Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാടിന്റെ തണുപ്പിൽ കല്ലാറിന്റെ കുളിരോളങ്ങളിലൂടെ ഒരു കുട്ടവഞ്ചി യാത്ര; കേരളത്തിന്റെ ഹൊഗനഗൽ എന്ന പേരിൽ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയ പത്തനംതിട്ട കോന്നിയിലെ അടവിയിലേക്ക് എത്തുന്നത് വിദേശികളടക്കമുള്ളവർ; മറ്റൊരു ഇക്കോ ടൂറിസത്തിനും നൽകാൻ കഴിയാത്ത കാഴ്‌ച്ചകൾ സമ്മാനിക്കുന്ന പേരുവാലി മുതൽ അടവി വരെയുള്ള അഞ്ച് കിലോമീറ്റർ വഞ്ചിയാത്രയ്ക്ക് കുടുംബത്തോടൊപ്പം തീർച്ചയായും പോകണം

കാടിന്റെ തണുപ്പിൽ കല്ലാറിന്റെ കുളിരോളങ്ങളിലൂടെ ഒരു കുട്ടവഞ്ചി യാത്ര; കേരളത്തിന്റെ ഹൊഗനഗൽ എന്ന പേരിൽ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയ പത്തനംതിട്ട കോന്നിയിലെ അടവിയിലേക്ക് എത്തുന്നത് വിദേശികളടക്കമുള്ളവർ; മറ്റൊരു ഇക്കോ ടൂറിസത്തിനും നൽകാൻ കഴിയാത്ത കാഴ്‌ച്ചകൾ സമ്മാനിക്കുന്ന പേരുവാലി മുതൽ അടവി വരെയുള്ള അഞ്ച് കിലോമീറ്റർ വഞ്ചിയാത്രയ്ക്ക് കുടുംബത്തോടൊപ്പം തീർച്ചയായും പോകണം

ആർ പീയൂഷ്

പത്തനംതിട്ട: മലനിരകൾക്കിടയിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും വനഭംഗി ആസ്വദിച്ച് ഒരു കുട്ടവഞ്ചി സവാരി നടത്തിയാൽ എന്ത് രസമായിരിക്കും. ഇങ്ങ് പത്തനംതിട്ടയിൽ കോന്നിക്ക് സമീപം അടവിയിലാണ് സഞ്ചാരികളെ കാത്ത് കുട്ട വഞ്ചികൾ ഉള്ളത്. കാടിനു നടുവിലൂടെ, കല്ലാറിന്റെ കുളിരോളങ്ങളിലൂടെ, പുഴക്ക് നെടുകെയുള്ള തുഴയൽ. ഒരു തുഴക്കാരൻ കൂടെയുണ്ടാവും. സഞ്ചാരികൾക്ക് തനിയേ തുഴയാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കാനന ഭംഗിയും കല്ലാറിന്റെ കുളിരും മറ്റും ആസ്വദിച്ചൊരു യാത്ര സഞ്ചാരികൾക്ക് നവ്യാനുഭവമേകും. വനത്തിന്റെ വശ്യമനോഹര കാഴ്ചകൾ കണ്ടും ഇടയ്ക്ക് വന്യമൃഗങ്ങളെ കണ്ടും മുന്നോട്ട് പോകാം.

കോന്നി റിസർവ് വനങ്ങളുടെ ഭാഗമായ അടവി നിബിഡ വനങ്ങളാൽ സമ്പന്നമാണ്. കല്ലാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന പേരുവാലി മുതൽ അടവി വരെയുള്ള 5 കിലോമീറ്റർ നദീതീരം മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രത്തിനും നൽകാൻ കഴിയാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്. കല്ലാറിലൂടെയുള്ള കുട്ടവഞ്ചി സഞ്ചാരമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. കേരളത്തിൽ ആദ്യമായി കുട്ടവഞ്ചി ടൂറിസം നടപ്പിലാക്കുന്നത് ഇവിടെയാണ്. കർണ്ണാടകയിലെ ഹൊഗനക്കലിൽ പോയിട്ടുള്ളവർ ഇത്തരം കുട്ടവഞ്ചികൾ കണ്ടിട്ടുണ്ടാകും. വളരെ രസകരമാണ് കുട്ടവഞ്ചി യാത്ര. കല്ലാറിൽ മുണ്ടോംമുഴി മുതൽ ഇരട്ടയാർ വരെയുള്ള നാലുകീലോമീറ്റർ ദൂരമാണ് കുട്ടവഞ്ചിയിലുള്ള സാഹസിക യാത്ര.

തുടങ്ങിയ നാൾ മുതൽ ഇവിടെ തുഴച്ചിൽകാരനാണ് വിൽസൺ. മികച്ചൊരു ഗൈഡ് തന്നെയാണ് ഇദ്ദേഹം. വിൽസൺ മാത്രമല്ല മറ്റുള്ളവരും ഒന്നിനൊന്ന് മികച്ചതാണ്. എങ്കിലും ഏറ്റവും നന്നായി ഇവിടുത്തെ ഭൂമി ശാസ്ത്രം വിൽസൺ ചേട്ടന് അറിയാം. പതിനഞ്ചാം നമ്പർ തുഴച്ചിൽകാരനാണ് അദ്ദേഹം. എല്ലാ വിവരങ്ങളും പറഞ്ഞു തരാൻ മിടുക്കനാണ് എന്ന് പറഞ്ഞ് മാനേജർ കുറിപ്പ് എഴുതി തന്നത് വിൽസൺ ചേട്ടനാണ്. അങ്ങനെ ഞങ്ങൾ വഞ്ചിയിലേക്ക് കയറി. വഞ്ചിയിൽ കയറുന്നതിന് മുൻപ് ചെരുപ്പുകൾ അഴിച്ചു വയ്ക്കണം. പിന്നെ ചെറിയ കുഷ്യൻ വഞ്ചിയിൽ നിരത്തി വച്ചിട്ടുണ്ട്. അതിലേക്ക് ഓരോരുത്തരായി കയറി ഇരിക്കണം. ഇരുന്നു കഴിയുമ്പോൾ അവർ നമ്മുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി തരും. പിന്നീട് തുഴച്ചിൽ തുടങ്ങുകയായി.

തുഴച്ചിലിനിടയിൽ അവിടുത്തെ ഭൂപ്രകൃതിയെപറ്റിയും മറ്റും വിൽസൺ ചേട്ടൻ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. ഒപ്പം രസിപ്പിക്കാനായി കുസൃതി ചോദ്യങ്ങളും. ആനകൾ വെള്ളം കുടിക്കാനും കുളിക്കാനും വരുന്ന സ്ഥലങ്ങളും മറ്റുമൊക്കെ കാട്ടിതന്നു. ഇതിനിടയ്ക്ക് എത്തുന്ന സഞ്ചാരികൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും പറഞ്ഞു. ഒരു റൗണ്ട് പൂർത്തിയാക്കി തിരികെ കേറിയിടത്ത് തന്നെ ഇറങ്ങി. പിന്നെ മടക്കം. അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കുമ്പോഴാണ് അടവിയിൽ കുട്ടവഞ്ചി യാത്ര തുടങ്ങിയത്. ഇന്നിപ്പോൾ അടവിയിലെ കുട്ടവഞ്ചി യാത്രയുടെ ഖ്യാതി സ്വദേശത്തും, വിദേശത്തും വരെ എത്തിക്കഴിഞ്ഞു. പരിമിതികൾക്കിടയിൽ ആശങ്കകളോടെ ആരംഭിച്ച കുട്ടവഞ്ചി സവാരി കേന്ദ്രം ഇന്നു വിനോദ സഞ്ചാരികളെക്കൊണ്ടു നിറഞ്ഞ അവസ്ഥയിലാണ്. പൂന്തോട്ടത്തിനിടയിലെ പാതയിലൂടെ നടന്നാണു വിനോദ സഞ്ചാരികൾ സവാരി കേന്ദ്രത്തിലെത്തേണ്ടത്. പഴയ കുട്ടവഞ്ചികൊണ്ട് മേൽക്കൂര തീർത്ത് നിരവധി ഇരിപ്പിടങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

ഇതിനു സമീപത്തായി മുളകൊണ്ടു നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ കോട്ടേജുകളിൽ കാന്റീൻ, ടിക്കറ്റ് കൗണ്ടർ, സന്ദർശക മുറി, സ്റ്റോർ റൂം, ടോയ്‌ലറ്റ് എന്നിവ പൂർത്തിയായിട്ടുണ്ട്. അടവിയുമായി ബന്ധപ്പെടുത്തി 2016 ൽ പേരു വാലിയിൽ ആരംഭിച്ച ബാംബൂഹട്ടിൽ താമസിക്കാൻ നിരവധി പേർ കുടുംബമായി എത്തുന്നു. ആറു ഹട്ടുകളിൽ ഒന്ന് ആഹാരം കഴിക്കാനും മറ്റും ഉപയോഗിക്കുന്നു. കല്ലാറിന്റെ തീരത്തെ ഹട്ടിൽ അന്തിയുറങ്ങുന്നതും, രാത്രി വന്യജീവികളുടെ ശബ്ദം കേൾക്കുന്നതും അവയെ കാണുന്നതും സഞ്ചാരികൾക്ക് ആകർഷകമാണ്.

ഇതിനു സമീപം വനിതാ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കഫേ യൂണിറ്റ് പ്രവർത്തിക്കുന്നു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കഫേയിൽ വിനോദ സഞ്ചാരികൾക്ക് ഇഷ്ടപ്പെടുന്ന ഭക്ഷ്യവസ്തുക്കളും, പാനീയങ്ങളും ലഭിക്കും. ഇതിനോടകം നിരവധി സിനിമ, സീരിയൽ ചിത്രീകരണവും ഇവിടെ നടന്നിട്ടുണ്ട്. ഇക്കോ- ടൂറിസം പദ്ധതിയിൽ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ഇടമായി അടവി കുട്ടവഞ്ചി സവാരി കേന്ദ്രം മാറിയിട്ടുണ്ട്. ഒരോ വർഷവും പിന്നിടുമ്പോഴും വരുമാനം വർധിച്ചു വരികയാണ്.

കൊല്ലത്തുനിന്നും കൊട്ടാരക്കരയിൽ നിന്നുമെല്ലാം കെഎസ്ആർടിസി അടക്കം ധാരാളം ബസ് സർവീസ് കോന്നിയിലേക്കുണ്ട്. കടുത്ത വേനൽകാലത്ത് അടവി ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടുന്നതിനാൽ യാത്ര ഒഴിവാക്കാം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം. കോന്നി ആനക്കൂട് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ് അടവി ഇക്കോ ടൂറിസം കേന്ദ്രവും പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അടവി ഇക്കോ ടൂറിസം ഓഫീസുമായോ കോന്നി ഇക്കോ ടൂറിസം ഓഫിസുമായോ ബന്ധപ്പെടാം.

കോന്നിയിൽ നിന്ന് പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ അടവിയിലെത്താം. കാറിൽ ആണ് എങ്കിൽ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടെങ്കിലും ബസ്സിൽ ആണ് എങ്കിൽ ബസ് ഇറങ്ങി മുന്നോട്ടു നടക്കണം, റോഡിൽ നിന്നും താഴോട്ട് ഇറങ്ങി വന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ രണ്ടു കുടിലുകൾ കാണാം. സംശയങ്ങൾ അവിടെ തീർക്കാം. രണ്ടു തരത്തിൽ ഉള്ള കുട്ട വഞ്ചി സവാരി ആണ് ഉള്ളത്. ഒന്ന് 500 രൂപയുടെ ഹ്രസ്വ സവാരിയും രണ്ട് ദീർഘ 900 രൂപയുടെ ദീർഘസവാരിയുമാണ് അവ.

മുതിർന്നവരും ഒരു കുട്ടിയുമുൾപ്പെടെ പരമാവധി അഞ്ചു പേർക്കാണ് കുട്ടവഞ്ചിയിൽ സഞ്ചരിക്കാൻ കഴിയുന്നത്. ആദ്യ സവാരി, അരമണിക്കൂർ നേരം ആണ് ഉള്ളത് അര മണിക്കൂർ കൊണ്ട് ഒന്ന് ചുറ്റി കറങ്ങും. ഇതിൽ ഏറ്റവും ആകർഷണം രണ്ടാമത്തെ സവാരിയാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2014ന്റെ ആദ്യപകുതിയിൽ പത്തനംതിട്ട അടവി ടൂറിസം പദ്ധതിയുടെ ഭാഗമായി മുണ്ടവൻ മൂഴിയിൽ കുട്ടവഞ്ചിയിറക്കിയത്. പത്തനംതിട്ട വനംവകുപ്പിന്റെ മേൽനോട്ടത്തിൽ കോന്നി ഇക്കൊടൂറിസം കേന്ദ്രത്തിൽ നിർമ്മിച്ച ഏഴ് വട്ടവള്ളങ്ങളുമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഹൊഗനക്കൽ ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രധാന തുഴച്ചിൽക്കാരനായ പെരുമാൾ കോന്നിയിലെത്തി എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയിലെ 20 പേർക്കു തുഴച്ചിലിൽ പരിശീലനം നൽകുകയായിരുന്നു. പെരുമാളാണ് 13 കുട്ടവഞ്ചികൾ നിർമ്മിച്ചതും. തിരക്കേറിയതോടെ ഹൊഗനക്കലിൽനിന്നു പുതിയ കുട്ടവഞ്ചികൾകൂടി എത്തിച്ച് വിപുലമായ രീതിയിലാണ് പ്രവർത്തനം.

മുന്നറിയിപ്പ് : 1 ലൈഫ് ജാക്കെറ്റ് നിർബന്ധമായും ധരിക്കണം .
2 . ദീർഘ സവാരിക്കായി പോകുമ്പോൾ ക്യാമറ , ഫോൺ എന്നിവ വെള്ളം കയറാതെ സൂക്ഷിക്കണം , ഒന്ന് രണ്ടു ഇടങ്ങളിൽ ഓളം അടിച്ചു വെള്ളം കയറും തുണി നനയും അതിനുള്ള മുൻകരുതൽ കൂടി എടുത്തോണം

ജില്ലാ ടൂറിസം ഇൻഫോർമേഷൻ ഓഫീസ് : 0468 2326409
കോന്നി ഇക്കോ ടൂറിസം ഓഫീസ് : 0468 2247645

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP