Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

'ഏൻ തങ്ക മകനേ...' അഭിമന്യു ഇല്ലാതെ പുതുവീട്ടിലേക്ക് ചുവടുവെച്ചപ്പോൾ മകനെ ഓർത്ത് ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ് മാതാവ് മാതാവ്; താക്കോൽദാന വേദിയിൽ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഇല്ലാ ഇല്ലാ മരിക്കുന്നില്ല... അഭിമന്യു ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം മുഴക്കി സുഹൃത്തുക്കളും സഖാക്കളും; കണ്ടു നിന്നവരുടെ കണ്ണു നിറച്ച് അഭിമന്യുവിന്റെ കുടുംബം പുതുവീട്ടിലേക്ക്

'ഏൻ തങ്ക മകനേ...' അഭിമന്യു ഇല്ലാതെ പുതുവീട്ടിലേക്ക് ചുവടുവെച്ചപ്പോൾ മകനെ ഓർത്ത് ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ് മാതാവ് മാതാവ്; താക്കോൽദാന വേദിയിൽ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഇല്ലാ ഇല്ലാ മരിക്കുന്നില്ല... അഭിമന്യു ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം മുഴക്കി സുഹൃത്തുക്കളും സഖാക്കളും; കണ്ടു നിന്നവരുടെ കണ്ണു നിറച്ച് അഭിമന്യുവിന്റെ കുടുംബം പുതുവീട്ടിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: മഹാരാജാസ് കോളേജിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കുടുംബം ഇനി അഭിമന്യു ഇല്ലാത്ത പുതുവീട്ടിൽ താമസിക്കും. സിപിഎം നിർമ്മിച്ചു നൽകിയ പുതിയ വീട്ടിലേക്ക് അവർ താമസം മാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് താക്കോൽദാന കർമ്മം നിർവ്വഹിച്ചത്. മുഖ്യമന്ത്രി എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് അഭിമന്യുവിന്റെ ഓർമ്മയിൽ ഒരിക്കൽകൂടി തേങ്ങി മാതാപിതാക്കളും ബന്ധുക്കളും ഉറ്റവരും.

പുതിയ വീട്ടിലേക്ക് പ്രവേശിക്കും മുമ്പ് താക്കോൽദാനത്തിന് മുമ്പ് മകന്റെ ചിത്രം കണ്ട മാതാവ് പൊട്ടിക്കരയുകയായിരുന്നു. 'ഏൻ തങ്ക മകനേ...' എന്നു വിളിച്ചു കൊണ്ടായിരുന്നു മാതാവ് അലമുറയിട്ടു കരഞ്ഞ്. ഇതോടെ കണ്ടു നിന്നവരുടെയും കണ്ണിൽ ഈറനണിഞ്ഞു. അഭിമന്യൂവിന്റെ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു. വീടിനടുത്തുതന്നെയാണ് ചടങ്ങുകൾക്കായി വേദി ഒരുക്കിയിട്ടുള്ളത്. ഇവിടെ മുഖ്യമന്ത്രി എത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.


അഭിമന്യുവിന്റെ കുടുംബത്തിന് വേണ്ടി സിപിഐ എം പടുത്തിയ വീട് മുഖ്യമന്ത്രി പിണറായി വിജയൻ മാതാപിതാക്കൾക്ക് കൈമാറി... ഇല്ലാ ഇല്ലാ മരിക്കുന്നില്ല... അഭിമന്യു ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രവാക്യം അലയുയർന്ന വേദിയിൽ അഭിമന്യുവിന്റെ അച്ഛനും അമ്മയും വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. ദുഃഖം താങ്ങാനാകാതെ വേദിയിൽ പൊട്ടിക്കരഞ്ഞ അഭിമന്യുവിന്റെ അമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. കൊട്ടക്കാമ്പൂരിൽ ചേർന്ന പൊതുസമ്മേളനത്തിലാണ് താക്കോൽ കൈമറിയത്. ആയിരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നത്.

2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കോളേജ് രണ്ടാംവർഷ രസതന്ത്ര ബിരുദ വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയത്. രക്തസാക്ഷി കുടുംബത്തെ നിലനിർത്താനും അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനും സഹോദരിയുടെ വിവാഹം നടത്താനും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം നടത്തി. അഭിമന്യുവിന്റെ കുടുംബത്തിന് വീട്വയ്ക്കാനും പത്തര സെന്റ്സ്ഥലം വാങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപനം നടത്തി.

വട്ടവട കൊട്ടക്കന്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റർ മാത്രം അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സിപിഎം 40 ലക്ഷം രൂപ ചെലവിട്ടു. അഭിമന്യുവിന്റെ ഓർമകൾ നിലനിർത്തി പാർട്ടി എല്ലാം ഒരുക്കുമ്പോഴും അഭിയുടെ വേർപാടിന്റെ വേദന കുടുംബത്തെ വിട്ടൊഴിയുന്നില്ല.

സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയാണ് തിങ്കളാഴ്‌ച്ച ഭവനം കുടുംബത്തിന് കൈമാറുന്നത്. സഹോദരിയുടെ വിവാഹവും ഇതിനകം കഴിഞ്ഞിരുന്നു. ആകെ 72,12,548 രൂപയാണ് സമാഹരിച്ചത്. ബാങ്ക് പലിശയിനത്തിൽ 53,609 രൂപയും ലഭിച്ചു. വീടിനും സ്ഥലത്തിനുമായി 38,90,750 രൂപ ചെലവായി. സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിര നിക്ഷേപമായി 23,75,307 രൂപയും ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളതായും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു. രക്തസാക്ഷി കുടുംബത്തെ സഹായിക്കാൻ നിർലോഭമായി സംഭാവനകൾ നൽകിയ മുഴുവൻ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നതായും സെക്രട്ടറി അറിയിച്ചു.

എസ്.എഫ്. ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് മഹാരാജാസ് കോളേജിൽ അഭിമന്യു സംഘടനാ പ്രവർത്തനത്തിൽ സജീവമായത്. കഴിഞ്ഞ വർഷം ജൂലായ് 2 ന് പുലർച്ചെയാണ് മഹാരാജാസ് കോളേജ് രണ്ടാംവർഷ രസതന്ത്ര ബിരുദ വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ കാമ്പസ് ഫ്രണ്ട് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. എസ്.എഫ്.ഐയ്ക്ക് വേണ്ടി ചുവരെഴുത്ത് നടത്തുന്നതിനിടയിലാണ് ഇരുളിന്റെ മറവിൽ കാമ്പസ് ഫ്രണ്ടിന്റെ കൊലക്കത്തി അഭിമന്യുവിന്റെ ജീവനെടുത്തത്.

അതേസമയം പ്രതികളിൽ 12 പേരെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. എന്നാൽ ബാക്കിയുള്ളവരെയും തിരിച്ചറിഞ്ഞതായാണ് അന്വേഷണ സംഘം പറയുന്നത്. അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ സംഘത്തിൽ പത്തിലേറെ പേരുണ്ടായിരുന്നു. അക്രമത്തിന് ഒത്താശ ചെയ്തവരും ചേർത്ത് പ്രതികൾ ഇരുപതോളം പേർ ഉണ്ടാകുമെന്നായിരുന്നു ആദ്യ കണക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP