Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആടുജീവിതത്തിന്റെ അണിയറക്കാർക്ക് പ്രത്യേക ഇളവില്ലെന്ന് കേന്ദ്ര സർക്കാർ; ചലച്ചിത്ര പ്രവർത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്ന് പറഞ്ഞ് ആവശ്യം നിരാകരിച്ച് കേന്ദ്രമന്ത്രി മുരളീധരൻ; ജോർദ്ദാനിൽ തന്നെ തുടരാൻ നിർദ്ദേശം; ലോകത്തിന്റെ അവസ്ഥ അറിയാമെന്നും നാട്ടിൽ തിരിച്ചെത്തണമെന്ന ആഗ്രഹം മനസ്സിൽ ഇല്ലെന്നും പൃഥ്വിരാജും; ഡോക്ടർമാരുടെ നിരീക്ഷണം ഉണ്ടെന്നും നടൻ; സംവിധായകൻ ബ്ലസി അടക്കം 58 പേരും മരുഭൂമിയിലെ ഷൂട്ടിങ് സെറ്റിൽ തുടരും

ആടുജീവിതത്തിന്റെ അണിയറക്കാർക്ക് പ്രത്യേക ഇളവില്ലെന്ന് കേന്ദ്ര സർക്കാർ; ചലച്ചിത്ര പ്രവർത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്ന് പറഞ്ഞ് ആവശ്യം നിരാകരിച്ച് കേന്ദ്രമന്ത്രി മുരളീധരൻ; ജോർദ്ദാനിൽ തന്നെ തുടരാൻ നിർദ്ദേശം; ലോകത്തിന്റെ അവസ്ഥ അറിയാമെന്നും നാട്ടിൽ തിരിച്ചെത്തണമെന്ന ആഗ്രഹം മനസ്സിൽ ഇല്ലെന്നും പൃഥ്വിരാജും; ഡോക്ടർമാരുടെ നിരീക്ഷണം ഉണ്ടെന്നും നടൻ; സംവിധായകൻ ബ്ലസി അടക്കം 58 പേരും മരുഭൂമിയിലെ ഷൂട്ടിങ് സെറ്റിൽ തുടരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഘത്തോട് ജോർദാനിൽ തന്നെ തുടരാൻ മന്ത്രി നിർദ്ദേശിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിരവധി സാധാരണക്കാർ ഇത്തരത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവർത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു. ഇതിന് പിന്നാലെ ഉടൻ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്ന് പൃഥ്വിരാജും ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.

പൃഥ്വിരാജിന്റെ പോസ്റ്റിന്റെ ചുരുക്കം ഇങ്ങനെ: 24ന് ഷൂട്ടിങ് നിർത്തി വച്ചു. എന്നാൽ പിന്നീട് തുടരാനും അധികൃതർ സമ്മതിച്ചു. എന്നാൽ നിയന്ത്രണങ്ങൾ കർശനമാക്കിയപ്പോൾ വീണ്ടും ഷൂട്ടിങ് നിലച്ചു. ഏപ്രിൽ രണ്ടാം വാരം വരെ ഇവിടെ തുടരാനായിരുന്നു മുൻ തീരുമാനം. താമസവും ഭക്ഷണവും എല്ലാം തൽകാലം പ്രശ്‌നമില്ലാതെ പോകും. എന്നാൽ അതിന് ശേഷം എന്താകുമെന്ന് അറിയില്ല. ഗ്രൂപ്പിനൊപ്പം ഒരു ഡോക്ടറുണ്ട്. ഇദ്ദേഹം 72 മണിക്കൂർ ഇടവിട്ട് എല്ലാ ടീം അംഗങ്ങളേയും പരിശോധിക്കുന്നുണ്ട്. സർക്കാർ നിയമിച്ച ജോർദ്ദാനിലെ ഡോക്ടറും പരിശോധിക്കുന്നുണ്ട്.

ആഗോള തലത്തിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് നന്നായി അറിയാം. ഈ സമയം സുരക്ഷിതരായി നാട്ടിലെത്തുകയെന്നത് ആഗ്രഹിക്കുന്നില്ല. എന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് ഏവരേയും അറിയിക്കുകയാണ്. ആയിരക്കണക്കിന് ഇന്ത്യാക്കാർ ലോകത്തിന്റെ പല ഭാഗത്തും നാട്ടിലേക്ക് വരാനാകാതെ കുടുങ്ങി കിടപ്പുണ്ട്. അതുകൊണ്ട് ശരിയായ സമയത്ത് ഞങ്ങളും ഇന്ത്യയിൽ തിരിച്ചെത്തും. ജീവിതം എത്രയും വേഗം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയും പ്രാർത്ഥനയുമാണ് ഉള്ളത്. അതുവരെ എല്ലാവരും സുരക്ഷിതരായി ഇരിക്കുക-ഇതാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.

പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കം 58 പേരാണ് ജോർദാനിൽ കർഫ്യുവിൽ കുടുങ്ങിയത്. അടിയന്തര സഹായം അഭ്യർത്ഥിച്ച് ബ്ലെസി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു. സംഭവത്തിൽ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി മുരളീധരൻ പ്രതികരണവുമായി എത്തിയത്. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോർദാനിലെത്തിയത്. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവീസ് നിർത്തിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കൽ സാധ്യമല്ലെങ്കിൽ ജോർദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം.

വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുൻപ് ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷിയെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. അന്ന് ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് ജോർദ്ദാനും നിയന്ത്രണം കടുപ്പിച്ചു. ഇന്ത്യയിലേക്ക് വിമാന യാത്രാ വിലക്കും ഉണ്ട്. ഇതെല്ലാമാണ് പൃഥ്വിരാജിനേയും സംഘത്തേയും വലച്ചത്.

ജോർജാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടെ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടെ ഇവർ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിർത്തി വയ്‌പ്പിച്ചിരുന്നു. എട്ട് ദിവസത്തിനകം, അതായത് ഏപ്രിൽ എട്ടിനുള്ളിൽ വിസ കാലാവധി അവസാനിക്കും. ഈ പ്രതിസന്ധി ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പാക്കിയിട്ടുണ്ട്.

എഴുത്തുകാരൻ ബെന്യാമിന്റെ പ്രസിദ്ധമായ നോവലായ ആടുജീവിതത്തിന് വേണ്ടി, പ്രത്യേക തരം ആഹാരക്രമം അടക്കം സ്വീകരിച്ച് പൃഥ്വിരാജ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. തന്റെ സിനിമാ ജീവിതത്തിലെ സ്വപ്നസിനിമയാണിതെന്ന് ബ്ലസ്സിയും പറഞ്ഞിരുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP