Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിധി' തേടിയുള്ള ആ പതിഞ്ഞ കീഴോട്ടിറക്കത്തിൽ തികഞ്ഞ ആത്മവിശ്വാസം; 41 നാളുകളുടെ കാത്തിരിപ്പിന് വിരാമമിടുന്നത് ആ 15 മിനിറ്റുകളുടെ ചങ്കിടിപ്പ് മാത്രം; എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ നടക്കുമെന്ന ധൈര്യം പകർന്ന് ഇസ്രോ ചെയർമാൻ കെ.ശിവൻ; വിക്രം ലാൻഡ് ചെയ്യുന്ന ശുഭമുഹൂർത്തം പുലർച്ചെ 1.53; ദൗത്യം വീക്ഷിക്കാൻ പ്രധാനമന്ത്രിക്കൊപ്പം 70 വിദ്യാർത്ഥികളും; ചാന്ദ്രയാൻ-2 പ്രതീക്ഷകൾ കാത്താൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക്

'നിധി' തേടിയുള്ള ആ പതിഞ്ഞ കീഴോട്ടിറക്കത്തിൽ തികഞ്ഞ ആത്മവിശ്വാസം; 41 നാളുകളുടെ കാത്തിരിപ്പിന് വിരാമമിടുന്നത് ആ 15 മിനിറ്റുകളുടെ ചങ്കിടിപ്പ് മാത്രം; എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ നടക്കുമെന്ന ധൈര്യം പകർന്ന് ഇസ്രോ ചെയർമാൻ കെ.ശിവൻ; വിക്രം ലാൻഡ് ചെയ്യുന്ന ശുഭമുഹൂർത്തം പുലർച്ചെ 1.53; ദൗത്യം വീക്ഷിക്കാൻ പ്രധാനമന്ത്രിക്കൊപ്പം 70 വിദ്യാർത്ഥികളും; ചാന്ദ്രയാൻ-2 പ്രതീക്ഷകൾ കാത്താൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: രാജ്യം ശ്വാസമടക്കി പിടിച്ച് കാത്തിരിക്കുകയാണ്. വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സുരക്ഷിതമായി സോഫ്‌ററ് ലാൻഡ് ചെയ്യുന്ന ആ കാഴ്ച കാണാൻ. ദൗത്യം വിജയകരമായാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. എല്ലാം പ്ലാൻ ചെയ്ത് പോലെ പുരോഗമിക്കുന്നുവെന്നാണ് ഇസ്രോയുടെ വാക്ക്. ജൂലൈ 28 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞ ഒരുകാര്യമുണ്ട്. ജൂലായ് 22 ന് ചന്ദ്രയാൻ-2 കുതിച്ചുയർന്നപ്പോൾ ഇന്ത്യ രണ്ടുപാഠങ്ങൾ പഠിച്ചു: വിശ്വാസവും ഭയരാഹിത്യവും. 41 ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞു. തങ്ങൾ പടുത്തുയർത്തിയ ശാസ്ത്രസംവിധാനങ്ങളിൽ വിശ്വാസമർപ്പിച്ച് ഭയമില്ലാതെ ദൗത്യം തുടരുകയാണ് ഇസ്രോ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രോയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ചാന്ദ്രയാൻ-2 ദൗത്യത്തിന്റെ വിജയം 130 കോടി കോടിക്കണക്കിന് ഇന്ത്യാക്കാർക്ക് നേട്ടമാകും. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിഭകളുടെ പ്രകാശനമാണ് ഈ ദൗത്യം. രാജ്യം മാത്രമല്ല മറ്റു ലോകരാഷ്ട്രങ്ങളും നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ മാതൃകാപരമായ ശേഷി ഒരിക്കൽ കൂടി കാണും, മോദി ഏതാനും ട്വീറ്റുകളിൽ പറഞ്ഞു.

ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ നിമിഷത്തിനായി. എല്ലാം വിചാരിച്ചത് പോലെ മുന്നേറുന്നു, ഇസ്‌റോ ചെയർമാൻ കെ.ശിവൻ അറിയിച്ചു. വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് പുലർച്ചെ 1.30 നും 2.30 നും മധ്യേയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പുലർച്ചെ 1.53 നാണ് ഷെഡ്യൂൾഡ് ലാൻഡിങ് സമയം. റോവർ പ്രഗ്യാൻ സഞ്ചാരത്തിനായി ഇറങ്ങുന്നത് 5.30 നും 6.30 നും ഇടയിലും.ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷൻ കോംപ്ലക്‌സ് എന്നിവർ അവസാനവട്ട തയ്യാറെടുപ്പിലാണ്. നാലു ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള ചന്ദ്രയാൻ 2 ദൗത്യത്തിലെ സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ഈ കേന്ദ്രത്തിലെത്തും. ഇരുന്നൂറോളം ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ദ്ധർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 70 വിദ്യാർത്ഥികളും ദൗത്യം വീക്ഷിക്കും

ദൂരദർശൻ 1.10 മുതൽ തൽസമയ സംപ്രേഷണം ചെയ്യും. ഇസ്രോ വെബ്‌സൈറ്റിലും, യൂടൂബിലും ഫേസ്‌ബുക്കിലും ട്വിറ്ററിലും ലൈവ് സ്ട്രീമിങ് ഉണ്ടാകും.

ആ 15 മിനിറ്റ് നിർണായകമെന്ന് ഇസ്രോ

ചന്ദ്രന്റെ 30 കിലോമീറ്റർ ഉപരിതലത്തിൽനിന്നാണ് പേടകത്തിന്റെ സോഫ്ട് ലാൻഡിങ് ആരംഭിക്കുന്നത്. ഇതിന് 15 മിനിട്ടോളം സമയമെടുക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ.ശിവൻ വ്യക്തമാക്കി. ഈ 15 മിനിട്ടുകൾ നിർണായകമാണ്. ആദ്യമായാണ് ഇത്തരമൊരു ദൗത്യം ഐ.എസ്.ആർ.ഒ ഏറ്റെടുക്കുന്നത്. അന്തരീക്ഷമില്ലാത്തതിനാൽ പ്രൊപ്പൽഷൻ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ലാൻഡർ സുരക്ഷിതമായി ഇറക്കേണ്ടത്. ഇതു സാധിക്കണമെങ്കിൽ ഗുരുത്വാകർഷണവും അതിനെതിരായ ബലവും തുല്യമാക്കണം.
ഇതിനായി പേടകത്തിൽ നിന്നും ഗുരുത്വാകർഷണത്തിനെതിരായ ഊർജ്ജം വർധിപ്പിക്കും. സുരക്ഷിതമായി പേടകം ചന്ദ്രോപരിതലത്തിൽ ഇറക്കിയ ശേഷം രാവിലെ 5.30 മുതൽ 6.30 വരെയുള്ള സമയത്തിനിടെ വിക്രം ലാൻഡറിനുള്ളിലുള്ള പ്രഗ്യാൻ റോവറും ചന്ദ്രേപരിതലത്തിലേക്കിറങ്ങുമെന്ന് ശിവൻ വ്യക്തമാക്കി.

ഒരു ചന്ദ്ര ദിവസം അതായത് 14 ദിവസം പ്രഗ്യാൻ ചന്ദ്രേപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ പ്രധാന ഭ്രമണപഥം ഒരു വർഷത്തേക്ക് അതിന്റെ ദൗത്യം തുടരും. രാജ്യത്തിന്റെ ചിഹ്നങ്ങൾ വഹിക്കുന്ന ലാൻഡറും റോവറും വളരെക്കാലം ചന്ദ്രനിൽ നിലനിൽക്കുമെന്നതും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്.978 കോടി രൂപ ചെലവുള്ള ആളില്ലാ ചാന്ദ്ര ദൗത്യത്തിലൂടെ ഇതുവരെ പര്യവേഷണത്തിനു വിധേയമാകാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ച് കൂടുതൽ അറിയാനാകും. ഇതുവരെ ഒരു രാജ്യവും ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തിയിട്ടില്ലെന്നും ശിവൻ പറഞ്ഞു. അതുകൊണ്ടു തന്നെ ലോകം ഒന്നാകെ ഇന്ത്യയുടെ ഈ ദൗത്യത്തിനായി കാത്തിരിക്കുകയാണ്. ദക്ഷിണധ്രുവത്തിൽ വെള്ളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന പ്രതീക്ഷയും ഇസ്രോയ്ക്കുണ്ട്.

ചന്ദ്രയാനും ദക്ഷിണ ധ്രുവവും

വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിൽ ഇറക്കാനായാൽ റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ
ദക്ഷിണ ധ്രുവത്തിൽ 'ഒളിച്ചിരിക്കുന്ന' ധാതുക്കളും ജലസാന്നിധ്യവുമാണ് ഇതിനു കാരണം. കോടിക്കണക്കിനു വർഷങ്ങളായി ഒരു തരി സൂര്യപ്രകാശം പോലുമേൽക്കാത്ത ഭാഗങ്ങളുണ്ട് ദക്ഷിണ ധ്രുവത്തിലെ പല വിള്ളലുകളിലും. സൗരയൂഥം രൂപീകരിക്കപ്പെട്ട കാലത്തുള്ള ഘടന അതേപടി നിലനിർത്തിയ ഇടങ്ങൾ പോലുമുണ്ട്. ഗവേഷകരെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലെ യഥാർഥ 'നിധി' കാത്തിരിക്കുന്നത് ദക്ഷിണ ധ്രുവത്തിലാണെന്നു ചുരുക്കം. രാജ്യാന്തര ബഹിരാകാശ കരാറിനെ വരെ മാറ്റിമറിക്കാവുന്ന വിധം വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഭാവിയിൽ ശക്തമാകാനും ദക്ഷിണധ്രുവം കാരണമായേക്കാവുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.

ചന്ദ്രനിലെ ഏറ്റവും മോശം കാലാവസ്ഥയുള്ള മേഖലയാണ് ദക്ഷിണ ധ്രുവം. സൂര്യപ്രകാശമേൽക്കാത്തതിനാൽത്തന്നെ പലപ്പോഴും മൈനസ് 233 ഡിഗ്രി സെൽഷ്യസ് വരെയാണ് പലയിടത്തും താപനില. ഉൽക്കകളും മറ്റും വന്നു പതിച്ച് ഒട്ടേറെ വമ്പൻ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ചൂടേറിയ സൗരവാതത്തിന്റെ പ്രശ്‌നവുമുണ്ട്. ഭൂമിയേക്കാളും കനംകുറഞ്ഞ ചന്ദ്രന്റെ അന്തരീക്ഷത്തിൽ സഞ്ചാരവും വെല്ലുവിളിയാണ്. ദക്ഷിണ ധ്രുവത്തിലെ വിള്ളലുകളിൽ സൂര്യപ്രകാശം പതിക്കാത്തതിനാൽ അതിലും മഞ്ഞ് നിറഞ്ഞിരിക്കുകയാണെന്നതിന്റെ സൂചനകൾ നേരത്തേ ലഭിച്ചിട്ടുണ്ട്. ഇവ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ചന്ദ്രനിലേക്ക് മനുഷ്യനെത്തിയാൽ ഭാവിയിൽ വെള്ളം മാത്രമല്ല 'ഇന്ധനവും' ഒരുക്കാനാകുമെന്നാണ് ദക്ഷിണ ധ്രുവം നൽകുന്ന പ്രതീക്ഷ. ഉത്തരധ്രുവത്തിലും ഐസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പക്ഷേ അളവിൽ കൂടുതൽ ദക്ഷിണ ധ്രുവത്തിലാണ്. ഏകദേശം 10 കോടി ടൺ ജലം വിള്ളലുകളിൽ മാത്രമുണ്ടെന്നാണു കരുതുന്നത്. ഇത്തരത്തിൽ. വായുവില്ലാതെ തരിശായി കിടക്കുന്ന പ്രദേശമെന്ന ദുഷ്‌പേര് മാറി ചന്ദ്രൻ വാസയോഗ്യമാണെന്നു തെളിഞ്ഞതിനു പിന്നിൽ ദക്ഷിണധ്രുവം നൽകുന്ന സംഭാവന ചെറുതല്ല.

സൗരയൂഥം എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ തെളിവുകൾ വരെ കോടിക്കണക്കിനു വർഷങ്ങളായി 'അനക്കം തട്ടാതെ' ഈ വിള്ളലുകളിൽ ഒളിച്ചിരിപ്പുണ്ട്. പക്ഷേ ദുർഘടമായ ഈ പ്രദേശത്തേക്ക് മനുഷ്യന് എത്തിപ്പെടുക നിലവിലെ സാഹചര്യത്തിൽ അസാധ്യമാണ്. അതിനാലാണ് റോബോട്ടിക് റോവറുകൾ പരീക്ഷിക്കുന്നത്. ചന്ദ്രയാനിൽ നിന്നും പ്രഗ്യാൻ എന്ന റോവർ ദക്ഷിണധ്രുവത്തിലിറങ്ങുന്നുണ്ട്. അതീവ ദുഷ്‌കരമായ സാഹചര്യങ്ങളിൽ ഇത്തരം റോവറുകൾ എത്രകാലം പ്രവർത്തിക്കുമെന്നും മനസ്സിലാക്കേണ്ടതുണ്ട്.

ഓഗസ്റ്റ് 20നു രാവിലെ 8.34നും 9.02നും ഇടയിലായിരുന്നു ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 കടന്നത്. 28 മിനിറ്റു നേരം പേടകത്തിലെ എൻജിൻ ജ്വലിപ്പിച്ചായിരുന്നു ആ പ്രക്രിയ. ആ സമയത്ത് നെഞ്ചിടിപ്പു നിലച്ച അവസ്ഥയിലായിരുന്നെന്ന് ഇസ്രൊ ചെയർമാൻ ഡോ.കെ.ശിവൻ പറഞ്ഞതിനു പിന്നിലും കാരണമുണ്ട്. അടുത്തിടെ ദക്ഷിണ ധ്രുവം ലക്ഷ്യമിട്ടു പറന്ന ചാങ് ഇ 4ന് ഇറങ്ങാനായത് ചന്ദ്രന്റെ മധ്യരേഖയ്ക്കു സമീപമായിരുന്നു. ഇസ്രയേലിന്റെ പേടകം തകർന്നുവീഴുകയും ചെയ്തു.

ചന്ദ്രനു ചുറ്റും 90 ഡിഗ്രി ചെരിവോടെ ഭ്രമണപഥം സാധിച്ചെടുത്തില്ലായിരുന്നെങ്കിൽ ചന്ദ്രയാനും ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ സാധിക്കില്ലായിരുന്നു. ഭ്രമണപഥം മാറുന്ന പ്രക്രിയയ്ക്കിടെ 10 സെന്റിമീറ്ററിന്റെ വ്യത്യാസം വന്നിരുന്നെങ്കിൽ പോലും അതു ഭ്രമണപഥത്തെയും അതുവഴി ചന്ദ്രയാൻ 2 ലാൻഡർ ഇറങ്ങേണ്ടയിടത്തെയും ബാധിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം കൃത്യമാക്കിയായിരുന്നു ഇസ്രൊയുടെ കൺട്രോൾ റൂമിൽ നിന്നുള്ള നീക്കങ്ങൾ. ഇനി എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ പേടകമായി സെപ്റ്റംബർ ഏഴിന് ഇന്ത്യയുടെ ചന്ദ്രയാൻ 2 മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP