Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയ ഫണ്ടിൽ നിന്നും കുരുമുളകിന്റെ ദ്രുതവാട്ടം പ്രതിരോധിക്കാൻ കൃഷി വകുപ്പിന്റെ പദ്ധതിയിൽ വൻ അഴിമതിയെന്ന് കർഷകർ; അക്കോമിൻ എന്ന കീടനാശിനി യുടെ മറവിൽ റെയ്ഡ്കോ വഴിയാണ് കൊള്ളയടിയെന്ന് കിസാൻ രക്ഷാ സേന; കർഷകരുടെ പരാതിയിൽ കൃഷിമന്ത്രിക്കും റവന്യു മന്ത്രിക്കും മിണ്ടാട്ടമില്ല

പ്രളയ ഫണ്ടിൽ നിന്നും കുരുമുളകിന്റെ ദ്രുതവാട്ടം പ്രതിരോധിക്കാൻ കൃഷി വകുപ്പിന്റെ പദ്ധതിയിൽ വൻ അഴിമതിയെന്ന് കർഷകർ; അക്കോമിൻ എന്ന കീടനാശിനി യുടെ മറവിൽ റെയ്ഡ്കോ വഴിയാണ് കൊള്ളയടിയെന്ന് കിസാൻ രക്ഷാ സേന; കർഷകരുടെ പരാതിയിൽ കൃഷിമന്ത്രിക്കും റവന്യു മന്ത്രിക്കും മിണ്ടാട്ടമില്ല

രഞ്ജിത്ത് ബാബു

കാസർഗോഡ്: പ്രളയ ഫണ്ടിൽ നിന്നും കുരുമുളകിന്റെ ദ്രുതവാട്ടം തടയാൻ കീടനാശിനി വിതരണത്തിൽ ' റെയ്ഡ്കോ ' യുടെ കൊള്ളയടി. നാണ്യവിളകൾക്ക് തളിക്കാനാവശ്യമായ കീടനാശിനിയുടെ മറവിലാണ് സർക്കാർ ഫണ്ട് കൈയിട്ട് വാരാൻ കൃഷി വകുപ്പിന്റെ മൗനാനുവാദത്തോടെ റെയ്ഡ്കോയെ അനുവദിച്ചിരിക്കുന്നത്. 2018 ഒക്ടോബർ 28 നാണ് പ്രളയ ഫണ്ടിൽ നിന്നും കാസർഗോഡ് ജില്ലയിലെ കുരുമുളക് കർഷകർക്ക് ഒരു കോടി 21 ലക്ഷം രൂപ അനുവദിച്ചത്.

പ്രളയത്തെ തുടർന്നുണ്ടായ ദ്രുതവാട്ടത്തിൽ നാലെ മുക്കാൽ കോടിയുടെ കുരുമുളക് കൃഷി നാശം ഉണ്ടായതായി കൃഷിവകുപ്പ് കണക്കാക്കിയിരുന്നു. എന്നാൽ കർഷകർക്ക് നേരിട്ട് കുരുമുളക് കൃഷി വീണ്ടും ആരംഭിക്കാനുള്ള സഹായം നൽകാതെ ജില്ലയിലെ 553 ഹെക്ടർ ഭൂമിയിലെ കുരുമുളക് കൃഷിക്ക് ബാധിച്ചിരിക്കുന്ന ദ്രുതവാട്ടത്തെ പ്രതിരോധിക്കാൻ 'അക്കോമിൻ' എന്ന കീടനാശിനി റെയ്ഡ്കോ വഴി നൽകാനാണ് പദ്ധതി. ഈ കീടനാശിനിയുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നതായി കിസാൻ രക്ഷാ സേനാകൺവീനർ ഷുക്കൂർ കണാജെ ' മറുനാടൻ മലയാളിയോട് 'പറഞ്ഞു.

18,400 ലിറ്റർ അക്കോമിൻ കീടനാശിനി ലിറ്ററിന് 560 രൂപ നിരക്കിലാണ് കൃഷിവകുപ്പ് വാങ്ങിയത്. ഇടുക്കിയിലെ ഹൈറേഞ്ച് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്നാണ് കീടനാശിനി എത്തിക്കുന്നതാണെന്നാണ് വിവരം. എന്നാൽ ഇതേ കീടനാശിനി വയനാട്ടിലെ മടയിക്കൽ ആഗ്രോ ഏജൻസീസ് എന്ന സ്ഥാപനത്തിൽ നിന്നും 1500 ലിറ്റർ വാങ്ങുമ്പോൾ ലിറ്ററിന് 350 രൂപ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ അതിന് പുറമേ കുശാൽ നഗറിലെ ശ്രീലക്ഷ്മി ആഗ്രോ സപ്ലൈസിൽ നിന്നും 2000 ലിറ്റർ വാങ്ങുമ്പോൾ ലിറ്ററിന് 350 രൂപ നിരക്കിലും ലഭ്യമാണ്. ഒരു ലിറ്റർ പാക്കിന്റെ വിലയാണിത്. എന്നാൽ അഞ്ച് ലിറ്റർ ഉള്ള പാക്കറ്റ് വാങ്ങുമ്പോൾ ലിറ്ററിന് 295 രൂപ നിരക്കിൽ അവർ നൽകുന്നുണ്ട്. കേരളാ അതിർത്തിയോട് ചേർന്നുള്ള കർണ്ണാടകത്തിലെ കർഷകർ ഇത് തളിച്ചാണ് ദ്രുതവാട്ടത്തിൽ നിന്നും പ്രതിരോധം തീർക്കുന്നത്.

ഇക്കാര്യം നിലനിൽക്കേ റെയ്ഡ്ക്കോയിൽ നിന്നും കൃഷി വകുപ്പ് ലിറ്ററിന് 560 രൂപ നിരക്കിൽ അക്കോമിൻ കീടനാശിനി വാങ്ങിച്ചിരിക്കയാണ്. ഇതിലൂടെ കാസർഗോഡ് ജില്ലയിൽ നിന്നു മാത്രം 4,87,600 രൂപയുടെ വെട്ടിപ്പ് നടത്താൻ റെയ്ഡ്കോക്ക് കൃഷിവകുപ്പ് സൗകര്യം ചെയ്തു കൊടുത്തിരിക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു. ദ്രുതവാട്ടത്തെ പ്രതിരോധിക്കാൻ മെയ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാത്രമേ കീടനാശിനി തളിക്കാവൂ എന്നാണ് കർഷകർ പറയുന്നത്. വിളവെടുക്കുന്ന ഡിസംബർ, ജനുവരി ഫെബ്രുവരി മാസങ്ങളിൽ കീടനാശിനി തളിക്കരുത് എന്നാൽ കൃഷി വകുപ്പ് ഡിസംബർ 31 നകം കീടനാശിനി തളിക്കണമെന്ന് കർഷകരെ നിർബന്ധിക്കുകയും ചെയ്തു.

മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും റവന്യു മന്ത്രിക്കും കർഷകർ പരാതി നൽകിയെങ്കിലും മുഖ്യമന്ത്രിയിൽ നിന്ന് മാത്രമാണ് അന്വേഷിക്കാമെന്ന് ഇ.മെയിൽ സന്ദേശം വഴി മറുപടി വന്നത്. കാസർഗോഡ് ജില്ലക്കാരനായ റവന്യൂ മന്ത്രിയും കൃഷിമന്ത്രിയും ഒളിച്ചു കളി തുടരുകയാണെന്നാണ് കർഷകർ പറയുന്നത്. അതേസമയം കർഷകരുടെ പരാതിയെ തുടർന്ന് റെയ്ഡ്കോ വിതരണം ചെയ്ത കീടനാശിനിയുടെ ഗുണനിലവാരവും പരിശോധിച്ച് വരികയാണ്.ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടും കൃഷിമന്ത്രി നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. കൃഷിവകുപ്പ് മുഖേനയുള്ള ഈ പദ്ധതി നടപ്പിലാക്കാൻ വകുപ്പ് ഉദ്യോഗസ്ഥരും അതീവ താൽപര്യമാണ് പ്രകടിപ്പിക്കുന്നത്.ഇതിന് പിന്നിൽ കീടനാശിനി കമ്പനി ജീവനക്കാരുടെ നിരന്തരമായുള്ള കൃഷിവകുപ്പ് ഓഫീസ് സന്ദർശനമാണെന്നും വിവരമുണ്ട്. ഇതിന് പുറമെ വിഷയത്തിൽ പരാതി നൽകിയ കിസാൻ രക്ഷാസേന കൺവീനർ ഷുക്കൂർ കണാജെയെ സ്വാധിനിക്കാൻ ശ്രമിച്ചതായി അദ്ദേഹം പറയുന്നു.

നേരത്തെ കൃഷിവകുപ്പിന് വേണ്ടി റെയ്ഡ്്കോ ഇറക്കിയ എല്ലുപൊടി വളത്തിൽ അമിതമായി പൂഴിയും മണ്ണും ചേർത്ത്ത് കർഷകർ കൈയോടെ പിടികൂടിയിരുന്നു. ഇതേ തുടർന്നുള്ള കേസിൽ സർക്കാരിനും കർഷകർക്കും സാമ്പത്തിക നഷ്ടമുണ്ടായെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വിജിലൻസിന് സർക്കാർ ശുപാർശ സമർപ്പിച്ചിരുന്നു.എന്നാൽ നാളിതുവരെയായിട്ടും ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. റെയ്ഡകോ യെ മറയാക്കി കൃഷിവകുപ്പ് നടത്തുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും കാലങ്ങളായി തുടരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP