Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കയ്യേറ്റക്കാരെ തുണയ്ക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞിട്ടും മന്ത്രി അടൂർ പ്രകാശ് വെറുതെ ഇരിക്കുന്നില്ല; ഏലക്കാടുകളുടെ മറവിൽ പുൽമേടുകൾക്കും കരിങ്കാടുകൾക്കും പട്ടയം നൽകാൻ ഉത്തരവ് പുറത്തിറങ്ങി; മന്ത്രി ലക്ഷ്യം ഇടുന്നത് ഇടുക്കിയിലെ വൻകിട പാറമടകൾക്ക് നിയമസാധുത നൽകൽ

കയ്യേറ്റക്കാരെ തുണയ്ക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞിട്ടും മന്ത്രി അടൂർ പ്രകാശ് വെറുതെ ഇരിക്കുന്നില്ല; ഏലക്കാടുകളുടെ മറവിൽ പുൽമേടുകൾക്കും കരിങ്കാടുകൾക്കും പട്ടയം നൽകാൻ ഉത്തരവ് പുറത്തിറങ്ങി; മന്ത്രി ലക്ഷ്യം ഇടുന്നത് ഇടുക്കിയിലെ വൻകിട പാറമടകൾക്ക് നിയമസാധുത നൽകൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാല് ഏക്കർ വരെയുള്ള കൈവശ ഭുമിക്ക് പട്ടയം നൽകാനുള്ള വിവാദ ഉത്തരവ് പിൻവലിച്ചതിനു തൊട്ടു പിന്നാലെ മറ്റൊരു വിവാദ നീക്കവുമായി റവന്യൂ മന്ത്രി അടൂർ പ്രകാശ്. കോൺഗ്രസിനുള്ളിൽ ഇതും കടുത്ത എതിർപ്പ് ക്ഷണിച്ചു വരുത്തും. ഉടുമ്പൻചോലയിലെ ഏലമലക്കാടുകൾക്ക് പട്ടയം നൽകാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. പുൽമേടുകൾക്കും കരിങ്കാടുകൾക്കും പട്ടയം നൽകാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയ ഉത്തരവ് പാറമടകൾക്കാണ് ഏറെ സഹായകമാകുക. വനമേഖലയിൽ നിരവധി അനധികൃത പാറമടകളുണ്ട്. സർക്കാർ വസ്തു കൈയേറിയാണ് ഇവ പ്രവർത്തിക്കുന്നത്. ഇവയ്ക്ക് പട്ടയം കൊടുത്ത് പാറമടകളെ നിയമവിധേയമാക്കാനാണ് നീക്കം. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കാനാണ് കോൺഗ്രസിലെ പരിസ്ഥിതി പ്രേമികളുടെ നീക്കം.

വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഏലമലക്കാടുകളിലെ ഉത്തരവ് ഇറക്കിയത്. റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ജൂൺ 11ന് ചേർന്ന യോഗത്തിന്റെ തുടർച്ചയായിട്ടാണ് ഏലമലക്കാടുകൾക്ക് പട്ടയം നൽകാനുള്ള ഉത്തരവ്. റീസർവേ ലാൻഡ് രജിസ്റ്റർ അനുസരിച്ച് ഏലം കൃഷി ചെയ്യാത്ത ഭൂമി പട്ടയം നൽകാൻ യോഗ്യതയുള്ളതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ കള്ളക്കളികൾക്ക് സാധ്യതകളെല്ലാം തുറന്നിട്ടിട്ടുമുണ്ട്. ഏലം കൃഷി ചെയ്യാത്ത പുറമ്പോക്ക്, തരിശ്, പുൽമേടുകൾ, റിസർവ് വനം, കരിംകാട് എന്നിവ റവന്യൂ വകുപ്പിന് കൈമാറും. കേന്ദ്രത്തിന് അയച്ചുകൊടുത്ത പട്ടയം നൽകേണ്ട ഭൂമിയുടെ പട്ടികയിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെയാണ് റവന്യൂ വകുപ്പ് കള്ളത്തരം ഒളിപ്പിച്ചു വയ്ക്കുന്നത്. അടുത്ത ഘട്ടത്തിൽ ഈ ഭൂമിയിൽ പട്ടയം നൽകും. കരിങ്കാടുകൾക്ക് പട്ടയം ലഭിക്കുന്നതോടെ പാറമടകൾക്ക് യഥേഷ്ടം പ്രവർത്തിക്കാൻ കഴിയും.

കേരളത്തിലെ വനത്തിനുള്ളിൽ ഭൂമി കൈയേറി നിരവധി പാറമടകളുണ്ട്. ഏലമലക്കാടുകൾ കൈവശം വച്ചിരിക്കുന്നവരുടെ ഒത്താശയോടെയാണ് ഇവ പ്രവർത്തിക്കുന്നത്. ഇത്തരം പാറമടകൾ പിടിച്ചെടുക്കുന്നുവെന്ന വ്യാജേന അത് പാറമടക്കാർക്ക് തന്നെ നൽകാനാണ് നീക്കം. കർഷകരെ മറയാക്കി വൻ മാഫിയയ്ക്ക് ഭൂമി നൽകാനുള്ള സാഹചര്യമാണ് ഇവിടെ ഒരുക്കുന്നത്. ഇതിനൊപ്പം വനം കൊള്ളക്കാർക്കും ഗുണകരമാകും കാര്യങ്ങൾ. ഏലമലക്കാടുകളിൽ ഏലം കൃഷിക്ക് മാത്രമാണ് അനുവാദമുള്ളത്. ഇവിടെയുള്ള മരം മുറിക്കാൻ അനുമതിയില്ല. എന്നാൽ ഏലക്കാടുകളിലെ അനേകം ഏക്കർ മരങ്ങൾ വെട്ടിയിവർ കടത്തിയിട്ടുമുണ്ട്. പുതിയ ഉത്തരവിലൂടെ ഏലപ്പാടങ്ങൾ കൃഷി ഭൂമിയാകും. അപ്പോൾ ഇനി ബാക്കിയുള്ള മരങ്ങളും മുറിച്ചു മാറ്റാൻ കഴിയും. ഇതിലൂടെ വലിയ പരിസ്ഥിതി നാശവും ഉണ്ടാകും.

ഉടുമ്പൻചോലയിൽ പട്ടയത്തിന് അവകാശമുള്ള നിരവധി കർഷകരുണ്ട്. പട്ടയത്തിന് ഇവരെല്ലാം അപേക്ഷ നൽകിയിട്ടുണ്ട്. കർഷകർക്ക് പട്ടയം നൽകാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയിട്ടുള്ള പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് ഇറക്കിയത്. എന്നാൽ, തരിശുഭൂമിക്കും പട്ടയം നൽകാൻ ഉത്തരവിൽ ഉള്ള പശ്ചാത്തലത്തിൽ ക്വാറി മാഫിയകൾക്ക് ഇവിടെ ഒരുപാടു സ്ഥലം ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഭൂ പതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി മലയോരമേഖലയിൽ നാല് ഏക്കർ വരെ കൈവശഭൂമിക്ക് പട്ടയം നൽകാൻ സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2005 ജൂൺ ഒന്നു വരെ ഭൂമി വൈകശം വച്ചവർക്ക് ഭൂമി ലഭ്യമാക്കാനായിരുന്നു ഈ കള്ളക്കളി. വിവാദമായതോടെ സർക്കാർ വിജ്ഞാപനം പിൻവലിച്ചു.

എന്നാൽ, ഇതിന് തൊട്ടുപിന്നാലെയാണ് ഉടുമ്പൻചോലയിൽ ഏലമലക്കാടുകൾക്കും കരിംകാടുകൾക്കും പട്ടയം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇടുക്കിയിലെ ഏലമലക്കാടുകൾ ലക്ഷ്യം വച്ചാണ് സർക്കാർ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്നാണ് ആരോപണം. ഇടുക്കിയിലെ ഏലമലക്കാടുകൾ ലക്ഷ്യം വച്ചാണ് സർക്കാർ ഭൂമി പതിച്ചുനൽകൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. ഏലമലക്കാടുകൾ റവന്യൂ ഭൂമിയാണെന്നും വനഭൂമിയല്ലെന്നും മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ഈ കാലയളവിലെ കയ്യേറ്റങ്ങളെ കുറിച്ച് എഡിജിപി രാജൻ മധേക്കറുടെ റിപ്പോർട്ടും തുടർന്നുള്ള സുപ്രീംകോടതി വിധിയും അവഗണിച്ചുകൊണ്ടാണ് 2005 വരെയുള്ള കയ്യേറ്റങ്ങളെ സാധൂകരിക്കുന്ന നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്.

സംസ്ഥാന സർക്കാർ പലതവണ വനഭൂമിയാണെന്നു കോടതികളിൽ സത്യവാങ്മൂലം നൽകിയ ഭൂമി പൊടുന്നനെ റവന്യൂ ഭൂമിയായിമാറി. പുറത്താരും അറിയാതെ ജൂൺ ഒന്നിന് റവന്യൂ, റവന്യൂ പുറമ്പോക്ക് ഭൂമികളിലെ 2005 വരെയുള്ള കൈയേറ്റങ്ങൾക്കു പട്ടയം നൽകാനുള്ള നിയമ ഭേദഗതിയും സർക്കാർ തയാറാക്കിവച്ചു. ഈ ചട്ടഭേദഗതി വിവാദമായില്ലായിരുന്നെങ്കിൽ, ഏലമലക്കാടുകളിലെ നൂറുകണക്കിനു കയ്യേറ്റങ്ങൾ നിയമസാധുത നേടുമായിരുന്നു. മൂന്നാർ, ദേവികളും, കണ്ണൻദേവൻ മലനിരകൾ എന്നിവിടങ്ങളിൽ 3000 വ്യജ പട്ടയങ്ങളെങ്കിലും ഉണ്ടെന്നും സർക്കാർഭൂമി വൻതോതിൽ കൈയേറപ്പെട്ടിട്ടുണ്ടെന്നുമാണ് എഡിജിപി 2004 ൽ എഡിജിപി രാജൻ മധേക്കർ മൂന്നാറിനെ കുറിച്ച് നൽകിയ റിപ്പോർട്ടിൽ സർക്കാരിനെ അറിയിച്ചത്. ഇതിന് പിന്നിൽ രാഷ്ട്രീയക്കാർ, മതസംഘടനകൾ, വ്യവസായികൾ എന്നിവരുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഒരു പാർലമെന്റ് അംഗവും മന്ത്രിമാരുടെ ബന്ധുക്കളും കൈയേറ്റത്തിൽ ഉൾപ്പെട്ടതിനെ കുറിച്ച് സുപ്രീം കോടതി പരാമർശിക്കുകയും ചെയ്തു. 2005 വരെയുള്ള കയ്യേറ്റങ്ങളെ കുറിച്ചുള്ള ഈ വിവരങ്ങളെല്ലാം അവഗണിച്ചുകൊണ്ടാണ് ഏലമലക്കാടുകളെ റവന്യൂ ഭൂമിയാണെന്നു കാണിച്ചു പതിച്ചു നൽകാനുള്ള നീക്കം നടത്തിയതും ചട്ടഭേദഗതി കൊണ്ടു വന്നതും. ഏലമലക്കാടുകൾ റവന്യൂ ഭൂമിയായി കാണാനുള്ള സർക്കാരിന്റെ നീക്കം വലിയ നിയമ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. കയ്യേറ്റക്കാർക്ക് സാധുത നല്കുന്നതാണ് സർക്കാരിന്റെ പുതിയ നീക്കമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഏലമലക്കാടുകൾ വനഭൂമിയല്ലെന്ന സർക്കാരിന്റെ പുതിയ നിലപാട് പശ്ചിമഘട്ട സംരക്ഷണത്തിനെ തന്നെ അട്ടിമറിക്കുമെന്ന് ഉറപ്പാണ്.

തിരുവിതാകൂർ മഹാരാജാവാണ് 2,10,000 ഏക്കർ ഏലമലക്കാടുകൾ വനഭൂമിയാണെന്ന് 1896 ൽ വിജ്ഞാപനമിറക്കിയത്. പിന്നീട് ഏലമലക്കാടുകളിൽ കയ്യേറ്റം വ്യാപകമായതോടെ 93 ൽ ആന്റണി സർക്കാർ 1977 ജനുവരി വരേയുള്ള കയ്യേറ്റങ്ങൾ സാധൂകരിച്ച് പട്ടയം നല്കി. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ 50000 ഏക്കർ വനഭൂമിയാണ് ഇത്തരത്തിൽ കൈമാറിയത്. പിന്നീട് സുപ്രീം കോടതിയിൽ സർക്കാർ സത്യവാങ്മൂലത്തിലൂടെയും ഏലമലക്കാടുകൾ വനഭൂമിയാണെന്ന് സമ്മതിച്ചിരുന്നു. സുപ്രീം കോടതിയുടെ ഉന്നതാധികാര സമിതിയുടെ പരിശോധനയിലും ഇക്കാര്യം സ്ഥിരികരിച്ചു.

ഇതിനെ മറികടന്നാണ് ഇപ്പോൾ ഏലമലക്കാടുകൾ റവന്യൂ ഭൂമിയാണെന്ന് സർക്കാർ പുതിയ നിലപാട് എടുത്തിരിക്കുന്നത്. 77 ന് ശേഷമുള്ള കയ്യേറ്റങ്ങൾ സാധൂകരിക്കാനുള്ള സർക്കാരിന്റെ നീക്കം വലിയ നിയമപ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP