്തിലേറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ മത്സരിച്ച് കരുത്ത് കാട്ടാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷകൾ അസ്ഥാനത്തായി. ഹരിയാനയിലും പഞ്ചാബിലും പോരാട്ടം കാഴ്ചവച്ചെങ്കിലും മറ്റിടങ്ങളിൽ ചലനം പോലും ഉണ്ടാക്കാൻ സാധിച്ചില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ സ്ഥിതി മാറണം. പുരോഗമന ആശയങ്ങളുടെ കേന്ദ്രമായ കേരളവും ഇതുവരെ ആം ആദ്മിയുടെ തത്വ ശാസ്ത്രങ്ങൾ ഏറ്റെടുത്തില്ല. സാറാ ജോസഫ്, സിആർ നീലകണ്ഠൻ, എം എൻ കാരശ്ശേരി തുടങ്ങി എഴുത്തുകാരും പരിസ്ഥിതി പ്രവർത്തകരുമൊക്കെ അണിനിരന്നിട്ടും മുഖ്യധാരയിൽ ചർച്ചയാകുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ എത്തിക്കാൻ ആം ആദ്മിക്ക് സാധിച്ചില്ല.

ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനും കേരളത്തിലും ശക്തിപ്രാപിക്കാനുമായി സംസ്ഥാന ഘടകത്തൽ വമ്പൻ മാറ്റങ്ങൾക്കാണ് ആപ്പ് തയ്യാറായിരിക്കുന്നത്. യുവത്വത്തിന്റെ പ്രസരിപ്പുള്ള നേതൃത്വത്തിലേക്ക് എഎപി കേരളത്തിൽ മാറുകയാണ്. കേവലം 29 വയസ് മാത്രമുള്ള ഒരു വ്യക്തി സംസ്ഥാനത്ത് ഏതെങ്കിലും ഒരു പാർട്ടിയുടെ തലപ്പത്ത് എത്തുന്നത് ഇതാദ്യമായാണ്. കെജ്രിവാളിന്റെ സ്‌നേഹ പൂർവ്വമായ സമ്മർദ്ദമാണ് ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുഫൈലിനെ പ്രേരിപ്പിക്കുന്നത്. കേരളത്തിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള ഇടപെടൽ ആംആദ്മി നടത്തും. ലോക്‌സഭയിൽ പരമാവധി വോട്ട് പിടിക്കുക. അതിന് ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ തരംഗമായി മാറുകയാണ് ആംആദ്മിയുടെ ലക്ഷ്യം.

സിആർ നീലകണ്ഠൻ, സാറാ ജോസഫ്, എം എൻ കാരശ്ശേരി തുടങ്ങിയ പ്രധാന എഴുത്തുകാരും ബുദ്ധിജീവികളും പിന്തുണച്ചിട്ടും കേരളത്തിൽ പച്ചപിടിക്കാൻ ബുദ്ധിമുട്ടുന്ന പാർട്ടിയാണ് ആം ആദ്മി പാർട്ടി (എഎപി). ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് എഎപിയുടെ ഈ നീക്കം. തുഫൈലിന്റേത് പക്ഷേ ഭാരിച്ച ഉത്തരവാദിത്വമാണ്. ഡൽഹിക്ക് പുറമേയുള്ള ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പോലെ, ബഹുജന പാർട്ടികളായ സിപിഎം, കോൺഗ്രസ്, ബിജെപി എന്നിവരെപ്പോലെ എഎപിക്ക് കേരളത്തിൽ വേരുപിടിക്കാനായിട്ടില്ല. കേരളത്തിലെ എഎപിയിലെ ചേരിതിരിഞ്ഞുള്ള അടിയും മുമ്പ് പാർട്ടിക്ക് ക്ഷീണം വരുത്തിയിരുന്നു.

''കേരളത്തിൽ നിലവിൽ സജീവമായി പ്രവർത്തിക്കുന്ന പതിനഞ്ചായിരത്തോളം പ്രവർത്തകർ എഎപിക്കുണ്ട്. നേരത്തെ പാർട്ടി വിട്ടുപോയവരും തിരികെവരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം മാറേണ്ടതുണ്ട്. കൂടുതൽ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം. പെൺകുട്ടികളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയും അവരിലൂടെ എഎപിയുടെ പ്രവർത്തന മേഖല ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. നിലവിലുള്ള ഇടത് വലത് രാഷ്ട്രീയ കക്ഷികളെ ഇല്ലായ്മ ചെയ്യും എന്നൊന്നും പറയുന്നില്ല. അതേസമയം മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള ഇടമാക്കി കേരളത്തെ മാറ്റിയെടുക്കുകയെന്നതാണ് ലക്ഷ്യം''- തുഫൈൽ പറയുന്നു.

സംസ്ഥാനത്ത് പ്രവർത്തനം വ്യാപിപ്പിക്കാൻ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന മിഷൻ വിസ്താർ എന്ന പദ്ധതി അടക്കം ലക്ഷ്യം കണ്ടിരുന്നില്ല.മുൻ സംസ്ഥാന കൺവീനർ മനോജ് പത്മനാഭൻ, വക്താവ് കെ പി രതീഷ്, അനിത പ്രതാപ് എന്നിവരെ സമിതിയിൽ നിന്ന് ഒഴിവാക്കിയത് വിവാദങ്ങളുമുണ്ടാക്കി. മിഷൻ വിസ്താർ സംസ്ഥാന കൺവീനറായ് സാറാ ജോസഫിനെയും വക്താവായി പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഡനേയും ദേശീയ കമ്മിറ്റി തിരഞ്ഞെടുത്തു.എം എൻ കാരശ്ശേരി തിരുവനന്തപുരത്തെ ആം ആദ്മി സ്ഥാനാർത്ഥിയായിരുന്ന അജിത് ജോയ് തുടങ്ങിയവർ ഉൾപ്പെടുന്ന 20 അംഗ സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തിരുന്നു.

മുൻ സംസ്ഥാന കൺവീനറർ മനോജ് പത്മനാഭൻ, വക്താവ് കെ പി രതീഷ്. പ്രമുഖ മാധ്യമ പ്രവർത്തക അനിത പ്രതാപ് എന്നിവരെ സമിതിയിൽ നിന്നും ഒഴിവാക്കി. ഇത്തരം വിവാദങ്ങളെല്ലാം പാർട്ടിയെ തളർത്തി. ഈ സാഹചര്യത്തിലാണ് തീർത്തും പുതിയ മുഖം പാർട്ടിക്ക് നൽകാൻ തുഫൈലിനെ നിയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP