Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവോത്ഥാനം പ്രസംഗിക്കുമെങ്കിലും ഇഎംഎസിന്റെയും ജോസഫ് മുണ്ടശ്ശേരിയുടെയും ചുണ പിണറായിക്കില്ല; എയ്ഡഡ് സ്‌കൂൾ കോളേജ് അദ്ധ്യാപക നിയമനങ്ങളിൽ യുഡിഎഫിനെ പോലെ മാനേജ്‌മെന്റുകളുടെ താളത്തിന് തുള്ളാൻ എൽഡിഎഫ് സർക്കാരിനും പ്രിയം; നിയമനം പിഎസ്‌സിക്ക് വിടണോ എന്ന കാര്യത്തിൽ രണ്ടിലൊന്ന് പറയാൻ ഹൈക്കോടതി നിർദ്ദേശിച്ചപ്പോൾ ഒളിച്ചുകളി; കോടതി വടിയെടുക്കുമെന്ന് വന്നപ്പോൾ പിഎസ്‌സിക്ക് വിടില്ലെന്ന് സത്യവാങ്മൂലം; പുറത്തായത് സർക്കാർ-സ്വകാര്യ മാനേജ്‌മെന്റ് ഒത്തുകളികൾ

നവോത്ഥാനം പ്രസംഗിക്കുമെങ്കിലും ഇഎംഎസിന്റെയും ജോസഫ് മുണ്ടശ്ശേരിയുടെയും ചുണ പിണറായിക്കില്ല; എയ്ഡഡ് സ്‌കൂൾ കോളേജ് അദ്ധ്യാപക നിയമനങ്ങളിൽ യുഡിഎഫിനെ പോലെ മാനേജ്‌മെന്റുകളുടെ താളത്തിന് തുള്ളാൻ എൽഡിഎഫ് സർക്കാരിനും പ്രിയം; നിയമനം പിഎസ്‌സിക്ക് വിടണോ എന്ന കാര്യത്തിൽ രണ്ടിലൊന്ന് പറയാൻ ഹൈക്കോടതി നിർദ്ദേശിച്ചപ്പോൾ ഒളിച്ചുകളി; കോടതി വടിയെടുക്കുമെന്ന് വന്നപ്പോൾ പിഎസ്‌സിക്ക് വിടില്ലെന്ന് സത്യവാങ്മൂലം; പുറത്തായത് സർക്കാർ-സ്വകാര്യ മാനേജ്‌മെന്റ് ഒത്തുകളികൾ

എം മനോജ് കുമാർ

 തിരുവനന്തപുരം: എയിഡഡ് സ്‌കൂൾ-കോളെജ് നിയമനങ്ങൾ പിഎഎസ്സിക്ക് വിടാൻ തയ്യാറല്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം. സർക്കാർ ശമ്പളം നൽകുകയും നിയമനം കോഴ വാങ്ങി മാനേജ്‌മെന്റുകൾ നടത്തുകയും ചെയ്യുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. വിവരാവകാശ പ്രവർത്തകനായ എം.കെ.സലിം നൽകിയ ഹർജിയെ തുടർന്നാണ് സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തത്. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ പേരിലാണ് ഹൈക്കോടതിയിൽ സലിം റിട്ട് നൽകിയത്. എല്ലാ പൗരന്മാർക്കും തുല്യ നീതിയാണ് വേണ്ടത്. അത് ഭരണഘടനയിലെ ആർട്ടിക്കിൾ 16 പ്രകാരം ഉറപ്പുവരുത്തപ്പെട്ട കാര്യമാണ്. സ്വകാര്യ സ്‌കൂൾ-കോളേജ് നിയമനങ്ങൾ പിഎസ് സിക്ക് വിടാത്ത കാലത്തോളം ആർട്ടിക്കിൾ 16 നടപ്പിലാക്കപ്പെടുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിലപാടിനെതിരെ സലിം ഹർജിയുമായി മുന്നോട്ടുപോയത്.

കേരളാ എജ്യുക്കേഷൻ ആക്റ്റ് പ്രകാരം ഇത്തരം നിയമനങ്ങൾ നടത്തുന്നതിനു സ്വകാര്യ മാനേജ്‌മെന്റുകൾക്ക് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ അറുപത് വർഷമായി തുടരുന്ന പാരമ്പര്യമാണിത്. ഈ പാരമ്പര്യമോ നിയമമോ മാറ്റാൻ സർക്കാരിനു പദ്ധതിയില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് സർക്കാരിനു വേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തത്. പിഎസ്‌സി അല്ല നിയമനം നടത്തുന്നതെങ്കിലും എല്ലാ സർക്കാർ നിയമങ്ങളും പാലിച്ചു കൊണ്ടാണ് എയിഡഡ് സ്‌കൂൾ-കോളെജുകളിൽ മാനെജ്‌മെന്റ് നിയമനം നടത്തുന്നത്. എയിഡഡ് സ്‌കൂൾ-കോളേജുകളിൽ നിയമനം നടത്തുന്നതിനു മാനേജ്‌മെന്റിന് സർക്കാർ അധികാരം നൽകിയിട്ടുണ്ട്. മാനേജ്‌മെന്റുകൾ തെറ്റായ തീരുമാനം എടുത്താൽ തിരുത്താൻ സർക്കാരിനു അധികാരമുണ്ട്. ഇതൊക്കെ പരിശോധിക്കാൻ താഴെ തലം മുതൽ സർക്കാർ സംവിധാനമുണ്ട്- സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതിയിൽ വന്ന ഹർജിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കഴിയാതെ സർക്കാർ ഒളിച്ചുകളി തുടരുകയായിരുന്നു. ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് നടപടി വരും എന്ന് മനസിലാക്കിയാണ് മനസില്ലാ മനസോടെ സർക്കാർ സത്യവാങ്മൂലത്തിനു തയ്യാറായത്. ഒരു വർഷം മുൻപ് ഫയൽ ചെയ്യപ്പെട്ട ഹർജിയിലാണ് ഇപ്പോൾ സത്യവാങ്മൂലം വന്നത്. എയിഡഡ് സ്‌കൂൾ-കോളെജ് നിയമനങ്ങളുടെ കാര്യത്തിൽ സർക്കാർ മാനേജ്‌മെന്റുകൾക്ക് അരുനിൽക്കുകയാണെന്നാണ് പുതിയ സത്യവാങ്മൂലത്തിലൂടെ തെളിയുന്നത്. സർക്കാർ നിലപാട് ആർട്ടിക്കിൾ പതിനാറിന്റെ ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാർ പണം നൽകുന്ന സ്ഥാപനങ്ങളിൽ തുല്യനീതി വേണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എയിഡഡ് മാനേജ്‌മെന്റുകൾ പണം വാങ്ങി നിയമനം നൽകുമ്പോൾ അർഹതയുള്ള ഉദ്യോഗാർത്ഥികൾ പണം കൊടുക്കാൻ കഴിയില്ലെന്ന കാര്യം കൊണ്ട് നിയമനങ്ങളിൽ പിന്നോട്ട് പോവുകയാണ് ചെയ്യുന്നത്. ഇതിനു സർക്കാർ നൽകുന്ന മൗനമായ ഒത്താശയാണ് ഇപ്പോൾ നൽകപ്പെട്ടിരിക്കുന്ന സത്യവാങ്മൂലം.

കേരളത്തിലെ സ്വകാര്യ കോളേജ്-സ്‌കൂൾ അദ്ധ്യാപക നിയമനങ്ങൾ പിഎസ്‌സിക്ക് വിടുമെന്ന തീരുമാനമെടുത്തത് ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയാണ്. അന്നത്തെ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. തുടർന്ന് വന്ന പട്ടം താണുപിള്ള മന്ത്രിസഭയാണ് ഈ തീരുമാനം അട്ടിമറിച്ച് നിയമനം മാനേജ്‌മെന്റുകൾക്ക് തന്നെ കൈമാറിയത്. കോൺഗ്രസ് സർക്കാർ കൈക്കൊണ്ട നയത്തിൽ നിന്ന് യാതൊരു മാറ്റവും തങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സത്യവാങ്മൂലത്തിലൂടെ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. നാല്പതും അമ്പതും ലക്ഷങ്ങളും അതിനു മുകളിലും വാങ്ങി സ്വകാര്യ സ്‌കൂൾ-കോളേജ് മാനേജ്‌മെന്റുകൾ അദ്ധ്യാപക നിയമനങ്ങൾ സ്വന്തം അഭീഷ്ടമനുസരിച്ച് നടത്തുമ്പോഴാണ് ഈ കാര്യത്തിൽ മാനേജ്‌മെന്റുകൾക്ക് ഒപ്പമാണെന്ന് പറഞ്ഞു ഹൈക്കോടതിയിൽ സത്യവാങ്മൂലം സർക്കാർ ഫയൽ ചെയ്തിരിക്കുന്നത്.

ഒരു വർഷമായി ഈ കേസ് ഹൈക്കോടതിയിൽ നടന്നുവരുന്നുണ്ടെങ്കിലും ഒരു നിലപാടും സ്വീകരിക്കാതെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ ഈ കേസ് കോടതിയിൽ വന്നപ്പോൾ സ്വകാര്യ കോളേജ്-സ്‌കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടണോ എന്ന കാര്യത്തിൽ സത്യവാങ്മൂലം നല്കണമെന്നു ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു. പക്ഷെ സർക്കാർ മടിച്ചു നിൽക്കുകയായിരുന്നു. സർക്കാർ ശമ്പളം നൽകുന്ന സ്വകാര്യ സ്‌കൂൾ-കോളേജുകളിൽ നിയമനം നടത്തുന്നത് മാനേജ്‌മെന്റുകളാണ്. പക്ഷെ ശമ്പളം സർക്കാരാണ് നൽകുന്നത്.

സംസ്ഥാനത്തെ സ്‌കൂൾ-കോളേജ് അദ്ധ്യാപകരുടെ കാര്യത്തിൽ കഴിഞ്ഞ അറുപത് വർഷങ്ങളായി കേരളത്തിൽ നിലനിൽക്കുന്ന രീതിയാണിത്. വർഷാവർഷമുള്ള ബജറ്റ് തുകയിൽ വലിയൊരു ഭാഗം നീക്കിവയ്ക്കുന്നത് ഈ രീതിയിൽ ശമ്പളം നൽകാനാണ്. 2019-20 വർഷത്തെ കേരള ബജറ്റിൽ സ്വകാര്യ മാനേജ്മെന്റ് നിയമിച്ച സ്‌കൂൾ കോളേജ് അദ്ധ്യാപകർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകാനായി മാറ്റി വച്ച തുക 12365 കോടി രൂപയാണ്. പ്രൈമറി അദ്ധ്യാപകർക്ക് 4071 കോടി, സെക്കന്ററി 2572 കോടി രൂപ, പ്ലസ് ടു തലത്തിൽ 1575 കോടി രൂപ, കോളേജ് 1177 കോടി, പെൻഷൻ 2970 കോടി രൂപ ആകെ വരുമ്പോൾ 12365 കോടി രൂപയോളം വരും. എക്കണോമിക് റിവ്യൂ പ്രകാരം കേരളത്തിൽ 78 ലക്ഷം കുടുംബങ്ങൾ. 11 ശതമാനം ദരിദ്രരാണ്. ഏകദേശം 8.6 ലക്ഷം ദരിദ്ര കുടുംബങ്ങൾ കേരളത്തിലുണ്ട്.

ഒരു കുടുംബത്തിന് മാസം 12000 രൂപ എന്ന രീതിയിൽ മിനിമം വരുമാനം ഉറപ്പു വരുത്താൻ സർക്കാരിന് പരമാവധി വേണ്ടത് വേണ്ടത് 12400 കോടി രൂപ. കേരളത്തിൽ ദാരിദ്യനിർമ്മാർജ്ജനത്തിനു വേണ്ടി വരുന്ന തുക തന്നെയാണ് സ്വകാര്യ മാനേജ്‌മെന്റുകൾ നിയമിച്ച അദ്ധ്യാപകർക്ക് വേണ്ടി സർക്കാർ മുടക്കുന്നത്. എന്നിട്ടും സ്വകാര്യ-സ്‌കൂൾ മാനേജ്‌മെന്റുകളെ പിണക്കാൻ മടിച്ച് സർക്കാർ സത്യവാങ്മൂലം വൈകിക്കുകയായിരുന്നു. കഴിഞ്ഞ അറുപത് വർഷമായി തുടരുന്ന ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഈ കാര്യത്തിൽ സർക്കാർ ഇപ്പോഴും തുടർന്ന് പോരുന്നത്. കേസ് വീണ്ടും ഇനി ഹൈക്കോടതിയുടെ പരിഗണനയിൽ വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP