Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതിക്ക് സാധ്യതയുള്ള സ്ഥാപനത്തിന് ഒരു കോടി; തീരെ കുറവെങ്കിൽ ഇരുപത്തിയഞ്ച് ലക്ഷവും; പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ നിയമിക്കാൻ ലേലം വിളിയെന്ന് റിപ്പോർട്ട്; ലക്ഷ്യം കോടിയേരിയും മകൻ ബിനീഷും

അഴിമതിക്ക് സാധ്യതയുള്ള സ്ഥാപനത്തിന് ഒരു കോടി; തീരെ കുറവെങ്കിൽ ഇരുപത്തിയഞ്ച് ലക്ഷവും; പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ നിയമിക്കാൻ ലേലം വിളിയെന്ന് റിപ്പോർട്ട്; ലക്ഷ്യം കോടിയേരിയും മകൻ ബിനീഷും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ എം.ഡിമാരായി നിയമനം കിട്ടുന്നതിന് ഒരു കോടി രൂപ വരെ കോഴ ചോദിക്കുന്നതായി ആക്ഷേപം. അഴിമതിക്ക് സാദ്ധ്യത കുറവുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് എത്താൻ ഇരുപത്തിയഞ്ച് ലക്ഷം രൂപ നൽകേണ്ടി വരുമെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്. മുൻ മന്ത്രിയുടെ മകനും ഭരണതലത്തിൽ സ്വാധീനമുള്ളയാളുമാണ് കോഴ ഇടപാടിന് ഇടനിലക്കാരൻ. കേരള ഫീഡ്‌സ് പോലെ കമ്മിഷൻ ഏറെ കിട്ടുന്ന സ്ഥാപനങ്ങളിൽ നിയമനത്തിന് ചോദിക്കുന്നത് 75 ലക്ഷം മുതൽ ഒരു കോടി വരെയാണെന്നും സൂചനയുണ്ടെന്ന് കേരള കൗമുദി പറയുന്നു. മുതിർന്ന ലേഖകനയാ എംഎം സുബൈർ പേരു വച്ചാണ് വാർത്ത നൽകിയിരിക്കുന്നത്.

അതിനിടെ കേരള കൗമുദി വാർത്തയിൽ പരമാർശിക്കുന്നത് കോടിയേരി ബാലകൃഷ്ണനേയും മകൻ ബിനീഷിനേയുമാണെന്ന വാദം സിപിഎമ്മിൽ സജീവമാണ്. ഭരണതലത്തിൽ സിപിഐ(എം) സെക്രട്ടറിയെന്ന നിലയിൽ കോടിയേരി ഇടപെടലിന് ശ്രമിക്കുന്നുണ്ട്. ഇതിൽ അതൃപ്തരായ വിഭാഗമാണ് ഈ വാർത്ത പുറത്തുവിട്ടതിന് പിന്നിലെന്നാണ് ആക്ഷേപം. എന്നാൽ കാശു കൊടുത്താൽ മാത്രമേ പല സ്ഥാപനങ്ങളുടേയും എംഡിമാരാകാൻ കഴിയൂ എന്നതാണ് അവസ്ഥ. ഈ നിയമനത്തിന് പാർട്ടിയുടെ അംഗീകരം വേണമെന്നും കോടിയേരി നിർദ്ദേശിച്ചിട്ടുണ്ട്. ഇത് അഴിമതിക്കുള്ള സാധ്യത ഒരുക്കലായി വ്യാഖ്യാനിക്കുകയാണ് കേരള കൗമുദി.

സംസ്ഥാനത്തെ 83 പൊതുമേഖലാ സ്ഥാപനങ്ങളിലും എം.ഡിമാരെ നിയമിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചപ്പോൾ 2000 പേർ അപേക്ഷിച്ചു. 60 വയസ് വരെ ഉള്ളവർക്ക് അപേക്ഷിക്കാമായിരുന്നു. എം.ഡിമാർക്ക് 65 വയസ് വരെ തുടരാം. സ്‌ക്രീനിങ് കമ്മിറ്റി ഇവരിൽ നിന്ന് 65 പേരെ ഇന്റർവ്യൂവിന് തിരഞ്ഞെടുത്തു. ഇന്റർവ്യൂ ഈ മാസം 6, 7, 8 തീയതികളിലാണ്. ഈ 65 പേരുടെ തെരഞ്ഞെടുപ്പും വിവാദത്തിലാണെന്ന് കേരള കൗമുദി പറയുന്നു. നേരത്തെ മന്ത്രിസഭാ തീരുമാന പ്രകാരമായിരുന്നു എംഡിമാരെ നിയമിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മാറ്റത്തിൽ വിവാദം ഉണ്ടാക്കുന്നത്.

കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ എം.ഡിമാരായോ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാമായിരുന്നു. എന്നാൽ, സ്‌ക്രീനിങ് കമ്മിറ്റി തെരഞ്ഞെടുത്തവരിൽ മുൻ എം.ഡിമാരെയും എല്ലാ യോഗ്യതയുമുള്ള ജനറൽ മാനേജർമാരെയും ഒഴിവാക്കിയെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ പാർട്ടിയിലെ ഉന്നതന്റെ ഇടപെടലുണ്ടെന്നാണ് ആക്ഷേപം. നേരത്തെ ചില പൊലീസുകാരുടെ സ്ഥലം മാറ്റത്തിലും പദവി നിശ്ചയത്തിലും സമാനമായ ഇടപെടൽ നടന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഡിജിപി മാരായി ചിലരെ നിലനിർത്തിയും ഈ സ്വാധീന ഫലമാണെന്ന ആക്ഷേപം സജീവമാണ്. ഇതിന് പിന്നാലെയാണ് പരോക്ഷ സൂചനകളുമായി കേരള കൗമുദി വാർത്ത.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി രൂപീകരിച്ചിട്ടുള്ള റിയാബിന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയാണ് പൊതുമേഖലാ എംഡിമാരുടെ തെരഞ്ഞെടുപ്പ് നടത്തിയത്. മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള തെരഞ്ഞെടുപ്പ് നിയമപരമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അപേക്ഷകർ. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പോൾ ആന്റണി ചെയർമാനായ ഇന്റർവ്യൂ ബോർഡിൽ അഞ്ച് വിജിലൻസ് കേസിലെ പ്രതിയും അംഗമാണ്. അംഗമായതാവട്ടെ, റിയാബിന്റെ പ്രതിനിധിയായും-കേരള കൗമുദി വിശദീകരിക്കുന്നു.

ഒരു പൊതുമേഖലാ സ്ഥാപനത്തിൽ എം.ഡിയായിരുന്ന് നടത്തിയ അഴിമതിയെ തുടർന്നാണ് വിജിലൻസ് ഇയാളുടെ പേരിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതെന്നും കേരള കൗമുദി വാർത്തയിലുണ്ട്. അതേസമയം തലസ്ഥാനത്ത് നിരവധി രാഷ്ട്രീയ ബന്ധങ്ങലും ഉന്നബന്ധവുമുള്ള ലേഖകന്റെ ശുപാർശ അംഗീകരിക്കാത്തതിന്റെ വാശി തീർക്കാനാണ് ഇത്തരമൊരു റിപ്പോർട്ടെന്നും അണിയറ സംസാരമുണ്ട്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പോൾ ആന്റണി ചെയർമാനായ ഇന്റർവ്യൂ ബോർഡിലാണ് അഞ്ച് വിജിലൻസ് കേസുകളിൽ പ്രതിയും മലബാർ സിമന്റ്‌സിന്റെ മാനേജിങ് ഡയറക്ടറും റിയാബിന്റെ സെക്രട്ടറിയുമായ കെ പത്മകുമാറിനെയും അംഗമാക്കിയിരിക്കുന്നത്. ഇതാണ് കേരള കൗമുദി വാർത്ത ഉയർത്തുന്ന വിവാദത്തിന് പുതിയ തലം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP