Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലുങ്കിമുണ്ട് കീറി കൈകൾ ബന്ധിച്ചു...കൈയിലുണ്ടായിരുന്ന അരിയും മറ്റും പ്രദർശിപ്പിച്ച് മുക്കാലി ടൗണിൽവച്ച് പരസ്യ വിചാരണ; പട്ടിണിപ്പാവത്തെ 'പശ്ചാത്തലമാക്കി' സെൽഫിയെടുത്ത ക്രൂര വിനോദത്തിന് പ്രായം ഒരു വയസ്; നാടിന്റെ പണക്കൊതിയേക്കാൾ കാട്ടിലെ വിശപ്പിനെ സ്‌നേഹിച്ച മധു കേരളക്കരയ്ക്ക് ഇന്നും നീറ്റൽ തന്നെ; മണ്ണാർകാട്ടെ കോടതിയിൽ സ്ഥിരം ജഡ്ജിയില്ലാത്തതും പ്രോസക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കിയതിനും പിന്നാലെ വിചാരണ അനിശ്ചിതത്വത്തിൽ

ലുങ്കിമുണ്ട് കീറി കൈകൾ ബന്ധിച്ചു...കൈയിലുണ്ടായിരുന്ന അരിയും മറ്റും പ്രദർശിപ്പിച്ച് മുക്കാലി ടൗണിൽവച്ച് പരസ്യ വിചാരണ; പട്ടിണിപ്പാവത്തെ 'പശ്ചാത്തലമാക്കി' സെൽഫിയെടുത്ത ക്രൂര വിനോദത്തിന് പ്രായം ഒരു വയസ്; നാടിന്റെ പണക്കൊതിയേക്കാൾ കാട്ടിലെ വിശപ്പിനെ സ്‌നേഹിച്ച മധു കേരളക്കരയ്ക്ക് ഇന്നും നീറ്റൽ തന്നെ; മണ്ണാർകാട്ടെ കോടതിയിൽ സ്ഥിരം ജഡ്ജിയില്ലാത്തതും പ്രോസക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കിയതിനും പിന്നാലെ വിചാരണ അനിശ്ചിതത്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: സമൃദ്ധിയുടെ നാടായ കേരളത്തിൽ 'അരി മോഷ്ടിച്ചു' എന്ന കുറ്റം ചുമത്തപ്പെട്ട് ക്രൂരമർദ്ദനത്തിനിരയായ ആ ജീവൻ പൊലിഞ്ഞിട്ട് ഒരു വർഷം. രാജ്യത്തിന്റെ പലയിടത്തും ആൾക്കൂട്ട കൊലപാതകങ്ങൾ അരങ്ങേറിയെങ്കിലും കേരളത്തിൽ ആദ്യമായിട്ടുണ്ടായ സംഭവം ഏവരുടേയും നെഞ്ചു പിളർക്കുന്ന ഒന്നായി മാറി. വിശപ്പിന്റെ പേരിൽ രക്തസാക്ഷിയാകേണ്ടി വന്നയാളാണ് ആദിവാസിയായ മധു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊര് നിവാസിയായ മധുവിനെ മോഷണക്കുറ്റം ചമുത്തി മർദ്ദിച്ച് കൊന്നത്. 27കാരനായ മധു കൊല്ലപ്പെട്ട് നിമിഷങ്ങൾക്കകമാണ് വാർത്ത കാട്ടുതീപോലെ കത്തിപ്പടർന്നത്.

രാജ്യത്തിന് മുൻപിൽ തന്നെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ക്രൂരമർദനത്തിന് ഇരയായ മധുവിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴാണ് മരണം സംഭവിച്ചത്. ഇരുന്നൂറ് രൂപയുടെ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മധുവിനെ മർദ്ദിച്ചത്. മധുവിനെ മോഷണ വസ്തുവുമായി കൈയോടെ പിടിക്കുകയായിരുന്നില്ല. മറിച്ച് സംശയത്തിന്റെ പേരിൽ കാടു കയറി. ഈ സംഘമാണ് മധുവിനെ കാട്ടിനുള്ളിൽ നിന്ന് പിടിച്ചത്. മാനസിക പ്രശ്നമുണ്ടെന്ന് അറിഞ്ഞിട്ടും ക്രൂരമായി മർദ്ദിച്ചു.

ഇതാണ് മരണത്തിന് കാരണമായത്. അതിനിടെ ആദിവാസി യുവാവ് പൊലീസ് ജീപ്പിൽ മരിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തിരുന്നു. വധശ്രമത്തിനാണ് കേസെടുത്തത്. മധുവിനെ നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും ഇരു കൈകളും കെട്ടിയിട്ടുള്ള മർദ്ദനത്തിൽ അവശനായ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. കുറച്ചുദിവസമായി കാണാതായിരുന്ന യുവാവിനെ അക്രമാസക്തമായ ആൾകൂട്ടം വനത്തിനടുത്തുള്ള പ്രദേശത്ത് വച്ച് പിടികൂടുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. അരിയും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ് വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മർദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തിൽ കെട്ടിയായിരുന്നു മർദ്ദനം. കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകനാണ് മധു. മധുവിന് കുറച്ച് മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടിൽ താമസിക്കാറില്ല. നാട്ടുകാരെയും മനുഷ്യരെയും മധുവിന് ഭയമാണ്. വീട്ടിൽ നിന്നിറങ്ങിപ്പോയി കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയാണ് മധു കഴിഞ്ഞിരുന്നത്.

വിശക്കുമ്പോൾ മാത്രം നാട്ടിലേക്ക് വരും. നാട്ടുകാർക്കെല്ലാം അറിയാവുന്ന വസ്തുതയുമാണിത്. മോഷണം തൊഴിലാക്കിയ ആളായിരുന്നില്ല മധു. നാട്ടിലെ മോഷണങ്ങൾ എല്ലാം ആരുടേയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ ആഗ്രഹിച്ചവരാണ് മധുവിനെ കുറ്റക്കാരനായി കാണാൻ ആഗ്രഹിച്ചതെന്നാണ് സൂചന. അട്ടപ്പാടിയിലെ കുടിയേറ്റക്കാരാണ് ആക്രമത്തിന് നേതൃത്വം കൊടുത്തത്. ഇതിൽ പലരും മദ്യലഹരിയിലായിരുന്നു. കാട്ടിനുള്ളിൽ നിന്ന് പിടിച്ച മധുവിനെ അവിടെ വച്ചു തന്നെ ശാരീരിക പീഡനത്തിന് ഇരയാക്കി. അതിന് ശേഷം സെൽഫി എടുക്കൽ. പിന്നെ കള്ളനെന്ന് പറഞ്ഞ് പൊലീസിന് കൈമാറൽ.

ഇവിടെ സെൽഫിയെടുത്തയാണ് സംഭവത്തിലെ സത്യം പുറം ലോകത്ത് എത്തിച്ചത്. നാട്ടുകാരാണ് തല്ലിയതെന്നാണ് ആരോപണം. എന്നാൽ മൂന്നോ നാലോ പേർ മാത്രമാണ് കാടു കയറി മധുവിനെ പിടിച്ചതെന്നതാണ് വസ്തുത. സദാചാര കൊലയുടെ പുതിയ മോഡലാണ് അട്ടപ്പാടിയിലെ സംഭവം. ഇൻക്വസ്റ്റ് നടത്തിയപ്പോൾ ശരീരത്തിനു പുറത്ത് മുറിവുകളൊന്നും കണ്ടിരുന്നില്ല. മാതാവ് മല്ലിയും സഹോദരി സരസയും മറ്റു ബന്ധുക്കളും വിവിധ ആദിവാസി ഊരുകളിൽ നിന്നെത്തിയവരും ആശുപത്രിക്കും അഗളി പൊലീസ് സ്റ്റേഷനും മുന്നിൽ വലിയ പ്രതിഷേധ പ്രകടനവും ഉപരോധവും നടത്തി.

എല്ലാ പ്രതികളെയും പിടികൂടിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയാൽ മതിയെന്നായിരുന്നു നിലപാട്. എന്നാൽ കസ്റ്റഡിയിലുള്ള രണ്ടുപേരെ കാണിച്ച് പൊലീസ് എല്ലാ പ്രതിഷേധങ്ങൾ തണുപ്പിച്ചു. അഗളി ഡിവൈഎസ്‌പിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോല ഷംസുദ്ദീൻ (34), കൽകണ്ടി കുന്നത്ത് അനീഷ് (30), മുക്കാലി താഴ്‌ശ്ശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ എന്ന ബക്കർ (31), മുക്കാലി പടിഞ്ഞാറേപള്ള കുരിക്കൾ സിദ്ദീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജയ്ജുമോൻ (44), മുക്കാലി ചെരിവിൽ ഹരീഷ് (34), ചെരിവിൽ ബിജു (41), മുക്കാലി വിരുത്തിയിൽ മുനീർ (28) എന്നിവരായിരുന്നു കേസിൽ പ്രതികൾ.

എന്നാൽ സംഭവം നടന്ന് ഒരു വർഷം പൂർത്തിയായിട്ടും കേസിന്റെ വിചാരണയോ മറ്റോ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് വേണ്ടിയുള്ള മണ്ണാർകാട്ടെ കോടതിയിൽ സ്ഥിരം ജഡ്ജി ഇല്ലാത്തതും കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കിയതുമാണ് വിചാരണ താമസിക്കുന്നത്. കൂടുതൽ ഫീസ് നൽകാനാവില്ലെന്ന കാരണത്താൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം. ഒരു കേസിന് വേണ്ടി മാത്രം പ്രത്യേകം പ്രോസിക്യൂട്ടറെ നിയമിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നാണ് മന്ത്രി എകെ ബാലന്റെ വാദം.

അതേസമയം മധു കൊല്ലപ്പെട്ട ദിവസം തൃശൂർ മെഡിക്കൽ കോളജിലെത്തി മൃതദേഹം കണ്ട ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും മധുവിന്റെ കുടുംബത്തിന് സഹായവും സംരക്ഷണവും ഉറപ്പാക്കുമെന്നും ഉറപ്പു നൽകിയയാളാണ് മന്ത്രി എ കെ ബാലൻ. വിചാരണ തുടങ്ങാനിരിക്കെയാണ് സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയത്. എന്നാൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിശ്ചയിച്ചിരുന്ന പി.ഗോപിനാഥ് പറയുന്നത് ഫീസ് എത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിരുന്നില്ല എന്നാണ്.

താൻ പാലക്കാട് താമസിക്കുന്നയാളായതിനാൽ കേസിന്റെ ആവശ്യത്തിനു മണ്ണാർക്കാട്ട് ഓഫിസ് വേണമെന്നു രേഖാമൂലം അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ നിയമനം റദ്ദാക്കിയെന്ന മറുപടി മാത്രമാണ് ഗോപിനാഥിന് കിട്ടിയത്. സമ്മതപത്രം ഒപ്പിട്ടുനൽകിയിരുന്നെന്നും ഫീസിന്റെ കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട് നൽകണം, പാലക്കാട് ജില്ലാ വിട്ടു പോവരുത്, മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ.

 ഇതുവരെ നടന്ന അന്വേഷണത്തിൽ മധുവിന്റെ കുടുംബം ഒട്ടും തൃപ്തരല്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽക്കൂടിയാണ് മധുവിനെ പിടികൂടാൻ ആൾക്കൂട്ടം കിലോമീറ്ററുകൾ വനത്തിനുള്ളിലേക്ക് പോയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇവർ എങ്ങനെ ഉൾവനത്തിൽ പ്രവേശിച്ചെന്നും കുടുംബം ചോദിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP