Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചട്ടം ലംഘിച്ച് ഡിഎൽഎഫ് ഫ്‌ലാറ്റ് സമുച്ഛയത്തിന് അനുമതി നൽകിയ നടപടിയെ ന്യായീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രംഗത്ത്; പി കെ മൊഹന്തി ഐഎഎസിന്റെ നടപടി സർക്കാർ നയത്തിനും ഹൈക്കോടതി വിധിക്കും എതിരെന്ന് വിമർശനം

ചട്ടം ലംഘിച്ച് ഡിഎൽഎഫ് ഫ്‌ലാറ്റ് സമുച്ഛയത്തിന് അനുമതി നൽകിയ നടപടിയെ ന്യായീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രംഗത്ത്; പി കെ മൊഹന്തി ഐഎഎസിന്റെ നടപടി സർക്കാർ നയത്തിനും ഹൈക്കോടതി വിധിക്കും എതിരെന്ന് വിമർശനം

കൊച്ചി: നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി ചിലവന്നൂർ തീരത്ത് ഫ്‌ലാറ്റ് നിർമ്മിച്ച കുത്തക കമ്പനി ഡിഎൽഎഫിന് ഒത്താശ ചെയ്യാൻ മുന്നിൽ നിന്നവരുടെ കൂട്ടത്തിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും എല്ലാമുണ്ടായിരുന്നു. പരിസ്ഥിതി നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് നിർമ്മാണമെന്ന് വ്യക്തമായതോടെ നിലപാട് തിരുത്തി സർക്കാർ രംഗത്തെത്തി. വിശദീകരണവുമായി മന്ത്രിമാർ രംഗത്തെത്തുകയും ഫ്‌ലാറ്റ് പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതിന് ഒത്താശ ചെയ്തവരുടെ കൂട്ടത്തിൽ മുന്നിൽ നിന്നത് ഇപ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ ഇരിക്കുന്ന പി കെ മൊഹന്തി ഐഎഎസ് ആണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. സർക്കാർ നിലപാട് മാറ്റിയെങ്കിലും കുത്തക കമ്പനിയെ കൈവിടാതെ രംഗത്തെത്തിയിരിക്കയാണ് ഈ ഉന്നത ഉദ്യോഗസ്ഥൻ.

ഡിഎൽഎഫിനായി അനാവശ്യ ഇടപെടൽ നടത്തിയെന്ന് നിയമസഭ കണ്ടെത്തി തലസ്ഥാനത്ത് നിന്നും നീക്കിയ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റി മെമ്പർ സെക്രട്ടറി പി കെ മൊഹന്തി ഐഎഎസ് ആണ് വീണ്ടും ഡിഎൽഎഫ് അനുകൂല നിലപാടുമായി രംഗത്തെത്തി. ലോകായുക്തയിൽ പരിസ്ഥിതി പ്രവർത്തകനായ കെ ടി ചെഷയർ നല്കിയ പരാതിക്കെതിരായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇപ്പോഴും സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി തുടരുന്ന മൊഹന്തി താൻ മുൻപ് ചെയ്ത കാര്യങ്ങളെ ന്യായീകരിച്ചും കമ്പനിയുടെ വാദങ്ങളെ അംഗീകരിച്ചും വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. മൊഹന്തിയാണ് നിയമപരമായി യാതൊരു സാധുതയും പരിശോധിക്കാതെ ഡി എൽ എഫിന് പാരിസ്ഥിതിക അനുമതി നല്കിയെന്ന് കാണിച്ച് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിക്ക് കത്തെഴുതിയത്. ഇത് മറുനാടൻ മലയാളിയാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

ഇതേ നിലപാട് ആവർത്തിക്കുക മാത്രമല്ല .ഇത് ശരിയാണെന്ന് തെളിയിക്കാനായി വാസ്തവ വിരുദ്ദമായ ചില പരാമർശങ്ങളും സത്യവാങ്മൂലത്തിൽ മൊഹന്തി അവതരിപ്പിച്ചിട്ടുണ്ട്. കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റി മെമ്പർ സെക്രട്ടറി കെ കെ രാമചന്ദ്രന്റെ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഡിഎൽ എഫിനായി കത്തയച്ചത് എന്ന മൊഹന്തിയുടെ വാദവും വസ്തുതകൾക്ക് നിരക്കാത്തതാണ്. ശുപാർശയുണ്ടെന്ന് പറയുമ്പോഴും അദ്ദേഹം അയച്ച കത്തോ മറ്റോ കോടതിയിൽ ഇത് വരെ ഹാജരാക്കാനും മൊഹന്തിക്കോ ഡിഎൽഎഫിനോ കഴിഞ്ഞിട്ടില്ല.

താൻ അങ്ങിനെ ഒരു ശുപാർശ നടത്തിയിട്ടില്ലെന്ന് രാമചന്ദ്രൻ ചീഫ് സെക്രട്ടറിക്കയച്ച റിപ്പോർട്ടിലും പറയുന്നുണ്ട്. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ചീഫ് സെക്രട്ടറി മൊഹന്തിയുടെ നടപടി തെറ്റാണെന്ന് കണ്ടെത്തിയത്. ഇത് നിയമസഭയിലും സർക്കാർ പറഞ്ഞിരുന്നു. അന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും മറ്റും പ്രതിഷേധത്തെ തുടർന്ന് മെമ്പർ സെക്രട്ടറി സ്ഥാനത്ത് നിന്ന് മൊഹന്തിയെ മാറ്റുകയായിരുന്നു.എന്നാൽ അദ്ദേഹം ഇപ്പോഴും അഡീഷണൽ ചീഫ് സെക്രട്ടറി എന്ന പദവി വഹിക്കുന്നുണ്ട്. ഈ പദവിയിൽ ഇരുന്നാണ് സർക്കാരിന്റെ പൊതു നയത്തിനെതിരെ മൊഹന്തി നിലപാടെടുത്തിരിക്കുന്നത്.

ചിലവന്നൂർ കായൽ തീരത്ത് 100 മീറ്റർ ദൂരപരിധി പാലിച്ച് മാത്രമേ നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ പാടുള്ളൂ എന്ന നിയമത്തേയും മൊഹന്തി പരസ്യമായി എതിർക്കുന്നുണ്ട്. ഹൈക്കോടതിയും സർക്കാരും വരെ തള്ളികളഞ്ഞ ഐആർഎസ് ചെന്നൈയുടെ പഠന റിപ്പോർട്ട് പ്രകാരം ഇവിടേയും 50 മീറ്ററാണ് ദൂരപരിധിയെന്നാണ് മൊഹന്തിയുടെ വാദം. ഇതും സർക്കാരിന്റെ പൊതുനയത്തിന് എതിരാണ്. ഹൈക്കോടതിയിൽ ഡിഎൽഎഫ് ഉയർത്തിയ അതേ വാദമാണ് മൊഹന്തി ലോകായുക്തയിൽ നല്കിയിരിക്കുന്ന സത്യവാങ്മൂലത്തിലും പറയുന്നതെന്നാണ് മൊറ്റൊരു രസകരമായ വസ്തുത. ഡിഎൽഎഫിന്റെ കായൽ കയ്യേറി നിർമ്മിച്ച ബഹുനില ഫ്‌ലാറ്റ് സമുച്ചയം പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ച് ഉപാധികളോടെ സ്റ്റേ അനുവധിക്കുകയായിരുന്നു.എന്നാൽ തീരദേശപരിപാലന നിയമം ലംഘിച്ചു എന്ന കോടതിയുടെ കണ്ടെത്തലും നിയമ വിരുദ്ദമായി പലതും നേടിയെടുത്തു എന്ന കണ്ടെത്തലും ഇപ്പോഴും സ്റ്റേയ്ക്കതീതമായി നിലനില്ക്കുന്നുണ്ട്. ഫലത്തിൽ അഞ്ചര ഏക്കറിൽ കെട്ടിയുയർത്തിയ ബഹുനില ഫ്‌ലാറ്റ് സമുച്ചയം നിയമവിരുദ്ധ നിർമ്മാണമായി തന്നെ നിലനില്ക്കുകയാണെന്ന് സാരം. ഇതെല്ലാം രേഖകളായി ഉള്ളപ്പോഴാണ് കോടതിയലക്ഷ്യമായി വിലയിരുത്താവുന്ന മൊഹന്തി ഐ എ എസിന്റെ വിവാദ സത്യവാങ്മൂലം. സർക്കാർ ഉദ്യോഗസ്ഥൻ ഗവണ്മെന്റിന്റെ പൊതുനയത്തിനെതിരെ നിലപാടെടുക്കരുത് എന്നിരിക്കെ മൊഹന്തി നടത്തിയ ഈ ചട്ടലംഘനം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP