Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവിന്ദച്ചാമിയെ പത്രത്തിലൂടെയുള്ള പരിചയം മാത്രം; ആളൂർ എന്ന അഭിഭാഷകനെ കുറിച്ച് കേൾക്കുന്നത് ഈ കോടതി വിധി വന്നപ്പോൾ; മതപരിവർത്തനവും വിദേശ ഫണ്ടും ഞങ്ങളുടെ പരിപാടിയല്ല; ആരുമില്ലാതെ തെരുവിൽ അലയുന്നവർക്ക് ജീവിതം കൊടുക്കുന്നവരോട് ഇത്രയും ദ്രോഹം അരുത്: ആകാശപ്പറവകളുടെ സ്ഥാപകനായ വൈദികന് പറയാനുള്ളത്

ഗോവിന്ദച്ചാമിയെ പത്രത്തിലൂടെയുള്ള പരിചയം മാത്രം; ആളൂർ എന്ന അഭിഭാഷകനെ കുറിച്ച് കേൾക്കുന്നത് ഈ കോടതി വിധി വന്നപ്പോൾ; മതപരിവർത്തനവും വിദേശ ഫണ്ടും ഞങ്ങളുടെ പരിപാടിയല്ല; ആരുമില്ലാതെ തെരുവിൽ അലയുന്നവർക്ക് ജീവിതം കൊടുക്കുന്നവരോട് ഇത്രയും ദ്രോഹം അരുത്: ആകാശപ്പറവകളുടെ സ്ഥാപകനായ വൈദികന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കു കയറിൽ നിന്നും രക്ഷിച്ചത് ആരാണ്? ഒരു തെരുവ് തെണ്ടിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ അഡ്വ. ആളൂരിന് ലക്ഷങ്ങൾ നൽകിയോ? ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് സ്വന്തം അന്വേഷിച്ച് കണ്ടെത്തിയ ഉത്തരവുമായി പോപ്പുലർ ഫ്രണ്ടിന്റെ തേജസ് ദിനപത്രവും ഒരു വിഭാഗം സംഘപരിവാർ പ്രവർത്തകരും ഏതാനും ദിവസങ്ങളായി രംഗത്തുണ്ട്. ഗോവിന്ദച്ചാമിക്ക് വേണ്ടി ലക്ഷങ്ങൾ ഫീസ് നൽകിയ വക്കീലിനെ വച്ചത് ചാർലി തോമസ് എന്ന പേരിൽ മതം മാറിയ ഗോവിന്ദച്ചാമിക്ക് വേണ്ടിയാണെന്നായിരുന്നു ആരോപണങ്ങൾ. ഇക്കാര്യത്തിന് കൂട്ടു നിന്നത് ആകാശപ്പറവകൾ എന്ന സംഘടനയാണെന്ന ആരോപണമായിരുന്നു കഴിഞ്ഞ ദിവസം തേജസ് ഉന്നയിച്ചത്.

കോയമ്പത്തൂരിൽ വച്ച് ആകാശപ്പറവകൾ എന്ന ക്രിസ്ത്യൻ മിഷിണറി സംഘടനയിലൂടെ ഗോവിന്ദച്ചാമി മതം മാറിയിരുന്നുവെന്നും ഈ പേര് മറച്ചുവച്ചാണ് ചാമിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി വക്കീലിനെ ഏർപ്പാടാക്കിയതെല്ലാം ഫാ. ജോർജ് കുറ്റിക്കൽ അച്ചന്റെ നേതൃത്വത്തിലുള്ള സംഘടനയാണെന്നാണ് സംഘപരിവാറുകാരും തീവ്രഇസ്ലാമികവാദികളുടെ തേജസ് പത്രവും ഒരേ സ്വരത്തിൽ ആരോപിച്ചത്. തേജസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ട മറുപടിയുമായി ആകാശപ്പറവകൾ രംഗത്തെത്തി.

തേജസ് പത്രവും സംഘപരിവാർ അണികളും നടത്തുന്നത് തികച്ചും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നാണ് സംഘടനയുടെ സ്ഥാപകനായി ഫാ. ജോർജ്ജ് കുറ്റിക്കലച്ചൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇവർ ഉന്നയിക്കുന്നതെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്ത നുണക്കഥകളാണ്. സൗമ്യ വധിക്കപ്പെട്ട വേളയിൽ ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ മറ്റെല്ലാവരെയും പോലെ സന്നദ്ധ പ്രവർത്തനവുമായി ഞങ്ങളുടെ സഭയിലെ വൈദികരും അടക്കമുള്ളവർ രംഗത്തുണ്ടായിരുന്നു. അന്ന് ഷൊർണ്ണൂരിൽ ആകാശപ്പറവകളുടെ നേതൃത്വത്തിൽ ഒരു ശാന്തിയാത്ര നടത്തുകയുമുണ്ടായി. സൗമ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി ആ വീട്ടിലും പോയിരുന്നു. ഈ സമയത്താണ് ഗോവിന്ദച്ചാമിക്ക് വേണ്ടിയാണ് രംഗത്തെത്തിയതെന്ന വിധത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണം ഉണ്ടായത്. ഇങ്ങനെയൊരു ആരോപണം ഉണ്ടായ ശേഷം വിവാദങ്ങൾ ഒഴിവാക്കാൻ പിന്നീട് അവിടേക്ക് പോയിട്ടില്ലെന്നും കുറ്റിക്കലച്ചൻ വ്യക്തമാക്കി.

അനാഥരായവർക്കും തെരുവിൽ അലഞ്ഞു തിരിയുന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ആകാശപ്പറവകൾ. തെരുവോരങ്ങളിൽ നിന്നും നിരവധി കുഞ്ഞുങ്ങളെ പുനരധിവസിപ്പിച്ച് വിദ്യാഭ്യാസം നൽകാൻ സാധിച്ചിട്ടുണ്ട്. ഇങ്ങനെ തെരുവിലുള്ളവരെ സഹായിക്കുന്നു എന്ന ഒറ്റക്കാരണം കണ്ടെത്തിയാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി രംഗത്തെത്തിയെന്ന വിധത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇത് തീർത്തും അടിസ്ഥാന രഹിതമാണ്. ഗോവിന്ദച്ചാമിക്ക വേണ്ടി നിയമസഹായം നൽകിയെന്നാണ് മറ്റൊരു ആരോപണം. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതെന്നും ആകാശപ്പറവകൾ ചോദിക്കുന്നു. എന്ത് തെളിവാണ് ഇങ്ങനെ എഴുതുന്നവരുടെ പക്കലുള്ളത്? അതു പോട്ടെ എന്താണ് ഈ വാർത്തകളുടെ സോഴ്‌സ്? അതൊന്നും വ്യക്തമാക്കാൻ സാധിക്കുമോ?

സൗമ്യ സംഭവം നടന്ന വേളയിൽ 'ദിവ്യകാരുണ്യ ചിരിറ്റബിൾ ട്രസ്റ്റ്' എന്ന പേരിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന 'സ്വർഗ ദ്വാർ ആശ്രമ്' സ്ഥാപകൻ ഫാ.ജോർജ് കുറ്റൂർ എഡിറ്റർ ആയിട്ടുള്ളതാണ് പുസ്തകത്തിൽ എഴുതിയ എഡിറ്റോറിയലിന്റെ പേരിലായിരുന്നു ഇക്കൂട്ടർ തങ്ങളെ പ്രതിക്കൂട്ടിലാകാകിയത്. 'ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയർത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല'. നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ? എന്ന് പരാമർശിച്ചിരുന്നു. എല്ലാവരിലും ഒരു ഗോവിന്ദച്ചാമിയുണ്ടെന്ന കാര്യ പറയാൻ വേണ്ടിയാണ് എഴുതിയത്. എന്നാൽ, ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് വളച്ചൊടിച്ചാണ അന്ന് മാദ്ധ്യമവും തേജസും വാർത്തയെഴുതിയത്. സംഭവത്തെ അപലപിച്ചു കൊണ്ടെഴുതിയ കാര്യം എങ്ങനെ ഗോവിന്ദച്ചാമിയെ അനുകൂലിക്കുന്നതാകുമെന്നാണ് കുറ്റിക്കലച്ചൻ ചോദിക്കുന്നത്.

അഡ്വ. ആളൂർ എന്ന മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകനെ നിയോഗിച്ചത് ആകാശപ്പറവകൾ ആണെന്നായിരുന്നു തേജസ് ഉന്നയിച്ച മറ്റൊരു ആരോപണം. ഈ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഇത് തീർത്തും തെറ്റാണ്. അങ്ങനെ ലക്ഷങ്ങൾ മുടക്കി നിയമസഹായം നൽകിയെന്ന് പറയുന്നവർ അത് തെളിയിക്കെട്ടെ. ആളൂരിനെ കുറിച്ച് അറിയുന്നത് പത്രങ്ങൾ വായിച്ചാണെന്നും കുറ്റിക്കലച്ചൻ വ്യക്തമാക്കുന്നു. അന്നന്ന് കഴിഞ്ഞു കൂടാനുള്ള വക മാത്രമേ ഈ സംഘടനയ്ക്കുള്ളൂ. അടുത്തിടെ ഡൽഹിയിലെ ചിരിറ്റി പ്രവർത്തനങ്ങൾക്ക് തന്നെ വേണ്ടത്ര പണം കണ്ടെത്താൻ വിഷമിക്കുന്ന അവസ്ഥയാണുള്ളതെന്ന്. ഇങ്ങനെയുള്ളപ്പോൾ ഗോവിന്ദച്ചാമിയെ പോലൊരാൾക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കിയെന്ന ആരോപണം എങ്ങനെ വിശ്വസനീയമാകും?

വൻതോതിൽ വിദേശഫണ്ട് പറ്റുന്ന ആഗോള സംഘടനയൊന്നുമല്ല ആകാശപ്പറവകളെന്നും കുറ്റിക്കലച്ചൻ വ്യക്തമാക്കി. വിദേശ ക്രിസ്ത്യൻ മിഷിണറി സംഘടനകൾ ഞങ്ങൾക്ക് ഫണ്ട് നല്കാറില്ല. സഹായം നൽകുന്നത് വിദേശത്തെ പ്രവാസികൾ അടക്കമുള്ളവരാണ്. കല്യാണ വീടുകളിൽ നിന്നും മറ്റുമാണ് പലപ്പോഴും ആകാശപ്പറവകളിലെ അന്തേവാസികൾക്ക് ഭക്ഷണം എത്തിക്കുന്നത്. യാചകർക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയെന്ന നിലയിൽ വലിയൊരു ദൗത്യമാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്നും അച്ചൻ വ്യക്തമാക്കുന്നു.

മതം മാറ്റുന്ന സംഘടനയല്ല ആകാശപ്പറവകളെന്നും അച്ചൻ പറഞ്ഞു. മതം നോക്കാതെയാണ് തെരുവിൽ നിന്നും ദത്തെടുത്തവരെ ആ സംഘടന പരിപാലിക്കുന്നത്. ഇങ്ങനെയുള്ളവർ മരിക്കുമ്പോൾ പലപ്പോഴും ഏത്് മതാചാര പ്രകാരം അടക്കണം എന്നത് പോലും വിവാദ വിഷയമായി മാറാറുണ്ട്. ഈ സാഹചര്യത്തിൽ കേരളം മുഴുവൻ ചർച്ച ചെയ്ത കൊലപാതക കേസിലേക്ക് അനാവശ്യമായി ആകാശപ്പറവകളെ വലിച്ചിഴച്ചത്. കുപ്രചരണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ അന്ന് തന്നെ ഈ ആരോപണങ്ങൾക്ക് മറുപടി നൽകിയതാണ്. ഇപ്പോൾ വീണ്ടും അടിസ്ഥാനമില്ലാത്ത പ്രചരണം നടത്തുന്നതു കൊണ്ടാണ് പ്രതികരിക്കുന്നതെന്നും ഫാദർ. ജോർജജ് കുറ്റിക്കൽ വ്യക്തമാക്കി. ഈ വിഷയത്തിൽ അടിസ്ഥാനമില്ലാത്ത വാർത്തൾ നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് സംഘടനയുടെ ഇപ്പോഴത്തെ നടത്തിപ്പുകാർ.

അതേസമയം ഗോവിന്ദച്ചാമി തൂക്കുമരത്തിൽനിന്നു രക്ഷപ്പെട്ടതിന്റെ ഉപകാര സ്മരണയ്ക്കായി നാളെ ആകാശപ്പറവകൾ എന്ന ക്രിസ്ത്യൻ മിഷനറി സംഘടന ശാഖകളിൽ പ്രത്യേക പ്രാർത്ഥന നടത്തുമെന്ന വിധത്തിൽ ഇന്നും തേജസം വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടായിരത്തോളം വരുന്ന ശാഖകളിലാണ് പ്രാർത്ഥനകൾ നടക്കുമെന്നാണ് പത്രവാർത്തയിൽ പറയുന്നത്. വിധി അനുകൂലമാവുന്നതിനുവേണ്ടി കഴിഞ്ഞ ഞായറാഴ്ചയും ശാഖകളിൽ പ്രാർത്ഥനകൾ നടന്നിരുന്നിരുന്നുവെന്നുമാണ് ആരോപണം.

ആകാശപ്പറവകൾ എന്താണ്? എങ്ങനെ പ്രവർത്തിക്കുന്നു?

വീടുകളില്ലാത്തവർ.. ബനധുക്കളില്ലാത്തവർ..സുഹൃത്തുക്കളില്ലാത്തവർ.. റേഷൻകാർഡുകളോ തിരഞ്ഞെടുപ്പുകാർഡുകളോ ഇല്ലാത്തവര്..വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തവർ..ഇങ്ങനെ ആർക്കു വേണ്ടാത്തവർക്ക് വേണ്ടിയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള വരാണ് ആകാശപ്പറവകളിലെ അന്തേവാസികൾ. യാചകരെ പുനരധിവസിപ്പിക്കുന്നതിൽ ഏറെ സ്തുത്യർഹമായ സേവനമാണ് ഈ സംഘടന പലപ്പോഴും കാഴ്‌ച്ചവെക്കുന്നത്. ദിവ്യകാരുണ്യ മിഷനറി സമൂഹത്തിന് കീഴിലാണ് ആകാശപ്പറവകളുടെ പ്രവർത്തനം.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1983 ൽ ഹെയ്ത്തിയിൽ വച്ചായിരുന്നു ജോൺ പോൾ ആഹ്വാനം നടത്തിയത്. പുതിയ രീതിയിലും പുതിയ ഭാവത്തിലും സുവിശേഷവൽക്കരണം നടത്തുക. ആ ആഹ്വാനത്തിന്റെ പിന്നാലെയാണ് ഫാദർ. ജോർജ്ജ് കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിനായി ആകാശപ്പറവകൾ തുടങ്ങിയത്.

1994 ൽ മദർ തെരേസ തൃശൂരിനടുത്തുള്ള ചെന്നായ്‌പ്പാറയിൽ ആകാശപ്പറവകളുടെ ആദ്യ ഭവനം ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ഭാരത്പ്പൂർ പക്ഷി സങ്കേതം സന്ദർശിച്ചതാണ് തന്റെ ശുശ്രൂഷയ്ക്ക് ആകാശപ്പറവകൾ എന്ന് പേരിടാൻ കാരണമായതെന്ന് അച്ചൻ പറയുന്നു. സൈബീരിയയിൽ നിന്ന് ദേശാടനത്തിനെത്തുന്ന പക്ഷികളെക്കുറിച്ച് കേന്ദ്രത്തിൽ കൃത്യമായ ഫയൽസൂക്ഷിക്കുന്നുണ്ടായിരുന്നു. അവയുടെ പേരും വിവരങ്ങളും അടങ്ങുന്ന ഫയൽ. കാലാവധിക്ക് ശേഷം കിളികൾ മാതൃരാജ്യത്തിലേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പായി ആ രാജ്യത്തിലേക്ക് അവ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ചേക്കേറുകയും മടങ്ങിപ്പോകുകയും ചെയ്യുന്ന പക്ഷികൾ പോലെതന്നെയല്ലേ തെരുവുജീവിതങ്ങളും? അത്തരമൊരു ചിന്തയാണ് ആകാശപ്പറവകളിലേക്ക് വെളിച്ചം വീശിയത്. ഫ്രണ്ട്‌സ് ഓഫ് ദ ബേർഡ്‌സ് ഓഫ് ദ എയർ എന്ന സമൂഹം രൂപപ്പെട്ടത് ഇങ്ങനെയായിരുന്നു.

ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആകാശപ്പറവകളുടെ പ്രസ്ഥാനം പ്രവർത്തിക്കുന്നു. കേരളത്തിൽ മാത്രമായി 26 സ്ഥാപനങ്ങളുണ്ട്. ഡൽഹി, ജമ്മുകാശ്മീർ,പഞ്ചാബ് എന്നിവിടങ്ങളിലായി വേറെയും. ദിവ്യകാരുണ്യത്തിന് മുമ്പിലുള്ള പ്രാർത്ഥനയാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള ശക്തി നല്കുന്നതെന്ന് അച്ചൻ പറയുന്നു. സമൂഹം ഉപേക്ഷിച്ചവരെ സംരക്ഷിക്കുന്നതിന് കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ ആകാശപ്പറവകളുടെ പ്രസ്ഥാനം തുടങ്ങിയിട്ട് 24 വർഷം കഴിയുന്നു.

ആദ്യ ആശ്രമം തൃശൂർ ചെന്നായ്പാറയിലാമ് തുടങ്ങിയത്. ഡൽഹി, ജമ്മുകാശ്മീർ, പഞ്ചാബ്, ബീഹാർ, ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തെലുങ്കാന, ബാംഗ്ലൂർ, ചെന്നൈ, കേരളം തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 120ഓളം സ്ഥാപനങ്ങൾ കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ മാത്രം 26 സ്ഥാപനങ്ങൾ. ജോർജ് കുറ്റിക്കലച്ചൻ എം.സി.ബി.എസ് സഭാംഗമായിട്ട് 38 വർഷമാകുന്നു. ആലപ്പുഴ പുക്കാട് പരേതരായ കുറ്റിക്കൽ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും ഏഴുമക്കളിൽ രണ്ടാമനാണ് അദ്ദേഹം. താൻ തുടങ്ങിയ സ്ഥാപനം നല്ലരീതിയിൽ പ്രവർത്തിക്കണമെന്നാണ് വാർദ്ധക്യത്തിന്റെ അവശതയിൽ കഴിയുന്ന കുറ്റിക്കലച്ചന്റെ ആഗ്രഹം. അതിനിടയിൽ അനാവശ്യ ആരോപണങ്ങൾ ഉയരുമ്പോഴും പൊറുക്കുക എന്ന ദൈവസന്ദേശത്തെയാണ് ഇവർ ഉയർത്തിപ്പിടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP