Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷുഹൈബ് വധക്കേസിൽ ആകാശും രജിനും നിരപരാധികൾ; കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിലെ ഉത്സവ പറമ്പിലായിരുന്നു; പൊലീസിൽ കീഴടങ്ങിയതല്ല, ബോംബു കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിലേക്ക് പോകും വഴി അറസ്റ്റു ചെയ്തു; പാർട്ടി ഇടപെടില്ലെന്നും നിരപരാധിത്തം കോടതിയിൽ തെളിയിക്കാനും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി ആകാശിന്റെ പിതാവ്

ഷുഹൈബ് വധക്കേസിൽ ആകാശും രജിനും നിരപരാധികൾ; കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിലെ ഉത്സവ പറമ്പിലായിരുന്നു; പൊലീസിൽ കീഴടങ്ങിയതല്ല, ബോംബു കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിലേക്ക് പോകും വഴി അറസ്റ്റു ചെയ്തു; പാർട്ടി ഇടപെടില്ലെന്നും നിരപരാധിത്തം കോടതിയിൽ തെളിയിക്കാനും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി ആകാശിന്റെ പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന വിധത്തിലുള്ള വെളിപ്പെടുത്തലുമായി അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവ്. ആകാശ് തില്ലങ്കേരിയെയും രജിനെയും അറസ്റ്റു ചെയ്തത് പൊലീസ് സ്‌റ്റേഷനിലേക്ക് പോകും വഴിയാണെന്നും മറിച്ച് സ്വമേധയാ കീഴടങ്ങിയിട്ടില്ലെന്നും പിതാവ് വഞ്ഞേരി രവി പറഞ്ഞു. സിപിഎം പ്രാദേശിക നേതാവ് കൂടിയാണ് വത്തേരി രവി.

ആകാശും രജിനും നിരപരാധികളാണ്. കൊല നടക്കുന്ന സമയത്ത് ഇരുവരും ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കുകയായിരുന്നു എന്നും വത്തേരി രവി മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു. ഇക്കാര്യം ക്ഷേത്രത്തിലുണ്ടായിരുന്നവർക്ക് അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആകാശിന്റെ നിരപരാധിത്തം തെളിയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടിയെ സമീപിച്ചപ്പോൾ നിരപരാധിത്വം കോടതിയിൽ തെളിയിക്കാൻ പറഞ്ഞതായും വഞ്ഞേരി രവി വ്യക്തമാക്കി. ആകാശും രജിനും കീഴടങ്ങിയതാണെന്നായിരുന്നു പാർട്ടിയുടെ അവകാശവാദം. ഈ അവകാശവാദത്തെ പൊളിക്കുന്നതാണ് ആകാശിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ.

കോൺഗ്രസിന്റെ ഇടപെടലാണ് ശരിയായ പ്രതികളെ പിടികൂടാൻ തടസമായതെന്നും രവി പറയുന്നു. ഷുഹൈബ് കൊല്ലപ്പെട്ട ദിവസം തില്ലങ്കേരി ക്ഷേത്രത്തിൽ ഉത്സവം നടക്കുകയായിരുന്നു. ആകാശും റിജിനും അന്നേ ദിവസം രാത്രി 12 മണി വരെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇതിന് നാട്ടുകാർ സാക്ഷികളാണ്. കണ്ണൂർ പൊലീസ് ഭരിക്കുന്നത് ബിജെപി ആണെന്നും രവി ആരോപിച്ചു.

ആഭ്യന്തര വകുപ്പിൽ ഇടപെടരുതെന്ന പിണറായി വിജയന്റെ നിലപാട് പ്രവർത്തകർക്ക് ഒരേസമയം ഗുണവും ദോഷവും ചെയ്യുന്നുണ്ട്. ആകാശ് ഒളിവിൽ പോയത് ഈ കേസുമായി ബന്ധപ്പെട്ടല്ലെന്നും രവി പറഞ്ഞു. വീടിന് സമീപം ബോംബുകൾ കണ്ടെടുത്തിരുന്നു. ഈതേക്കുറിച്ച് ബിജെപി പ്രചരണവും നടത്തി. ഇതിൽ പേടിട്ടാണ് ആകാശ് ഒളിവിൽ പോയത്. തുടർന്ന് പൊലീസ് വിളിച്ചതു പ്രകാരമാണ് ആകാശും രജിനും മാലൂർ പൊലീസ് സ്‌റ്റേഷനിലേക്ക് പോകുന്നത്. പോകുന്ന വഴിക്കാണ് അറസ്റ്റു ചെയ്തതെന്നാണ് വത്തേരി രവി പറയുന്നത്.

വത്തേരി രവിയുടെ വെളിപ്പെടുത്തൽ പൊലീസിനെയും സിപിഎമ്മിനെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ആകാശ് നിരപരാധിയാണെന്ന സൂചന നൽകുന്നതാണ് കൊലപാതകത്തിന് സാക്ഷിയായവരുടെ വെളിപ്പെടുത്തലും. സൈബർ ലോകത്ത് ആകാശിന് അനുകൂലമായി വൻ പ്രചരണമാണ് നടക്കുന്നത്. ഇതിനിടെയാണ് ആകാശ് നിരപരാധിയാണെന്ന അച്ഛന്റെ വാക്കുകളും പുറത്തുവന്നത്. അതേസമയം ആകാശിന് പങ്കുണ്ടെന്ന് ഉറപ്പിച്ചു കൊണ്ടാണ് പൊലീസ് കേസിൽ മുന്നോട്ടു പോകുന്നത്.

ഷുഹൈബ് വധക്കേസിൽ കൊലയാളികൾ സഞ്ചരിച്ച വാഹനം വാടകയ്ക്കെടുത്തത് പ്രതി ആകാശ് തില്ലങ്കേരിയെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പ് ഭാഗത്തുനിന്നാണ് വാഹനം വാടകയ്ക്കെടുത്തത്. കൊലപാതകത്തിന് തലേദിവസം ആകാശ് തളിപ്പറമ്പ് ഭാഗത്ത് എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലുൾപ്പെട്ട അഞ്ച് പേരെക്കുറിച്ചുമുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതിൽ രണ്ടുപേരാണ് ആകാശും റിജിൻ രാജും. മറ്റ് മൂന്നുപേർ സുരക്ഷിതതാവളങ്ങളിൽ ഒളിവിലാണെന്നും അവരിലേക്ക് എത്താൻ ഇപ്പോൾ കഴിയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, പുതുതായി ലഭിക്കുന്ന വിവരങ്ങൾ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും തെളിയിക്കുന്നതാണെന്നും പൊലീസ് പറയുന്നു.

എടയന്നൂർ മേഖലയിലെ സിപിഎം നേതൃത്വം ഷുഹൈബിനെ മർദ്ദിക്കാൻ തില്ലങ്കേരിയിലെ ആകാശിന് നിർദ്ദേശം നല്കുമ്പോൾ തന്നെ അതിനുവേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. വാഹനങ്ങൾ ഉൾപ്പടെ ഏർപ്പാടാക്കിയത് ആകാശാണ്. ഇതിനായാണ് അയാൾ കൊലനടന്നതിന് തലേദിവസം തളിപ്പറമ്പിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

ഇതിനിടെ ഷുഹൈബിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രവർത്തകരെ സിപിഎം പുറത്താക്കാൻ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. പ്രതികളെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ സി പി എം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. പാർട്ടി സമ്മേളനത്തിനു ശേഷമാകും നടപടിയെന്നാണ് പുറത്തുവരുന്ന സൂചന. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് പിടിയിലായവരിൽനിന്ന് പൊലീസിന് വിവരം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

കേസിലെ യഥാർത്ഥ പ്രതികൾ രക്ഷപെടാൻ കാരണം ഉദ്യോഗസ്ഥരിൽ നിന്നും ചോർത്തുന്നതാണെന്ന ആരോപണവുമാുണ്ട്. അന്വേഷണ സംഘത്തിലുള്ളവർക്കെതിരെ ഗുരുതര ആരോപണവുമായി കണ്ണൂർ എസ്‌പി: ജി.ശിവവിക്രം രംഗത്തു വന്നിരുന്നു. പ്രതികളുടെ ഒളിയിടത്തെപ്പറ്റി കൃത്യമായ സൂചന ലഭിച്ചതിനു ശേഷം 17 ാം തീയതി മുടക്കോഴി മലയിലെ അന്വേഷണം പാളിയതിനു പിന്നിൽ പാളയത്തിലെ പട തന്നെയെന്നാണ് സൂചനകൾ. കൃത്യമായ സൂചന ലഭിച്ചതിനു ശേഷം നടത്തിയ പരിശോധന പാളിയതിനു പിന്നിൽ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെന്ന് എസ്‌പി: ജി.ശിവവിക്രം തുറന്നടിച്ചിരുന്നു.

റെയ്ഡ് ഉൾപ്പെടെ വിവരങ്ങൾ ഉദ്യോഗസ്ഥർ ചോർത്തുന്നതായി സംസ്ഥാന പൊലീസ് മേധാവി, ഉത്തരമേഖലാ ഡിജിപി, കണ്ണൂർ റേഞ്ച് ഐജി എന്നിവർക്ക് എസ്‌പി പരാതിയും നൽകിയിരുന്നു. ആരുടെയും പേരെടുത്തു പറയാതെയായിരുന്നു പരാതി. രേഖാ മൂലമല്ല ഫോണിലൂടെ പരാതി അറിയിച്ചതായാണ് വിവരം.

പരിശോധന തുടങ്ങുന്നതിനു മുൻപ്, കേസിലെ പ്രതി ആകാശിന്റെ ഫോട്ടോ എല്ലാ പൊലീസുകാർക്കും വാട്‌സാപ്പിലൂടെ നൽകിയിരുന്നു. ആകാശിനെ തിരിച്ചറിഞ്ഞ ചില പൊലീസുകാർ അപ്പോൾത്തന്നെ വിവരം ചോർത്തിയതായാണു സൂചന. ആരാണു ചോർത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും സംഭവം പൊലീസ് കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ട്. മണിക്കൂറുകളോളം തിരഞ്ഞിട്ടും ആകാശിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എസ്‌പി പരാതി പറഞ്ഞ കാര്യം ഡിജിപി ശരിവച്ചുവെങ്കിലും എസ്‌പി നിഷേധിച്ചു. തുടർന്നാണ്, റേഞ്ച് ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. കൊലപാതകം നടന്ന രാത്രിയിൽ വാഹനം കണ്ടെത്താൻ വൈകിയതും കൊലപാതക വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ വൈകിയതും മട്ടന്നൂർ പൊലീസിനു സംഭവിച്ച വീഴ്ചയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP