Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മസ്തിഷ്‌കജ്വരത്തിൽ വിറച്ച് ബിഹാർ; ആറുകുട്ടികൾക്കൂടി മരിച്ചതോടെ മരണസംഖ്യ 103ആയി; 12കുട്ടികൾ ഗുരുതരാവസ്ഥയിൽ; സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മിഷൻ സർക്കാരിന് നോട്ടീസ് അയച്ചു; മരണകാരണത്തിൽ പരസ്പരം പോരാടിച്ച് ഡോക്ടർമാരും ജില്ലാ അധികൃതരും; വാക്‌സിനേഷനിൽ വീഴ്ച പറ്റിയെന്ന് വിലയിരുത്തൽ

മസ്തിഷ്‌കജ്വരത്തിൽ വിറച്ച് ബിഹാർ; ആറുകുട്ടികൾക്കൂടി മരിച്ചതോടെ മരണസംഖ്യ 103ആയി; 12കുട്ടികൾ ഗുരുതരാവസ്ഥയിൽ; സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മിഷൻ സർക്കാരിന് നോട്ടീസ് അയച്ചു; മരണകാരണത്തിൽ പരസ്പരം പോരാടിച്ച് ഡോക്ടർമാരും ജില്ലാ അധികൃതരും; വാക്‌സിനേഷനിൽ വീഴ്ച പറ്റിയെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

പട്‌ന: ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്‌കജ്വരം ബാധിച്ച് തിങ്കളാഴ്ച ആറു കുട്ടികൾകൂടി മരിച്ചു. ഇതോടെ മരണസംഖ്യ 103 ആയി ഉയർന്നു.കെജ്രിവാൾ ആശുപത്രിയിൽ 18 പേരും ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 85 കുട്ടികളുമാണ് ഇതുവരെ മരിച്ചതെന്ന് ജില്ലാ അധികൃതർ അറിയിച്ചു. രണ്ട് ആശുപത്രികളിലുമായി 12 കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.

കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. മരണസംഖ്യ ഉയരുന്നതു പരിഗണിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.ബിഹാർ സർക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും കമ്മീഷൻ നോട്ടീസ് നൽകി. മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് നോട്ടീസിലെ ആവശ്യം. വാക്‌സിനേഷനും ബോധവത്കരണ പരിപാടികളും നൽകുന്നതിലുൾപ്പെടെ വീഴ്ചയുണ്ടായെന്നതിന്റെ സൂചനയാണ് ഇത്രയും മരണങ്ങളെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

മസ്തിഷ്‌കജ്വരം വ്യാപിക്കുന്നതു തടയാനും സ്ഥിതി നേരിടാനുമെടുത്ത നടപടികൾ നാലാഴ്ചയ്ക്കകം അറിയിക്കണം. നിലവിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്കു നല്കുന്ന ചികിത്സകൾ, കുട്ടികൾ മരിച്ച കുടുംബങ്ങൾക്ക് എന്തെല്ലാം സഹായം നൽകി എന്നിവയും അറിയിക്കണം. അതേസമയം, മസ്തിഷ്‌കജ്വരമാണു മരണകാരണമെന്നു ഡോക്ടർമാർ പറയുമ്പോഴും ജില്ലാ അധികൃതർ അതംഗീകരിക്കുന്നില്ല. ഉയർന്ന ചൂടും അന്തരീക്ഷഈർപ്പവും കാരണം രക്തത്തിലെ പഞ്ചസാര കുറയുന്നതും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയും ഉണ്ടാക്കുന്ന ഹൈപ്പോഗ്ലൈസീമിയ ആണ് കുട്ടികൾ മരിക്കാൻ കാരണമെന്നാണ് അവരുടെ വാദം.

അതേസമയം മരണസംഖ്യ ഉയർന്നതിനെ തുടർന്ന് കൂടുതൽ ഐസിയുകൾ സർക്കാർ അനുവദിച്ചു. ബിഹാറിൽ അഞ്ച് വൈറോളജിക്കൽ ലാബുകൾ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർധൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. അദ്ദേഹം ഞായറാഴ്ച ബിഹാർ സന്ദർശിച്ചിരുന്നു.

വ്യാഴാഴ്ച, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളടങ്ങിയ ഏഴംഗ വിദഗ്ധ സംഘം രണ്ട് ആശുപത്രികളും സന്ദർശിച്ചിരുന്നു. കുട്ടികൾക്കായി പ്രത്യേക വാർഡ് വേണമെന്നും കുട്ടികളുടെ സാംപിളുകൾ പരിശോധിക്കാൻ പ്രത്യേക ലാബ് തുറക്കണമെന്നും വിദഗ്ധ സംഘം നിർദ്ദേശിച്ചു. ''ഇത്തരം രോഗം ബാധിച്ചെത്തുന്ന കുട്ടികൾക്കുള്ള ചികിത്സയ്ക്കായി വിദഗ്ധ സംഘം പ്രത്യേക ചികിത്സാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കുട്ടികളുടെ റിപ്പോർട്ട് മാത്രം പരിശോധിക്കാനായി ലാബ് തുറക്കുന്നതോടെ പെട്ടെന്ന് ഫലം പരിശോധിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാകും'', മുസഫർപൂർ സിവിൽ സർജൻ ഡോ. ശൈലേഷ് കുമാർ വ്യക്തമാക്കി.

രോഗം ബാധിച്ച കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ബംഗാൾ ആരോഗ്യമന്ത്രി മംഗൾ പാണ്ഡേ വ്യക്തമാക്കി. മരുന്നുകൾ മുതൽ കൂടുതൽ ഡോക്ടർമാരെ എത്തിക്കുന്നത് വരെ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പട്‌നയിലെ എയിംസിൽ നിന്ന് നഴ്‌സുമാരെ വിവിധ ആശുപത്രികളിലേക്ക് നിയോഗിച്ചിട്ടുണ്ട്. മംഗൾ പാണ്ഡേ വ്യക്തമാക്കി. എന്നാൽ അസുഖബാധ കഴിഞ്ഞ ജനുവരിയിൽത്തന്നെ തുടങ്ങിയിട്ടും കൃത്യമായ നടപടികളോ മുന്നറിയിപ്പോ ആരോഗ്യവകുപ്പ് നൽകാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എൻസിഫിലൈറ്റിസ് സിൻഡ്രോം ബാധിച്ചത്. കുഞ്ഞുങ്ങളെയും ചെറുപ്പക്കാരെയുമാണ് രോഗം കൂടുതൽ ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയും. വിറയൽ, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങും. മഴക്കാലത്താണ് ഈ രോഗം സാധാരണ പടർന്നു പിടിക്കാൻ സാധ്യത. എന്നാലിത്തവണ വേനൽക്കാലത്താണ് ബിഹാറിൽ രോഗം പടർന്നിരിക്കുന്നത്.

ജാപ്പനീസ് എൻസിഫലൈറ്റിസ് വൈറസ് (ജെഇവി) എന്ന വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്. 1955-ൽ തമിഴ്‌നാട്ടിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇതേ തരം വൈറസാണിപ്പോൾ ബിഹാറിലും പടർന്നുപിടിച്ചിരിക്കുന്നത്. പ്രധാനമായും അസം, ബിഹാർ, ജാർഖണ്ഡ്, കർണാടക, മണിപ്പൂർ, മേഘാലയ, ത്രിപുര, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ വൈറസ് ബാധ കാണപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP