Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഫീസ് മുറിയും കോൺഫറൻസ് ഹാളും ഡ്രസിങ് റൂമും കുളിമുറിയും ജിമ്മും അടക്കം എല്ലാ അത്യാധുനിക സൗകര്യങ്ങളും; ഏതുനിമിഷവും അമേരിക്കൻ പ്രസിഡന്റുമായി ലോകത്തെ ഏത് കോണിലേക്കും പറക്കാൻ സജ്ജമായ വിമാനം; അമേരിക്കയ്ക്ക് നേരെ ആക്രമണം ഉണ്ടായാൽ ലോകത്തിന്റെ ഏത് കോണിൽ നിന്നും സൈനിക നടപടികൾ നിയന്ത്രിക്കാൻ സംവിധാനങ്ങൾ; മിസൈൽ ആക്രമണങ്ങൾ ചെറുക്കാനും പ്രത്യേകം സജ്ജീകരണങ്ങൾ; ട്രംപ് ഇന്ത്യയിലേക്ക് എത്തുന്ന 'പറക്കും വൈറ്റ്ഹൗസ്' എയർഫോഴ്സ് വണിന്റെ പ്രത്യേകതകൾ

ഓഫീസ് മുറിയും കോൺഫറൻസ് ഹാളും ഡ്രസിങ് റൂമും കുളിമുറിയും ജിമ്മും അടക്കം എല്ലാ അത്യാധുനിക സൗകര്യങ്ങളും; ഏതുനിമിഷവും അമേരിക്കൻ പ്രസിഡന്റുമായി ലോകത്തെ ഏത് കോണിലേക്കും പറക്കാൻ സജ്ജമായ വിമാനം; അമേരിക്കയ്ക്ക് നേരെ ആക്രമണം ഉണ്ടായാൽ ലോകത്തിന്റെ ഏത് കോണിൽ നിന്നും സൈനിക നടപടികൾ നിയന്ത്രിക്കാൻ സംവിധാനങ്ങൾ; മിസൈൽ ആക്രമണങ്ങൾ ചെറുക്കാനും പ്രത്യേകം സജ്ജീകരണങ്ങൾ; ട്രംപ് ഇന്ത്യയിലേക്ക് എത്തുന്ന 'പറക്കും വൈറ്റ്ഹൗസ്' എയർഫോഴ്സ് വണിന്റെ പ്രത്യേകതകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്നലെ വൈകുന്നേരമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ സന്ദർശനത്തിനായി എയർഫോഴ്‌സ് വണ്ണിൽ യാത്ര തിരിച്ചത്. ലോകത്തെ ഏറ്റവും കരുത്തനായി ഭരണാധികാരി സഞ്ചരിക്കുന്ന വിമാനം എന്ന നിലയിൽ അത്രയും കരുത്തും സജ്ജീകരണങ്ങളും ഒരുക്കിയ വിമാനമാണ് ഇത്. ആണവ ആക്രമണത്തെ ചെറുക്കാൻ പോലും ശേഷിയുള്ള വിമാനം എന്നാണ് അമേരിക്കൻ വിദഗ്ദ്ധർ എയർഫോഴ്‌സ് വണ്ണിനെ കുറിച്ച് പറയാറ്. പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉള്ള വിമാനം എന്നതിൽ ഉപരിയായി ആക്രമണങ്ങളെ ചെറുക്കുന്നതിലും അതീവ പ്രാധാന്യമുള്ള വിമാനമാണ് ഇത്. ട്രംപിന്റെ മുൻഗാമികളും ഉപയോഗിച്ചിരുന്നത് എയർഫോഴ്‌സ് വണ്ണാണ്.

അമേരിക്കയുടെ അഭിമാനങ്ങളിൽ ഒന്നാണീ ലോകത്തെ ഏറ്റവും കരുത്തുള്ള ഈ വിമാനം. ബോയിങ് 747-200ബി സീരിസിൽ പെട്ട ഈ വിമാനം വാർത്താ വിനിമയം, ആരോഗ്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ലോകത്ത് എയർഫോഴ്സ് വൺ വിമാനത്തിന് പകരം വെയ്ക്കാൻ മറ്റൊരു ഔദ്യോഗിക യാത്രാവിമാനമില്ല. അമേരിക്കൻ വ്യോമസേനയാണ് വിമാനം നിയന്ത്രിക്കുന്നതത്. പറക്കുന്ന വൈറ്റ്ഹൗസ് എന്ന് ഈ വിമാനത്തെ കുറിച്ച് ഒറ്റവാക്കിൽ പറയാം.

ജോൺ എഫ് കെന്നഡി അമേരിക്കൻ പ്രസിഡന്റായ സമയത്താണ് ഇത്തരത്തിൽ അമേരിക്കൻ പ്രൗഢി നിലനിർത്തുന്ന വിധത്തിൽ ഒരു വിമാനം വേണമെന്ന തോന്നൽ ഉണ്ടായത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കരുത്തുറ്റ എയർഫോഴ്‌സ് വൺ പിറവി കൊണ്ടു. പ്രസിഡന്റിന് വേണ്ടി മാത്രമായി ഒരു വിമാനം എന്ന ചിന്തയിൽ നിന്നാണ് ഈ വിമാനം പിറവിയെടുത്തത്. 1962 കെന്നഡി ഈ വിമാനത്തിൽ ആദ്യമായി പറന്നു. ബോയിങ് 707 വിമാനം പ്രത്യേകമായി രൂപകല്പന ചെയ്തെടുത്തതായിരുന്നു അത്. പിന്നീട് പല വിമാന കമ്പനികളുടെ വിമാനങ്ങൾ അമേരിക്കൻ പ്രസിഡന്റിന്റെ യാത്രകൾക്കായി ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ രൂപത്തിലുള്ള എയർ ഫോഴ്സ് വൺ വിമാനം 1990 ൽ ജോർജ് എച്ച്. ഡബ്ളിയു ബുഷിന്റെ കാലത്താണ് അമേരിക്ക സ്വന്തമാക്കിയത്. കാലങ്ങളും ടെക്‌നോളജികളും മാറുന്നതിന് അനുസരിച്ച് വിമാനം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റിന്റെ യാത്രകൾ എപ്പോഴും മുൻകൂട്ടി തയ്യാറാക്കിയ തീരുമാനങ്ങൾ അനുസരിച്ചുള്ളതാണ്. എന്നാൽ, ഏതുനിമിഷവും അമേരിക്കൻ പ്രസിഡന്റുമായി ലോകത്തെ ഏത് കോണിലേക്കും പറക്കാൻ സജ്ജമായിരിക്കും വിധമാണ് എയർഫോഴ്സ് വണിന്റെ സംവിധാനങ്ങൾ. വൈറ്റ് ഹൗസിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ നിമിഷങ്ങൾക്കകം പ്രസിഡന്റിനേയും വഹിച്ച് വിമാനം ആകാശത്തേക്ക് പറന്നുയരും. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന് വിമാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതുകൂടാതെ അമേരിക്കൻ പതാകയും പ്രസിഡന്റിന്റെ സീലും ഇതിലുണ്ടാകും. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 1014 കിലോമീറ്റർ സഞ്ചരിക്കുന്ന ഇവയ്ക്ക് 12.550 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാനാവും. ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കാൻ സാധിക്കും. അതിശക്തമായ റഡാർ സംവിധാനങ്ങൾ അടക്കം ഈ വിമാനത്തിലുണ്ട്.

മറ്റ് ബോയിങ് യാത്രാവിമാനങ്ങളെ അപേക്ഷിച്ച് എയർ ഫോഴ്സ് വൺ വിമാനത്തിന് യാത്രക്കിടെ ഇന്ധനം നിറയ്ക്കാൻ സാധിക്കും. ഒറ്റപ്പറക്കലിൽ ലോകത്തിന്റെ ഏത് കോണിലേക്കും വിമാനത്തിന് സഞ്ചരിക്കാൻ സാധിക്കും. വൈദ്യുത കാന്തിക സ്പന്ദനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ നിന്ന് വിമനത്തെ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇതിലുണ്ട്. പെട്ടന്ന് ഒരു നിമിഷം അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടാവുകയാണെങ്കിൽ ലോകത്തിന്റെ ഏത് കോണിൽ നിന്നും സൈനിക നടപടികൾ നിയന്ത്രിക്കാനുള്ള സംവിധാനവും എയർഫോഴ്സ് വണ്ണിലുണ്ട്.

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസിന് ഓവൽ ഓഫീസ് എന്നാണ് വിശേഷിപ്പിക്കുന്നത്. അത്തരത്തിൽ പറക്കുന്ന ഓവൽ ഓഫീസെന്നാണ് എയർ ഫോഴ്സ് വണ്ണിനെ വിളിക്കുന്നത്. 4,000 ചതുരശ്ര അടി വിസ്താരമാണ് വിമാനത്തിനുൾഭാഗത്തിനുള്ളത്. പ്രസിഡന്റിനു പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഇതിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉൾപ്പെട്ടതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി. അത്യാധുനിക ആശയവിനിമയശൃംഖലക്കു പുറമെ 85 ടെലിഫോൺ, 19 എൽ.സി.ഡി സ്‌ക്രീനുകൾ എന്നിവയും വിമാനത്തിന്റെ ഭാഗമായിട്ടുണ്ട്.

പ്രസിഡന്റിന്റെ ഓഫീസ്, കോൺഫറൻസ് മുറി, പ്രസിഡന്റിന്റെ സഹായികളായ മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക കാബിനുകൾ, മാധ്യമപ്രവർത്തകർക്കുള്ള ഇരിപ്പിടം, ജീവനക്കാർക്കുള്ള മുറികൾ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങൾ. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്നതിന് വേണ്ടി ഓപ്പറേഷൻ തീയേറ്റർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി ചെറിയൊരു ആശുപത്രിയും ഇതിനുള്ളിലുണ്ടാകും. ഇതിൽ ഒരു ഡോക്ടർ പ്രസിഡന്റിന്റെ യാത്രയിൽ വിമാനത്തിലുണ്ടായിരിക്കും. ഒരേസമയം 100 പേർക്ക് കഴിക്കാനുള്ള ഭക്ഷണം വിളമ്പാനുള്ള സ്ഥലവും ഇതിലുണ്ടാകും.

പ്രധാന ഉപദേശകർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, പിന്നെ പ്രസിഡന്റ് ക്ഷണിക്കുന്ന അതിഥികൾ എന്നിവരാകും ഔദ്യോഗിക യാത്രയിൽ ഉണ്ടാകുക. വിദൂര സ്ഥലങ്ങളിലേക്കുള്ള ഔദ്യോഗിക യാത്രകളാണെങ്കിൽ പ്രസിഡന്റ് എത്തുന്നതിന് മുമ്പ് ആവശ്യമായ സാധനസാമഗ്രികളുമായി മറ്റ് വിമാനങ്ങൾ അവിടെ എത്തിയിരിക്കും. വൈറ്റ് ഹൗസിന്റെ മിലിട്ടറി ഓഫീസിന്റെ ഭാഗമായ പ്രസിഡൻഷ്യൽ എയർലിഫ്റ്റ് ഗ്രുപ്പാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുക. രണ്ട് എയർഫോഴ്സ് വൺ വിമാനങ്ങളാണ് ഉള്ളത്. ഇവ രണ്ടും മാറ്റി പുതിയത് വാങ്ങാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.നിലവിൽ ഉപയോഗിക്കുന്ന ബോയിങ് 747-200 വിമാനങ്ങൾക്ക് പകരം 747-8 സീരിസിലുള്ള വിമാനങ്ങളാകും എയർഫോഴ്സ് വണ്ണിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ലോകത്ത് ഏറ്റവും കരുത്തനും പ്രാധാന്യവുമുള്ള വ്യക്തി ആയതിനാൽ ഭീകരാക്രമണം സാധ്യതകളുമുണ്ട്. അതിനെ ചെറുക്കാൻ വേണ്ട സംവിധാനങ്ങളും എയർഫോഴ്‌സ് വണ്ണിലുണ്ട്. ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകർക്കാനും കഴിയുന്ന ഇലക്ട്രിക് ഡിഫൻസ് സിസ്റ്റം പോലുള്ള ഏറ്റവും മുന്തിയ പ്രതിരോധ സംവിധാനങ്ങളാണ് വിമാനത്തിൽ. ഇൻഫ്രാ റെഡ് മിസൈൽ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി ആക്രമണം തടയാൻ വിമാനത്തിലെ മിറർ ബാൾ ഡിഫൻസിലൂടെ സാധിക്കും. ഭൂമിയും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഘടിപ്പിച്ചിട്ടുള്ളതാണ് എയർ ഫോഴ്‌സ് വൺ. ആണവായുധം കൊണ്ടുള്ള ആക്രമണം ചെറുക്കുക മാത്രമല്ല, അമേരിക്കൻ പ്രസിഡന്റിന് ആവശ്യമെങ്കിൽ വിമാനത്തിൽ ഇരുന്നു കൊണ്ട് ആണവ പ്രത്യാക്രമണം നടത്താം. ഇതിനായി ന്യൂക്ലിയർ ബട്ടൺ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസും വിമാനത്തിലുണ്ട്.

അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കാത്ത വിമാനം ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കുമെന്നതാണ് പ്രത്യേകത. മണിക്കൂറിൽ ഒരു ലക്ഷം ഡോളറാണ് ഈ വിമാനത്തിനുള്ള ചെലവ്. ലോകരാജ്യങ്ങൾ ചുറ്റിക്കറങ്ങുന്ന അമേരിക്കൻ പ്രസിഡന്റിന്റേതു തന്നെയാണ് അക്ഷരാർഥത്തിൽ ഏറ്റവും വലിയ ആഡംബരയാത്രയാണിത്. 325 ദശലക്ഷം ഡോളർ അഥവാ 2200 കോടി രൂപയാണ് എയർഫോഴ്സ് വണ്ണിന്റെ ഏകദേശ വില. ട്രംപിന്റെ വിമാനത്തിന് അകമ്പടിയായി മറ്റ് വ്യോമസേനാ വിമാനങ്ങളും ഉണ്ടാകും.

ഇന്ത്യയിൽ ഇറങ്ങിയ ശേഷം ട്രംപ് സഞ്ചരിക്കുക ഹെലികോപ്റ്ററുകളിലാണ്. യുഎസ് എയർഫോഴ്‌സിന്റെ കാർഗോ വിമാനത്തിലാണ് ഹെലികോപ്റ്ററുകൾ ഇതിനായി ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ട്രംപിന്റെ കാറായ കാഡിലാക്കും സുരക്ഷാ ജീവനക്കാരുടെ വാഹനങ്ങളും സുരക്ഷ ഉപകരണങ്ങളും വിമാനത്തിൽ എത്തിച്ചിരുന്നു. ഇത്തരം ആറ് കാർഗോ വിമാനങ്ങൾ ട്രംപിന്റെ വരവിനു മുമ്പ് ഇന്ത്യയിലെത്തും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര ഉദ്ഘാടനം ചെയ്തതിനു ശേഷം ട്രംപ്, സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷനൽ എയർപോർട്ടിലേക്ക് പോകുന്നത് ഈ ഹെലികോപ്റ്ററിലായിരിക്കും.

അമേരിക്കൻ പ്രസിഡന്റിനെ എയർഫോഴ്‌സ് വണ്ണിലേക്ക് എത്തിക്കുക എന്നതാണ് മറീൻ വണ്ണിന്റെ പ്രധാന ചുമതല. ചെറു യാത്രകൾക്കും മറീൻ വൺ ഉപയോഗിക്കാറുണ്ട്. മറീൻ വൺ എന്നത് നിരവധി ഹെലികോപ്റ്ററുകൾ ചേർന്ന കൂട്ടമാണ്. സാധാരണയായി അഞ്ചു ഹെലികോപ്റ്ററുകളുടെ ഒരു സംഘമായിട്ടാണ് മറീൻ വൺ സഞ്ചരിക്കുക. അതിലൊന്നിലായിരിക്കും പ്രസിഡന്റ്. ആക്രമണമുണ്ടായാൽ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇത്.

മണിക്കൂറിൽ 214 കിലോമീറ്റർ വരെ വേഗത്തിൽ ഈ ഹെലികോപ്റ്ററുകൾ സഞ്ചരിക്കും. ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം, മിസൈൽ വാണിങ് സിസ്റ്റം, ആന്റി മിസൈൽ ഡിഫൻസ് സിസ്റ്റം, അത്യാധുനിക കമ്യൂണിക്കേഷൻ സിസ്റ്റം തുടങ്ങിയവ മറീൻ വണ്ണിനെ ലോകത്തിലെ ഏറ്റവും സുരക്ഷിത ഹെലികോപ്റ്ററാക്കുന്നു. പരമാവധി 14 പേർക്കാണ് ഈ ഹെലികോപ്റ്ററിൽ സഞ്ചരിക്കാനാവുക. 200 സ്‌കയർ ഫീറ്റ് സ്ഥലമുണ്ട് ഉള്ളിൽ. കൂടാതെ ഒരു ശുചിമുറിയും. ഹെലികോപ്റ്റർ എൻജിൻ ശബ്ദം ഉള്ളിലേക്കു വരാതിരിക്കാനും വെടിയുണ്ട ഏൽക്കാതിരിക്കാനും ശേഷിയുള്ള ബോഡിയാണ് ഇതിന്. മൂന്ന് എൻജിനുള്ള ഹെലികോപ്റ്ററിന്റെ ഒരു എൻജിൻ പ്രവർത്തന രഹിതമായാലും സുരക്ഷിതമായി സഞ്ചരിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP