Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിഭാഷക-മാദ്ധ്യമ യുദ്ധത്തിൽ പണി കിട്ടുന്നത് മനോരമയ്ക്കും മാതൃഭൂമിക്കുമെന്ന് സൂചന; രണ്ട് പത്രങ്ങളും ബഹിഷ്‌കരിക്കാൻ അഭിഭാഷകരും കുടുംബങ്ങളും ആലോചിക്കുന്നു; മർദ്ദനകേസ് കോടതിയിൽ എത്തുമ്പോൾ പത്രപ്രവർത്തകർക്ക് വേണ്ടി വാദിക്കാൻ വക്കീലന്മാരും ഉണ്ടാകില്ല; ഒത്തുതീർത്ത് തടിതപ്പാൻ പത്രക്കാർ

അഭിഭാഷക-മാദ്ധ്യമ യുദ്ധത്തിൽ പണി കിട്ടുന്നത് മനോരമയ്ക്കും മാതൃഭൂമിക്കുമെന്ന് സൂചന; രണ്ട് പത്രങ്ങളും ബഹിഷ്‌കരിക്കാൻ അഭിഭാഷകരും കുടുംബങ്ങളും ആലോചിക്കുന്നു; മർദ്ദനകേസ് കോടതിയിൽ എത്തുമ്പോൾ പത്രപ്രവർത്തകർക്ക് വേണ്ടി വാദിക്കാൻ വക്കീലന്മാരും ഉണ്ടാകില്ല; ഒത്തുതീർത്ത് തടിതപ്പാൻ പത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷക-മാദ്ധ്യമ സംഘർഷത്തിൽ മനോരമയ്ക്കും മാതൃഭൂമിക്കും വരിക്കാർ കുറഞ്ഞേക്കും. തങ്ങളും ഭാഗം രണ്ട് പത്രങ്ങളും ഉയർത്തിപ്പിടിച്ചില്ലെന്ന് കാട്ടി രണ്ട് പത്രങ്ങളും ബഹിഷ്‌കരിക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ഏകപക്ഷീയമായി മാദ്ധ്യമ പ്രവർത്തരെ അഭിഭാഷകർ മർദ്ദിച്ചെന്നാണ് വാർത്തികൾ വരുന്നത്. കൊച്ചിയിൽ അഡ്വക്കേറ്റുമാരെ പൊലീസ് അടിച്ചോടിച്ചത് പോലും ആരും കൊടുത്തില്ല. ഈ സാഹചര്യത്തിലാണ് മാതൃഭൂമിയേയും മനോരമയേയും ബഹിഷ്‌കരിക്കാനുള്ള നീക്കം. ഇതിനൊപ്പം മാദ്ധ്യമ പ്രവർത്തകരുടെ കേസുകളും അഭിഭാഷകർ ഏറ്റെടുക്കില്ല. പ്രത്യേകിച്ച് ഇപ്പോഴുണ്ടായ സംഘർഷത്തിലെ കേസുകളിൽ മാദ്ധ്യമ പ്രവർത്തകർക്കായി ഹാജരാകാൻ വക്കീലന്മാരെ കിട്ടില്ല.

മാദ്ധ്യമ പ്രവർത്തകരേയും മാദ്ധ്യമ മുതലാളിമാരേയും ഒരു പോലെ പാഠം പഠിപ്പിക്കാനാണ് അഭിഭാഷകരുടെ നീക്കം. ഇതിന്റെ ഭാഗമായാണ് മനോരമയും മാതൃഭൂമിയും ബഹിഷ്‌കരിക്കുന്നത്. കേസുകൾ ഏറ്റെടുക്കാതെ മാദ്ധ്യമ പ്രവർത്തകരെ ജയിലിലേക്ക് അയക്കാനും തീരുമാനമുണ്ട്. രണ്ട് കൂട്ടർക്കും അടികിട്ടുന്നതിനാൽ അഭിഭാഷകർക്കൊപ്പം മാദ്ധ്യമ പ്രവർത്തകരേയും കേസിൽപ്പെടുത്തേണ്ട സാഹചര്യം പൊലീസിനുണ്ട്. ഇങ്ങനെ കേസിൽപ്പെടുന്നവർക്ക് ജാമ്യം എടുക്കാൻ അഡ്വക്കേറ്റുമാരുണ്ടാവില്ല. അങ്ങനെ വരുമ്പോൾ മാദ്ധ്യമ പ്രവർത്തകർക്ക് ജയിലിൽ പോകേണ്ടി വരും. ഈ ഭീഷണി ഏൽക്കുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ മാദ്ധ്യമ പ്രവർത്തകർ സജീവമാകുന്നതായും ബാർ അസോസിയേഷൻ നേതാക്കൾ പറയുന്നു. അതേസമയം തുടർച്ചയായി രണ്ടാം ദിവസവും അഭിഭാഷകർ ഹൈക്കോടതി ബഹിഷ്‌കരിച്ചതോടെ സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.

അതിനിടെ വഞ്ചിയൂർ കോടതിയിൽ ഇന്നലെ അഭിഭാഷകർ മാദ്ധ്യമ പ്രവർത്തകർക്കെതിരെ നടത്തിയ അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ മുതിർന്ന അഭിഭാഷക സംഘം തലസ്ഥാനത്ത്. സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നിർദ്ദേശപ്രകാരമാണു സംഘം എത്തിയത്. ഹൈക്കോടതി അഭിഭാഷകരായ സി.എൻ. രവീന്ദ്രൻ, പി.ആർ. രാമചന്ദ്ര മേനോൻ എന്നിവരാണു തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. ഇവർ ഇന്നു മാദ്ധ്യമ പ്രവർത്തകരുമായി ചർച്ച നടത്തും. ആ കമ്മീഷന്റെ തീരുമാനം മാദ്ധ്യമ പ്രവർത്തകർക്ക് അനുകൂലമാകാതിരിക്കാനും അഭിഭാഷക സംഘടനകൾ ശ്രമിക്കുന്നുണ്ട്. അക്രമത്തിന് ഉത്തരവാദി അഭിഭാഷകർ മാത്രമെന്ന് വരുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. പത്രങ്ങളിലും ചാനലുകളിലും വരുന്നത് ഏകപക്ഷീയ വാർത്തകളാണെന്ന് ബോധ്യപ്പെടുത്താനും നീക്കം തുടങ്ങിയിട്ടുണ്ട്.

കേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിലും വച്ച് അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും ഏറ്റുമുട്ടിയ സംഭവത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച പ്രമുഖ അഭിഭാഷകരെ സസ്‌പെൻഡ് ചെയ്യാനും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. ചന്ദ്രബോസ് വധമടക്കമുള്ള പ്രമുഖ കേസുകൾ വാദിച്ച സിപി ഉദയഭാനു, നിയവിദഗ്ദ്ധനും സാമൂഹികപ്രവർത്തകരുമായ ശിവൻ മഠത്തിൽ, കാളീശ്വരം രാജ് മുൻഎംപിയും മാദ്ധ്യമനിരീക്ഷകനുമായ സെബാസ്റ്റ്യൻ പോൾ, മാദ്ധ്യമനിരീക്ഷൻ എ.ജയശങ്കർ എന്നിവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് അഭിഭാഷകരുടെ സംഘടനയായ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ തീരുമാനിച്ചത്.

ഹൈക്കോടതിവഞ്ചിയൂർ കോടതി സംഘർഷങ്ങളെക്കുറിച്ച് മാദ്ധ്യമചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ച ഇവർ അഭിഭാഷകരുടെ അക്രമപ്രവർത്തനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിൽ ചേർന്ന സംഘടനയുടെ അടിയന്തര ജനറൽ ബോഡിയിൽ കടുത്ത വിമർശനമാണ് ഇതേത്തുടർന്ന് മുതിർന്ന അഭിഭാഷകർക്ക് നേരെ അംഗങ്ങൾ നടത്തിയത്. അഭിഭാഷക സമൂഹത്തെ ഇവർ വഞ്ചിക്കുകയും പൊതുസമൂഹത്തിന് മുന്നിൽ സംഘടനയെ അപമാനിക്കുകയും ചെയ്തു എന്നായിരുന്നു അംഗങ്ങളുടെ കുറ്റപ്പെടുത്തൽ. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിലാണ് മുതിർന്ന അഭിഭാഷകരെ സസ്‌പെൻഡ് ചെയ്യാനും കാരണം കാണിക്കൽ നോട്ടീസ് നൽകാനും തീരുമാനിച്ചത്. നോട്ടീസിന് ഇവർ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ സംഘടനയിൽ നിന്നു പുറത്താക്കാനാണ് നിലവിലെ ധാരണ.

ഈ യോഗത്തിൽ മാദ്ധ്യമ ബഹിഷ്‌കരണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. ഒറ്റക്കെട്ടായി തന്നെ മാദ്ധ്യമ ബഹിഷ്‌കരണം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത്തരമൊരു ബഹിഷ്‌കരണത്തിലൂടെ പത്രമുതലാളിമാർ മാദ്ധ്യമ സമരങ്ങൾക്ക് എതിരാകും. പത്രത്തിന്റെ സർക്കുലേഷൻ കുറഞ്ഞാൽ അത് മുതലാളിമാർ ഏറ്റെടുക്കും. ഇതിലൂടെ സമരത്തിന് മുന്നിൽ നിന്ന പത്രപ്രവർത്തകർക്ക് പണികിട്ടുമെന്നാണ് അഭിഭാഷക സംഘടനകളുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP