Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞിനു രണ്ട് വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചു; വൃക്ക മാറ്റി വച്ചപ്പോൾ എച്ച്‌ഐവി ബാധിച്ചു; ചികിത്സിച്ചപ്പോൾ കരൾ നശിച്ചു; ബധിരയായ സഹോദരിയെയും രോഗിയായ അമ്മയേയും കാക്കുമെന്ന് കരുതിയ സഹോദരീ ഭർത്താവ് കെട്ടിടം പണിക്ക് പോയി ലിബിയയിൽ കുടുങ്ങി: മരണം കാത്തിരിക്കുന്ന ഈ യുവതി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനു മുന്നിൽ കൈ നീട്ടുന്നത് മകൻ അനാഥനാകാതിരിക്കാൻ

കുഞ്ഞിനു രണ്ട് വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചു; വൃക്ക മാറ്റി വച്ചപ്പോൾ എച്ച്‌ഐവി ബാധിച്ചു; ചികിത്സിച്ചപ്പോൾ കരൾ നശിച്ചു; ബധിരയായ സഹോദരിയെയും രോഗിയായ അമ്മയേയും കാക്കുമെന്ന് കരുതിയ സഹോദരീ ഭർത്താവ് കെട്ടിടം പണിക്ക് പോയി ലിബിയയിൽ കുടുങ്ങി: മരണം കാത്തിരിക്കുന്ന ഈ യുവതി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനു മുന്നിൽ കൈ നീട്ടുന്നത് മകൻ അനാഥനാകാതിരിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടിക്കാലം തൊട്ട് തീരാദുഃഖങ്ങൾ മാത്രമായിരുന്നു തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി കിള്ളിമംഗലം സ്വദേശിനിയായ കഴുത്താടിയിൽ വീട്ടിൽ ഷാജി എന്ന യുവതിക്ക് കൂട്ടിനുണ്ടായിരുന്നത്. രാജു എന്ന യുവാവ് ഷാജിയെ വിവാഹ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത് ഈ ദുരിത ചരിത്രം ഒക്കെ അറിഞ്ഞു കൊണ്ടായിരുന്നു. പക്ഷെ വിധി അവളെ വിട്ടൊഴിഞ്ഞു പോകാൻ എന്നിട്ടും ഒരുക്കമായിരുന്നില്ല. മകന് രണ്ടു വയസുള്ളപ്പോൾ ഷാജിയുടെ ജീവിതം വീണ്ടും മഹാദുരന്തത്തിലേക്കുള്ള നടപ്പാതയായി മാറി. വീടിനരികിൽ ഉള്ള ഒരു കുളത്തിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി വീണ് രാജു മരണപ്പെട്ടു. വിധിക്കു മുന്നിൽ തളരാതെ ജീവിതത്തോട് മല്ലിട്ടു മകനെ വളർത്തുന്നതിന് ഇടയിലാണ് അടുത്ത ദുരന്തം അറിയുന്നത്. രണ്ടു വൃക്കകളും തകരാറിലായ ഷാജിയുടെ മുൻപിൽ ഒരു കുരുന്നിനൊപ്പം ജീവിതവും വഴി മുട്ടി.

വൃക്ക രോഗം മാറ്റാൻ നടത്തിയ ചികിത്സയിലൂടെ, മരുന്നും ഡയാലിസിസും ഒക്കെ ആയി സാമ്പത്തികമായി ഷാജിയും കുടുംബവും എറെ തകർന്നു. ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ പറയുകയും ചെയ്തു. എന്നാൽ അതിനുള്ള സാമ്പത്തിക ശേഷി ഈ നിർധന കുടുംബത്തിന് ഉണ്ടായിരുന്നില്ല. ആ സമയത്താണ് പ്രതീക്ഷയുടെ പൊൻകിരണവുമായി കന്യാസ്ത്രീയായ മെർലിൻ എത്തിയത്. തന്റെ വൃക്ക ദാനമായി നൽകാം എന്ന സിസ്റ്റർ മെർലിന്റെ വാക്കുകൾ അവിശ്വസനീയമായി തോന്നി. പള്ളിയും നാട്ടുകാരും മനുഷ്യ സ്റ്റേഹികളായി ഒത്തൊരുമിച്ചപ്പോൾ ഷാജിയും മകനും വീട്ടുകാരും ഒരേ പേലെ ആശ്വാസം കൊണ്ടു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

ഒരു കന്യാസ്ത്രീ ആദ്യമായി വൃക്ക ദാനം നൽകിയ സംഭവം കേരളത്തിൽ ഏറെ വാർത്തകൾ സൃഷ്ടിച്ചു. മെർലിന്റെ ലാഭേച്ഛയില്ലാത്ത ജീവിത ത്യാഗം ഷാജിക്കു ദുരന്തങ്ങൾക്കിടയിൽ പെയ്ത പെരുമഴ പോലെ ആയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഷാജിയെ വെട്ടയാടിയ ദുർവിധി വിട്ടുപോയില്ല. വൃക്ക മാറ്റിവച്ചതിനു ശേഷവും അനുഭവപ്പെട്ട ദേഹാസ്വസ്ഥ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഷാജി എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞു. എച്ച്‌ഐവി പോസിറ്റീവ് ആകാൻ ഒരു സാധ്യതയും ഇല്ലാത്ത ജീവിതം ഇങ്ങനെ ഒക്കെ ആയി തീർന്നത് ആശുപത്രിയുടെ ഭാഗത്തെ പിഴവുകൊണ്ടാകും എന്നാണ് കരുതൽ. വൃക്ക നൽകി കന്യാസ്ത്രീക്ക് അത്തരം ഒരു പ്രശ്‌നം ഇല്ലായിരുന്നു എന്നു പിന്നീട് പരിശോധനയിൽ കണ്ടെത്തിയതാണ്. വിധിയുടെ വേട്ടയാടൽ അവിടെയും തീർന്നില്ല. പിന്നെ ഷാജിയെ ആക്രമിക്കാൻ എത്തിയത് ഗുരുതരമായ കരൾ രോഗമായിരുന്നു. ഇനി ഒരു വൃക്ക മാറ്റി വെയ്ക്കലോ കരൾ മാറ്റി വയ്ക്കലോ ജീവിതത്തിലേക്കുള്ള മടങ്ങി വരവോ ഈ സഹോദരി സ്വപ്നം കാണുന്നില്ല.

പഠനത്തിൽ സമർത്ഥനായ മകൻ ഷാരോൻ എന്ന പത്താം ക്ലാസുകാരൻ നല്ല മാർക്കോടെ പരീക്ഷകൾ പാസായി ജീവിത വിജയം നേടുന്നത് കാണണമെന്ന് ഷാജി കൊതിക്കുന്നു. തന്റെ ആയുസ്സിൽ അതു സാധിച്ചില്ലെങ്കിലും അവന്റെ പഠനം മുടങ്ങില്ലെന്നും അവന് തന്നെ വേട്ടയാടിയ ദുർവിധിയുടെ ആക്രമണം ഉണ്ടാകില്ലെന്നും അറിഞ്ഞു മരണം വരിക്കാൻ ഷാജി കാത്തിരിക്കുന്നു. ഇതോടൊപ്പം വയോധികയും രോഗിയുമായ അമ്മയും ബധിരയും മൂകയുമായ മൂത്ത ചേച്ചിയും ഷാജിയുടെ തീരാ ദുഃഖമാണ്. ഷാജിയുടെ ഇരട്ട സഹോദരി ലിബിയയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ആയിരുന്ന ഷിജുവിനെ വിവാഹം കഴിച്ചെങ്കിലും ലിബിയയിൽ ഉണ്ടായ തൊഴിൽ പ്രശ്‌നങ്ങളിൽ പെട്ട് ഈ സഹോദരിയുടെ കുടുംബവും ഇന്ന് ഏറെ ബുദ്ധിമുട്ടിലാണ്. കന്യാസ്ത്രീയായ മറ്റൊരു സഹോദരി കൂടിയാണ് ഷാജിക്കുള്ളത്. രോഗം ബാധിച്ച് ഷാജിയുടെ പിതാവ് മരണപ്പെടുകയും ചെയ്തു.

രോഗക്കിടക്കയിൽ കിടക്കുമ്പോഴും വയോധികയും രോഗിയും ആയ അമ്മ തെരുവിൽ കിടന്നു മരിക്കരുതേ എന്നും ഊമയും ബധിരയും ആയ ചേച്ചിയുടെ ഭാഗദേയത്തെ പറ്റിയും ഒക്കെ ഷാജി ഏറെ വ്യാകുല ആണ്. നിലവിൽ നടത്തിവരുന്ന ഡയാലിസിസിനും ചികിത്സയ്ക്കുമായി ഏറെ പണം ചെലവാകുന്നുണ്ട്. വിധവാ പെൻഷൻ ലഭിക്കുന്ന ആയിരം രൂപയും മന്ത്രിയുടെ ഫണ്ടിൽ നിന്നും ലഭിച്ച 50, 000 രൂപയും ഒക്കെ ചെലവഴിച്ചു കൊണ്ടാണ് ഇതുവരെ ചികിത്സകൾ നടത്തിപ്പോന്നത്. ഹെർമോ ഡയാലിസിസും മറ്റു ചികിത്സകളും ഒക്കെ നടത്തിവരുന്നതിനായി വേണ്ടി വരുന്ന സാമ്പത്തികം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് ഷാജി തന്റെ കുടുംബത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നത്.

ഈ കഥ ഞങ്ങളാട് പറഞ്ഞത് ഒരു കത്തോലിക്കാ വൈദികൻ ആണ്. ഫാദർ ജോർജ് നിരപ്പുകാലായിൽ അസംഘടിത തൊഴിലാളി മേഖലകളിൽ സജീവ സാന്നിധ്യമായ വർഷങ്ങളായി വിഷ രഹിത കൃഷി ഉത്പന്നങ്ങൾക്കായും കൾസ്റ്റർ കൃഷിക്കായും നിരന്തരം പ്രവർത്തിക്കുന്ന പുരോഹിതൻ. പഠിക്കാൻ അതിസമർത്ഥയായിരുന്ന ഷാജി എന്ന സഹപാഠിയെ പറ്റി ദുഃഖത്തോടെയാണ് അച്ചൻ സംസാരിച്ചത്. നാല് പെൺമക്കൾ ഉള്ള കുടുംബത്തിലെ രണ്ടാമത്തെ മകൾ ആണ് ഷാജി.

നമ്മുടെ അറിവുകൾ മിഥ്യയും ബിരുദങ്ങൾ കപടവും ആണന്ന് തിരിച്ചറിയുന്നത് ചില ദുരിത ജന്മങ്ങളുടെ നേർകാഴ്ചകളിലേക്ക് എത്തപ്പെടുമ്പോൾ മാത്രമാണ്, ചുറ്റുപാടുകൾ ഒട്ടും അനുകൂലം അല്ലാഞ്ഞിട്ടും അറിവിന്റെ അക്ഷയഖനി തേടി ഇറങ്ങിയിട്ടും എങ്ങും എത്തപ്പെടാതെ ദുരിത കയങ്ങളിൽ അകപ്പെട്ട് ജന്മം നൽകിയവർക്കായും താൻ ജനിപ്പിച്ചവർക്കായും ഒന്നും തുടർന്നു നൽകാൻ ഇല്ല എന്ന ബോധം ഉണ്ടായിട്ടും ഈ ഭൂമിയിൽ ഒരു ഇത്തിരി ക്കാലം കൂടി ജീവിക്കണം എന്ന് ഏറെ ആഗ്രഹിക്കുന്ന ഷാജി പോലെയുള്ളവരോട് മുഖം തിരിക്കാൻ നമുക്ക് ആവുമോ? നന്മയുടെയും ആർദ്രതയുടെയും കണിക വറ്റാത്ത സുമനസ്സുകൾ ഷാജിയെ സഹായിക്കാൻ വേണ്ടിയാണ് മറുനാടൻ വാർത്ത നിങ്ങൾക്ക് മുമ്പിൽ വെക്കുന്നത്.

മറുനാടൻ മലയാൡയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴിയും ഇവരെ സഹായിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്മസ് അപ്പീലിനോടനുബന്ധിച്ചു തെരഞ്ഞെടുക്കപ്പെട്ട പത്തു കേസുകളിൽ ഒന്നാണ് ഷാജിയുടേത്.

പ്രതിസന്ധിയിൽ ആകുന്ന യുകെയിലെ മലയാളികളെ സഹായിക്കാനും നാട്ടിലെ ദരിദ്ര രോഗികളെ ചികിത്സിക്കുന്നതിനുമായാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചത്. ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ സാമൂഹ്യ പ്രവർത്തകരും ട്രസ്റ്റികളായ 13 അംഗ ട്രസ്റ്റിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ടോമിച്ചൻ കൊഴുവനാൽ ചെയർമാനും സൈമി ജോർജ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ വൈസ് ചെയർമാൻ കെഡി ഷാജിമോൻ, ട്രഷറർ ഷൈനു ക്ലെയർ മാത്യൂസ്, ജോയിന്റ് സെക്രട്ടറി ഷാജി ലൂക്കോസ് എന്നിവരാണ്. സിബി മേപ്രത്ത്, ജോർജ് എടത്വാ, കെആർ ഷൈജുമോൻ, സാം തിരുവാതിലിൽ, സോണി ചാക്കോ ഷാജൻ സ്‌കറിയ എന്നിവരാണ് ഫൗണ്ടേഷനിലെ മറ്റു അംഗങ്ങൾ.

ഒരു നേരം ആഹാരം കഴിക്കാൻ പോലും നിവർത്തിയില്ലാത്തവരും ചികിത്സിക്കാൻ പണമില്ലാത്തതിനാൽ ചികിത്സ തേടാത്തവരുമായ അനേകം പേർ നമുക്കു ചുറ്റും ഉണ്ട്. അവരിൽ കുറച്ചു പേരെ എങ്കിലും സഹായിക്കാൻ ആണ് ഈ ചാരിറ്റിയിലൂടെ ശ്രമിക്കുന്നത്. ലഭിക്കുന്നതും ചെലവാക്കിയതുമായ ഓരോ തുകയുടേയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്മെന്റ് ഫൗണ്ടേഷൻ വെബ്സൈറ്റിലും ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചു പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റ് നടത്തുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും പണം ശേഖരിച്ചു അത് മുഴുവൻ കൈമാറുകയാണ് ഫൗണ്ടേഷന്റെ രീതി. ഫൗണ്ടേഷൻ പ്രവർത്തന ചെലവുകൾ ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുകയാണ് പതിവ്.

യുകെയിലെ ഒരു മലയാളി മരണം അടഞ്ഞാൽ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കുന്നതിന്റെ ചെലവ് വഹിക്കുന്നത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. മരിച്ചയാളുടെ പങ്കാളിയോ മാതാപിതാക്കളോ അവരുടെ പ്രദേശത്തെ മലയാളി അസോസിയേഷൻ ഭാരവാഹികളോ ഔദ്യോഗികമായി അപേക്ഷ നൽകിയാൽ മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നാലു ലക്ഷം രൂപ ബ്രിട്ടീഷ് മലയാളി നൽകാറുണ്ട്. ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയും ഒന്നിച്ചുള്ള ഈ സംരംഭത്തിലൂടെ ഇതിനകം മൂന്നു കോടിയിലേറെ രൂപ കൊടുത്തിട്ടുണ്ട്. ഇതിന് പുറമേയാണ് മറുനാടൻ വായനക്കാർക്ക് ഷാജിയെ നേരിട്ട് സഹായിക്കാൻ അവസരം ഒരുക്കുന്നത്.

ഷാജിയെ സഹായിക്കാൻ തൽപ്പര്യമുള്ളവർക്ക് ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ട് വഴി പണം അയക്കാം:

Mrs. Shaji Raju
A/C No:- 0015053000037773
Bank :- South Indian Bank
Branch:- Chelakkara
IFSC Code : SIBL0000015 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP