Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ പ്രഹസനം; വിചിത്ര നിയമങ്ങളുമായി നിർവഹണ ഏജൻസി; കാർഡ് പുതുക്കുന്നത് കുടുംബത്തിൽ ഒരാൾക്ക് മാത്രം; ഗുരുതര രോഗം ബാധിച്ചു കിടപ്പിലാകുന്നവരും കാർഡ് പുതുക്കാൻ നേരിട്ടെത്തണം; പുതുക്കിയില്ലെങ്കിൽ ചികിൽസാ സഹായമില്ല; റിലയൻസിനെ സഹായിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കമെന്നും ആരോപണം

സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ പ്രഹസനം; വിചിത്ര നിയമങ്ങളുമായി നിർവഹണ ഏജൻസി; കാർഡ് പുതുക്കുന്നത് കുടുംബത്തിൽ ഒരാൾക്ക് മാത്രം; ഗുരുതര രോഗം ബാധിച്ചു കിടപ്പിലാകുന്നവരും കാർഡ് പുതുക്കാൻ നേരിട്ടെത്തണം; പുതുക്കിയില്ലെങ്കിൽ ചികിൽസാ സഹായമില്ല; റിലയൻസിനെ സഹായിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കമെന്നും ആരോപണം

തിരുവനന്തപുരം: മോദി സർക്കാരിന്റെ ഏറ്റവും ജനകീയമായ ആരോഗ്യ പദ്ധതിയായിരുന്നു ആയുഷ്മാൻ ഭാരത്. ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിന് പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ ചികിൽസാ സൗജന്യം നൽകുന്ന പദ്ധതി നടപ്പാക്കാൻ മടി കാണിച്ച സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിന്നത് കേരളമായിരുന്നു. തങ്ങളുടെ ചെലവിൽ മോദി ഞെളിയണ്ട എന്ന മനോഭാവമായിരുന്നു സംസ്ഥാന സർക്കാരിന്. എന്നാൽ, ഈ പദ്ധതിയുടെ വിവരം സമൂഹ മാധ്യമങ്ങളിലൂടെയും പത്രവാർത്തകളിലൂടെയും കേരളത്തിലെ ജനങ്ങളും അറിഞ്ഞതോടെ അത് ഇവിടെ നടപ്പാക്കാൻ കഴിയാതെ വന്നു സംസ്ഥാന സർക്കാരിന്. എന്നിട്ടും പദ്ധതിയുടെ പേരു മാറ്റി സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യയിൽ ലയിപ്പിക്കുകയായിരുന്നു.

ഇങ്ങനെ മാറ്റം വരുത്തി ലയിപ്പിച്ചതു കൊണ്ടാണോ മറ്റു കാരണങ്ങൾ കൊണ്ടാണോ എന്ന് അറിയില്ല, പദ്ധതിയുടെ പ്രയോജനം പൂർണമായും പൊതുജനത്തിന് ലഭിക്കുന്നില്ല. നവീകരിച്ച പദ്ധതി നടപ്പാക്കാൻ കാലതാമസം വരുമെന്ന പേരിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കി നൽകുന്നതിലും ചികിസാ സൗജന്യം നൽകുന്നതിലും സർക്കാരും നിർവഹണ ഏജൻസിയും പിശുക്ക് കാണിക്കുകയാണ്. ഇതു കാരണം പട്ടിണിപ്പാവങ്ങളായ നിരവധിപ്പേരാണ് ചികിൽസ കിട്ടാതെ വലയുന്നത്. സംസ്ഥാന സർക്കാരിന്റെ നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ ഏതൊരാൾക്കും അവർക്ക് നൽകിയിട്ടുള്ള കാർഡ് പുതുക്കുന്നതിലൂടെ ചികിൽസാ സൗജന്യം ലഭിക്കുമെന്നാണ് അറിയിപ്പ്.

എന്നാൽ, കുടുംബത്തിൽ ഒരാൾക്ക് മാത്രമാണ് ഇപ്പോൾ കാർഡ് പുതുക്കി നൽകുന്നത്. കാർഡ് പുതുക്കിയ ആളിനല്ലാതെ കുടുംബത്തിൽ വേറൊരാൾക്ക് അസുഖം വന്നാൽ സൗജന്യ ചികിൽസ ലഭിക്കണമെങ്കിൽ അയാൾ നേരിട്ട് തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ പോയി കാർഡ് പുതുക്കി കൊണ്ടു വരണം. റിലയൻസ് കമ്പനിയുമായി ചേർന്നാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. 1675 രൂപ വാർഷിക പ്രീമിയം നിരക്കിൽ ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിൽസ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ലഭിക്കും. പദ്ധതി നടത്തിപ്പിനായി സർക്കാർ ചിയാഗ് എന്ന പേരിൽ ഏജൻസി രൂപീകരിച്ചിട്ടുണ്ട്.

നേരത്തേയുണ്ടായിരുന്ന പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് 30,000 രൂപയുടെ ചികിൽസാ സഹായമായിരുന്നു ലഭിച്ചിരുന്നത്. ഇത് സംസ്ഥാന സർക്കാരിന്റെ മാത്രം പദ്ധതിയായിരുന്നു. ഇതിനിടെയാണ് ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം ചികിൽസാ സൗജന്യം ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി മോദി സർക്കാർ കൊണ്ടു വന്നത്. പദ്ധതി അതേ രീതിയിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല. ആയുഷ്മാൻ ഭാരത് എന്ന പേര് മാറ്റി സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ പദ്ധതിയിൽ ലയിപ്പിക്കുകയാണ് ചെയ്തത്. ഇക്കാരണം കൊണ്ടാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി നടപ്പാക്കിയില്ലെന്ന് സംസ്ഥാന സർക്കാരിനെതിരേ വിമർശനം ഉന്നയിച്ചത്.

ആയുഷ്മാൻ ഭാരത് കാരുണ്യയാക്കി മാറ്റി നടപ്പാക്കാനുള്ള സർക്കാരിന്റെ നീക്കം പൊളിഞ്ഞുവെന്നാണ് സൂചന. ഇക്കാരണം കൊണ്ടാണ് കുടുംബത്തിൽ നിന്ന് ഒരാൾക്ക് മാത്രം കാർഡ് പുതുക്കി നൽകുന്നത്. ഇങ്ങനെ കാർഡ് പുതുക്കി നൽകിയ കുടുംബത്തിലെ മറ്റൊരാൾക്കാണ് അസുഖം ബാധിക്കുന്നതെങ്കിൽ അവർ അഞ്ചു ദിവസത്തിനകം തൊട്ടടുത്ത ജില്ലാ/ജനറൽ ആശുപത്രികളിൽ ആധാർ കാർഡുമായി ചെന്ന് ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കണമെന്ന് ചിയാഗിലെ ഉദ്യോഗസ്ഥർ പറയുന്നു. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് ഐ.സി.യുവിൽ കഴിയുന്ന രോഗിയാണെങ്കിൽ പോലും അഞ്ചു ദിവസത്തിനുള്ളിൽ ആധാർ കാർഡുമായി നേരിട്ടെത്തി കാർഡ് പുതുക്കിയെങ്കിൽ മാത്രമേ ചികിൽസാ സൗജന്യത്തിന് അർഹതയുള്ളൂ.

ഇവിടെയാണ് ഈ പദ്ധതിയിലെ വഞ്ചനയും തട്ടിപ്പും പുറത്താകുന്നത്. ആരോഗ്യ ഇൻഷ്വറൻസ് കാർഡുള്ളവർ സാധാരണ മെച്ചപ്പെട്ട ചികിൽസാ സൗകര്യങ്ങൾ ഉള്ള സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്. ഹൃദയ സ്തംഭനം പോലെയുള്ള ഗുരുതര രോഗം ബാധിക്കുന്നവരെ ബന്ധുക്കൾ ആദ്യം കൊണ്ടു പോകുന്നതും ഇവിടേക്ക് ആയിരിക്കും. സൗജന്യ ചികിൽസ കിട്ടുമെന്ന വിശ്വാസത്തിൽ രോഗികളെ എത്തിച്ച് ഐ.സി.യുവിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിൽസ നൽകി കഴിയുമ്പോഴാകും ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കിയിട്ടില്ലെന്ന വിവരം മനസിലാകുന്നത്. ഇതുമായി പുതുക്കാൻ ബന്ധുക്കൾ ചെന്നാൽ നടക്കില്ലെന്നത് വേറെ കാര്യം. ഇതോടെ രോഗിയെ ഡിസ്ചാർജ് ചെയ്യാൻ ബന്ധുക്കൾ പണത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.

നേരത്തേ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കാൻ കുടുംബത്തിലെ ആരെങ്കിലും ഒരാൾ പോയാൽ മതിയായിരുന്നു. ഇപ്പോൾ കുടുംബത്തിൽ എത്ര പേരുണ്ടോ അവരെല്ലാം പ്രത്യേകം കാർഡ് പുതുക്കാൻ ചെല്ലണമെന്നാണ് വ്യവസ്ഥ. പഴയ കാർഡ് പ്രകാരം കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്ക് വരെ മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിച്ചിരുന്നത്. പുതിയ പദ്ധതി പ്രകാരം കുടുംബത്തിൽ എത്ര പേരുണ്ടോ അവർക്കെല്ലാം ആനുകൂല്യം ലഭിക്കും. പരമാവധി സൗജന്യം അഞ്ചു ലക്ഷം വരെ മാത്രമായിരിക്കും.

പുതിയ പദ്ധതിയിലേക്ക് കാർഡ് പുതുക്കേണ്ട സമയത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും അന്ന് അത്യാവശ്യക്കാർക്ക് പുതുക്കാൻ വേണ്ടി സർക്കാർ ആശുപത്രികളിൽ സൗകര്യമൊരുക്കിയിരുന്നുവെന്നും ചിയാഗിലെ ഉദ്യോഗസ്ഥർ പറയുന്നു. അടുത്ത വർഷം മുതലാകും പദ്ധതി പൂർണമായ തോതിൽ നടപ്പിലാക്കുക. അതുവരെ ആവശ്യക്കാർക്ക് കാർഡ് പുതുക്കി നൽകുന്ന രീതിയാകും അവലംബിക്കുക. കാർഡ് പുതുക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആനുകൂല്യം സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തന്ത്രം സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ആരോപണം.

ചികിൽസ ഇനത്തിൽ സ്വകാര്യ ഇൻഷ്വറൻസ് കമ്പനിക്ക് വൻ തോതിൽ വരുന്ന ബാധ്യത ഒഴിവാക്കുക എന്ന ഗൂഢോദ്ദേശ്യവും ഇതിന് പിന്നിലുണ്ട്. ഇതേപ്പറ്റി ചോദിച്ചാൽ ചിയാഗിലെ ഉദ്യോഗസ്ഥർക്ക് മറുപടിയുമില്ല. ഫലത്തിൽ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഉണ്ടെങ്കിലും പട്ടിണിപ്പാവങ്ങൾക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP