Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമൽ ഹാസൻ നായകനായ ഷങ്കർ സിനിമയുടെ ഷൂട്ടിംഗിൽ ക്രെയിൻ മറിഞ്ഞ് സഹസംവിധായകൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു; ഒൻപത് പേരെ പരുക്കുകളോടെ ആശുപത്രിയിലാക്കി; കൊറോണ ബാധയെ തുടർന്ന് ചൈനയിലെ ഷൂട്ടിങ് രംഗം ഒഴിവാക്കിയ ഇന്ത്യൻ 2-വിന്റെ സെറ്റിലെ അപകടത്തിൽ നടുങ്ങി കോളിവുഡ്; ചെന്നൈയിലെ ഫിലിംസിറ്റിയിലെ ദുരന്തത്തിൽ രക്ഷാ ദൗത്യം ഏറ്റെടുത്ത് നായകൻ

കമൽ ഹാസൻ നായകനായ ഷങ്കർ സിനിമയുടെ ഷൂട്ടിംഗിൽ ക്രെയിൻ മറിഞ്ഞ് സഹസംവിധായകൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു; ഒൻപത് പേരെ പരുക്കുകളോടെ ആശുപത്രിയിലാക്കി; കൊറോണ ബാധയെ തുടർന്ന് ചൈനയിലെ ഷൂട്ടിങ് രംഗം ഒഴിവാക്കിയ ഇന്ത്യൻ 2-വിന്റെ സെറ്റിലെ അപകടത്തിൽ നടുങ്ങി കോളിവുഡ്; ചെന്നൈയിലെ ഫിലിംസിറ്റിയിലെ ദുരന്തത്തിൽ രക്ഷാ ദൗത്യം ഏറ്റെടുത്ത് നായകൻ

സ്വന്തം ലേഖകൻ

ചെന്നൈ: കമൽ ഹാസൻ നായകനായ ഷങ്കർ സിനിമയുടെ ഷൂട്ടിംഗിൽ ക്രെയിൻ മറിഞ്ഞ് സഹസംവിധായകൻ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ പരക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷങ്കർ സിനിമയായ ഇന്ത്യൻ 2-വിന്റെ സെറ്റിലാണ് ക്രെയിൻ മറിഞ്ഞ് അപകടം ഉണ്ടായത്. സഹസംവിധായകൻ കൃഷ്ണ (34), സെറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. മൻചാങ്(37), വാസു(35), റംസാൻ(43), അരുൺ പ്രശാന്ത്(24), കുമാർ(52), കലൈചിത്ര, ഗുണബാലൻ, തിരുനാവക്കരശു(45), മുരുഗദോസ്(40) എന്നിവർക്കാണ് പരുക്കേറ്റത്.

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിൽ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതൽ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളിൽ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകൾ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയിൽപ്പെട്ട മൂന്നുപേർ തൽക്ഷണം മരിക്കുക ആയിരുന്നു. 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകൻ ഉൾപ്പെടെ ഉള്ളവർ ഇരുന്ന ടെന്റിനു മുകളിലേക്കു മറിയുകയായിരുന്നു. ഹെവി ഡ്യൂട്ടി ലൈറ്റുകൾ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്.

സംവിധായകൻ ഷങ്കറിന് കാലിനു പരുക്കേറ്റതായി ആദ്യം വാർത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവരെ സവിത ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചു. സംഭവ സമയത്ത് നടൻ കമൽഹാസനും സെറ്റിൽ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി.

അപകടസമയം ലൊക്കേഷനിൽ ഉണ്ടായിരുന്ന കമൽഹാസന്റെ നേതൃത്വത്തിലാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട മൂന്നു പേരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി സർക്കാർ ജനറൽ ആശുപത്രിയിലേക്കു മാറ്റി. നസാറത്‌പേട്ട് പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി കമൽഹാസൻ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.

1996 ൽ ഷങ്കർ തന്നെ സംവിധാനം ചെയ്ത 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ തുടർഭാഗമായാണ് 'ഇന്ത്യൻ 2' ചിത്രീകരണം തുടങ്ങിയത്. ഒരു വർഷം മുൻപാണ് ചിത്രം പ്രഖ്യാപിച്ചത്. ഏറെ കാലതാമസത്തിനു ശേഷം ഈ മാസം ആദ്യമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനായത്. ഒരു ശസ്ത്രക്രിയയ്ക്കു ശേഷം കമൽഹാസൻ വിശ്രമത്തിലായതാണ് ഷൂട്ടിങ് തുടങ്ങാൻ കാലതാമസമുണ്ടാക്കിയത്. ചൈനയിൽ ചിത്രീകരിക്കാൻ നിശ്ചയിച്ച ചിത്രത്തിന്റെ ഒരു ഭാഗം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിലേക്കു മാറ്റിയിരുന്നു. ഇതിനിടെയാണ് ക്രെയിൻ മറിഞ്ഞ് സെറ്റിൽ അപകടമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.അപകട വാർത്ത പുറത്ത് വന്നതിന് പിന്നാലെ അഗ്നിസുരക്ഷാ സേനയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP