Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുധീർ നമ്പ്യാർ അധികാര കേന്ദ്രങ്ങളിലെ ദല്ലാളായും വിലസിയോ? കണ്ണൂർ മെഡിക്കൽ കോളേജ് ഉടമകൾക്കു വേണ്ടി 300 ഏക്കർ കറുവാത്തോട്ടം കൃത്രിമം കാണിച്ചു വെളിപ്പിക്കാൻ ഒത്താശ ചെയ്തെന്നും ആരോപണം; കെഎസ്ഐഇ എംഡിയാക്കാൻ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്ന് മന്ത്രി ജയരാജന്റെ വിശദീകരണത്തിൽ തന്നെ വ്യക്തം

സുധീർ നമ്പ്യാർ അധികാര കേന്ദ്രങ്ങളിലെ ദല്ലാളായും വിലസിയോ? കണ്ണൂർ മെഡിക്കൽ കോളേജ് ഉടമകൾക്കു വേണ്ടി 300 ഏക്കർ കറുവാത്തോട്ടം കൃത്രിമം കാണിച്ചു വെളിപ്പിക്കാൻ ഒത്താശ ചെയ്തെന്നും ആരോപണം; കെഎസ്ഐഇ എംഡിയാക്കാൻ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്ന് മന്ത്രി ജയരാജന്റെ വിശദീകരണത്തിൽ തന്നെ വ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതും- വലതും ഭരിക്കുമ്പോഴും യാതൊരു കോട്ടവും തട്ടാതെ രണ്ട് സർക്കാറുകളുടെയും അനുഭാവികളായി നിന്ന് കാര്യങ്ങൾ നേടിയെടുക്കുന്ന ശക്തമായ ഒരു വിഭാഗം കേരളത്തിലുണ്ട്. ഇത് വൻകിടക്കാരായ മുതലാളിമാർ തന്നെയാണ്. ഏറ്റവും ഒടുവിൽ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് വിഷയത്തിലും നടന്നത് ഇതുതന്നെയണ്. പ്രത്യക്ഷത്തിൽ രണ്ട് മുന്നണികളും ഏറ്റുമുട്ടിയപ്പോഴും ഇതിന്റെയെല്ലാം ഗുണഭോക്താക്കളായത് മുതലാളിമാരായിരുന്നു. ഇങ്ങനെ അധികാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ പ്രവർത്തിക്കുന്ന ദല്ലാൾമാരുടെ കൂട്ടത്തിൽ സിപിഐ(എം) എംപി പി കെ ശ്രീമതിയുടെ മകനുമുണ്ടോ? ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തീർത്തും നിയമലംഘനമായ ഭൂമി ഇടപാടിൽ രേഖകൾ കൃത്രിമമായി പോലും മുതലാളിമാർക്ക് വേണ്ടി സുധീർ നമ്പ്യാർ എന്ന വ്യക്തി പ്രവർത്തിച്ചെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂരിലെ അഞ്ചരക്കണ്ടിയിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ മെഡിക്കൽ കോളേജ് ഉടമകൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള എല്ലാ സഹായവും ചെയ്തത് സുധീർ നമ്പ്യാരാണെന്ന് വ്യക്തമാക്കി വാർത്ത നൽകിയത് നാരദ ന്യൂസാണ്. അഞ്ചരക്കണ്ടിയിലെ കറുവാത്തോട്ടം ഭൂരേഖകളിൽ കൃത്രിമം കാണിച്ചു കൈക്കലാക്കാൻ മന്ത്രി ബന്ധു കൂടിയായ സുധീർ ഇടപെട്ടു എന്നാണ് ആരോപണം.

അഞ്ചരക്കണ്ടിയിൽ കണ്ണൂർ മെഡിക്കൽ കോളജു സ്ഥാപിക്കാൻ വേണ്ടി കൺസൾട്ടൻസി ജോലി ചെയ്തത് പി കെ സുധീറണെന്നും ഇതോടെ സൈറ്റ് ക്ലിയറിംഗിന് വേണ്ട എല്ലാ സഹായവും സുധീർ ഒരുക്കി നൽകിയെന്നുമാണ് ആക്ഷേപം. പയ്യന്നൂർ കോറോം സ്വദേശിയായ സബ് രജിസ്ട്രാർ ഓഫീസർ കെ വി പ്രഭാകരനെ ആറുമാസത്തേയ്ക്ക് അഞ്ചരക്കണ്ടി ഓഫീസിലേയ്ക്കു സ്ഥലം മാറ്റി കൊണ്ടുവന്നാണ് 2003ൽ കൃത്രിമം നടത്തിയ ആധാരം രജിസ്റ്റർ ചെയ്തതെന്നുമണ് പുറത്തുവരുന്ന വാർത്ത. പയ്യന്നൂർ കോറോം കണിച്ചി വീട്ടിൽ ചിണ്ടൻ നമ്പ്യാരുടെ മകനാണ് കെ വി പ്രഭാകരൻ. ആധാരം രജിസ്റ്റർ ചെയ്തതിനു ശേഷം ഇയാൾ ഈ ഓഫീസിൽ നിന്ന് സ്ഥലം മാറി പോവുകയും ചെയ്തു.

സുരേഷ് മൈക്കിൾ, നിർമ്മലാ മൈക്കിൾ എന്നിവരിനിന്നും കാന്തപുരം അബൂബക്കർ മുസ്ല്യാരാണ് മർക്കസ് സ്ഥലം വാങ്ങിയത്. 1686/2000 നമ്പർ വിലയാധാരപ്രകാരം കാന്തപുരം ഈ സൽ വാങ്ങിയത്. 2003 ജൂൺ 23ന് എ പി അബൂബേക്കർ മുസ്ലിയാർ പഴയങ്ങാടി സ്വദേശി അബ്ദുൽ ജബ്ബാറിനു നൽകിയ പവർ ഓഫ് അറ്റോർണിയിലും ഭൂമി തോട്ടമായിരുന്നു. അതേവർഷം അബ്ദുൽ ജബ്ബാർ ഈ വസ്തു 19 വയസുള്ള തന്റെ മകന്റെ പേരിൽ എഴുതിക്കൊടുത്തുകൊണ്ട് നാല് ആധാരങ്ങൾ രജിസ്റ്റർ ചെയ്തു. ഈ ആധാരങ്ങളിലാണ് വസ്തു കൃഷി ഭൂമിയല്ലെന്നും കാർഷികാവശ്യങ്ങൾക്കോ അനുബന്ധ പ്രവർത്തനങ്ങൾക്കോ ഉപയോഗിച്ചിട്ടേയില്ലെന്നും തിരുത്തിയത്. ഈ തിരുത്തിന് പിന്നീൽ സുധീറിന്റെ ഒത്താശയാണെന്നാണ് വാർത്തകൾ.

സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ ആധാരം നടക്കാൻ ഇടനിലക്കാരനായി സുധീറായിരുന്നു. അഞ്ചരക്കണ്ടി വില്ലേജ് ഓഫീസിൽ പോക്കുവരവിനും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാപ്പാട് പെരിങ്ങാലയിൽ അനന്തഭവനത്തിൽ കെ പി എം ഫൽഗുനനായിരുന്നു അക്കാലത്ത് വില്ലേജ് ഓഫീസർ. ഫൽഗുണന്റെ ഈ ബന്ധങ്ങൾ പരിശോധിച്ചാൽ ചെന്നു നിൽക്കുന്നത് സുധീറിലാണ്. പോക്കുവരവിന് ഒരാൾ സമീപിച്ചാൽ ആ ഭൂമി ഭൂപരിഷ്‌കരണ നിയമത്തിലെ പരിധിക്കു മുകളിലല്ലെന്ന് ഉറപ്പുവരുത്തേണ്ടത് വില്ലേജ് ഓഫീസറുടെ ചുമതലയാണ്. പഴയ തണ്ടപ്പേരിലെ ഭൂമിയുടെ ഇനവും പുതിയ ആധാരത്തിലെ ഭൂമിയുടെ ഇനവുമൊക്കെ ഒത്തുനോക്കേണ്ടതും വില്ലേജ് ഓഫീസറാണ്. ഇതൊന്നും എംപിയുടെ മകന്റെ ഇടപെടലിൽ നടന്നില്ലെന്നാണ് ആക്ഷേപം. പോക്കുവരവ് എളുപ്പത്തിൽ നടക്കുകയും ചെയ്തു.

മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള ചുമതലയേറ്റ് കൺസൾട്ടൻസി ജോലിക്കിറങ്ങിയത് സാക്ഷാൽ സുധീർ നമ്പ്യാരാണ്. കണ്ണൂരിലെ പ്രമുഖ സിപിഐ(എം) നേതാക്കളുടെ ബന്ധുത്വം തുണയായതോടെ സുധീറിന് വേണ്ടി ജീവനക്കാർ എന്തുംചെയ്യാൻ തയയാറായി. ഇതോടെ ഈ ഭൂമി ഇടപാടും എളുപ്പത്തിൽ നടന്നു. ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ക്രിമിനൽ ഗൂഢാലോചന പരിശോധിക്കണമെന്ന നിർദേശവും ജേക്കബ് തോമസ് നൽകി കഴിഞ്ഞു. എന്നാൽ, ഉന്നത സിപിഐ(എം) നേതാവിന്റെ പുത്രനിലേക്ക് ഈ അന്വേഷണം നീളുമോ എന്ന് കണ്ടുതന്നെ അറിയണം.

ഇങ്ങനെ യുഡിഎഫിന്റെ കാലത്തുപോലും അധികാര ഇടനാഴികളിലെ ദല്ലാളായി സുധീർ വിലസിയെന്നാണ് പുറത്തുവരുന്ന സൂചന. ഈ വിവരമെല്ലാം പുറത്തുവരാൻ ഇടയാക്കിയത് കെഎസ്ഐഇ എംഡി സ്ഥാനത്ത് സുധീറിനെ നിയമിച്ചതാണ്. സുധീറിന്റെ നിയമനത്തെ ന്യായീകരിക്കാൻ വേണ്ടി ഇ പി ജയരാജൻ ഇന്നലെ ഇറക്കിയ വാർത്താക്കുറിപ്പിലെ വിവരങ്ങൾ പോലും തെറ്റായിരുന്നു. മാനദണ്ഡങ്ങളെല്ലാം ഇതിനായി കാറ്റിൽപ്പറത്തിയെന്ന് വ്യക്തമാക്കുന്നതാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള മാനേജിങ് ഡയറക്ടർക്കു റിയാബിന്റെ പരസ്യത്തിൽ ആവശ്യപ്പെട്ട ഒരു യോഗ്യതയും സുധീർ നമ്പ്യാർക്കില്ലെന്നതിന് വ്യവസായ മന്ത്രിയുടെ പത്രക്കുറിപ്പുതന്നെ തെളിവാണ്. ഫേസ്‌ബുക്ക് പേജിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദധാരിയും നിലവിൽ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് സുധീർ എന്നാണ് മാദ്ധ്യമങ്ങൾക്കായി നൽകിയ വാർത്താക്കുറിപ്പിൽ ഇപി ജയരാജൻ പറയുന്നത്. എന്നാൽ, എംഡി സ്ഥാനത്തേക്ക് നിശ്ചയിച്ച യോഗ്യതയൊന്നും സുധീറിന് ഇല്ലെന്ന് വ്യക്തമാണ്.

എഞ്ചിനീയറിംഗോ തത്തുല്യ യോഗ്യതയോ, അല്ലെങ്കിൽ ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമോ ആണ് റിയാബിന്റെ പരസ്യത്തിൽ പറഞ്ഞിരുന്ന യോഗ്യത. ഈ രണ്ടു യോഗ്യതയും സുധീറിനില്ല. പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവി എന്ന അവകാശവാദവും പൊള്ളയാണ്. മൂന്നു കമ്പനികളാണ് സുധീറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇഫാമാ നാച്ചുറൽ ക്ലോത്തിങ് പ്രൈവറ്റ് ലിമിറ്റഡ്, ധാരണ ലൈവ്ലിഹുഡ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്സെൻസ് കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ആ സ്ഥാപനങ്ങൾ.

ഒരു ലക്ഷം രൂപ മൂലധനമുള്ള പ്രൈവറ്റ് കമ്പനിയാണ് ഇഫാമ. സുധീറിനു പുറമെ സുജിത് പത്മൻ കക്കിരിക്കൻ എന്നയാളാണ് ഡയറക്ടർ ബോർഡിലുള്ളത്. പത്തുലക്ഷം രൂപ മൂലധനമുള്ള കമ്പനിയാണ് ധാരണ. സുധീറിനും ഭാര്യ ധന്യ എം നായർക്കും പുറമെ കുഞ്ഞിപ്പീടിക പുതിയേടത്തു പത്മനാഭൻ നമ്പ്യാർ എന്നയാൾ കൂടി ഈ കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ട്. മൂന്നാമത്തെ കമ്പനിയായ എസ്സെൻസ് കൺസൾട്ടൻസി ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള കമ്പനിയാണ്.

എംഡി നിയമനത്തിനായി നൽകിയ യോഗ്യതകളൊന്നും തന്നെ സുധീറിനുണ്ടായിരുന്നില്ല. 15 വർഷത്തെ പ്രവൃത്തി പരിചയവും ഇതിന് ആവശ്യമായിരുന്നു. എന്നാൽ, ഈ യോഗ്യതയും സുധീറിനുണ്ടായിരുന്നില്ല. ഇങ്ങനെ എംഡിയായി നിയമിക്കാൻ സർക്കാർ നിഷ്‌കർഷിച്ച ഒരു യോഗ്യതയുമില്ലാത്ത സുധീർ നമ്പ്യാർ സ്‌ക്രീനിങ് കമ്മിറ്റിയുടെ അന്തിമപട്ടികയിൽ എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യം തന്നെയാണ് അടിമുടി അട്ടിമറിയാണ് തന്റെ ബന്ധുവായ സുധീറിന് വേണ്ടി ഇ പി ജയരാജൻ നടത്തിയതെന്ന് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP