Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴുത്തിന് പുറകിൽ മുറിപ്പാടുകൾ കണ്ടെന്ന മൊഴി അതിനിർണ്ണായകം; ഫോട്ടോയും നെഗറ്റീവും എസ് പി മൈക്കിൾ പറഞ്ഞയാൾക്കു നൽകിയെന്നും ഫോട്ടോഗ്രാഫറുടെ മൊഴി; കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് ഓഫീസർ ശ്രമിച്ചതിന് തെളിവായി വർഗീസ് ചാക്കോയുടെ മൊഴി; ഫോട്ടോയ്ക്ക് 200 രൂപ പ്രതിഫലം കൊടുത്തത് മദറും; ഇനി അതിവേഗ വിചാരണ; പതിവുകൾ മാറ്റി കോടതി നടപടികൾ രാവിലെ പത്തിന് തുടങ്ങും; അഭയാക്കേസ് വിചാരണയിൽ പ്രതീക്ഷയോടെ പ്രോസിക്യൂഷൻ

കഴുത്തിന് പുറകിൽ മുറിപ്പാടുകൾ കണ്ടെന്ന മൊഴി അതിനിർണ്ണായകം; ഫോട്ടോയും നെഗറ്റീവും എസ് പി മൈക്കിൾ പറഞ്ഞയാൾക്കു നൽകിയെന്നും ഫോട്ടോഗ്രാഫറുടെ മൊഴി; കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് ഓഫീസർ ശ്രമിച്ചതിന് തെളിവായി വർഗീസ് ചാക്കോയുടെ മൊഴി; ഫോട്ടോയ്ക്ക് 200 രൂപ പ്രതിഫലം കൊടുത്തത് മദറും; ഇനി അതിവേഗ വിചാരണ; പതിവുകൾ മാറ്റി കോടതി നടപടികൾ രാവിലെ പത്തിന് തുടങ്ങും; അഭയാക്കേസ് വിചാരണയിൽ പ്രതീക്ഷയോടെ പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മൃതദേഹത്തിന്റെ പത്തു ഫോട്ടോകളും നെഗറ്റീവും അന്നത്തെ ക്രൈം ബ്രാഞ്ച് എസ് പി ആയിരുന്ന കെടി മൈക്കിൾ പറഞ്ഞ പ്രകാരം വർഗീസ് എന്ന പൊലീസുകാരനെ ഏൽപ്പിച്ചുവെന്ന് അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോയെടുത്ത കോട്ടയത്ത് കെകെ റോഡിലുള്ള വീനസ് സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫർ ഇരുപതാം സാക്ഷി വർഗീസ് ചാക്കോ തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകി.എന്നാൽ ഈ ഫോട്ടോ എടുത്തതിന്റെ പ്രതിഫലമായി കോൺവെന്റിലെ മദർ 200 രൂപ നൽകിയതിന്റെ രസീത് കോടതിയിൽ സിബിഐ ഹാജരാക്കിയത് വിചാരണയ്ക്കിടെ സാക്ഷി വർഗീസ് ചാക്കോ തിരിച്ചറിഞ്ഞു.

സിസ്റ്റർ അഭയ മരിച്ച ദിവസം 1992 മാർച്ച് 27 ന് പയസ് ടെൻത് കോൺവെന്റിലെ മദർ ആവശ്യപ്പെട്ട പ്രകാരമാണ് മൃതദേഹത്തിന്റെ ഫോട്ടോ എടുക്കാൻ കോൺവെന്റിൽ ചെന്നത്. മൃതദേഹത്തിൽ കഴുത്തിനു പുറകിൽ മുറിപ്പാടുകൾ കണ്ടതായി ഫോട്ടോഗ്രാഫർ മൊഴി നൽകി. കോട്ടയം വെസ്റ്റ് പൊലീസ് അഭയ കേസ് അന്വേഷിക്കുന്നതിനിടയിലാണ് കേസുമായി ഒരു ബന്ധവുമില്ലാത്ത അന്നത്തെ ക്രൈം ബ്രാഞ്ച് എസ് പി കെടി മൈക്കിൾ ഇടപെട്ട് വർഗീസ് എന്ന പൊലീസുകാരന് ഫോട്ടോകളും നെഗറ്റീവും കൊടുക്കണമെന്ന് ആവശ്യപ്പെട്ടത്. അതിൻപ്രകാരം അതു നൽകി. അതിനു ശേഷം ഈ ഫോട്ടോകളും നെഗറ്റീവും പിന്നീട് കാണാതായെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അഭയകേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ നടക്കുന്നത്. ഇന്ന് മുതൽ രാവിലെ പത്തു മണിക്ക് വിചാരണ ആരംഭിക്കുവാൻ തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്ജ് കെ സനൽകുമാർ ഉത്തരവിട്ടിരിക്കുകയാണ്. സാധാരണ നിലയിൽ രാവിലെ പതിനൊന്നു മണിക്കാണ് വിചാരണ ആരംഭിച്ചുകൊണ്ടിരുന്നത്. സിസ്റ്റർ അഭയ മരിച്ച സമയത്ത് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ അന്തേവാസികളായിരുന്ന ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി പി എസ്, ഇരുപത്തിരണ്ടാം സാക്ഷി നൗഷാ റാണി എന്നിവരുടെ മൊഴി ഇന്ന് തിരുവനന്തപുരം സിബിഐ കോടതി എടുക്കും.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ നൽകിയ മൊഴി തിരുത്തി പൊതുപ്രവർത്തകൻ കളർകോട് വേണുഗോപാലൻ നായർ. എന്നാൽ ഇത് കേസിനെ സാരമായി ബാധിക്കില്ല. പ്രോസിക്യൂഷന് തുണയാകും വിധമാണ് തിരുത്തലും. പ്രതിയായ ഫാ. കോട്ടൂരിനെ നാർക്കോ അനാലിസിസിനു വിധേയനാക്കുന്നതിനു മുമ്പ് താൻ കണ്ടെന്നും അപ്പോൾ അദ്ദേഹം കുറ്റസമ്മതം നടത്തിയെന്നുമാണ് വേണുഗോപാലൻ നായർ തിങ്കളാഴ്ച കോടതിയിൽ പറഞ്ഞത്. ഇത് അബദ്ധമാണെന്നും നാർക്കോ പരിശോധനയ്ക്കു ശേഷമാണ് കണ്ടതെന്നും ചൊവ്വാഴ്ച അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, എന്നാണ് ഫാ. തോമസ് എം. കോട്ടൂരിനെ കണ്ടതെന്നു പറയാൻ വേണുഗോപാലിനു കഴിഞ്ഞില്ല. സിസ്റ്റർ സെഫിയുമായി ഫാ. കോട്ടൂരിന് വഴിവിട്ട ബന്ധമുണ്ടെന്ന് ആദ്യമായി കോടതിയിലാണ് പറഞ്ഞതെന്ന് സാക്ഷി വ്യക്തമാക്കി. ഇക്കാര്യം സിബിഐ.യോടോ രഹസ്യമൊഴിയെടുത്ത മജിസ്ട്രേറ്റിനോടോ പറഞ്ഞിരുന്നില്ല.

ഫാ. ജോസ് പൂതൃക്കയിലിനെയും കോട്ടൂരിനൊപ്പം ബിഷപ്പ് ഹൗസിൽവെച്ച് കണ്ടിരുന്നു എന്ന മൊഴിയും പുതിയതാണെന്ന് സാക്ഷി സമ്മതിച്ചു. ജോമോൻ പുത്തൻപുരയ്ക്കലിന്റെ നിർദ്ദേശപ്രകാരമല്ലേ ഇത്തരത്തിൽ തെറ്റായ മൊഴി നൽകിയതെന്ന് പ്രതിഭാഗം ചോദിച്ചു. ജോമോനെ ഒന്നര മാസത്തെ പരിചയമേയുള്ളൂവെന്ന് സാക്ഷി മൊഴിനൽകി. ക്രിസ്ത്യൻ സഭകൾക്കും പാതിരിമാർക്കും എതിരേ നിരന്തരം വ്യാജപരാതികൾ നൽകുന്നയാളാണ് താനെന്ന പ്രതിഭാഗത്തിന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു. പോട്ട ധ്യാനകേന്ദ്രത്തിനെതിരേയും കളർകോട്ടെ അക്സെപ്റ്റം എന്ന ധ്യാനകേന്ദ്രത്തിനെതിരേയും പരാതി നൽകിയിട്ടുള്ളതായി സാക്ഷി സമ്മതിച്ചു. സൂമഹത്തിലെ മാന്യന്മാർക്കെതിരേ കേസ് കൊടുത്ത് പണം തട്ടുന്നയാളാണെന്ന പ്രതിഭാഗത്തിന്റെ ആരോപണവും വേണുഗോപാൽ നിഷേധിച്ചു.

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയർന്ന സംശയം തീപ്പൊരിയായി പടർന്നു. അഭയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്, കേസിന് വഴിത്തിരിവായി. കോട്ടയം നീണ്ടൂർ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ജോമോൻ പുത്തൻപുരയ്ക്കൽ, അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയിൽ നിലനിർത്താനും നിരന്തര സമരത്തിലായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അവരും ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.

പിന്നീട് 1993 മാർച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടെത്താൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു. 15 വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ടു വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്. ഇതിനിടെ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വി.വി. അഗസ്റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്തു.

സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തു. അഭയയുടെ മരണത്തിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എഎസ്ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെൻത് കോൺവെന്റിലെത്തിയ അഗസ്റ്റിൻ കേസ് സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

പല തവണ ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിസ്റ്റർ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എഎസ്ഐ. ആയിരുന്നു അദ്ദേഹം. അഗസ്റ്റിന്റെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്ന് സിബിഐ. സംഘം വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവം നടന്ന് 16 വർഷത്തിനുശേഷമാണ്, കേസിൽ അറസ്റ്റുണ്ടാകുന്നത്. 2008 ഒക്ടോബർ 18, 19 തീയ്യതികളിലായി വൈദികരായ തോമസ് കോട്ടൂർ, ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തു താമസിക്കുന്ന സഞ്ജു പി. മാത്യു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

റിമാൻഡിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി കോടതി, സിബിഐ കസ്റ്റഡിയിൽ വിട്ടു. സിബിഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി. 2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രപ്രകാരം ഇവർ വിചാരണ നേരിടുകയാണ്. കേസിലെ മുഖ്യ പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്. സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സിബിഐ ആരോപിക്കുന്നു. ബി.സി.എം. കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്ന ഫാ. തോമസ് കോട്ടൂർ, അറസ്റ്റ് വരിക്കുമ്പോൾ കോട്ടയം അതിരൂപതാ ചാൻസലറായിരുന്നു.

അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാസർകോട് ജില്ലയിലെ രാജപുരം സെന്റ്. പയസ് ടെൻത് കോളജിലെ പ്രിൻസിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവർത്തിക്കുകയായിരുന്നു രണ്ടാം പ്രതിയായ ജോസ് പുതൃക്കയിൽ. സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സ്റ്റെഫിയെന്ന് സിബിഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പുതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റർ പ്രേരണ നൽകിയെന്നാണ് ആരോപണം. ഇതിൽ പുതൃക്കയിലിനെ കോടതി വിചാരണയിൽ നിന്നും ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP