Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ് 19ന് മരുന്നായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിർദേശിച്ച ക്ലോറോക്വിൻ കഴിച്ച രോഗി മരിച്ചു; ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയും ആശുപത്രിയിൽ; ഇയാൾ മരുന്ന് കഴിച്ചത് ഡോക്ടർമാരുടെ നിർദേശമില്ലാതെ; മലേറിയക്ക് ഫലപ്രദമായ ക്ലോറോക്വിൻ വളരെയധികം പാർശ്വഫലങ്ങളുള്ള മരുന്നാണെന്നും കൊറോണക്ക് ഫലപ്രദമാണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു; കോവിഡിൽ അബദ്ധങ്ങൾ തുടർന്ന് ഡോണാൾഡ് ട്രംപ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: പകർച്ചപ്പനിമൂലം മരിക്കുന്ന അത്ര ആളുകൾ കോവിഡിൽ മരിക്കില്ലെന്ന് പറഞ്ഞ്് തുടക്കം മുതലേ ഈ മഹാമാരിയെ നിസ്സാരവത്ക്കരിച്ച് കണ്ട വ്യക്തിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് പടരുമ്പോഴും പലരെയും കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും അദ്ദേഹം ഈ രോഗത്തെ വീണ്ടും നിസ്സാരവത്ക്കരിച്ചു. ഇതിന്റെ ഭാഗമായാണ് അമേരിക്കയിൽ കോവിഡ് ഈ രീതിയിൽ പടർന്നതെന്ന് പൊതുവെ വിമർശനം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ കോവിഡി്ന് തെറ്റായ മരുന്ന് നിർദ്ദേശിച്ചും ട്രംപ് വിവാദ നായകൻ ആവുകയാണ്.

കൊവിഡ് 19 രോഗബാധക്ക് മരുന്നായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിർദ്ദേശിച്ച ക്ലോറോക്വിൻ കഴിച്ച അരിസോണ സ്വദേശി മരിച്ചു. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ഇയാൾ സ്വയം ചികിത്സ നടത്തുകയായിരുന്നു. കൊവിഡ് 19ന് ക്ലോറോക്വിൻ ശക്തമായ മരുന്നാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലോറോക്വിൻ കൊവിഡ് 19 ഭേദപ്പെടുത്തുമെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. ഇയാൾക്ക് രോഗബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
മീൻടാങ്ക് വൃത്തിയാക്കാൻ കൊണ്ടുവന്ന ക്ലോറോക്വിൻ ഫോസ്‌ഫേറ്റ് ഇവർ കഴിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരുന്ന് കഴിച്ച് 30 മിനിറ്റിനുള്ളിൽ തന്നെ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

കൊവിഡ് 19നെക്കുറിച്ച് ആളുകൾക്കിടയിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ചിലർ രോഗത്തെ തടുക്കാൻ സ്വയം വഴി തേടുന്നു. എന്നാൽ രോഗത്തിന് സ്വയം ചികിത്സ അപകടം വരുത്തിവെക്കുമെന്ന് ആശുപത്രിയിലെ ഡോക്ടർ ഡാനിയൽ ബ്രൂക്‌സ് പറഞ്ഞു. ക്ലോറോക്വിൻ കൊവിഡ് 19ന് ഫലവത്തായ മരുന്നാണെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ അനുമതി നൽകിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ മലേറിയക്ക് ഫലപ്രദമായ ക്ലോറോക്വിൻ വളരെയധികം പാർശ്വഫലങ്ങളുള്ള മരുന്നാണെന്നും കൊവിഡ് 19ന് ഫലപ്രദമാണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ട്രംപിന്റെ അവകാശവാദം വിശ്വസിച്ചാണ് കൊവിഡ് 19നെതിരെ ഈ മരുന്ന് കഴിച്ചതെന്ന് മരിച്ചയാളുടെ ഭാര്യ പറഞ്ഞു. ക്ലോറോക്വിന്നിന് അനുമതി നൽകിയിട്ടില്ലെന്ന് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെബ്‌സൈറ്റും വ്യക്തമാക്കി. ചൈനയിൽ ചില കൊവിഡ് രോഗികൾക്ക് ക്ലോറോക്വിൻ ഫലപ്രദമായി എന്ന വാദത്തെ തുടർന്നാണ് ഇത്തരം പ്രചാരണങ്ങൾ ശക്തിപ്പെട്ടത്. എന്നാൽ, നൈജീരിയയിൽ ക്ലോറോക്വീൻ അമിതമായി നൽകിയതിനെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കൊവിഡ് രോഗികൾക്ക് ക്ലോറോക്വിൻ ഫലപ്രദമാകാമെന്ന് വൈറ്റ് ഹൗസ് കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് അംഗം അന്തോണി ഫോസി സിബിഎസിനോട് പറഞ്ഞു. ഡ്രോക്ലോറോക്വിൻ അസിത്രോമൈസിൻ സംയുക്തം കൊവിഡിന് ഫലപ്രദമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കാം ട്രംപ് അങ്ങനെ പറഞ്ഞത്. എന്നാൽ, മരുന്ന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് എന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP