Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പടന്നയിലെ യുവാക്കളെ ഐഎസിൽ എത്തിച്ച അബ്ദുൽ റാഷിദ് അഫ്ഗാൻ മലമുകളിൽ നിന്നുള്ള ഫോട്ടോ അയച്ചു; ബാഗ്ദാദിയുടെ ആഹ്വാനമുണ്ടായാലും അവസാന ആൾ വീഴും വരെ യുദ്ധം ചെയ്യുമെന്ന് അഷ്ഫാഖിന്റെ സന്ദേശവും; ഖുർആനിലെ നിയമ ചട്ടങ്ങൾ ഭൂമിയിൽ സ്ഥാപിക്കുക അന്തിമ ലക്ഷ്യമെന്നും പ്രഖ്യാപനം

പടന്നയിലെ യുവാക്കളെ ഐഎസിൽ എത്തിച്ച അബ്ദുൽ റാഷിദ് അഫ്ഗാൻ മലമുകളിൽ നിന്നുള്ള ഫോട്ടോ അയച്ചു; ബാഗ്ദാദിയുടെ ആഹ്വാനമുണ്ടായാലും അവസാന ആൾ വീഴും വരെ യുദ്ധം ചെയ്യുമെന്ന് അഷ്ഫാഖിന്റെ സന്ദേശവും; ഖുർആനിലെ നിയമ ചട്ടങ്ങൾ ഭൂമിയിൽ സ്ഥാപിക്കുക അന്തിമ ലക്ഷ്യമെന്നും പ്രഖ്യാപനം

എംപി റാഫി

കോഴിക്കോട്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐസിസ്) എത്തിയ മലയാളി സംഘത്തിൽപ്പെട്ട അബ്ദുൽ റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഫോട്ടോ ബന്ധുക്കൾക്ക് അയച്ചു. കാസർകോട് പടന്ന സ്വദേശി റാഷിദ് ഇന്നലെ വൈകിട്ടോടെയാണ് ടെലഗ്രാം മെസഞ്ചർ വഴി അടുത്ത ബന്ധുവിന് തന്റെ ഫോട്ടോ അയച്ചത്. താടി നീട്ടി വളർത്തിയ നിലയിൽ അഫ്ഗാൻ മലമുകളിൽ നിന്നുമെടുത്ത ഫോട്ടോയാണ് റാഷിദ് അയച്ചത്. എട്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി സംഘത്തിൽപ്പെട്ടവരുടെ ആദ്യ ഫോട്ടോയാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.

പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്നും കാണാതായ 15 പേർക്കും അബദുൽ റാഷിദ് അബ്ദുള്ളയാണ് നാട്ടിലുള്ളപ്പോൾ ക്ലാസുകൾ നൽകിയിരുന്നതും പഠന മെറ്റീരിയൽ എത്തിച്ചു നൽകിയിരുന്നതും. എം.എം അക്‌ബർ നേതൃത്വം നൽകുന്ന കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്‌ക്കൂളിലെ ജീവനക്കാരനായിരുന്നു അബ്ദുൽ റാഷിദ്. പീസ് സ്‌കൂൾ അടക്കമുള്ള ചില സലഫി സ്ഥാപനങ്ങളിൽ കാണാതായവരിൽ പലരും സംഗമിച്ചിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാനിലെ ഐസിസ് കേന്ദ്രത്തിൽ വച്ച് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട പടന്നയിലെ ടി കെ ഹഫീസുദ്ദീൻ മതപഠന ക്ലാസിനെന്നു പറഞ്ഞ് പോയിരുന്നതും റാഷിദിന്റെ കൂടെയായിരുന്നു.

രാജ്യംവിട്ട പടന്നയിലെ ചെറുപ്പക്കാരിൽ തീവ്ര ആശയങ്ങൾ കുത്തിവച്ചത് റാഷിദാണെന്ന് ഇവരുടെ ബന്ധുക്കളും പറയുന്നു. പീസ് സ്‌കൂളിലെ മുൻ ജീവനക്കാരനായിരുന്ന റാഷിദിന് പീസിലെ മറ്റു അഞ്ച് ജീവനക്കാരുമായി അടുത്ത ബന്ധമായിരുന്നു. രാജ്യം വിടുന്നതിന് മുമ്പായി ഇവർ പലതവണ യോഗം ചേരുകയും മതപഠന ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്റർനെറ്റ് വഴി ദാബിഖ് മാഗസിനും മറ്റു ഐസിസിന്റെ ലേഖനങ്ങളുമടക്കം ഈ യോഗത്തിൽ വച്ച് ഇവർക്ക് ലഭിച്ചു.

റാഷിദ് രാജ്യം വിട്ട ശേഷവും പീസിലെ സഹൃത്തുക്കളുമായി ബന്ധപ്പെടുകയും ഐസിസി ലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിൽപ്പെട്ട കണ്ണൂർ സ്വദേശിയായ യുവാവ് റാഷിദിനൊപ്പം പോകാനുള്ള ഒരുക്കം നടത്തിയിരുന്നു. എന്നാൽ വീട്ടുകാരുടെ സമ്മർദത്തെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പീസ് സ്‌കൂളിനെതിരെയും ജീവനക്കാർക്കും അധികൃതർക്കും എതിരെ അന്വേഷണം വന്നതോടെ റാഷിദ് ഇവരുമായുള്ള ആശയ വിനിമയം നിർത്തിയിരുന്നു. എന്നാൽ ബന്ധുക്കളിൽ ചിലർക്ക് ടെലഗ്രാം വഴിയുള്ള സന്ദേശം അയച്ചു കൊണ്ടിരുന്നു. ഹഫീസുദ്ധീന്റെ മരണവുമായി ബന്ധപ്പെട്ടും റാഷിദ് വിവരങ്ങൾ കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് റാഷിദ് അഫ്ഗാനിലെ മലമുകളിൽ നിൽക്കുന്ന ഫോട്ടോ വിട്ടിരിക്കുന്നത്.

അതേ സമയം ഹഫീസിന്റെ മരണവാർത്ത അറിയിച്ചു കൊണ്ട് 'ഞങ്ങളും ശഹീദാകാനുള്ള ഊഴത്തിനായി കാത്തിരിക്കുകയാണെന്ന്' സന്ദേശമയച്ച പടന്നയിലെ അഷ്ഫാഖ് മജീദിന്റെ സന്ദേശം വീണ്ടുമെത്തി. ബന്ധുവിനാണ് സന്ദേശം ലഭിച്ചത്. ഇതുവരെ വീട്ടിലേക്ക് ബന്ധപ്പെടാതിരുന്ന പടന്നയിലെ രണ്ടു പേരെ കുറിച്ചു ചോദിച്ചപ്പോൾ അവർ സുഖമായി ഇരിക്കുന്നുവെന്നായിരുന്നു മറുപടി

ഇന്നലെ ബന്ധു വീണ്ടും സന്ദേശമയച്ചു. ഇറാഖ് സേന മൊസൂൾ കീഴടക്കിയ സാഹചര്യത്തിൽ ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി വിദേശികളോട് തിരിച്ചു പോകാനും അല്ലെങ്കിൽ ചാവേറുകളായി മരണം വരിക്കാനും നിർദ്ദേശം നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി നിങ്ങൾകും നാട്ടിലേക്ക് വന്ന് കൂടേയെന്ന് ബന്ധു ചോദിച്ചപ്പോൾ ഞങ്ങളിൽ അവസാന ആൾ വീഴുന്നത് വരെ ശരീരവും സമ്പത്തുകൊണ്ടും പോരാടുമെന്നായിരുന്നു മറുപടി.

അഷ്ഫാഖ് അയച്ച ടെലഗ്രാം സന്ദേശത്തിൽ പറയുന്നതിങ്ങനെ: 'ഞങ്ങളുടെ ലക്ഷ്യം ഖുർആനിലെ നിയമ ചട്ടങ്ങൾ ഭൂമിയിൽ സ്ഥാപിക്കുക എന്നതാണ്. അങ്ങനെ അള്ളാഹുവിന്റെ വാക്കുകൾ മറ്റെല്ലാത്തിനും ഉയരത്തിൽ എത്തിക്കുവാൻ അള്ളാഹുവിന്റെ സഹായത്താൽ ഞങ്ങൾ പരിശ്രമിക്കും. ഞങ്ങളുടെ ലക്ഷ്യത്തിലെത്താൻ ഞങ്ങൾക്കുള്ളതെല്ലാം കൊണ്ട് പരിശ്രമിക്കും. ആരൊക്കെ അതിന് തടസം നിന്നാലും ഞങ്ങളിൽ അവസാന ആൾ വീഴുന്നതുവരെ ശരീരവും സമ്പത്തുകൊണ്ടും പോരാടും.'

ജനാധിപത്യ സംവിധാനത്തെ ശക്തമായി എതിർക്കുന്ന മറ്റൊരു പോസ്റ്റും ഇതിനു താഴെ അയച്ചിട്ടുണ്ട്. അതിങ്ങനെ: 'മുശ്രിക്കുകൾ അവരുടെ ശിർക്കിനെ പലനാമങ്ങൾ നൽകി യഥാർത്ഥ ശിർക്കിനെ മറച്ചുവെക്കാൻ ശ്രമിക്കുന്നു. ശൈഖ് മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹാബിന്റെ കാലത്ത് സയിദ് മാരോട് ദുആ ചെയ്യുമ്പോൾ അവർ ശിർക്കിനെ തവസ്സുൽ എന്ന് വിളിക്കുമായിരുന്നു. ഇന്ന് നമ്മുടെ കാലത്ത് അവർ അതു തന്നെ ചെയ്തു കൊണ്ടിരിക്കുന്നു. എന്നിട്ട് അവരുടെ ദൈവങ്ങളെ പ്രസിഡന്റ്, രാജാവ്, മെമ്പർ ഓഫ് പാർലമെന്റ് ...എന്നൊക്കെ വിളിക്കുന്നു. അവർ അവരുടെ ഡെമോക്രസി , സെക്യുലറിസം, ഇന്റർനേഷണൽ ലോ, ഫ്രീഡം ഓഫ് സ്പീച്ച് എന്നും വിളിക്കുന്നു.''- എന്നാണ് ആ പോസ്റ്റിൽ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP