Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചങ്ങനാശ്ശേരി മുതൽ ആലപ്പുഴ വരെ ഒറ്റ ഫ്‌ളൈ ഓവർ തീർത്ത് ഗതാഗത പ്രശ്‌നം ശാശ്വതമായി പരിഹരിക്കുമോ? 5000 കോടി മുടക്കിയാൽ മുതലാകുമോ? എസി റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ തലപുകഞ്ഞാലോചിച്ച് സർക്കാർ

ചങ്ങനാശ്ശേരി മുതൽ ആലപ്പുഴ വരെ ഒറ്റ ഫ്‌ളൈ ഓവർ തീർത്ത് ഗതാഗത പ്രശ്‌നം ശാശ്വതമായി പരിഹരിക്കുമോ? 5000 കോടി മുടക്കിയാൽ മുതലാകുമോ? എസി റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ തലപുകഞ്ഞാലോചിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

അലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിൽ ആലപ്പുഴ ആകെ ദുരിതത്തിലാണ്. റോഡുകളെല്ലാം തകർന്നു. ഇതിനിടെയിലും സർക്കാരിനെ ആകുലപ്പെടുത്തുന്നത്. ആലപ്പുഴ-ചങ്ങനാശേരി റോഡിനെ കുറിച്ചാണ്. ചെറിയ വെള്ളപ്പൊക്കത്തിൽ പോലും റോഡ് മുങ്ങുന്നു. ഈ സാഹചര്യത്തിൽ തകർന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഉയരപ്പാതയായി പുനർനിർമ്മിക്കാനാണ് ആലോചനകൾ നടക്കുന്നത്. പ്രാഥമിക വിലയിരുത്തലിന് പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്താൻ മന്ത്രിമാരുടെ യോഗം തീരുമാനിച്ചു.

24 കിലോമീറ്ററുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഭാവിയിൽ വെള്ളപ്പൊക്കമുണ്ടായാലും ബാധിക്കാത്തവിധം പുതുക്കിപ്പണിയാനാണ് ആലോചന. റോഡ് പുതുക്കിപ്പണിയാൻ മൂന്ന് മാർഗങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്. കെ.എസ്.ടി.പി.യിൽത്തന്നെ നിലനിർത്തി പുതുക്കിപ്പണിയുക, കിഫ്ബിയുടെ പണം ഉപയോഗിക്കുക, പൊതുമരാമത്ത് വകുപ്പുതന്നെ പുതുക്കിപ്പണിയുക എന്നിവ. ഇതേക്കുറിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം ഇതിൽ തീരുമാനമെടുക്കും. ഇതിനൊപ്പമാണ് ഫ്‌ളൈ ഓവറിന്റെ സാധ്യത പരിശോധിക്കുന്നത്. ഫ്‌ളൈ ഓവർ നിർമ്മിച്ചാൽ ഈ റൂട്ടിലെ ഗതാഗത പ്രശ്‌നങ്ങൾ മഴക്കാലത്തും പരിഹരിക്കാനാവും.

എന്നാൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഉയരപ്പാത നിർമ്മിക്കാൻ പ്രധാന തടസ്സം പണമാണ്. ഉയരപ്പാതയ്ക്ക് കിലോമീറ്ററിന് നൂറുമുതൽ 120 കോടിരൂപവരെ ചെലവാകും. എന്നാൽ കുട്ടനാടിന്റെ സവിശേഷതകൾ കാരണം ഇതിലും ഇരട്ടി പണം ചെലവാകും. 5000 കോടി
രൂപ കുറഞ്ഞത് ചെലവാകുമെന്നാണ് സൂചന. ചെളിയിൽ നല്ല ബലമുള്ള തൂണുകൾ ഉയർത്താനാണ് അധികച്ചെലവ്. അതുകൊണ്ട് തന്നെ പ്രതിസന്ധിയിലുള്ള സർക്കാരിന് ഈ 5000 കോടി കണ്ടെത്തുകയ ഏറെ പ്രയാസകരമാണ്. കിഫ്ബിയുടെ സാധ്യതയും പരിശോധിക്കും. നിലവിലുള്ള റോഡ് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ്. ഉയരപ്പാത നിർമ്മിച്ചാൽ ഒഴുക്ക് തടസ്സപ്പെടില്ല. അതും കുട്ടനാട്ടിലെ പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാകും.

കനത്ത മഴയിൽ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് വെള്ളത്തിനടിയിലായിരുന്നു. കിടങ്ങറയ്ക്കും മങ്കൊമ്പിനു ഇടയിൽ 6 ഇടത്താണ് വെള്ളം കയറിയത്. കിഴക്കൻ വെള്ളത്തിന്റെ വരവുകൂടി ശക്തിയായതോടെ എ സി റോഡിലെ ഗതാഗതം ബുദ്ധിമുട്ടിലായി. .ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന എ സി റോഡ് വെള്ളത്തിനടിയിലാകുന്നത് ഏറെ പ്രശ്‌നങ്ങളും സൃഷ്ടിച്ചു. ദുരിതാശ്വാസം പോലും അവതാളത്തിലായി. കിടാങ്ങറ മുതൽ മങ്കൊമ്പ് വരെ റോഡും കനാലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി. സാഹസികമായി മാത്രമേ ഇതു വഴി ചെറു വാഹനങ്ങൾക്ക് പോകാൻ കഴിയു. ഇരു ചക്ര വാഹനക്കാർ അപകടത്തിൽ പെടുന്നത് നിത്യ സംഭവവും, കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ റോഡിന്റെ മിക്ക ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. ഇതിന്റെ അറ്റ കുറ്റ പണികൾ നടക്കുന്നതിനു ഇടയിലാണ് വീണ്ടും വെള്ളം കയറിയത്. ഈ സാഹചര്യത്തിലാണ് ഫ്‌ളൈ ഓവർ എന്ന സാധ്യത പരിശോധിക്കുന്നത്.

വെള്ളമിറങ്ങിയാലുടൻ ആലപ്പുഴചങ്ങനാശേരി റോഡ് (എസി റോഡ്) പൊളിച്ചു പണിയുകയാണ് ഉത്തമമെന്നു വിദഗ്ധ നിർദ്ദേശം. മഴക്കാലം ആരംഭിച്ചതു മുതൽ എസി റോഡിന്റെ മുക്കാൽ ഭാഗവും തുടർച്ചയായി വെള്ളത്തിനടിയിലായതിനാൽ ബലക്ഷയം ഉണ്ടായിട്ടുണ്ടാകുമെന്നാണു വിലയിരുത്തൽ. വെള്ളമിറങ്ങിയശേഷം റോഡിന്റെ സ്ഥിതിയെക്കുറിച്ചു വിശദമായ പഠനം വേണ്ടിവരും. തുടർച്ചയായി വെള്ളത്തിനടിയിലായതിനാൽ റോഡിലെ വിള്ളലുകളിലൂടെ ബിറ്റുമിൻ കോൺക്രീറ്റിന്റെ ഓരോ പാളിയിലേക്കും വെള്ളം കയറുമെന്ന് ഉറപ്പാണെന്നു നാഷനൽ ട്രാൻസ്‌പോർട് പ്ലാനിങ് ആൻഡ് റിസർച് സെന്ററിലെ (നാറ്റ്പാക്) വിദഗ്ദ്ധർ പറയുന്നു.

എസി റോഡിൽ ഇപ്പോൾത്തന്നെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. 2,200 കുഴികൾ എസി റോഡിൽ ആകെയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, കനത്ത മഴ മൂലം റോഡിന്റെ അറ്റകുറ്റപ്പണി കാര്യമായി നടന്നിട്ടില്ല. കുഴികളിലൂടെ വെള്ളം താഴേത്തട്ടുവരെ ഊർന്നിറങ്ങി അടിത്തറയ്ക്കു ബലക്ഷയമുണ്ടാക്കും. ചെളിമണ്ണിൽ ഉയർത്തിയതാണ് എസി റോഡിന്റെ അടിത്തട്ട്. വാഹനങ്ങളുടെ ഭാരത്തിനു താങ്ങു നൽകാൻ ചെളിമണ്ണിനു കഴിയില്ല. ഭാരം കൂടുന്തോറും ചെളിമണ്ണ് ഒഴുകി മാറുകയേയുള്ളു. പ്രതിവിധി ഉയരം കൂട്ടി പുനർനിർമ്മാണം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നവിധം എസി റോഡ് യാത്രായോഗ്യമാക്കണമെങ്കിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചു പുനർനിർമ്മിക്കണം.

ലൈം സ്റ്റെബിലൈസേഷൻ ഉൾപ്പെടെ റോഡ് നിർമ്മാണത്തിൽ ചെളിമണ്ണ് ഉറപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഇവിടെ പ്രയോഗിക്കണം. നിലവിലെ വെള്ളപ്പൊക്കത്തിന്റെ അടിസ്ഥാനത്തിൽ ഇരുവശങ്ങളിലെയും പാടശേഖരങ്ങളുടെയും എസി കനാലിന്റെയും പരമാവധി ഉയർന്ന ജലനിരപ്പിനേക്കാൾ ഉയരത്തിൽ റോഡ് പുതുക്കിപ്പണിയണമെന്നാണ് വിദഗ്ദ അഭിപ്രായവും. ഇത് മനസ്സിലാക്കിയാണ് ഫ്‌ളൈ ഓവർ സാധ്യത ആരായുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP