Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തസ്തിക നഷ്ടപ്പെടുന്നവരെ അദ്ധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി സർക്കാർ ശമ്പളം നൽകണം; ഒഴിവുള്ളിടത്തേക്ക് നിയമിച്ചാൽ മാനേജ്‌മെന്റുകൾ അംഗീകരിക്കില്ല; ന്യൂനപക്ഷ അവകാശം പറഞ്ഞ് കാണാൻ ചെന്ന മെത്രാന്മാരെ മുഖ്യമന്ത്രിയും മൈൻഡ് ചെയ്തില്ല; പിണറായി സർക്കാറിനെതിരെ മെത്രാന്മാരും വൈദികരും രണ്ടാം വിമോചന സമരത്തിന് കോപ്പു കൂട്ടുന്നുവോ?

തസ്തിക നഷ്ടപ്പെടുന്നവരെ അദ്ധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി സർക്കാർ ശമ്പളം നൽകണം; ഒഴിവുള്ളിടത്തേക്ക് നിയമിച്ചാൽ മാനേജ്‌മെന്റുകൾ അംഗീകരിക്കില്ല; ന്യൂനപക്ഷ അവകാശം പറഞ്ഞ് കാണാൻ ചെന്ന മെത്രാന്മാരെ മുഖ്യമന്ത്രിയും മൈൻഡ് ചെയ്തില്ല; പിണറായി സർക്കാറിനെതിരെ മെത്രാന്മാരും വൈദികരും രണ്ടാം വിമോചന സമരത്തിന് കോപ്പു കൂട്ടുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്രൈസ്തവ മാനേജ്മന്റുകളിലെ കൊള്ളരുതായ്മകൾ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ എടുത്തുപറയുകയുണ്ടായി. ലാഭം മാത്രം ലക്ഷ്യമിട്ടാണ് ക്രൈസ്തവ മാനേജ്‌മെന്റുകൾ പോലും പ്രവർത്തിക്കുന്നതെന്ന വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സഭാനേതൃത്വവും രംഗത്തുവന്നു. ഇതിന് പിന്നാലെ കെഇആർ ഭേദഗതി വിഷയത്ിലും സർക്കാറും ക്രൈസ്തവ മാനേജ്‌മെന്റുകളും തമ്മിൽ യുദ്ധം തുടങ്ങി. എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ഭേദഗതിവിജ്ഞാപനത്തിന് പിന്നാലെയാണ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ എതിർപ്പുമായി രംഗത്തുവന്നിരിക്കുന്നത്. ഈ എതിർപ്പിന്റെ മുൻപന്തിയിൽ നിൽക്കുന്നത് കത്തോലിക്കാ സഭയാണ് എന്നതിനാൽ തന്നെ വൈദികരും മെത്രാന്മാരും ചേർന്ന് പിണായി വിജയൻ സർക്കാറിനെതിരെ രണ്ടാം വിമോചന സമരത്തിന് കോപ്പു കൂട്ടുകയാണോ എന്ന സന്ദേഹമാണ് ഉണ്ടായിരിക്കുന്നത്.

സർക്കാറിന്റെ നീക്കത്തോടുള്ള എതിർപ്പെന്നോണം അദ്ധ്യാപക ബാങ്കിൽ നിന്നും സ്‌കൂളുകളിലേക്ക് എസ്എസ്എ അയച്ച കലാ-കായിക അദ്ധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കാതെ മാനേജ്‌മെന്റുകൾ കൂട്ടത്തോടെ തിരിച്ചയച്ചു. മാനേജർമാർക്ക് അറിയിപ്പ് പോലും നൽകാതെ അദ്ധ്യാപകരെ അയച്ചത് തങ്ങളുടെ നിയമനാവകാശത്തിലുള്ള സർക്കാറിന്റെ കടന്നുകയറ്റമാണെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചാണ് കലാകായിക അദ്ധ്യാപകരെ നിയമിക്കുന്നത്. 18 പീരിയഡുണ്ടെങ്കിൽ മാത്രമാണ് നിയമനം. പല സർക്കാർ സ്‌കൂളുകളിലും ആവശ്യമായ പീരിയഡ് ഇല്ലാതെ വന്നതോടെയാണ് പരിസരത്തെ എയ്ഡഡ് സ്‌കൂളുകളെക്കൂടി ചേർത്ത് അദ്ധ്യാപകരെ നിയമിക്കുന്നത്. നിയമനഉത്തരവുമായി വരുന്നവരെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് മാനേജർമാരുടെ തീരുമാനം. നിയമനാധികാരമുള്ള തങ്ങളെ അറിയിക്കാതെ നടത്തുന്ന നിയമനത്തിലൂടെ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്‌ളെന്നും ഈ സാഹചര്യത്തിൽ കൂടിയാണ് തീരുമാനമെന്നും മാനേജർമാർ പറയുന്നു.

എയ്ഡഡ് സ്‌കൂൾ നിയമനാധികാരത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിനെ ഇന്റർ ചർച്ച് കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മെത്രാന്മാർ എത്തിക്കണ്ടു. സർക്കാർ നീക്കം ന്യൂനപക്ഷ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണമാണ് ഇവർ ഉന്നയിച്ചത്. എന്നാൽ, സർക്കാർ നിയോഗിച്ചവരെ തിരിച്ചയച്ച മാനേജ്‌മെന്റ് നീക്കത്തിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി മെത്രാന്മാർക്ക് യാതൊരു ഉറപ്പു നൽകിയില്ല. മറിച്ച് വിഷയം പഠിക്കാമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. 2012-13 കാലയളവിൽ എയ്ഡഡ് കോളേജുകൾക്ക് അനുവദിച്ച കോഴ്‌സുകൾക്ക് തസ്തിക സൃഷ്ടിച്ചില്ലെന്ന കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിലും മുഖ്യമന്ത്രി മെത്രാന്മാരുടെ സംഘത്തിന് കൃത്യമായ യാതൊരു ഉറപ്പും നൽകിയില്ല.

വിദ്യാഭ്യാസ ചട്ട ഭേദഗതിയോടെ 1979 ന് ശേഷം നിലവിൽവന്നതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളിലെ എല്ലാ ഒഴിവുകളിലേക്കുമുള്ള നിയമനം അദ്ധ്യാപകബാങ്കിൽ നിന്ന് സർക്കാർ നടത്തുമെന്ന നിർദേശമാണ് മാനേജ്‌മെന്റുകളെ ചൊടിപ്പിച്ചിരിക്കുന്നത്. 1979 ന് മുമ്പുള്ള സ്‌കൂളുകളിൽ വരുന്ന രണ്ട് അധിക തസ്തികകളിൽ ആദ്യത്തേതിലേക്കും നിയമനം അദ്ധ്യാപകബാങ്കിൽ നിന്നാവും. നിയമനാധികാരത്തിൽ നിയന്ത്രണം കൊണ്ടുവരുന്ന ഭേദഗതിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ന്യൂനപക്ഷ മാനേജ്‌മെന്റുകൾ തീരുമാനിച്ചിട്ടുണ്ട്. എൻ.എസ്.എസും എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞദിവസം ഇന്റർചർച്ച് കൗൺസിലും യോഗം ചേർന്ന് തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. വിവിധ മാനേജ്‌മെന്റുകൾ സർക്കാർനടപടിക്കെതിരെ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. കേസ് ഈമാസം 30ന് കോടതിയുടെ പരിഗണനക്ക് വരും. അതേസമയം, അധ്യയനവർഷം പൂർത്തിയാകാൻ ഒന്നരമാസം മാത്രം ശേഷിക്കെയുള്ള കലാകായിക അദ്ധ്യാപക നിയമനം വഴിപാടാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. യോഗ്യരായ ഒട്ടേറെപ്പേരെ തഴഞ്ഞ് തയാറാക്കിയ പട്ടികക്കെതിരെ മിക്കയിടത്തും കേസുകളും നിലവിലുണ്ട്. ചില ജില്ലകളിൽ നിയമനം കോടതി സ്റ്റേ ചെയ്തിട്ടുമുണ്ട്.

അതിനിടെ കെഇആർ ചട്ടഭേദഗതിയിൽ സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിക്കെതിരെ ഒരുകൂട്ടം മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി സർക്കാറിന്റെ വിശദീകരണം തേടിയത്. ഹർജിയിൽ വീണ്ടും ഈമാസം 30ന് കോടതി പരിഗണിക്കും. വിദ്യാഭ്യാസത്തെ ലാഭക്കണ്ണോടെ കാണുന്ന പ്രവണത ക്രൈസ്തവ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്കും വ്യാപിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ അതൃപ്തിയും സഭ നേതൃത്വത്തിനുണ്ട്.

പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളിലെ അതൃപ്തിയും സഭ നേതൃത്വം ബുധനാഴ്ച മുഖ്യമന്ത്രിയെ അറിയിച്ചു. അദ്ധ്യാപക ബാങ്കിൽ നിന്നും നിയമനം നടത്തുമ്പോൾ ലക്ഷങ്ങൾ കോഴവാങ്ങി അദ്ധ്യാപക നിയമനം നടത്താൻ സാധിക്കില്ലെന്നതാണ് മാനേജ്മന്റുകൾ പ്രധാനമായും ഇടയാൻ കാരണമാകുന്നത്. സ്വാശ്രയഎയ്ഡഡ് കോളജുകളിൽ പുതിയ കോഴ്‌സുകൾ അനുവദിക്കാത്തതിലും നേരത്തേ അനുവദിച്ച കോഴ്‌സുകൾക്ക് അദ്ധ്യാപക നിയമന നടപടികൾ വൈകുന്നതിലും കത്തോലിക്കാ സഭയ്ക്ക് പ്രതിഷേധം ഉണ്ട്.

കെ.സിബി.സി അധ്യക്ഷൻ ആർച്ച് ബിഷപ് സൂസെപാക്യം, മാർ ആൻഡ്രൂസ് താഴത്ത്, കർദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ എന്നിവരും മുഖ്യമന്ത്രിയെ കാണാനത്തെിയിരുന്നു. ഇടതു സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങളിൽ ക്രൈസ്തവ സഭകൾക്ക് പുറമെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എൻ.എസ്.എസിനും കടുത്ത അതൃപ്തിയുള്ളതായാണ് വിവരം. എന്നാൽ, നായർ സർവിസ് സൊസൈറ്റി പ്രതിഷേധം മുഖ്യമന്ത്രിയെയോ വിദ്യാഭ്യാസ മന്ത്രിയെയോ നേരിട്ട് അറിയിച്ചിട്ടില്ല. എൻഎസ്എസിന് ഇക്കാര്യത്തിലുള്ള അതൃപ്തി മന്നം ജയന്തി സമ്മേളനത്തിൽ പ്രമേയത്തിലൂടെ പ്രകടിപ്പിച്ചിരുന്നു.

ക്രൈസ്തവ മാനേജ്‌മെന്റുകളും സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനം ആത്മവിമർശനത്തോടെ കാണാൻ ക്രൈസ്തവ മതമേലധ്യക്ഷന്മാർ തയാറാകണമെന്ന് ജോയന്റ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവിലും അഡൈ്വസറി ബോർഡ് ചെയർമാൻ ലാലൻ തരകനും പ്രസ്താവനയിൽ ആവശ്യപ്പെടുകയുണ്ടായി.ണമെന്നും ഇവർ ആവശ്യപ്പെട്ടു.

1979നു മുമ്പ് ആരംഭിച്ച സ്‌കൂൾ ആണെങ്കിൽ ഇവിടെ രണ്ട് അധിക തസ്തികകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആദ്യ തസ്തികയിൽ അദ്ധ്യാപക ബാങ്കിൽ നിന്നായിരിക്കണം നിയമനം. കോർപറേറ്റ് മാനേജ്‌മെന്റുകൾ അദ്ധ്യാപക ബാങ്കിൽനിന്ന് നിയമിക്കുന്ന സംരക്ഷിത അദ്ധ്യാപകരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മുൻകൂർ അനുമതിയില്ലാതെ സ്ഥലംമാറ്റാൻ പാടില്ല. സംരക്ഷിത അദ്ധ്യാപകരുടെ നിയമനം, പുനർവിന്യാസം എന്നിവ സംബന്ധിച്ച നിയമങ്ങൾ യോജിച്ച മാറ്റങ്ങളോടെ എയ്ഡഡ് സ്‌കൂളുകളിലെ അനധ്യാപകരുടെ കാര്യത്തിലും ബാധകമായിരിക്കുമെന്നും തുടങ്ങിയവയാണ് കെഇആർ ഭേദഗതിയിൽ പ്രധാനമായും ഉള്ളത്.

ഈ ഭേദഗതി തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിക്കും എന്നു കണ്ടാണ് ക്രൈസ്തവ മാനേജ്‌മെന്റുകൾ ഇപ്പോൾ പ്രതിഷേധിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇഎംഎസ് സർക്കാറിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാൻ തുടങ്ങിയപ്പോഴാണ് വിമോചന സമരത്തിന് കോപ്പു കൂട്ടിയത്. സമാനമായ മാർഗ്ഗത്തിലാണ് ഇപ്പോൾ സർക്കാർ വഴങ്ങിയില്ലെങ്കിൽ വിപുലമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തന്നെയാണ മാനേജ്‌മെന്റുകളുടെ നീക്കവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP