Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നായരായ അനിൽകുമാർ സൗദിയിൽ വെച്ച് ഇസ്ലാം സ്വീകരിച്ച് ഫൈസലായപ്പോൾ തുടങ്ങിയ പ്രശ്‌നങ്ങൾ; ഭാര്യയ്ക്കും മക്കൾക്കും പിന്നാലെ മറ്റ് കുടുംബാംഗങ്ങളും മതംമാറുമെന്ന ആശങ്കയിൽ ആർഎസ്എസുകാർ വഴിയിലിട്ട് വെട്ടിനുറുക്കി; അന്ന് വാളെടുത്ത വിപിനും റോഡിൽ ചോരയിൽ കുളിച്ച് വഴിയിൽ കിടന്ന് അന്ത്യം; മലപ്പുറത്ത് മതത്തിന്റെ പേരിലെ തമ്മിലടിയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ

നായരായ അനിൽകുമാർ സൗദിയിൽ വെച്ച് ഇസ്ലാം സ്വീകരിച്ച് ഫൈസലായപ്പോൾ തുടങ്ങിയ പ്രശ്‌നങ്ങൾ; ഭാര്യയ്ക്കും മക്കൾക്കും പിന്നാലെ മറ്റ് കുടുംബാംഗങ്ങളും മതംമാറുമെന്ന ആശങ്കയിൽ ആർഎസ്എസുകാർ വഴിയിലിട്ട് വെട്ടിനുറുക്കി; അന്ന് വാളെടുത്ത വിപിനും റോഡിൽ ചോരയിൽ കുളിച്ച് വഴിയിൽ കിടന്ന് അന്ത്യം; മലപ്പുറത്ത് മതത്തിന്റെ പേരിലെ തമ്മിലടിയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മതംമാറ്റവും ലൗ ജിഹാദ് ചർച്ചകളുമെല്ലാം ദേശീയ ചാനലുകളിൽ ഇപ്പോൾ നടക്കുന്നത് കേരളത്തിലേക്ക് നോക്കിയാണ്. സംസ്ഥാനത്തെ അവഹേളിക്കുന്ന വിധത്തിലുള്ള ചർച്ചകൾക്ക് വഴിമരുന്നിട്ടു കൊടുക്കുന്നത് മലയാളികൾ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. ഒരു കാലത്ത് മതത്തിന്റെ പേരിൽ തമ്മിലടിച്ച കേരളത്തെ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നാണ് വിശേഷിപ്പിച്ച്. മതത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന ഇപ്പോഴത്തെ ഏർപ്പാട് കാണുമ്പോൾ കേരളം ഭ്രാന്താലയമാണോ എന്ന് തന്നെ തോന്നിപ്പോകും. മതം മാറ്റ പ്രശ്‌നത്തിന്റെ പേരിൽ കേരളത്തിൽ രണ്ട് ജീവനുകളാണ് പരസ്പ്പരം പകവീട്ടി തീർത്തത്. ഇന്ന് രാവിലെയാണ് ഫൈസൽ വധക്കേസിലെ രണ്ടാംപ്രതി വിപിൻ (23)വെട്ടേറ്റ് മരിച്ചത്. ഫൈസൽ വധത്തിന്റെ തുടർച്ചയായാണ് ഈ സംഭവമെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ, ആരാണ് കൊലയ്ക്ക് പിന്നിലെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

കൂലിത്തൊഴിലാളിയായ വിപിൻ രാവിലെ ജോലി സ്ഥലത്തേക്ക് പോവുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തിരൂർ പുളിഞ്ചോട് ജങ്ഷനിലായിരുന്നു സംഭവം. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാൾ മരിച്ചു. സമീപത്തുനിന്നുതന്നെ വിപിന്റെ ബൈക്കും മൊബൈൽ ഫോണും ലഭിച്ചു. പൊലിസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പൊലീസ് സർജനില്ലാത്തതിനാൽ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റി.

നായരായ അനിൽകുമാർ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് കൊല്ലപ്പെടുന്നത്. ഫൈസലെന്ന പേര് സ്വീകരിച്ച അനിൽകുമാർ ഭാര്യയെയും മക്കളെയും മതംമാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റ് കുടുംബാംഗങ്ങളും മതംമാറുമെന്ന ഘട്ടം വന്നതോടെയാണ് ആർഎസ്എസുകാർ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2016 നവംബർ 19നാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. ഫൈസലിനെ കുത്തിക്കൊന്നവരുടെ സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ് വിപിൻ. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.

സൗദി അറേബ്യയിലേക്ക് മടങ്ങിപ്പോകുന്നതിന്റെ തലേന്നായിരുന്നു ഫൈസൽ കുത്തേറ്റ് മരിച്ചത്. നെയ്യാറ്റിൻകരയിൽനിന്ന് വരികയായിരുന്ന ഭാര്യവീട്ടുകാരെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോവുമ്പോഴാണ് ഫൈസൽ ആക്രമിക്കപ്പെട്ടത്. ആറുവർഷമായി സൗദിയിൽ ഡ്രൈവറായി ജോലി നോക്കുകയാണ് അയാൾ. സൗദിയിൽ നിന്നും നാട്ടിലെത്തിയ ഫൈസൽ ഭാര്യ പ്രിയയെയും മൂന്ന് മക്കളെയും ഇസ്ലാമിലേക്ക് മാറ്റിയിരുന്നു. അമ്മ മീനാക്ഷിയെയും ഇസ്ലാം മതത്തിൽ ചേർക്കണമെന്ന് ഫൈസൽ ആഗ്രഹിച്ചിരുന്നു. ഈ കൊലപാതകത്തിന് ശേഷം ഇവർ ഇസ്ലാമിലേക്ക് മതംമാറുകയും ചെയ്തു.

ഫൈസലിന്റെ കുടുംബത്തിൽ മതം മാറിയവർ വേറെയുമുണ്ടായിരുന്നു. സൗദി അറേബ്യയിലെ റിയാദ് ബദിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫൈസൽ ഇസ്ലാമിനെ കുറിച്ച് ഇക്കാലയളവിൽ പഠിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഇവിടെ നിന്നും ഇസ്ലാം മതം സ്വീകരിച്ച അനിൽകുമാർ ഫൈസൽ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ജോലി സ്ഥലത്ത് നിന്നും ഫൈസൽ ആറ് മാസം മുമ്പാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് ഇന്നാണ് ജോലിസ്ഥലത്തേക്ക് തിരിക്കേണ്ടിയിരുന്നത്. ഗൾഫിലുള്ളപ്പോൾ തന്നെ ഭാര്യയും മക്കളും ഖുർആൻ പഠനം ആരംഭിച്ചിരുന്നു. ഫൈസൽ നാട്ടിലെത്തിയ ശേഷം ഭാര്യയെയും മക്കളെയും മതം മാറ്റുകയുണ്ടായി. ഇതിൽ ഫൈസലിന്റെ കുടുംബത്തിൽപ്പെട്ട ചിലർ കടുത്ത ഭാഷയിൽ എതിർക്കുകയുണ്ടായി. ഇത് പല സൃഹൃത്തുക്കളോടും ഫൈസൽ പറഞ്ഞിട്ടുണ്ട്. നെയ്യാറ്റിൻകര സ്വദേശിനിയായ ഭാര്യയുടെ വീട്ടുകാർക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും കാര്യമായ എതിർപ്പിന് അവർ മുതിർന്നില്ല.

റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭാര്യയുടെ ബന്ധുക്കളെ കൂട്ടികൊണ്ടു വരാൻ പോകുന്നതിനിടെയായിരുന്നു കൊലപാതകം. ഇത് മുൻകൂട്ടി അറിഞ്ഞ സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഫൈസലിന്റെ കുടുംബത്തിൽപ്പെട്ട ചിലരുടെ സഹായം കൊലയാളി സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. സംഘത്തിൽപ്പെട്ടവരുടെ ഫോണിലേക്കു വന്ന കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുള്ളത്. കൊടിഞ്ഞി പാല പാർക്കിൽ വാടക വീട്ടിലാണ് ഫൈസലും കുടുംബവും താമസിച്ചിരുന്നത്.

ഈ കേസിൽ സംഭവവുമായി ബന്ധപ്പെട്ട് സഹോദരീ ഭർത്താവടക്കം എട്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം നൽകി വിട്ടയക്കുകയുമുണ്ടായി. ആർഎസ്എസ് വാടകയ്‌ക്കെടുത്ത കൊലയാളി സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നു വിപിൻ. ഫൈസലിനെ കൊലപ്പെടുത്താൻ വേണ്ടി വാളെടുത്ത വ്യക്തി തന്നെ ഇപ്പോൾ കൊല്ലപ്പെട്ടിരിക്കയാണ്. കൊലപാതകത്തിന് പിന്നിൽ ചില സംഘടനകൾക്ക് പങ്കുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. മലപ്പുറം ജില്ലയിലെ സൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കാൻ വേണ്ടിയാണ് ഇപ്പോൾ കൊലപാതകം നടന്നതെന്നും വിലയിരുത്തുന്നുണ്ട്. അക്രമസാധ്യത മുന്നിൽ കണ്ട് ജാഗ്രത പുലർത്താനാണ് നിർദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP