Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമിക ഭീകരതയുടെ പേരിൽ അമേരിക്കയെ വംശീയവൽക്കരിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കം വിജയിക്കുമോ? ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാകാൻ ഹിലരി ക്ലിന്റൻ കച്ചമുറുക്കുമ്പോൾ അമേരിക്കക്കാർ ഭയപ്പെടുന്നത് ഏതുനിമിഷവും പൊട്ടാവുന്ന ബോംബുകളെ; അമേരിക്കയിൽ ഇനി സംഭവിക്കാൻ പോകുന്നത് എന്ത്?

ഇസ്ലാമിക ഭീകരതയുടെ പേരിൽ അമേരിക്കയെ വംശീയവൽക്കരിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കം വിജയിക്കുമോ? ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാകാൻ ഹിലരി ക്ലിന്റൻ കച്ചമുറുക്കുമ്പോൾ അമേരിക്കക്കാർ ഭയപ്പെടുന്നത് ഏതുനിമിഷവും പൊട്ടാവുന്ന ബോംബുകളെ; അമേരിക്കയിൽ ഇനി സംഭവിക്കാൻ പോകുന്നത് എന്ത്?

മറുനാടൻ ഡെസ്‌ക്‌

ലോകത്തിലെത്തന്നെ ഏറ്റവും സുദീർഘമായ, ഒരു വർഷത്തിലേറെ നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പു പ്രക്രിയയാണ് യുഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലേത്. ആ പ്രക്രിയയുടെ ആദ്യ പടവുകൾ താണ്ടി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപും അന്തിമ പോരാട്ടത്തിനിറങ്ങുമ്പോൾ ഉയരുന്നത് നിരവധി ചോദ്യങ്ങൾ. അതിലേറ്റവും മുന്നിലുണ്ട് 240 വർഷത്തെ ചരിത്രമുള്ള ലോകപൊലീസിന്റെ തലപ്പത്ത് ആദ്യമായി ഒരു വനിത എത്തുമോ എന്ന ചോദ്യം.

69 കാരിയായ ഹിലാരിയും 70 കാരനായ ട്രംപും തമ്മിലുള്ള പോരാട്ടം അതിനാൽത്തന്നെ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ലോകശ്രദ്ധയാകർഷിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒബാമ രണ്ടാമൂഴത്തിനിറങ്ങുമ്പോൾ അദ്ദേഹത്തിനെതിരെ പോരാട്ടത്തിന് ഒരുങ്ങിയ ഹിലാരി മുൻപ്രസിഡന്റ് ക്ലിന്റന്റെ ഭാര്യയെന്ന നിലയിലും സ്റ്റേറ്റ് സെക്രട്ടറിയെന്ന നിലയിലും വൈറ്റ് ഹൗസ് വൃത്തങ്ങളുടെ അടുപ്പക്കാരിയാണ്. ലോകത്തിലെ ഏറ്റവും മികവുറ്റ ജനധിപത്യമെന്നവകാശപ്പെടുന്ന അമേരിക്ക, ഇതുവരെ ഒരു വനിതയെ വൈസ് പ്രസിഡന്റ് ആയി പോലും തിരഞ്ഞെടുത്തില്ലെന്ന ചരിത്രവും ഹിലരിക്കുമുന്നിലുണ്ട്. ഇത്തവണ ഇതിന് മാറ്റമുണ്ടാകുമോ എ്ന്ന് ലോകം ഉറ്റുനോക്കുന്നു.

ലോകത്താകമാനം വേരുറപ്പിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റിൽ നിന്നും മറ്റും ഉയരുന്ന ഭീകരപ്രവർത്തനങ്ങളും സാമ്പത്തികരംഗത്തുണ്ടാകുന്ന പ്രശ്‌നങ്ങളുമെല്ലാം കൊണ്ട് സങ്കീർണമാകുന്ന കാലത്താണ് ഇക്കുറി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വംശീയതയെന്ന വിഷയം ഉയർത്തിപ്പിച്ച് ബ്രക്‌സിറ്റ് വാദം ഇംഗഌണ്ടിൽ വിജയം നേടിയ പശ്ചാത്തലത്തിലും നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ വലതുപക്ഷ ചിന്താഗതികൾ തിരിച്ചടി നേടുന്ന സാഹചര്യത്തിലുമെല്ലാം ട്രംപിന്റെയും ഹിലരിയുടേയും അന്തിമപോരാട്ടത്തിലേക്ക് ലോകം കാതുകൂർപ്പിക്കുന്നു.

ഏതുനിമിഷവുമുണ്ടായേക്കാവുന്ന ഭീകരാക്രമണത്തിന്റെ ഭീതിയിലാണ് അമേരിക്കയും ഫ്രാൻസും ഉൾപ്പെടെ നിരവധി സമ്പന്ന രാഷ്ട്രങ്ങൾ. മിക്ക രാജ്യങ്ങളിലും ചർച്ചചെയ്യപ്പെടുന്നത് വംശീയവാദവും കുടിയേറ്റവും. ഇതെല്ലാം തന്നെയാണ് അമേരിക്കൻ തിരഞ്ഞെടുപ്പിലും പ്രധാന ചർച്ചാവിഷയമാകുന്നതും. സമ്പന്നനും വ്യാപാരിയും വംശീയവാദിയുമായ ട്രംപും മയപ്പെട്ട നിലപാടുകളുമായി ഹിലാരിയും എത്തുമ്പോൾ ഈ വർഷം നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് അത്യന്തം വാശിയേറിയതാകുമെന്ന് ഉറപ്പ്.

ഒരുവർഷം മുൻപ് തുടങ്ങിയ തയ്യാറെടുപ്പുകൾ

2016 നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ഒരുവർഷം മുൻപുതന്നെ അമേരിക്ക തയ്യാറെടുത്തു തുടങ്ങിക്കഴിഞ്ഞു. ലോകത്തേക്കുതന്നെ ഏറ്റവും ദൈർഘ്യമേറിയ തിരഞ്ഞെടുപ്പു പ്രക്രിയയാണ് ഇത്. യുഎസിൽ ജനിച്ച അമേരിക്കൻ പൗരന്മാർക്കേ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കനാകൂ. കുറഞ്ഞത് 14 വർഷമെങ്കിലും രാജ്യത്ത് താമസിക്കുന്നവരാകണം, 35 വയസ് പൂർത്തിയായിരിക്കണം തുടങ്ങി നിരവധി നിബന്ധനകൾ. നാലുവർഷമാണ് പ്രസിഡന്റിന്റെ ഭരണകാലാവധി. ഒരാൾക്ക് പരമാവധി രണ്ടുതവണ പ്രസിഡന്റാകാം.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടുകക്ഷികളാണുള്ളത്. റിപ്പബ്ലിക്കൻ, ഡമോക്രാറ്റിക് പാർട്ടികൾ. സംസ്ഥാനങ്ങളിൽ മൽസരങ്ങൾ നടത്തി ഇരുകൂട്ടരും സ്വന്തം നോമിനികളെ തിരഞ്ഞെടുക്കുന്നു. പരമ്പരാഗതമായി ഫെബ്രുവരിയിൽ ഇയോവ, ന്യൂഹാംപ്‌ഷെയർ സംസ്ഥാനങ്ങളിലാണ് ഇതിനു തുടക്കമിടുക. ഇതോടെ നവംബറിലെ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങും. ലോകത്തെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പുമാണ് അമേരിക്കയിലേത്. പ്രക്രിയയുടെ ദൈർഘ്യം തന്നെ ചെലവു കൂടാൻ കാരണം. പ്രചാരണം തുടങ്ങുന്നതിന് നിശ്ചിത തീയതിയില്ല. ചില സ്ഥാനാർത്ഥികൾ വളരെ നേരത്തെ പ്രചാരണം തുടങ്ങും. 15 മാസം മുൻപ് കളത്തിലിറങ്ങിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ടെഡ് ക്രൂസ് ഉദാഹരണം. പ്രവർത്തകർക്കും ടിവി പ്രചാരണങ്ങൾക്കുമായി സാധാരണ ചെലവ് 100 കോടി ഡോളറിനു മുകളിലേക്കാണ്.

അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേൾക്കുന്ന പ്രയോഗങ്ങളാണ് കോക്കസും പ്രൈമറിയും. പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടികൾ സ്വീകരിക്കുന്ന വ്യത്യസ്തരീതികളാണ് ഇത്. ആരുനടത്തുന്നു എന്നതിനെ ആശ്രയിച്ചാണ് പേരിലെ വ്യത്യാസം. രാഷ്ട്രീയപാർട്ടികൾ നടത്തുന്ന തിരഞ്ഞെടുപ്പാണ് കോക്കസ്. സംസ്ഥാന ഭരണകൂടമാണ് നടത്തുന്നതെങ്കിൽ പേര് പ്രൈമറി എന്നാകും. നമ്മുടെ പൊതുതിരഞ്ഞെടുപ്പുമായി സാമ്യമുള്ള ഒന്നാണ് പ്രൈമറികൾ. വോട്ടർമാർ രഹസ്യമായി വോട്ട് ചെയ്യുന്നു. പിന്നീട് ഇവ എണ്ണുന്നു. ഓപ്പൺ, ക്ലോസ്ഡ് എന്നിങ്ങനെ രണ്ടുതരം പ്രൈമറികളുണ്ട്. ഓപ്പൺ പ്രൈമറികളിൽ പാർട്ടിവ്യത്യാസമില്ലാതെ എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാം. ക്ലോസ്ഡ് പ്രൈമറികളിൽ ഏതു പാർട്ടിക്കുവേണ്ടിയാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആ പാർട്ടിയുടെ സ്ഥാനാർത്ഥിക്കേ വോട്ട് ചെയ്യാനാകൂ.

സംസ്ഥാനങ്ങൾ പല തരത്തിലാണ് കോക്കസ് നടപ്പാക്കുക. രജിസ്റ്റർ ചെയ്തിട്ടുള്ള പാർട്ടി അംഗങ്ങൾ ഒരുമിച്ചുകൂടി സ്ഥാനാർത്ഥികളെപ്പറ്റി ചർച്ച ചെയ്യുകയും പാർട്ടി കൺവൻഷനുകളിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുകയുമാണ് പതിവ്. സംസ്ഥാനത്തിനു താൽപര്യമുള്ള ദേശീയ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കേണ്ട പ്രതിനിധിയാണ് ഇങ്ങന തിരഞ്ഞെടുക്കപ്പെടുക. എല്ലാ സ്ഥാനാർത്ഥികളുടെയും പിന്തുണക്കാർക്ക് സംസാരിക്കാനും തന്റെ സ്ഥാനാർത്ഥിക്ക് പിന്തുണ തേടാനും ഒരേ പോലെ അവസരം ലഭിക്കും. ജനപ്രിയതയിൽ പിന്നിൽ നിൽക്കുന്ന സ്ഥാനാർത്ഥികളുടെ അനുയായികളുടെ വോട്ടുകൂടി നേടാൻ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് കോക്കസ് അവസരം നൽകുന്നു.

ഇയോവയിലെ കോക്കസ് മുതലാണ് പ്രചാരണം തുടങ്ങുന്നത്. അതിനുശേഷം ന്യൂഹാംപ്‌ഷെയർ പ്രൈമറികൾ നടക്കും. രണ്ടിടത്തും പിന്നിലാകുന്നത് സ്ഥാനാർത്ഥിയുടെ നില പരുങ്ങലിലാക്കും. രണ്ടും വിജയിച്ചാൽ നോമിനേഷൻ ഉറപ്പിക്കാം. രണ്ടു സംസ്ഥാനങ്ങളിലെയും ഫലം സ്ഥാനാർത്ഥികളുടെ ജനപ്രീതി, സംഘടനാപാടവം, മുന്നോട്ടുള്ള ഗതി എന്നിവയുടെ അളവെടുപ്പാണ്. രണ്ടുസംസ്ഥാനങ്ങളിലും ജയിക്കുകയോ മുന്നിലുള്ള മൂന്നുപേരിൽ ഒരാളാകുകയോ ചെയ്യുക എന്നത് സ്ഥാനാർത്ഥിത്വത്തിന് പ്രധാനമാണ്.

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മാർച്ചിലെ ആദ്യചൊവ്വാഴ്ചയാണ് പ്രൈമറികളും കോക്കസുകളും നടക്കുക. സൂപ്പർ ട്യൂസ്‌ഡേ എന്ന് ഇത് അറിയപ്പെടുന്നു. ഇതോടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരും. ഇയോവയിൽ നേടിയ മുൻതൂക്കം ഇല്ലാതാകാനും സൂപ്പർ ട്യൂസ്‌ഡേയിലെ ഫലങ്ങൾ കാരണമാകും. സ്ഥാനാർത്ഥിയുടെ വിജയസാധ്യതയെപ്പറ്റി പാർട്ടികൾക്ക് ഇതോടെ ധാരണ കൈവരും.

ട്രംപും ഹിലാരിയും അവസാന റൗണ്ടിലെത്തിയത് ഇങ്ങനെ

റിപ്പബ്ലിക്കൻ കക്ഷിയുടെ പ്രധാന സ്ഥാനാർത്ഥികൾ റിയൽ എസ്റ്റേറ്റ് കോടീശ്വരനായ ഡൊണാൾഡ് ട്രംപും ടെക്‌സസ് സെനറ്റർ ആയ ടെഡ് ക്രൂസും കടുത്ത നികുതിഘടനയെയും സ്വവർഗ വിവാഹത്തെയും എതിർക്കുന്ന, ക്യൂബൻ കുടിയേറ്റക്കാരുടെ മകനായ ഫ്‌ളോറിഡ സെനറ്റർ മാർകോ റുബിയോ യും ആയിരുന്നു. മറ്റുള്ളവരെ പിന്തള്ളിയാണ് ട്രംപ് അവസാന ലാപ്പിലേക്ക് എത്തിയത്.

മുൻ പ്രഥമ വനിതയും 2008 തിരഞ്ഞെടുപ്പിൽ ഒബാമയുടെ എതിരാളിയുമായിരുന്ന വിജയിച്ചാൽ ഒബാമ ഭരണകൂടത്തിന്റെ നയങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഹിലരി കഌന്റണും മെഡികെയർ ഫോർ ഓൾ ആരോഗ്യപദ്ധതിയെ പിന്തുണയ്ക്കുന്ന യഹൂദനായ വെർമോണ്ട് സെനറ്റർ ബെർനി സാൻഡേഴ്‌സുമായിരുന്നു ഡെമോക്രാറ്റിക് പക്ഷത്ത്. അന്തിമഘട്ടത്തിലേക്ക് പ്രചരണത്തിലൂടെ മുന്നേറി ഹിലരി പാർട്ടി സ്ഥാനാർത്ഥിയായി. ഈ മാസം നടന്ന നാഷനൽ പാർട്ടി കൺവൻഷനിലാണ് ഹിലരിയും ട്രംപും അന്തിമ സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടത്. നാലുവർഷം കൂടുമ്പോൾ നവംബറിൽ ആദ്യത്തെ തിങ്കളാഴ്ചയ്ക്കുശേഷമുള്ള ആദ്യചൊവ്വാഴ്ചയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഈ വർഷം ഇത് നവംബർ എട്ടിനാണ്.

രാജ്യമെമ്പാടുമുള്ള ജനങ്ങൾ വോട്ട് ചെയ്യും. 'പോപ്പുലർ വോട്ട്' എന്നാണ് ഇത് അറിയപ്പെടുന്നതെങ്കിലും മറ്റൊരു സംവിധാനം കൂടി തിരഞ്ഞെടുപ്പിലുണ്ട്. അതാണ് ഇലക്ടറൽ കോളജ്. വ്യത്യസ്ത സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്യാനെത്തുന്ന ഒരു സംഘം വോട്ടർമാരാണ് ഇലക്ടറൽ കോളജ്. 538 പേരാണ് ഇപ്പോൾ ഉള്ളത്. പ്രസിഡന്റിനെ തീരുമാനിക്കാൻ 270 പേർ മതിയാകും. യുഎസ് കോൺഗ്രസ് പ്രതിനിധികളുടെയും സെനറ്റർമാരുടെയും എണ്ണമനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിശ്ചിത ഇലക്ടറൽ കോളജ് പ്രതിനിധികളെ അയയ്ക്കാം. സാധാരണ പൗരന്മാർ വോട്ട് ചെയ്യുമ്പോൾ യഥാർത്ഥത്തിൽ അവർ ഇലക്ടർമാർക്കാണ് വോട്ട് ചെയ്യുന്നത്. ഇലക്ടർമാർ പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുന്നു.

ഓരോ സംസ്ഥാനത്തും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥിക്കാണ് ആ സംസ്ഥാനത്തുനിന്നുള്ള ഇലക്ടർമാരുടെ മുഴുവൻ വോട്ടുകളും ലഭിക്കുക. ഉദാഹരണത്തിന് ഒരു സംസ്ഥാനത്തിന് മൂന്ന് ഇലക്ടറൽ വോട്ടുണ്ടെങ്കിൽ മൂന്നും സംസ്ഥാനത്തുനിന്ന് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർത്ഥിക്കാകും ലഭിക്കുക. ഇലക്ടറൽ വോട്ടുകളെല്ലാം എണ്ണുമ്പോൾ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർത്ഥി പ്രസിഡന്റാകും. മിക്കപ്പോഴും കൂടുതൽ ' പോപ്പുലർ വോട്ട്' നേടുന്നവർക്കു തന്നെയാകും ഇലക്ടറൽ കോളജിലും ഭൂരിപക്ഷം. യുഎസ് ഭരണഘടന അനുസരിച്ച് 2017 ജനുവരി 20ന് പുതിയ പ്രസിഡന്റ് ചുമതലയേൽക്കും.

വംശീയതയും കുടിയേറ്റവും ഭീകരതയും പ്രധാന ചർച്ചാ വിഷയങ്ങൾ

വംശീയതയെ അനുകൂലിച്ചും കുടിയേറ്റത്തെ എതിർത്തും ശക്തമായ നിലപാടുമായി ട്രംപ് നിലയുറപ്പിക്കുമ്പോൾ അമേരിക്കക്കാർ ആശയക്കുഴപ്പത്തിലാണ്. പ്രചരണത്തിലെ പതിവുരീതികൾ മാറ്റിമറിച്ചായിരുന്നു ഓരോ ഘട്ടത്തിലും ട്രംപിന്റെ പ്രചരണം. ബ്രിട്ടനിൽ ഇതെ നയം ചർച്ചചെയ്യപ്പെട്ട ബ്രക്‌സിറ്റ് വിജയം നേടിയ പശ്ചാത്തലത്തിൽ ട്രംപിന്റെ വാദങ്ങൾ അമേരിക്കക്കാർ സ്വീകരിച്ചേക്കുമെന്ന പ്രചരണം ശക്തമാണ്. മറിച്ച് ഒബാമയുടെ നേതത്വത്തിൽ ഡെമോക്രാറ്റുകൾ നടത്തിവന്ന അതേ നയം പിൻതുടരുമെന്നാണ് ഹിലരിയുടെ വാഗ്ദാനം. ഇതാണ് ശരിയെന്നും അമേരിക്കയുടെ പാരമ്പര്യമെന്നുമാണ് അവരുടെ പ്രചരണത്തിന്റെ കാതൽ. അതേസമയം, രണ്ടു ടേം തുടർച്ചയായി ഭരിക്കുന്ന പാർട്ടിക്ക് മൂന്നാം തവണയും ഭരണത്തുടർച്ച ലഭിച്ച ചരിത്രം അമേരിക്കൻ രാഷ്ട്രീയത്തിന് അപരിചിതമാണെന്നതും എൻബിസി ന്യൂസും ക്യുനിൻപേക്ക് യൂണിവേഴ്‌സിറ്റിയും വെവ്വേറെ നടത്തിയ തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങളും ട്രംപിന് അനുകൂലമാണ് കാര്യങ്ങളെന്ന് പറയുന്നു.

അമേരിക്കയിലെ വോട്ടർമാരിൽ അറുപത്തിമൂന്നു ശതമാനം വെളുത്തവർഗ്ഗക്കാരാണ്. ഇവരിൽ ഭൂരിപക്ഷത്തിന്റെയും വോട്ടുകൾ ട്രംപിന് ലഭിക്കുമെന്നാണ് ആദ്യഘട്ട സർവേ ഫലങ്ങൾ. വെള്ളക്കാർ, നിഷ്പക്ഷമതികൾ, പുരുഷന്മാർ ഈ മൂന്നു വിഭാഗങ്ങളിലെയും ഭൂരിപക്ഷ പിന്തുണ ട്രംപിനു ലഭിക്കുമെന്നും സർവേകൾ അഭിപ്രായപ്പെടുന്നു. കുടിയേറ്റ നിയമത്തിൽ കർശന നിയന്ത്രണം വേണമെന്നാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ട്രംപിനു ലഭിച്ചേക്കും. തൊഴിലില്ലായ്മ രൂക്ഷമാണ് അമേരിക്കയിൽ. അമേരിക്കക്കാർക്ക് തൊഴിൽ ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദേശങ്ങളിലേയ്ക്ക് പറിച്ചുനട്ട തൊഴിൽ മേഖലയെ തിരികെ കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് ഭീകരതയ്‌ക്കെതിരെയുള്ള നിലപാടുകളും. ലോകരാഷ്ട്രങ്ങൾക്കു നേരെ, പ്രത്യേകിച്ച് അമേരിക്കയ്ക്കുനേരെ ശക്തമായ ഭീകരഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ ട്രംപിന്റെ നേതൃത്വം അനിവാര്യമാണെന്ന വാദം ശക്തമാണ്.

അടുത്ത അഞ്ചുമാസങ്ങൾ ഏറെ നിർണായകം

അടുത്ത അഞ്ചുമാസക്കാലത്ത് ഉണ്ടാകുന്ന ഏതൊരു സംഭവവും ഇപ്പോഴത്തെ നില മാറ്റിമറിച്ചേക്കാം. അതിനാൽത്തന്നെ അമേരിക്ക സാക്ഷ്യം വഹിച്ചിട്ടുള്ളതിൽ വച്ചേറ്റവും വാശിയേറിയതും ചരിത്രപരവുമായ പോരാട്ടമാണ് ഹിലാരിയും ട്രംപും തമ്മിൽ നടക്കുന്നത്. പബ്‌ളിസിറ്റിക്ക് വേണ്ടി എന്തും വിളിച്ചു പറയുന്ന പ്രകൃതമാണ് ട്രംപിന്റേത്. കുതന്ത്രയായ ഹിലാരി എന്നാണദ്ദേഹം തന്റെ എതിരാളിയെ സംബോധന ചെയ്യുന്നത്. സ്വന്തം പാളയത്തിലെ എതിരാളികളെ മലർത്തിയടിച്ച് ട്രംപ് സ്ഥാനാർത്ഥിത്വം നേടിയത് ഇത്തരം പ്രചരണങ്ങളിലൂടെയാണ്. പലതും വെട്ടിത്തുറന്ന് പറയുന്ന രീതി അമേരിക്കക്കാർ ഇഷ്ടപ്പെടുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതാണ് ട്രംപിന്റെ തുരുപ്പുചീട്ടും.

ട്രംപിന്റെ വിവാദ തീവ്രവാദ നിലപാടുകൾക്ക് നേരെ വിപരീതമായിട്ടുള്ള പ്രതിഛായയുമായാണ് ഹിലരിയുടെ മുന്നേറ്റം. ഒരാധുനിക ജനാധിപത്യ രാഷ്ട്രത്തിനാവശ്യം പക്വതയുള്ള സമീപനങ്ങളാണ് എന്നാണ് അവരുടെ നിലപാട്. എടുത്തുചാടി എല്ലാറ്റിലും തലയിടുന്നത് അച്ചടക്കമില്ലായ്മയാണെന്നും അവർ പറയുന്നു. കുടിയേറ്റം, വംശീയത, ന്യൂനപക്ഷാവകാശങ്ങൾ, ആരോഗ്യ സുരക്ഷാ ക്ഷേമ സംവിധാനങ്ങൾ എന്നീ കാര്യങ്ങളിൽ അമേരിക്കയുടെ പരമ്പരാഗത മൂല്യം ഉയർത്തിപ്പിടിക്കുമെന്ന് അവർ വ്യക്തമാക്കുന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്വരമാണ് അവർക്ക് ചുരുക്കത്തിൽ മിക്ക കാര്യങ്ങളിലും ഭിന്നത പുലർത്തുന്ന നിലപാടുകൾ തമ്മിലുള്ള ഏറ്റുമുട്ടലാകും ഇത്തവണ നടക്കുക. അതുതന്നെയാണ് മത്സരം കടുപ്പിക്കുന്നതും.

ഇതിനെല്ലാം പുറമെ നിർണായകമാകുന്ന രണ്ടു ഘടകങ്ങൾ കൂടിയുണ്ട്. 30 ലക്ഷത്തോളം വരുന്ന അമേരിക്കൻ മുസ്‌ളീം സമൂഹവും സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന അമേരിക്കൻ പുരുഷന്റെ നിലപാടുകളുമാണിവ. കടുത്ത ഇസ്ലാംവിരുദ്ധതയും സ്ത്രീവിരുദ്ധതയും പേറുന്ന ട്രംപിനെതിരെ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടന്നുകഴിഞ്ഞു.

240 വർഷത്തെ അമേരിക്കൻ ചരിത്രത്തിൽ നൂറുവർഷം മുമ്പു മാത്രമാണ് സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്. ചരിത്രത്തിലിതുവരെ ഒരു സ്ത്രീയേയും തിരഞ്ഞെടുക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. ഈ സാഹചര്യങ്ങളിൽ സ്ത്രീപക്ഷ വാദികളും ഇസ്‌ളാം അനുകൂലികളും കൈകോർക്കുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് പൂർണമായും ഹിലാരിക്ക് അനുകൂലമാകുമെന്നും ഉറപ്പാണ്. ഏതായാലും ഇതിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഹിലരിയെ തിരഞ്ഞെടുത്താൽ ഭീകരതയ്‌ക്കെതിരെ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന, അമേരിക്കയും ബ്രിട്ടനും മുന്നിൽ നിലകൊള്ളുന്ന ലോക പൊലീസിനെ ഇനി നയിക്കുന്നത് രണ്ട് സ്ത്രീകളായിരിക്കും. അമേരിക്കൻ പ്രസിഡന്റായ ഹിലരിയും ബ്രക്‌സിറ്റിലൂടെ ബ്രിട്ടനിൽ അധികാരത്തിലെത്തിയ പ്രധാനമന്ത്രി തെരേസ മേയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP