Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴുക്കോൽ ഊരാൻ മുന്നിൽ നിന്നതു എയർ ഇന്ത്യ; ചൂട്ടു കത്തിച്ചു ജെറ്റ് എയർവെയ്‌സും; പതിവ് പോലെ യാത്രക്കാരോട് ഒപ്പം നിന്ന് ആശ്വാസമേകി കച്ചവടത്തിനൊപ്പം മനുഷ്യത്വവും നിറച്ച് എമിറേറ്റ്‌സ്; വെള്ളപ്പൊക്കത്തിൽ വിമാന കമ്പനികൾ ചെയ്തതുകൊടു ക്രൂരതകൾ; മനുഷ്യത്വം മരവിച്ച വിമാനക്കമ്പനികൾ ചൂഷകരുടെ വേഷത്തിലെത്തുമ്പോൾ പ്രവാസിയെ പിഴിയാൻ മുന്നിൽ നിൽക്കുന്ന സർക്കാരും ഇതൊന്നും കാണുന്നില്ല

കഴുക്കോൽ ഊരാൻ മുന്നിൽ നിന്നതു എയർ ഇന്ത്യ; ചൂട്ടു കത്തിച്ചു ജെറ്റ് എയർവെയ്‌സും; പതിവ് പോലെ യാത്രക്കാരോട് ഒപ്പം നിന്ന് ആശ്വാസമേകി കച്ചവടത്തിനൊപ്പം മനുഷ്യത്വവും നിറച്ച് എമിറേറ്റ്‌സ്; വെള്ളപ്പൊക്കത്തിൽ വിമാന കമ്പനികൾ ചെയ്തതുകൊടു ക്രൂരതകൾ; മനുഷ്യത്വം മരവിച്ച വിമാനക്കമ്പനികൾ ചൂഷകരുടെ വേഷത്തിലെത്തുമ്പോൾ പ്രവാസിയെ പിഴിയാൻ മുന്നിൽ നിൽക്കുന്ന സർക്കാരും ഇതൊന്നും കാണുന്നില്ല

കെ ആർ ഷൈജുമോൻ

ലണ്ടൻ: ഓഫ് സീസൺ സമയത്തു പോലും എമിറേറ്‌സിൽ യാത്ര ചെയ്യാൻ ശരാശരി 50 പൗണ്ടെങ്കിലും(ഏകദേശം 4600 രൂപ) യുകെ മലയാളികൾ മുടക്കേണ്ടി വരും , അതായതു കുടുംബം ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ മിനിമം 200 പൗണ്ട്(ഏകദേശം 18000രൂപ) . സീസണിൽ ഈ നിരക്ക് വത്യാസം 50000 രൂപ മുതൽ 75000 രൂപ വരെയായി ഉയരുകയും ചെയ്യാം . എന്നാൽ ഈ പണനഷ്ടം കാര്യമാക്കാതെ ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ ഗുണം യാത്രക്കാർ ശരിക്കറിഞ്ഞത് ഇക്കഴിഞ്ഞ വെള്ളപ്പൊക്ക കാലത്താണ് .

ഇന്ത്യക്കാരുടെ സ്വന്തം എയർ ലൈൻ എന്ന് അഭിമാനത്തോടെ ഓരോ ഇന്ത്യക്കാരനും പറയുന്ന എയർ ഇന്ത്യ അവസരത്തിനൊത്തു പുര കത്തിയപ്പോൾ കഴുക്കോൽ ഊരാൻ ശ്രമിച്ചെങ്കിൽ ജെറ്റ് എയർവേയ്സ് കൊച്ചി യാത്രക്കാരെ തോന്നിയ ഇടങ്ങളിൽ ഇറക്കിവിട്ടു പെരുവഴിലാക്കാനും മിടുക്കു കാട്ടി . എന്നാൽ എമിറേറ്റ്‌സ് യാത്രക്കാർ അല്പം വൈകിയാണെങ്കിലും സുരക്ഷിതമായി വീടുകളിൽ എത്തി എന്നതാണ് വെള്ളപ്പൊക്ക ശേഷമുള്ള വിമാന യാത്രക്കാരുടെ അനുഭവത്തിൽ ആകാശം മുട്ടെ നിൽക്കുന്ന വികാരം .

വെള്ളപ്പൊക്കം രൂക്ഷമായ ദിവസങ്ങളിൽ എയർ ഇന്ത്യ , ജെറ്റ് എയർവേസ് തുടങ്ങിയ കമ്പനികളിൽ നാട്ടിലേക്കു യാത്ര തിരിച്ച വിദേശ മലയാളികളിൽ നല്ല പങ്കും ഡൽഹി , മുംബൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ കുടുങ്ങുക ആയിരുന്നു . ഡൽഹിയിലും മുംബൈയിലും എത്തിയവർ ബഹളം കൂട്ടിയപ്പോൾ ഒരുവിധം തിരുവനന്തപുരം വരെ എത്തിക്കാൻ രാഷ്ട്രീയ സമ്മർദം വരെ വേണ്ടി വന്നു . എന്നാൽ ജെറ്റ് ബാംഗ്ലൂരിൽ എത്തിച്ച യാത്രക്കാരോട് പറഞ്ഞ ന്യായമാണ് ഏറെ വിചിത്രം , കൊച്ചിക്കു ഏറ്റവും അടുത്തുള്ള വിമാനത്താവളം വരെ എത്തിച്ചു കഴിഞ്ഞു , ഇനി ഉള്ള യാത്രയിൽ തങ്ങൾക്കു പങ്കില്ല എന്ന മറുപടിയാണ് കുഞ്ഞു കുട്ടികളും വൃദ്ധരും അടക്കമുള്ളവർക്കു കേൾക്കേണ്ടി വന്നത് . റോഡ് മാർഗമുള്ള ഗതാഗതം സാധ്യമല്ലാത്ത സാഹചര്യത്തിൽ കൂടിയാണ് ജെറ്റ് എയർവേസ് മനുഷ്യത്വ രഹിതമായ ഈ നടപടിക്കു തയാറായത്.

യാത്രക്കാരുടെ പരാതികൾ കേൾക്കാൻ പോലും ഉത്തരവാദിത്തം ഉള്ള ഒരു ഉദ്യോഗസ്ഥർ പോലും എയർപോർട്ടിൽ ഇല്ലാതിരിക്കെ സഹായം തേടി വ്യോമയാന , വിദേശകാര്യ മന്ത്രിമാർക്ക് ട്വീറ്റ് ചെയ്തും രാത്രിയിൽ പോലും കുഞ്ഞുങ്ങളുമായി വിമാനത്താവളങ്ങളിൽ യാത്രക്കാർ കുത്തിയിരിപ്പു നടത്തേണ്ടി വന്നതും ജെറ്റിന് സൃഷ്ട്ടിച്ച നാണക്കേട് ഏറെ വലുതാണ് . കോടികളുടെ പരസ്യം ചെയ്യുന്നതിനേക്കാൾ ഗുണകരമാണ് ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യത്വപൂർണമായ നിലപാട് സ്വീകരിക്കുന്നതിലൂടെ ലഭിക്കുക എന്ന് അനുഭവങ്ങൾ ഏറെയുണ്ടായിട്ടും പഠിക്കാൻ തയാറാകാത്തത് യാത്രക്കാരോടുള്ള ദാർഷ്ട്യം കൂടിയായാണ് വിലയിരുത്തപ്പെടുന്നത് .

എന്നാൽ യാത്രക്കാരെ എല്ലായ്‌പ്പോഴും തന്നെ മികച്ച പരിഗണനയിൽ സമീപിക്കുന്ന എമിറേറ്റ്‌സ് ആകട്ടെ കൊച്ചിക്കു ടിക്കറ്റ് എടുത്തവരെ ലഭ്യമായ വിമാനത്താവളങ്ങൾ വഴി തിരുവനന്തപുരം വരെ എത്തിക്കാൻ ഉള്ള സന്മനസ് കാണിച്ചു . കൊച്ചി വിമാനത്താവളം അടച്ച സാഹചര്യത്തിൽ അവർക്കു അതിനെ കഴിയുമായിരുന്നുള്ളൂ . ഇത് തന്നെ തിരുവനന്തപുരത്തേക്കു നേരിട്ട് പറക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മുംബൈ വഴിയും തിരുവനന്തപുരത്തെത്തിക്കാൻ എമിറേറ്റ്‌സ് മിടുക്കു കാട്ടി . കാത്തിരിപ്പു സമയം ഒഴിവാക്കാൻ വേണ്ടിയാണു നഷ്ടം സഹിച്ചും എമിറേറ്റ്‌സ് ഈ വളഞ്ഞ വഴി സ്വീകരിച്ചത് .

ഇതിലൂടെ ഏതാനും മണിക്കൂർ മാത്രം വൈകി മധ്യ കേരളത്തിലെ യാത്രക്കാർ വെള്ളപൊക്കം രൂക്ഷമായ ആദ്യ ദിനങ്ങളിൽ വീടെത്തുകയും ചെയ്തു . യാത്രക്കാർക്കും അവരെ കാത്തിരുന്ന ബന്ധുക്കൾക്കും ഇതുവഴി കിട്ടിയ ആശ്വാസം പണ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ വലുതാണ് എന്ന പാഠമാണ് എയർ ഇന്ത്യ , ജെറ്റ് തുടങ്ങിയ കമ്പനികൾ പഠിക്കേണ്ടത് .

എന്നാൽ അങ്ങോട്ടുള്ള യാത്രയേക്കാൾ ക്രൂരമായാണ് ഈ രണ്ടു സർവീസുകളും തിരിച്ചുള്ള യാത്രയിൽ കസ്റ്റമേഴ്സിനോട് പെരുമാറിയത് . മടക്കയാത്രയ്ക്ക് തിയതി മാറ്റി എടുക്കാൻ എയർ ഇന്ത്യ അടക്കമുള്ളവർ അധിക പണം ആവശ്യപ്പെട്ട നെറികേടും വെള്ളപ്പൊക്ക ദുരിതത്തിനൊപ്പം യാത്രക്കാർക്ക് നേരിടേണ്ടി വന്നു . എന്നാൽ ലഭ്യമായ ഏതു വിമാനത്തിലും യാത്ര തരപ്പെടുത്തി കൊടുക്കാൻ തയ്യാറായി സർവ സഹായവുമായി മടക്കയാത്രയിലും എമിറ്ററേറ്‌സ് വേറിട്ട് നിന്നു . മിക്കവർക്കും യാത്രക്കാർ ആവശ്യപ്പെട്ട തീയതികൾ തന്നെ മടക്കയാത്രയ്ക്ക് നല്കാൻ എമിരേറ്റ്‌സ് തയ്യാറായി എന്നതും ദുരന്തത്തെ മികച്ച മാനേജ്മെന്റ് വൈഭവത്തിൽ കൈകാര്യം ചെയ്യാൻ എമിറേറ്റിസിന് സാധിച്ചു എന്നതിന്റെ തെളിവായി അവശേഷിക്കുകയാണ് . പുര കത്തുമ്പോൾ കഴുക്കോൽ ഊരുക എന്ന പ്രയോഗം ഓർമ്മിപ്പിച്ചു യാത്രക്കാരെ പിഴിയാൻ ഇറങ്ങിയ എയർ ഇന്ത്യക്കെതിരെ ഔദ്യോഗിക തലത്തിൽ പരാതി നൽകേണ്ട ഗതികേടും പലർക്കും ഉണ്ടായി .

എന്നാൽ മടക്കയാത്രയ്ക്ക് തിരക്കുണ്ടായിരുന്നവർ പലരും ആവശ്യപ്പെട്ട പണവും നൽകിയാണ് ടിക്കറ്റ് തരപ്പെടുത്തിയത് . ഈ നെറികേടിനു ടിക്കറ്റിങ് ഏജൻസികളെ കുറ്റപ്പെടുത്താൻ ഉള്ള മിടുക്കും എയർ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായി . കൊച്ചിക്കു പകരം തിരുവനന്തപുരത്തു നിന്ന് ആദ്യം ചാർട്ടർ ചെയ്ത ഫ്ളൈറ്റുകളിൽ പറക്കാൻ അവസരം നോക്കിയവർക്കാണ് അധികമായി പണം മുടക്കേണ്ടി വന്നത് . ഇതാകട്ടെ ടിക്കറ്റ് ഇഷ്യു ചെയ്ത ഏജൻസികളും ഉപയോക്താക്കളും തമ്മിലുള്ള ബന്ധം വഷളാക്കാനും കാരണമായി . എന്നാൽ ഇതൊക്കെ ബിസിനസിന്റെ ഭാഗമാണ് എന്ന അഴകൊഴമ്പൻ സമീപനമാണ് എയർ ഇന്ത്യ സ്വീകരിച്ചത് . ഇതാണ് അനുഭവമെങ്കിൽ ഭാവിയിൽ എങ്ങനെ കമ്പനിയെ വിശ്വസിച്ചു ടിക്കറ്റ് വിൽക്കും എന്ന ഏജൻസികളുടെ ചോദ്യത്തിനും വെക്തമായ ഉത്തരം നല്കാൻ എയർ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല .

അതേസമയം എന്തിനും ഏതിനും പ്രവാസി സമൂഹത്തെ പിഴിയുന്ന കേന്ദ്ര , കേരള സർക്കാരുകൾ ഈ അനീതി കണ്ടിട്ടും അതിനെതിരെ ശബ്ദിക്കുന്നില്ല എന്നതാണ് അതിശയം . വെള്ളപ്പൊക്ക കെടുതിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ പ്രവാസികൾ കനിയണമെന്നു നാഴികക്ക് നാൽപതു വട്ടം മൊഴിയുന്ന മുഖ്യമന്ത്രിയുടെ കണ്ണിൽ ഈ വിവരം എത്തിയിട്ടില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണ് . വെള്ളപൊക്കം രൂക്ഷത കാട്ടിയ ഓഗസ്റ്റ് 20 നു തന്നെ അതിനേക്കാൾ രൂക്ഷതയിൽ യാത്രക്കാരെ പിഴിയാൻ മിടുക്കു കാട്ടിയ എയർ ഇന്ത്യയുടെ നടപടി ചോദ്യം ചെയ്യാൻ കേരളത്തിൽ ഒരു രാഷ്ട്രീയക്കാരനും സമയം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

പ്രവാസികൾ ദുരന്തം നേരിടാൻ നൽകിയത് പോരാതെ ഇനി മന്ത്രികൂട്ടം വിദേശങ്ങളിലേക്ക് പറക്കാൻ തയ്യാറെടുക്കുന്ന അവസരത്തിലും പ്രവാസിയുടെ പ്രശ്‌നനങ്ങളിൽ കണ്ണ് വയ്ക്കാൻ കേരള രാഷ്ട്രീയം ഇനിയും തയാറല്ല എന്നതിന്റെ ഉത്തമ തെളിവ് കൂടിയാണ് വെള്ളപ്പൊക്കം നേരിട്ട പ്രവാസി മലയാളികൾ നേരിടുന്ന ഈ ഇരുട്ടടി തെളിയിക്കുന്നത്. അവധിക്കലത്തെ തിരക്കിൽ അൽപ ലാഭം നോക്കിയവർക്കും പേരും ചേതം എന്നത് അന്വര്ഥമാക്കിയാണ് എയർ ഇന്ത്യ , ജെറ്റ് അയർവേസ് തുടങ്ങിയ കമ്പനികൾ വെള്ളപ്പൊക്കത്തെ കൈകാര്യം ചെയ്തത് . അതേസമയം ഉപയോക്താക്കളുടെ ഭാഗത്തു നിന്നും പരമാവധി പരാതികൾ ഇല്ലാത്ത തരം സമീപനം സ്വീകരിക്കണം എന്നാണ് എമിരേറ്റ്‌സ് കോര്പറേറ് വിഭാഗം കീഴ്ഘടകങ്ങൾക്കു നൽകിയ നിർദ്ദേശം .

കച്ചവട താല്പര്യങ്ങൾക്കൊപ്പം ഉപഭോക്ത്ര താത്പര്യത്തിലും മുൻതൂക്കം നല്കുന്നതിലാണ് തങ്ങൾ ലോകോത്തര വിമാന സർവീസായി നിലനിൽക്കുന്നത് എന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ ഉള്ള അവസരമായാണ് കേരളത്തിലെ വെള്ളപ്പൊക്കത്തെ എമിരേറ്റ്‌സ് കൈകാര്യം ചെയ്തത് . വെള്ളപ്പൊക്കം രൂക്ഷമായപ്പോൾ അടിയന്തര ക്രൈസിസ് വിഭാഗം സജ്ജമാക്കിയാണ് ഈ ഘട്ടങ്ങൾ എമിരേറ്റ്‌സ് തരണം ചെയ്തതും . കൊച്ചി വിമാനത്താവളം തുറന്നിട്ടും തിരുവനന്തപുരത്തു നിന്ന് പറക്കാൻ ടിക്കറ്റ് നൽകിയവർക്ക് ആ സൗകര്യം ഉപയോഗപ്പെടുത്താമെന്നും എമിരേറ്റ്‌സ് അറിയിച്ചിട്ടുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP