Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ല; മുസ്ലിംങ്ങൾക്ക് എതിരല്ല, ന്യൂനപക്ഷ സംരക്ഷണം ഉറപ്പു വരുത്തുന്നതാണ് നിയമഭേദഗതി; നിയമം പറയുന്നത് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മാത്രം ന്യൂനപക്ഷങ്ങളുടെ പൗരത്വം മാത്രം; ആർട്ടിക്കിൾ 15 ഇന്ത്യൻ പൗരന്മാർ ആയതിന് ശേഷം പരിഗണിക്കേണ്ട കാര്യം: വിശാലമായ അർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളണം എന്നു പറയാമെന്ന് മാത്രം: പൗരത്വ നിയമത്തിൽ സുപ്രീംകോടതിയിലേക്ക് നിയമപോരാട്ടം നീങ്ങുമ്പോൾ അഡ്വ.ഹരീഷ് സാൽവെക്ക് പറയാനുള്ളത്

ദേശീയ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ല; മുസ്ലിംങ്ങൾക്ക് എതിരല്ല, ന്യൂനപക്ഷ സംരക്ഷണം ഉറപ്പു വരുത്തുന്നതാണ് നിയമഭേദഗതി; നിയമം പറയുന്നത് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മാത്രം ന്യൂനപക്ഷങ്ങളുടെ പൗരത്വം മാത്രം; ആർട്ടിക്കിൾ 15 ഇന്ത്യൻ പൗരന്മാർ ആയതിന് ശേഷം പരിഗണിക്കേണ്ട കാര്യം: വിശാലമായ അർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളണം എന്നു പറയാമെന്ന് മാത്രം: പൗരത്വ നിയമത്തിൽ സുപ്രീംകോടതിയിലേക്ക് നിയമപോരാട്ടം നീങ്ങുമ്പോൾ അഡ്വ.ഹരീഷ് സാൽവെക്ക് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്‌ലിംലീഗ് നിയമ പോരാട്ടവുമായി സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ് നിയമം എന്നാണ് മുസ്ലിംലീഗിന്റ് പ്രധാനവാദം. ലീഗ് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.കെ. നവാസ് കനി, പി.വി അബ്ദുൽ വഹാബ് എന്നിവർ സുപ്രീംകോടതിയിൽ നേരിട്ടെത്തിയാണ് ഹരജി നൽകിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്ത ബിൽ കോടതിയിൽ പരാജയപ്പെടും. നിയമവിരുദ്ധ ബില്ലാണ്. പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായി ഒരു സർക്കാറിനും പ്രവർത്തിക്കാൻ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അഭിഭാഷകൻ ഹാരിസ് ബിരാനാണ് ലീഗിനായി ഹരജി തയാറാക്കിയത്. വിവാദ ബില്ലിനെതിരായ നിയമനടപടികൾ സംബന്ധിച്ച് മുസ് ലിം ലീഗ് നേതാക്കൾ സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബലുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കാൻ കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യകണ്ട ഏറ്റവും മികച്ച അഭിഭാഷകരിൽ ഒരാളായ ഹരീഷ് സാൽവെ പറയുന്നത് പാർലമെന്റ് പാസാക്കിയ ദേശീയ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നാണ് വ്യക്തമാക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25, 21 എന്നിവ ലംഘിക്കുന്നു എന്ന വാദ ശരിയല്ലെന്നാണ് സാൽവെയുടെ പക്ഷം. ഇത് ന്യൂനപക്ഷങ്ങൾക്ക് അനുകൂലമാണെന്നും മുസ്ലിം വിരുദ്ധമല്ലെന്നും അദ്ദേഹം അടിവരയിടുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ മത അടിസ്ഥാനത്തിൽ രൂപം കൊണ്ട രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് വാതിൽ തുറക്കുന്നതാണ് ബിൽ. ഇതുകൊണ്ട് രാജ്യങ്ങളിലെ മറ്റു സമുദായങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകില്ല എന്നു പറയാൻ സാധിക്കില്ല. എന്തിനാണ് ഈ ബില്ലിനെ കാര്യമായി എതിർക്കുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു.

ആർട്ടിക്കിൾ 14 പറയുന്നത് നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്നാണ്. ആർട്ടിക്കിൾ 15ൽ പറയുന്ന കാര്യങ്ങൾ ഒരു ഇന്ത്യൻ പൗരത്വമുള്ള ഒരാൾക്കുള്ള അവകാശമാണ്. അതുകൊണ്ട് ഈ പൗരത്വ പ്രശ്‌നം ഇവിടെ ബാധകമല്ലെന്നാണ് അഡ്വ. ഹരീഷ് സാൽവെ പറയുന്നത്. ഇപ്പോഴത്തെ നിയമഭേദഗതി കൊണ്ട് ലക്ഷ്യമാക്കുന്നത് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നത് മാത്രമാണ്. അതുകൊണ്ട് മറ്റു അയൽരാജ്യങ്ങളുടെ കാര്യം ഈ വിഷയവുമായി കൂട്ടിച്ചേർക്കേണ്ടതില്ലെന്നും അദ്ദേഹം വാദിക്കുന്നു. മറ്റ് കാര്യങ്ങൾ സർക്കാർ പോളിസിയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും സാൽവെ പറയുന്നു.

ഭരണഘടനയിലെ പല കാര്യങ്ങളും മതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ഹരീഷ് സാൽവെ പറയുന്നു. പാർലമെന്റിൽ ഉയർന്ന വാദങ്ങൾ ഇന്ത്യ വിശാലമായി ചിന്തിക്കണം എന്നും മറ്റുമാണ്. ഇങ്ങനെ വിശാലമായ അർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളാമെന്ന് പറയുമ്പോഴും പോളിസി എന്താണെന്ന് തീരുമാനിക്കാൻ സർക്കാറിന് കഴിയും എന്ന കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇന്നലെയാണ് പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയത്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്നതാണ് നിലവിലെ നിയമ വ്യവസ്ഥ. പൗരത്വ നിയമത്തിലെ 5, 6 വകുപ്പുകൾ പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അവർ യോഗ്യരല്ല. ഈ കുടിയേറ്റക്കാരെ പാസ്‌പോർട്ട്, വിദേശ നിയമങ്ങൾ പ്രകാരമുള്ള നടപടികളിൽ നിന്ന് ഒഴിവാക്കി 2015ലും 2016ലുമായി സർക്കാർ വിജ്ഞാപനം കൊണ്ടുവന്നു. തുടർന്നും താമസിക്കാൻ പാകത്തിൽ ദീർഘകാല വിസ അനുവദിച്ചു. ഇപ്പോൾ ഈ കുടിയേറ്റക്കാരെ പൗരത്വത്തിന് അർഹരാക്കുകയാണ് ചെയ്യുന്നത്.

2014 ഡിസംബർ 31 വരെ അനധികൃത കുടിയേറ്റക്കാരായി ഇന്ത്യയിൽ പ്രവേശിച്ചവർക്ക് പൗരത്വം നൽകും. എത്തിച്ചേർന്ന കാലം മുതലുള്ള പൗരത്വം അനുവദിക്കും. മൂന്ന് അയൽ രാജ്യങ്ങളിലെ ആറു ന്യൂനപക്ഷ വിഭാഗക്കാർ അടക്കം ഇന്ത്യൻ വേരുള്ളവർക്ക് അതിനുതക്ക തെളിവ് പൗരത്വ അപേക്ഷ വേളയിൽ നൽകാൻ കഴിയാത്ത സ്ഥിതിയുണ്ട്. 12 വർഷം ഇന്ത്യയിൽ താമസിച്ചതിനു രേഖയുള്ളവർക്ക് പൗരത്വം അനുവദിക്കുന്നതാണ് രീതി. അതിനാൽ പൗരത്വ നിയമത്തിന്റെ ആറാം പട്ടിക ഭേദഗതി ചെയ്യും. ഇനി അഞ്ചു വർഷം താമസിച്ചെന്ന് തെളിയിച്ചാൽ മതി.

രാജ്യത്ത് എത്തുന്ന അഭയാർഥികളിൽ മുസ്‌ലിംകളെ പൗരത്വത്തിന് പുറത്ത് നിർത്തുന്നുവെന്നാണ് ബില്ലിനെതിരായ പ്രധാന ആരോപണം. തുല്യത ഉറപ്പു നൽകുന്ന ഭരണഘടനയുടെ അനുച്‌ഛേദം 14ന്റെ ലംഘനമാണ് ബിൽ എന്ന് പ്രധാന പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നൽകേണ്ടതെന്നും ബില്ലിനെ എതിർക്കുന്ന പാർട്ടികൾ ആവശ്യപ്പെടുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ബില്ലെനെതിരെ അതിശക്തമായ പ്രക്ഷോഭത്തിലാണ്. അതിന് അവർ പറയുന്ന കാരണങ്ങൾ മറ്റൊന്നാണ്. ബിൽ നിയമമായാൽ അത് ഏറ്റവുമധികം ദോഷകരമായി ബാധിക്കുക വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയായിരിക്കും അനധികൃത കുടിയേറ്റക്കാരുടെ സ്ഥിരവാസം ഈ സംസ്ഥാനങ്ങളുടെ ജനസംഖ്യാനുപാതം താളം തെറ്റിക്കും. തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കും, വിഭവ ശോഷണമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തദ്ദേശീയ ജനവിഭാഗങ്ങൾക്ക് ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള പരിരക്ഷ നിലനിൽക്കും. അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളിൽ ഈ നിയമഭേദഗതിയുടെ വ്യവസ്ഥകൾ ബാധകമായിരിക്കില്ല. ഇന്നർലൈൻ പെർമിറ്റ് സമ്പ്രദായം അനുസരിച്ച് പരിരക്ഷയുള്ള അരുണാചൽപ്രദേശ്, സിക്കിം, മണിപ്പൂർ, നാഗാലൻഡ് ഭൂവിഭാഗങ്ങളിലും വ്യവസ്ഥ ബാധകമല്ല.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയ മുസ്‌ലിംകളല്ലാത്ത 31,313പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വം ലഭിക്കുക. (ഹിന്ദുക്കൾ: 25,447, സിഖ്-5,807, ക്രിസ്ത്യൻ-55, ബുദ്ധമതക്കാർ-രണ്ട്, പാഴ്‌സി-ഒന്ന്). അയൽരാജ്യങ്ങളിൽ പീഡനം നേരിടേണ്ടിവന്നതിനാൽ പുറത്താക്കപ്പെട്ടവരാണ് തങ്ങളെന്നും അതിനാൽ ഇന്ത്യൻ പൗരത്വം അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. നിലവിൽ ദീർഘകാലവിസയിൽ താമസിച്ചു വരുന്നവരാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP