Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎഎസ് പരീക്ഷയുടെ ഇരുപതോളം ചോദ്യങ്ങൾ വന്നത് ഹാൻഡ് ബുക്ക് ഓൺ എക്‌ണോമിക്‌സ് ആൻഡ് കേരള ഹിസ്റ്ററി ഫോർ കെഎഎസ് എന്ന ഗൈഡിൽ നിന്ന്; നീതി അയോഗ്, കിഫ്ബി, ജിഎസ്ടി ചോദ്യങ്ങളും സാമ്പത്തിക പട്ടികകളും വന്നത് എൻലൈവൻന്റെ ഈ കൈപ്പുസ്തകത്തിൽ നിന്നും; വിവാദത്തിൽ പ്രതികരിക്കാതെ പിഎസ് സി ചെയർമാൻ; പരീക്ഷ നടത്തിപ്പിൽ പരീക്ഷാ കൺട്രോളർക്കുള്ള ഉത്തരവാദിത്തത്തിൽ മാറ്റം വന്നോ എന്നു ചോദിച്ചു മുൻ ചെയർമാൻ കെ. എസ് രാധാകൃഷ്ണൻ; പിഎസ് സി നടത്തിയ കെഎഎസ് പരീക്ഷയും സംശയ നിഴലിൽ

കെഎഎസ് പരീക്ഷയുടെ ഇരുപതോളം ചോദ്യങ്ങൾ വന്നത് ഹാൻഡ് ബുക്ക് ഓൺ എക്‌ണോമിക്‌സ് ആൻഡ് കേരള ഹിസ്റ്ററി ഫോർ കെഎഎസ് എന്ന ഗൈഡിൽ നിന്ന്; നീതി അയോഗ്, കിഫ്ബി, ജിഎസ്ടി ചോദ്യങ്ങളും സാമ്പത്തിക പട്ടികകളും വന്നത് എൻലൈവൻന്റെ ഈ കൈപ്പുസ്തകത്തിൽ നിന്നും; വിവാദത്തിൽ പ്രതികരിക്കാതെ പിഎസ് സി ചെയർമാൻ; പരീക്ഷ നടത്തിപ്പിൽ പരീക്ഷാ കൺട്രോളർക്കുള്ള ഉത്തരവാദിത്തത്തിൽ മാറ്റം വന്നോ എന്നു ചോദിച്ചു മുൻ ചെയർമാൻ കെ. എസ് രാധാകൃഷ്ണൻ; പിഎസ് സി നടത്തിയ കെഎഎസ് പരീക്ഷയും സംശയ നിഴലിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി നടത്തിയ കേരള അഡ്‌മിനിസ്‌ട്രെറ്റീവ് സർവീസ് പരീക്ഷയിൽ 24 ചോദ്യങ്ങളിൽ പതിമൂന്നെണ്ണവും വന്നത് തങ്ങളുടെ കൈപ്പുസ്തകത്തിൽ നിന്നാണെന്ന എൻലൈവൻ ഐ.എ.എസ് പരിശീലന കേന്ദ്രത്തിന്റെ അവകാശവാദം പിഎസ് സിയെ വെട്ടിലാക്കുന്നു. സ്വകാര്യ ഐഎഎസ് പരിശീലന കേന്ദ്രമായ തങ്ങളുടെ കൈപ്പുസ്തകത്തിൽ നിന്ന് ഇത്രയും ചോദ്യങ്ങൾ വന്നിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എൻലൈവൻ ഫെയ്‌സ് ബുക്ക് പോസ്റ്റിംഗും നടത്തിയിട്ടുണ്ട്. ഇതോടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് പിന്നാലെ പിഎസ് സി നടത്തിയ കെഎഎസ് പരീക്ഷയും സംശയ നിഴലിലായി. സ്വകാര്യ ഐഎഎസ് ട്രെയിനിങ് സ്ഥാപനങ്ങളിൽ തങ്ങളാണ് മികച്ചത് എന്ന് തെളിയിക്കാൻ എൻലൈവൻ നടത്തിയ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് വെള്ളത്തിലാക്കുന്നത് പിഎസ്‌സിയുടെ വിശ്വാസ്യത തന്നെയാണ്. എൻലൈവൻ ഇത്രയേ അവകാശപ്പെടുന്നുള്ളൂവെങ്കിലും ഇരുപതോളം ചോദ്യങ്ങൾ ഇവരുടെ ഈ കൈപ്പുസ്തകത്തിൽ നിന്നും വന്നു എന്നാണ് ലഭ്യമായ വിവരം.

തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ നഗറിലെ എൻലൈവൻ ഐഎഎസ് പരിശീലനകേന്ദ്രമാണ് കെഎഎസ് പരീക്ഷയോടെ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം നടന്ന രണ്ടാം പേപ്പറിലെ മിക്ക ചോദ്യങ്ങളുമാണ് ഇവരുടെ കൈപ്പുസ്തകത്തിൽ നിന്നും വന്നിരിക്കുന്നത്. ഈ കാര്യം ചൂണ്ടിക്കാട്ടി പിഎസ്‌സിക്കും വിജിലൻസിനും പരാതി നൽകാനും നിയമനടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ. 2012ൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് സ്വകാര്യ ഗൈഡിലെ 42 ചോദ്യങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി മറ്റൊന്ന് നടത്തുകയായിരുന്നു. 2019 ജനുവരിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയിൽ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ റാങ്ക് ഫയലിൽ നിന്നെന്ന് ആരോപണമുയർന്നിരുന്നു. യൂനിവേഴ്‌സൽ പബ്ലിക്കേഷൻസ് ഇറക്കിയ ഗൈഡിൽ നിന്നുള്ള 80 മാർക്കിന്റെ ചോദ്യങ്ങളാണ് പകർത്തിയത്. 2018 ജനുവരി 27ന് പി.എസ്.സി നടത്തിയ ഹയർസെക്കൻഡറി ജൂനിയർ കണക്ക് അദ്ധ്യാപക പരീക്ഷയിലും 'ഗേറ്റ് പേപ്പേഴ്‌സ്' ഗൈഡിൽ നിന്ന് 15 ചോദ്യങ്ങളും പകർത്തിയതായി കണ്ടെത്തിയിരുന്നു. ഇത് കെ എ എസിലും തുടർന്നു.

കേരളത്തിലെ ഐഎഎസ് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്ന സുപ്രധാന പരീക്ഷയുടെ പ്രധാന ചോദ്യങ്ങളാണ് ഒരു സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിന്റെ കൈപ്പുസ്തകത്തിൽ നിന്നും വന്നത്. സ്വകാര്യ ഐഎഎസ് ട്രെയിനിങ് കേന്ദ്രത്തിന്റെ റാങ്ക് ഫയലിൽ നിന്നല്ല വളരെ കുറച്ച് പേജുകളുള്ള കൈപ്പുസ്തകത്തിൽ നിന്നാണ് ഇത്രയും ചോദ്യങ്ങൾ വന്നിരിക്കുന്നത് എന്നത് തന്നെ ഗൗരവാവഹമായി അവശേഷിക്കുന്നു. ഹാൻഡ് ബുക്ക് ഓൺ എക്‌ണോമിക്‌സ് ആൻഡ് കേരള ഹിസ്റ്ററി ഫോർ കെഎഎസ് എന്ന കൈപ്പുസ്തകത്തിൽ നിന്നാണ് പതിമൂന്നു ചോദ്യങ്ങൾ വന്നിരിക്കുന്നതെന്നാണ് എൻലൈവൻ ചൂണ്ടിക്കാട്ടുന്നത്. ചോദ്യങ്ങൾക്കാധാരമായി കൈപ്പുസ്തകത്തിൽ വന്ന വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് തെളിവ് സഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീതി അയോഗ്, കിഫ്ബി, ജിഎസ്ടി തുടങ്ങിയ ചോദ്യങ്ങളും സർക്കാർ പദ്ധതികളെ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഈ കൈപ്പുസ്തകത്തിൽ നിന്നാണു വന്നിരിക്കുന്നത്. ഗൈഡിലെ സാമ്പത്തിക പട്ടികകളും ചോദ്യമായി പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ്-മലയാളം നോളെജ് ഉള്ള കുട്ടികൾക്ക് ഈ ഹാന്റ് ബുക്ക് വായിച്ചെങ്കിൽ 80-85 ശതമാനം മാർക്കും സ്‌കോർ ചെയ്യാൻ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

എൻലൈവൻ ഹാന്റ് ബുക്കുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണം തേടാൻ മറുനാടൻ പിഎസ് സി ചെയർമാൻ എം കെ സക്കീറിനെ ബന്ധപ്പെട്ടിരുന്നു. എൻലൈവൻ ഹാന്റ്ബുക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കേട്ട ശേഷം താൻ മീറ്റിംഗിലാണ് എന്നാണ് ചെയർമാൻ പറഞ്ഞത്. തന്റെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റിനു ഫോൺ കൈമാറാം എന്നാണ് ചെയർമാൻ പറഞ്ഞത്. എന്നാൽ ചെയർമാൻ പിന്നീട് വിളിക്കും എന്ന് പറഞ്ഞു എക്‌സിക്യുട്ടീവ് അസിസ്റ്റനറും ഒഴിഞ്ഞുമാറുകയായിരുന്നു. പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ വേദനയുണ്ട് എന്നാണ് മുൻ പിഎസ് സി ചെയർമാൻ കെ.രാധാകൃഷ്ണൻ മറുനാടനോട് പ്രതികരിച്ചത്. പിഎസ് സി നിയമാവലി അനുസരിച്ച് പരീക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും പിഎസ് സി പരീക്ഷാ കൺട്രോളർക്ക് ഉള്ളതാണ്. ചെയർമാനും മെമ്പർമാരും മറ്റു ഉദ്യോഗസ്ഥരും ഈ കാര്യത്തിൽ ഇടപെടാറില്ല. പരീക്ഷാ കൺട്രോളർക്കാണ് ഉത്തരവാദിത്തം. ഈ സംവിധാനത്തിൽ മാറ്റം വന്നോ എന്ന് ഞാൻ ഭയക്കുന്നു. ഞാൻ ഉത്തരവാദിത്തത്തിലിരുന്ന അഞ്ചര വർഷക്കാലം വിവാദങ്ങൾക്കതീതമായി പിഎസ് സി നിന്നിരുന്നു. പക്ഷെ ഇപ്പോൾ പിഎസ്‌സി പരീക്ഷകൾ വിവാദത്തിലാണ്. എനിക്ക് തോന്നുന്നത് പിഎസ് സി പരീക്ഷാ സംവിധാനത്തിൽ മാറ്റം സംഭവിച്ചിരിക്കാമെന്നാണ്. അത് ഗൗരവത്തിൽ കാണേണ്ട സംഭവമാണ്. പരീക്ഷകൾ ഒരു കുഴപ്പവും വരാതെ നടന്നു പോകേണ്ട കാര്യത്തിൽ ചെയർമാന് ഉത്തരവാദിത്തമുണ്ട്. ചെയർമാൻ ആ ഉത്തരവാദിത്തം നിർവഹിക്കണം. ചെയർമാൻ ഏകാധിപതിയാണ് എന്നൊക്കെ പറഞ്ഞേക്കാം. പക്ഷെ അതൊന്നും ചെവികൊള്ളേണ്ട ആവശ്യമില്ല. പിഎസ് സിയുടെ സ്ട്രക്ച്ചറിനു മാറ്റം വരരുത്. ലോകത്തിലെ വലിയ സ്ഥാപനങ്ങളിൽ ഒന്നാണ് പിഎസ് സി. അതിന്റെ പരീക്ഷ പോയി എന്ന് പറഞ്ഞാൽ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്ന സംഭവമാണ്-കെ.രാധാകൃഷ്ണൻ പറയുന്നു.

കെ.എ.എസ് പ്രാഥമിക പരീക്ഷയിലും പി.എസ്.സിയുടെ 'കോപ്പിയടി' നടന്നുവെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. ചോദ്യങ്ങൾക്ക് സ്വകാര്യ ഗൈഡുകളെയോ മറ്റ് ബുക്ക് ലെറ്റുകളെയോ ആശ്രയിക്കരുതെന്നാണ് പി.എസ്.സി നിർദ്ദേശം. ഇതാണ് ലംഘിക്കപ്പെടുന്നത്. കെ.എ.എസിനോട് അനുബന്ധിച്ച് എൻലൈവൻ പുറത്തിറക്കിയ മറ്റ് പുസ്തകങ്ങളും പരിശോധനയിലാണ്. കെഎഎസ് പരീക്ഷയ്ക്ക് മുൻ മാതൃകകൾ ഇല്ലാതിരുന്നപ്പോൾ സമാന മാതൃക സിവിൽ സർവീസ് അക്കാദമി തയ്യാറാക്കിയ ചോദ്യപേപ്പരുകൾക്ക് ലഭിച്ചു എന്ന ആരോപണവും കെഎഎസ് പരീക്ഷയ്ക്ക് ഒപ്പം ഉയരുന്നുണ്ട്. സിവിൽ സർവീസ് അക്കാദമി തയ്യാറാക്കിയ ചോദ്യപേപ്പറിൽ നിന്ന് ചോദ്യങ്ങൾ ഇല്ലായിരുന്നുവെങ്കിലും മാതൃക സംശയാസ്പദമാണെന്നാണ് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.

പ്രത്യേക രീതിയിലുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരുന്നത്. പരീക്ഷിച്ചത് പുതുമാതൃകയും. പക്ഷെ ഈ മാതൃക സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ കഴിഞ്ഞുവെന്നാണ് പുറമേയുള്ള ഉദ്യോഗാർത്ഥികളുടെ ആരോപണം. പക്ഷെ ഈ ആരോപണങ്ങൾ സിവിൽ സർവീസ് അക്കാദമിയുമായി ബന്ധപ്പെട്ടവർ നിഷേധിക്കുക തന്നെയാണ്. മാതൃക ആർക്കും അറിയില്ല. പിന്നെയെങ്ങിനെ സിവിൽ സർവീസ് അക്കാദമിക്ക് അത്തരം ഒരു മാതൃക സൃഷ്ടിക്കാൻ കഴിയും എന്നാണ് മറുനാടന് ലഭിച്ച മറുപടി. പക്ഷെ വൻ മുന്നൊരുക്കങ്ങളാണ് തങ്ങളുടെ വിദ്യാർത്ഥികൾക്ക് വേണ്ടി സിവിൽ സർവീസ് അക്കാദമി നടത്തിയത്. പരിചയ സമ്പന്നരായ അദ്ധ്യാപകരെ മുൻ നിർത്തി ചോദ്യപേപ്പറുകൾ തയ്യാറാക്കി വിദ്യാർത്ഥികളെക്കൊണ്ട് ഇവർ ഉത്തരങ്ങൾ എഴുതിക്കുകയായിരുന്നു വെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

നല്ല രീതിയിൽ ജനറൽ നോളെജ് അറിയുന്ന ബിടെക്ക്, എംടെക്ക് വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമാകും എന്നാണ് ചൂണ്ടിക്കാട്ടൽ വരുന്നത്. ജനറൽനോളെജ് അടിസ്ഥാനമുള്ള ബിടെക്ക്-എംടെക്ക് വിദ്യാർത്ഥികൾക്ക് പരീക്ഷ പാസാകാൻ കഴിഞ്ഞേക്കും. റിയാലിറ്റിയിൽ നിന്നും വളരെ ദൂരെയായിരുന്നു ചോദ്യപേപ്പർ. സിലബസുമായി പുലബന്ധമില്ലാത്ത ചോദ്യങ്ങളാണ് വന്നത്. ഇന്ത്യൻ ഹിസ്റ്ററി, കേരള ഹിസ്റ്ററി ഏരിയയിൽ നിന്ന് ചോദ്യങ്ങൾ വന്നില്ല. സ്വാതന്ത്ര്യസമരം ഇന്ത്യയുടെ ചരിത്രം എന്നിവയിൽ നിന്നും വളരെ കുറവ് ചോദ്യങ്ങളാണ് വന്നത്. ഭരിക്കുന്ന ആളുകളെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണിത്. ചരിത്രം അറിയാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും ഒരുങ്ങി എന്നാണ് വിരൽ ചൂണ്ടൽ വരുന്നത്.

കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസിന്റെ പ്രാഥമിക പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് കേന്ദ്രങ്ങളിലായി നാല് ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. രാവിലെയും ഉച്ചക്കുമായി രണ്ട് പേപ്പറുകളിലാണ് പരീക്ഷ നടന്നത്. രണ്ടു പേപ്പറുകളിലായി രാവിലെയും ഉച്ചയ്ക്കുമായായിരുന്നു പരീക്ഷ. രാവിലത്തെത് ഒബ്ജക്ടീവ് രീതിയിലും ഉച്ചയ്ക്ക് വിവരണാത്മക രീതിയിലുമായിരുന്നു പരീക്ഷ നടന്നത് .പ്രാഥമിക പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് രണ്ടുമാസത്തിനുള്ളിൽ പുറത്തിറക്കുമെന്നാണ് പിഎസ് സി ചെയർമാൻ എം കെ സക്കീർ അറിയിച്ചത്. മെയിൻ പരീക്ഷയുടെ തീയതി അടക്കമുള്ള വിവരങ്ങൾ അധികം വൈകാതെ പിഎസ്‌സി പുറത്തുവിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP