Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

31 ദിവസം മോർച്ചറിവാസത്തിന് ശേഷം അന്ത്യവിശ്രമത്തിനായി അന്നമ്മ സെമിത്തേരിയിൽ; പ്രതിഷേധങ്ങൾക്കിടയിൽ അന്നമ്മയുടെ സംസ്‌കാരം ഇന്ന്; പ്രതിഷേധം സംസ്‌കാരം നടത്തിയാൽ അടുത്തുള്ള വീടുകളിലെ കിണറുകൾ മലിനമാകുമെന്നാരോപിച്ച്; സംസ്‌കാരം നടത്തുന്നത് പ്രത്യേകമായി പണിത കോൺക്രീറ്റ് കല്ലറയിൽ; മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; ചടങ്ങുകൾ വൻ പൊലീസ് സന്നാഹത്തിൽ

31 ദിവസം മോർച്ചറിവാസത്തിന് ശേഷം അന്ത്യവിശ്രമത്തിനായി അന്നമ്മ സെമിത്തേരിയിൽ; പ്രതിഷേധങ്ങൾക്കിടയിൽ അന്നമ്മയുടെ സംസ്‌കാരം ഇന്ന്; പ്രതിഷേധം സംസ്‌കാരം നടത്തിയാൽ അടുത്തുള്ള വീടുകളിലെ കിണറുകൾ മലിനമാകുമെന്നാരോപിച്ച്; സംസ്‌കാരം നടത്തുന്നത് പ്രത്യേകമായി പണിത കോൺക്രീറ്റ് കല്ലറയിൽ; മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; ചടങ്ങുകൾ വൻ പൊലീസ് സന്നാഹത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കാൻ കഴിയാതിരുന്ന അന്നമ്മയുടെ സംസ്‌കാരം ഇന്ന്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് ഇന്ന് മുപ്പത്തിയൊന്നാമത്തെ ദിവസമാണ്. സംസ്‌കാരം നടത്തുകയില്ലെന്ന് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാരിൽ ഒരാൾ സെമിത്തേരിക്കടുത്തുള്ള മരത്തിൽ കയറി ഭീഷണി മുഴക്കുന്നുണ്ട്. സെമിത്തേരിയിൽ സംസ്‌കാരം നടത്തിയാൽ അടുത്തുള്ള വീടുകളിലെ കിണറുകൾ മലിനമാകുമെന്നാരോപിച്ചാണ് നാട്ടുകാർ അന്നമ്മയുടെ സംസ്‌കാരം തടഞ്ഞത്. ഇപ്പോൾ പ്രത്യേകമായി പണിത കോൺക്രീറ്റ് കല്ലറയിലാണ് അന്നമ്മയെ സംസ്‌കരിക്കുന്നത്. ഇന്ന് രാവിലെയാണ് സംസ്‌കാരം നടക്കുക. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്.

ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട അന്നമ്മ മെയ് 13 നാണ് മരിച്ചത്. ഇടവകയിലെ യെരുശലേം മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. 80 വർഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാൽ സംസ്‌കാരം നടത്തുമ്പോൾ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇമ്മാനുവൽ പള്ളിയിലെ അവസ്ഥ ഇത്തരത്തിലായതിനാൽ അന്നമ്മയെ മാന്യമായ രീതിയിൽ അന്ത്യോപചാരങ്ങൾ നൽകണമെന്നുറച്ച കുടുംബാംഗങ്ങൾ പ്രതിഷേധമുയർത്തുന്നവരെ കണ്ട് സെമിത്തേരിയിൽ അടക്കാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. എന്നാൽ ശവമടക്ക് നടത്താൻ അനുവദിക്കാതെ ബിജെപി പ്രവർത്തകരും ചില പ്രദേശവാസികളും ചേർന്ന് സെമിത്തേരിക്ക് മുന്നിൽ പ്രതിഷേധമിരുന്നു. ഇതോടെ ശവമടക്ക് തടസ്സപ്പെട്ടു.

അന്നമ്മയെ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് അന്നമ്മയുടെ കുടുംബം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. വിഷയം വീണ്ടും കളക്ടറുടെ മുന്നിലെത്തി. കളക്ടർ ഡിഎംഒയോടും കുന്നത്തൂർ പഞ്ചായത്തിനോടും റിപ്പോർട്ട് തേടി. സ്ഥലം സന്ദർശിച്ച ഡിഎംഒ സെമിത്തേരി മൂലം മലിനീകരണം ഉണ്ടാവുന്നില്ലെന്നും ഇതിന് സാധ്യതയില്ലെന്നും റിപ്പോർട്ട് നൽകി. എന്നാൽ 2015ൽ ജില്ലാ കളക്ടർ വച്ച നിബന്ധനകൾ സെമിത്തേരിയിൽ പാലിച്ചിട്ടില്ലെന്ന റിപ്പോർട്ട് കുന്നത്തൂർ പഞ്ചായത്ത് നൽകിയതോടെ വീണ്ടും അവിടെ ശവമടക്കിനുള്ള സാധ്യതകൾ അടഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ അന്നമ്മയുടെ മൃതദേഹം ഇമ്മാനുവൽ പള്ളിയിൽ തന്നെ സംസ്‌ക്കരിക്കാൻ തീരുമാനമായി. യെരുശലേം പള്ളി സെമിത്തേരിക്ക് ചുറ്റുമതിലും, കല്ലറകളും നിർമ്മിക്കുന്ന പക്ഷം അന്നമ്മയുടേതുൾപ്പെടെ മുമ്പ് അടക്കിയ രണ്ട് മൃതദേഹങ്ങളും യെരുശലേം പള്ളി സെമിത്തേരിയിലേക്ക് മാറ്റാം എന്ന തീരുമാനവും വന്നു. എന്നാൽ ഇതിനോട് അന്നമ്മയുടെ കുടുംബവും എതിർകക്ഷികളും യോജിച്ചില്ല.

പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം പോലും ഇല്ലാത്ത തുരുത്തിക്കരയിലെ ഒരു കോണിലാണ് ദളിത് ക്രൈസ്തവരുടെ ജറുസലേം മാർത്തോമ പള്ളി. പള്ളിയെന്ന രീതിയിൽ ആരും ശ്രദ്ധിക്കാൻ പോലും ഇടയില്ലാത്ത കെട്ടിടം. തുരുത്തിക്കരയിലെ ഒരു പഴയ സ്‌കൂൾ മുറിയിൽ പ്രാർത്ഥന നടത്തിയിരുന്ന ദളിത് ക്രൈസ്തവർ തങ്ങളുടെ പരിശ്രമ ഫലമായി വർഷങ്ങൾക്ക് മുമ്പ് പണിത പള്ളിയാണ് ജറുസലേം മാർത്തോമ പള്ളി. ദളിത് ക്രൈസ്തവ വിഭാഗത്തിലെ മുപ്പതിൽ താഴെ വരുന്ന കുടുംബങ്ങൾ ശവസംസ്‌ക്കാരം നടത്തിയിരുന്നത് ജറുസലേം പള്ളി സെമിത്തേരിയിലായിരുന്നു.

എന്നാൽ 2014ൽ ബിജെപി പ്രവർത്തകരും ചില പ്രദേശവാസികളും ഇതിന് എതിർപ്പ് നിന്നു. പ്രദേശത്തെ ജലസ്രോതസ്സുകൾ മലിനമാവുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി സെമിത്തേരിയിൽ ശവമടക്ക് നടത്താനാവില്ല എന്നായിരുന്നു അവരുടെ വാദം. പ്രശ്നം തർക്കത്തിലേക്കും സംഘർഷത്തിലേക്കുമെത്തി. ഒടുവിൽ പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടു. പ്രതിഷേധക്കാരുടെ പരാതി പരിഗണിച്ച കളക്ടർ സ്ഥലം സന്ദർശിക്കുകയും സെമിത്തേരിയിൽ ശവസംസ്‌ക്കാരം നടത്തണമെങ്കിൽ ചുറ്റുമതിൽ, കല്ലറ നിർമ്മാണം ഉൾപ്പെടെയുള്ള ഉപാധികൾ നിർദ്ദേശിക്കുകയും ചെയ്തു. ഈ നിബന്ധനകൾ പാലിക്കുന്നത് വരെ സമീപത്ത് തന്നെയുള്ള ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിൽ ദളിത് ക്രൈസ്തവരുടെ ശവമടക്ക് നടത്താനുള്ള തീരുമാനവുമായി. എന്നാൽ സ്ഥലപരിമിതികളാൽ ബുദ്ധിമുട്ടുന്ന ഇമ്മാനുവൽ പള്ളി സെമിത്തേരിയിൽ ദളിത് ക്രൈസ്തവരുടെ മൃതദേഹങ്ങൾ കൂടി സംസ്‌ക്കരിക്കുന്നതിനോട് പള്ളി കമ്മറ്റി തുടക്കം മുതൽ തന്നെ എതിർപ്പ് പ്രകടിപ്പിച്ചു.

അന്നമ്മയുടെ മകനായി 1999ൽ പണിത കല്ലറയിൽ തന്നെ അന്നമ്മയെ അടക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയതോടെ വീണ്ടും അതിന്റെ സാധ്യതകൾ ചർച്ചയായി. ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കല്ലറ ഇളക്കി പരിശോധിക്കുകയും ചെയ്തു. പിന്നീട് കളക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ, കല്ലറ കോൺക്രീറ്റ് ചെയ്താൽ അടക്കാൻ അനുവദിക്കാമെന്ന് തീരുമാനിച്ചു. രണ്ട് ദിവസത്തിനകം കല്ലറ കോൺക്രീറ്റ് ചെയ്തു എങ്കിലും 14 ദിവസം കാത്തിരുന്നതിന് ശേഷം മാത്രമേ ശവസംസ്‌ക്കാരം സംബന്ധിച്ച തീരുമാനം എടുക്കൂ എന്ന് യോഗത്തിൽ കളക്ടർ അറിയിച്ചതിനാൽ ശവസംസ്‌ക്കാരം നീണ്ടുപോയിരുന്നു. പിന്നീടാണ് സംസ്‌കാരത്തിനുള്ള അനുമതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP