Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കാതെ പകുതിക്കിട്ട് പോയ കരാറുകാരന് മുഴുവൻ തുകയും നൽകാൻ തീരുമാനം; മന്ത്രി മാത്യു ടി തോമസിനെതിരേ തിരുവല്ലയിൽ നവമാധ്യമകൂട്ടായ്മ നാളെ; നേതൃത്വം നൽകുന്നത് കോൺഗ്രസ് നേതാവ്; എതിർക്കാൻ മറന്ന് സിപിഐഎം; ഒറ്റപ്പെട്ട് മാത്യു ടി തോമസ്

ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കാതെ പകുതിക്കിട്ട് പോയ കരാറുകാരന് മുഴുവൻ തുകയും നൽകാൻ തീരുമാനം; മന്ത്രി മാത്യു ടി തോമസിനെതിരേ തിരുവല്ലയിൽ നവമാധ്യമകൂട്ടായ്മ നാളെ; നേതൃത്വം നൽകുന്നത് കോൺഗ്രസ് നേതാവ്; എതിർക്കാൻ മറന്ന് സിപിഐഎം; ഒറ്റപ്പെട്ട് മാത്യു ടി തോമസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭാഗ്യം കൊണ്ട് ജയിച്ച്, ഭാഗ്യം കൊണ്ട് മന്ത്രിയായ ആൾ എന്നാണ് ജനതാദൾ നേതാവും തിരുവല്ല എംഎൽഎയുമായ മന്ത്രി മാത്യു ടി തോമസിനെ കുറിച്ച് പറയുന്നത്. ആദർശത്തിന്റെ മേലങ്കിയണിഞ്ഞ് നടന്ന് സ്വന്തം പ്രതിഛായ വർധിപ്പിക്കുന്നുവെന്നല്ലാതെ മണ്ഡലത്തിന് ഇദ്ദേഹത്തെക്കൊണ്ട് പ്രയോജനമില്ലെന്ന് സിപിഐഎമ്മുകാർ വരെ പറയുന്നു. കഴിഞ്ഞ സിപിഐഎം സമ്മേളനങ്ങളിലെല്ലാം ഉയർന്ന മുഖ്യ ആരോപണവും ഇതു തന്നെയായിരുന്നു.

തിരുവല്ല ബൈപ്പാസിന്റെ നിർമ്മാണം നിലച്ചതോടെ മാത്യു ടി വെട്ടിലായിരിക്കുകയാണ്. കോടികളുടെ അഴിമതിക്ക് കളമൊരുക്കി, ബൈപ്പാസ് നിർമ്മാണം വീണ്ടും ടെൻഡർ ചെയ്യാനുള്ള മന്ത്രിയുടെയും സർക്കാരിന്റെയും നീക്കം പൊളിച്ചടുക്കിക്കൊണ്ട് നവമാധ്യമ കൂട്ടായ്മ രംഗത്ത്. ഇതിന് നേതൃത്വം നൽകുന്നതാകട്ടെ ഇപ്പോൾ സജീവ പ്രവർത്തകനല്ലാത്ത കോൺഗ്രസ് നേതാവ്. നവമാധ്യമകൂട്ടായ്മ കാരണം കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് വന്നതോടെ കോൺഗ്രസ് സമരമെന്ന പേരിൽ ചില പ്രഹസനങ്ങൾ നടത്തി രംഗത്തു വന്നിട്ടുണ്ട്. പക്ഷേ, കൂട്ടായ്മയിൽ ആയിരങ്ങൾ പങ്കെടുക്കുമെന്ന് ഉറപ്പായി. മാത്യു ടി യെ രക്ഷിക്കാൻ ഒറ്റ സിപിഐഎം നേതാവ് പോലും രംഗത്തില്ല. ദേശാഭിമാനിയുടെ പ്രാദേശിക ലേഖകൻ മാത്രം സ്വന്തം നിലയിൽ ഫേസ് ബുക്കിൽ പോരാടി ദുരന്തമായി മാറുകയാണ്.

എംസി റോഡിന് സമാന്തരമായിട്ടാണ് കെഎസ്ടിപി ബൈപ്പാസ് നിർമ്മിക്കുന്നത്. നിർമ്മാണം പകുതി പോലുംഎത്തുന്നതിന് മുൻപ് എസ്റ്റിമേറ്റ് തുക പൂർണമായും കൊടുത്ത് നിലവിലുള്ള കരാറുകാരനെ ഒഴിവാക്കാനാണിപ്പോൾ നീക്കം നടക്കുന്നത്. കരാറുകാരൻ ആർബിട്രേഷന് പോയാൽ പണികൾ തടസപ്പെടുമെന്ന് കാരണമാണ് സ്ഥലം എംഎൽഎയും മന്ത്രിയുമായ മാത്യു ടി തോമസ് അടക്കമുള്ള ഇടതുപക്ഷം നിരത്തുന്നത്. കരാറുകാരൻ ആവശ്യപ്പെട്ട തുക പൂർണമായും നൽകുന്നതിന് പുറമേ ശേഷിക്കുന്ന പണികൾക്കായി ഇനിയൊരു 37 കോടി രൂപ കൂടി അനുവദിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റിയറിങ് കമ്മറ്റി തീരുമാനമെടുത്തിട്ടുണ്ട്.

32.69 കോടിയുടെ എസ്റ്റിമേറ്റിൽ 2014 ലാണ് തിരുവല്ല ബൈപ്പാസിന്റെ നിർമ്മാണം ആരംഭിക്കുന്നത്. മുന്മന്ത്രിയുടെ അടുത്ത ബന്ധുവായ പെരുമ്പാവൂർ സ്വദേശിയാണ് കരാർ ഏറ്റെടുത്തത്. എംസി റോഡിൽ മഴുവങ്ങാട് ചിറയിൽ നിന്ന് ആരംഭിച്ച് രാമൻ ചിറയിൽ വന്നിറങ്ങുന്ന ബൈപ്പാസിന് 2.30 കി മീറ്ററാണ് ദൈർഘ്യം. ഒരു മേൽപ്പാലം അടക്കം പദ്ധതിയുടെ ഭാഗമാണ്. മേൽപ്പാലത്തിന്റെ പണി പകുതി പൂർത്തിയാവുകയും ശേഷിച്ച ഭാഗത്തേക്കുള്ള സ്ഥലമെടുപ്പ് നടക്കാതെ വരികയും ചെയ്തതോടെ ബൈപ്പാസ് നിർമ്മാണം ആറുമാസമായി മുടങ്ങിക്കിടക്കുകയാണ്.

ഇതിനിടെയാണ് കരാറുകാരൻ 35 കോടി രൂപയ്ക്കുള്ള ബിൽ സമർപ്പിച്ച ശേഷം തന്നെ കരാറിൽ നിന്നൊഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഴുവങ്ങാട് മുതൽ ബി 1 ബി1 വൺ റോഡു വരെ പുതിയ റോഡ് നിർമ്മാണം, ഓട നിർമ്മാണം, സ്റ്റേഡിയത്തിന്റെ ഭാഗത്ത് മണ്ണിട്ടു ഉയർത്താനുള്ള പിച്ചിങ് നിർമ്മാണം, മേൽപ്പാലത്തിന്റെ പകുതി ഭാഗം, കലുങ്ക്, പാലം എന്നിവയുടെ നിർമ്മാണം ഭാഗികമായി പൂർത്തിയാക്കിയ ശേഷം കരാറുകാരൻ 17 കോടിയുടെ ബിൽ ആദ്യം സർക്കാരിൽ സമർപ്പിച്ചിരുന്നു. ഇതിനെതിരേ തിരുവല്ലയിലെ റസിഡൻസ് അസോസിയേഷൻ നൽകിയ കേസിൽ വിജിലൻസ് അന്വേഷണം നടന്നു വരികയാണ്. ഇതു നിലനിൽക്കേ തന്നെയാണ് കരാറുകാരൻ 35 കോടിയുടെ ബിൽ നൽകി കരാറിൽ നിന്ന് പിന്മാറാൻ സർക്കാരിന് നോട്ടീസ് നൽകിയത്.

മണ്ണുപണി-5.70കോടി, പ്രവൃത്തി സ്ഥലം ഒരുക്കാൻ- 75 ലക്ഷം, പൊതു ചെലവ്-33 ലക്ഷം, ഓട നിർമ്മാണം-3.68 കോടി, ടാർ ഇടുന്നതിന്റെ അടിയിൽ നിക്ഷേപിക്കുന്നതിനുള്ള സാമഗ്രികൾ-4.70 കോടി, മേൽപ്പാലത്തിനും കലുങ്കിനുമായി 11.60 കോടി, വഴിവിളക്കിനു-81.25 ലക്ഷം, പലവക ചെലവ്-20 ലക്ഷം, ടാർ ചെയ്യുന്നതിന്-2.79 കോടി എന്നിങ്ങനെയാണ് എസ്റ്റിമേറ്റിലുള്ള തുക. ഇവയൊന്നും പൂർണതയിൽ എത്തിയിട്ടില്ല. മറ്റുള്ള പണികളൊക്കെ പകുതിയോളം ചെയ്തിട്ടുണ്ടെങ്കിലും എസ്റ്റിമേറ്റിലെ ആറാമത്തെ ഇനമായ ബിറ്റുമെൻ ടാറിങ്, ഒമ്പതാമത്തെ ഇനമായ തെരുവു വിളക്ക് സ്ഥാപിക്കൽ എന്നിവയ്ക്കുള്ള സാഹചര്യമായിട്ടില്ല.

യുക്തിസഹമായ രൂപരേഖ തയാറാക്കാതെയും സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാതെയും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് യു.ഡി.എഫ് സർക്കാർ തിരക്കിട്ട് നിർമ്മാണം ആരംഭിച്ചതാണ് ബൈപ്പാസിന് വിനയായത് എന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. ഭൂമി ഏറ്റെടുക്കലിനെ തുടർന്നുണ്ടായ നിയമ നടപടികളിൽ യുഡിഎഫ് സർക്കാർ വീഴ്ച വരുത്തിയത് കാരണം വസ്തു, ഉടമകൾക്ക് തിരികെ നൽകേണ്ടി വന്നു. നിലവിലുള്ള രൂപരേഖയിൽ മേൽപ്പാല നിർമ്മാണം ബുദ്ധിമുട്ടാണ്. കൂടുതൽ വീതിയിൽ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മേൽപ്പാല നിർമ്മാണത്തിന്റെ പണികൾ നടത്തുന്നത് അപ്രായോഗികമാണെന്ന് കണ്ടെത്തിയാണ് കരാറുകാരൻ പിന്മാറാൻ സർക്കാരിന് നോട്ടീസ് നൽകിയത്. ആ സമയത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരികയും മാത്യു ടി തോമസ് മന്ത്രിയായതും.

തുടർന്ന് മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി സ്റ്റിയറിങ് കമ്മറ്റി രൂപീകരിച്ചു. പുതുക്കിയ ബൈപ്പാസ് രൂപരേഖയുടെ അടിസ്ഥാനത്തിൽ ഇതുവരെ ചെലവഴിച്ചത് കൂടാതെ 37 കോടി അധികമായി ചീഫ് സെക്രട്ടറി അനുവദിച്ചുവെന്നും എൽഡിഎഫ് നേതാക്കൾ പറയുന്നു. ആദ്യ കരാറുകാരനെ ഒഴിവാക്കുമ്പോൾ നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർണമായും കൃത്യമായും പാലിക്കപ്പെടുന്നില്ലെങ്കിൽ ആർബിട്രേഷന് സാധ്യത ഏറെയാണ്. അതിനാൽ നിയമപ്രകാരം കരാറുകാരനെ ഒഴിവാക്കി 37 കോടിയുടെ പുതിയ ടെൻഡർ ക്ഷണിക്കാനാണ് തീരുമാനം. ഫലത്തിൽ, ആർബിട്രേഷൻ എന്ന ഉമ്മാക്കിയിലൂടെ കരാറുകാരന് ലഭിക്കാൻ പോകുന്നത് ചെയ്യാത്ത ജോലിക്കുള്ള കൂലിയാണെന്ന് സാരം.

കോൺഗ്രസ് മുൻ ബ്ലോക്ക്സെക്രട്ടറിയും കവിയൂർ മുൻപഞ്ചായത്ത് പ്രസിഡന്റുമായ ടികെ സജീവിന്റെ നേതൃതത്വത്തിലാണ് ബൈപ്പാസ് നിർമ്മാണത്തിനായി ഫേസ്‌ബുക്ക് കൂട്ടായ്മ രൂപീകരിച്ചത്. ആദ്യമൊക്കെ അകന്നു നിന്നവർ കൂട്ടായ്മയുമായി സഹകരിച്ചതോടെ സംഗതി വൈറലായി. മാത്യു ടിക്കും മുൻ സർക്കാരിനുമെതിരേ ആഞ്ഞടിച്ച് കൂട്ടായ്മ മുന്നേറിയതോടെ ആദ്യം അപകടം മണത്തത് കോൺഗ്രസുകാർക്കാണ്. സജീവിനെതിരേ കോൺഗ്രസിൽ തന്നെ പടയൊരുക്കം തുടങ്ങി. സജീവ് കോൺഗ്രസിനെ നാണം കെടുത്തുമെന്നും അത് അനുവദിക്കരുതെന്നും പറഞ്ഞ് ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ സമരം തുടങ്ങിയിട്ടുണ്ട്. പക്ഷേ, പങ്കാളിത്തം കുറവായിരുന്നു.

സജീവ് രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് ദേശാഭിമാനി ഏരിയാ ലേഖകൻ മാത്രമാണ് സിപിഐഎമ്മിന് വേണ്ടി പോരാട്ടം നടത്തിയത്. റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരികൾ, എല്ലാ പാർട്ടികളിൽ നിന്നുമുള്ള അനുഭാവികൾ എന്നിങ്ങനെ നിരവധിപ്പേർ നാളത്തെ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇടതും വലതും വെട്ടിലുമായി. നാളെ വൈകിട്ട് അഞ്ചിനു മഴുവങ്ങാട്ടിൽ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത നവമാധ്യമ കൂട്ടായ്മയുടെ തിരികൊളുത്തും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, ബിജെപി നേതാവ് കെ.ആർ. പ്രതാപചന്ദ്രവർമ, മുതിർന്ന മാധ്യമ പ്രവർത്തകൻ ക്രിസ് തോമസ് തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി പേർ പങ്കെടുക്കും.

വൈഎംസിഎ, വിജിലൻസ് കൗൺസിൽ, റസിഡന്റ്സ് അസോസിയേഷൻ സംഘടന ഫോർട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചന്റ്സ് അസോസിയേഷൻ, വാട്സാപ്പ് കൂട്ടായ്മ നമ്മുടെ തിരുവല്ല, ഹോർട്ടികൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റി, ജൂനിയർ ചേംബർ തുടങ്ങിയ സംഘടകളിൽ നിന്നുള്ള പ്രതിനിധികളും, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളിൽ നിന്നുള്ളവരും തങ്ങളുടെ ആശയങ്ങളും ആവശ്യങ്ങളും കൂട്ടായ്മയിൽ അവതരിപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP