Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വന്ദേ ഭാരത് മിഷന്റെ രണ്ടാം ദിവസം കേരളത്തിലേക്ക് ആദ്യം എത്തിയത് റിയാദിൽ നിന്നുള്ള വിമാനം; കരിപ്പൂരിൽ റിയാദിൽ നിന്നുള്ള 153 യാത്രക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പറന്നിറങ്ങി; കേരളത്തിലെ 13 ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പത്തു പേരും കരിപ്പൂർ വിമാനത്താവളത്തിൽ എത്തി; നാടിന്റെ സുരക്ഷയിലേക്ക് പറന്നിറങ്ങിയവരിൽ 84 പേരും ഗർഭിണികൾ; യാത്രക്കാർക്ക് റിയാദ് എയർപോർട്ടിൽ കോവിഡ് റാപ്പിഡ് പരിശോധന നടത്തിയില്ല

വന്ദേ ഭാരത് മിഷന്റെ രണ്ടാം ദിവസം കേരളത്തിലേക്ക് ആദ്യം എത്തിയത് റിയാദിൽ നിന്നുള്ള വിമാനം; കരിപ്പൂരിൽ റിയാദിൽ നിന്നുള്ള 153 യാത്രക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പറന്നിറങ്ങി; കേരളത്തിലെ 13 ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പത്തു പേരും കരിപ്പൂർ വിമാനത്താവളത്തിൽ എത്തി; നാടിന്റെ സുരക്ഷയിലേക്ക് പറന്നിറങ്ങിയവരിൽ 84 പേരും ഗർഭിണികൾ; യാത്രക്കാർക്ക് റിയാദ് എയർപോർട്ടിൽ കോവിഡ് റാപ്പിഡ് പരിശോധന നടത്തിയില്ല

ജാസിം മൊയ്തീൻ

കോഴിക്കോട്: കൊവിഡ് ബാധിത മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതൽ മലയാളികൾ നാട്ടിലെത്തി. രണ്ടാം ദിവസമായ ഇന്ന് സൗദി അറേബ്യയിലെ റിയാദിൽ നിന്നുള്ള വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആദ്യം എത്തിയത്. പ്രവാസികളുമായി എയർഇന്ത്യയുടെ പ്രത്യേക വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 153 യാത്രക്കാരാണ് 8 മണിക്ക് എത്തിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഇന്ന് കരിപ്പൂരിലെത്തിയത്.

പ്രതീക്ഷിച്ചതിൽ നിന്നും അര മണിക്കൂർ നേരത്തെയാണ് വിമാനം കരിപ്പൂരിലെത്തിയത്. തൃശൂർ ഒഴികയുള്ള കേരളത്തിലെ 13 ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള 10 പേരും ഇന്നെത്തിയവരുടെ കൂട്ടത്തിലുണ്ട്. ആകെയുള്ള 149 യാത്രക്കാരിൽ 84 പേരും ഗർഭിണികളാണ്. 22 കുട്ടികളും അടിയന്തിര ചികിത്സ ആവശ്യമുള്ള 5 പേരും ഇന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയവരിൽപ്പെടുന്നു. എഴുപത് വയസ്സിന് മുകളിൽ പ്രായമുള്ള മൂന്ന് പേരും അമ്മമാരോടൊപ്പം തിരിച്ചെത്തിയ 15 കുട്ടികളും റിയാദിൽ നിന്നെത്തിയ സംഘത്തിലുണ്ട്.

മലപ്പുറം 48, പാലക്കാട് 10, കോഴിക്കോട് 23, വയനാട് നാല്, ആലപ്പുഴ മൂന്ന്, എറണാകുളം അഞ്ച്, ഇടുക്കി മൂന്ന്, കണ്ണൂർ 17, കാസർഗോഡ് രണ്ട്, കൊല്ലം ഒമ്പത്, കോട്ടയം ആറ്, പത്തനംതിട്ട ഏഴ്, തിരുവനന്തപുരം രണ്ട്, ഇതിന് പുറമെ തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് പേരും കർണാടക സ്വദേശികളായ എട്ട് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഗർഭിണികളെ ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതൽ പേരെ ഇന്ന് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയിനിൽ പ്രവേശിപ്പിക്കേണ്ടി വരില്ല.

ഇളവ് ലഭിക്കുന്ന വിഭാഗത്തിൽപെട്ട ആളുകളാണ് കൂടുതലുള്ളത്. കൂടുതൽ യാത്രക്കാരുള്ള ജില്ലകളിലേക്കായിരിക്കും കെഎസ്ആർടിസി ബസ് അനുവദിക്കുക. കാസർകോഡ് പോലെ കുറച്ച് ആളുകൾ മാത്രമുള്ള ജില്ലകളിലേക്ക് ടാക്സി കാറുകളാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാരിൽ അധികം പേരും സ്ത്രീകളാണ്. അതിൽ തന്നെ ഗർഭിണികളാണ് മഹാഭൂരിഭാഗവും. നിരവധി നഴ്സുമാരും ഗർഭിണികളായ സ്ത്രീകളിൽ പെടുന്നു. വീൽചെയറിലുള്ള യാത്രക്കാരുമുണ്ട്. ഒമ്പത് മാസം ഗർഭിണിയായ കൊല്ലം സ്വദേശിയായ നഴ്സും യാത്രക്കാരിലുണ്ട്.

അർബുദ രോഗിയായ കൊല്ലം സ്വദേശിയും ഇന്നെത്തിയ വിമാനത്തിലുണ്ടായിരുന്നു. തിരുവനന്തപുരം ആർസിസിയിലേക്കാണ് ഇയാൾക്ക് പോകേണ്ടിയിരുന്നതെങ്കിലും തൽക്കാലം ഇയാളെ കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ പ്രവേശിപ്പിക്കാൻ ഇപ്പോൾ തീരുമാനമായിട്ടുണ്ട്. ഇടി മുഹമ്മദ് ബഷീറിന്റെ ഇടപെടലിനെ തുടർന്നാണ് ഇയാളെ എംവിആർ കാൻസർ സെന്ററിൽ പ്രവേശിപ്പിക്കാനുള്ള നടപടിയെടുത്തത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ ഷാജുവിനെയാണ് അർബുദ ചികിത്സക്കായി കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ പ്രവേശിപ്പിക്കുക.

അതേ സമയം യാത്രക്കാർക്കാർക്കും കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ഇന്ത്യൻ എംബസി ഇവർ പുറപ്പെടുന്നതിന് മുന്നേ അറിയിച്ചിരുന്നു. ഇവർക്ക് ആശുപത്രികളിലേക്കും വീടുകളിലേക്കും പ്രത്യേക കൊവിഡ് കെയർസെന്ററുകളിലേക്കും പോകാനുള്ള കെഎസ്ആർടിസി ബസ്സുകളും ആംബുലൻസുകളും എയർപോർട്ടിന് പുറത്ത് നേരത്തെ തന്നെ സജ്ജമാക്കി നിർത്തിയിരുന്നു. എയർപോർട്ടിനകത്തു നിന്നുള്ള വിദഗ്ധപരിശോധനകൾക്ക് ശേഷമായിരിക്കും ഇവരെ പുറത്തേക്ക് വിടുന്നത്. പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്.

കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങിപ്പോയ പ്രവാസികളെ കൊണ്ടുവരുന്ന പദ്ധതിയിലെ റിയാദിൽ നിന്നുള്ള ആദ്യവിമാനമാണ് ഇപ്പോൾ കരിപ്പൂരിലെത്തിയിരിക്കുന്നത്. റിയാദ് എയർപോർട്ടിൽ നിന്ന് തെർമൽസ്‌ക്രീനിങ് പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ കയറ്റിവിട്ടത്. അതേസമയം കഴിഞ്ഞ ദിവസം യാത്രക്കാരെ കയറ്റും മുമ്പ് നടത്തിയതു പോലെ റാപ്പിഡ് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP